ആരംഭിച്ചിട്ട് വെറും ഒരുവർഷം! പ്രതിരോധ മ്യൂച്വൽ ഫണ്ടിൽ പുതിയ എസ്ഐപി സ്വീകരിക്കില്ലെന്ന് എച്ച്ഡിഎഫ്‍സി
Mail This Article
ഇന്ത്യയിലെ ആദ്യത്തെ പ്രതിരോധ മ്യൂച്വൽ ഫണ്ട് എന്ന വിശേഷണവുമായി ഒരുവർഷം മുമ്പാരംഭിച്ച ഡിഫൻസ് ഫണ്ടിന്‍റെ സേവനം പരിമിതപ്പെടുത്താൻ എച്ച്ഡിഎഫ്‍സി മ്യൂച്വൽ ഫണ്ട് ഒരുങ്ങുന്നു. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്‍റ് പ്ലാൻ (SIP) വഴി ജൂലൈ 22 മുതൽ ഈ ഫണ്ടിൽ പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കേണ്ടെന്നാണ് തീരുമാനം. നിലവിലെ എസ്ഐപികൾ വഴിയും സിസ്റ്റമാറ്റിക് ട്രാൻസ്ഫർ പ്ലാൻ (STP) വഴിയും മാത്രമേ തുടർന്ന് നിക്ഷേപം സ്വീകരിക്കൂ. 2023 ജൂണിലായിരുന്നു ഡിഫൻസ് മ്യൂച്വൽ ഫണ്ടിന് എച്ച്ഡിഎഫ്‍സി തുടക്കമിട്ടത്.
ഒരുമേഖലയിൽ മാത്രം ഊന്നിയുള്ള സ്കീം (thematic funds) ആയിട്ടും പ്രതീക്ഷിച്ചതിലധികം നിക്ഷേപം വന്നതാണ് എച്ച്ഡിഎഫ്‍സിയെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് സൂചന. നിലവിൽ എച്ച്ഡിഎഫ്‍സിയുടെ ഡിഫൻസ് ഫണ്ട് 3,000 കോടി രൂപയോളമാണ് കൈകാര്യം ചെയ്യുന്നത്. ഒരുവർഷ കാലയളവിൽ 144 ശതമാനം ആദായം (return) നിക്ഷേപകർക്ക് ഈ ഫണ്ട് നൽകിക്കഴിഞ്ഞു. 21 കമ്പനികളുടെ ഓഹരികൾ മാത്രമുള്ള ഫണ്ടിൽ ഹിന്ദുസ്ഥാൻ ഏയറോനോട്ടിക്സ്, ഭാരത് ഇലക്ട്രോണിക്സ് എന്നിവയ്ക്കാണ് കൂടുതൽ വെയിറ്റേജ് (22 ശതമാനം വീതം).
5 പ്രമുഖ കമ്പനികളുടെ വെയിറ്റേജ് തന്നെ 63 ശതമാനം വരും. മിഡ്-സ്മോൾക്യാപ്പ് അധിഷ്ഠിത ഫണ്ട് ആയതിനാൽ, കൂടുതൽ നിക്ഷേപം വരുന്നത് പ്രയോജനപ്പെടുത്താൻ പരിമിതിയുമുണ്ട്. ഇത് നിക്ഷേപകരുടെ ആദായത്തെ (return) ബാധിക്കുകയും ചെയ്തേക്കും. ഈ പശ്ചാത്തലത്തിലാണ് പുതിയ നിക്ഷേപങ്ങൾ നിയന്ത്രിക്കാനുള്ള എച്ച്ഡിഎഫ്‍സിയുടെ തീരുമാനം.
മ്യൂച്വൽ ഫണ്ടുകൾ മുന്നോട്ടുവയ്ക്കുന്ന ഇത്തരം സ്മോൾക്യാപ്പ് ഫണ്ട് സ്കീമുകളിൽ ചെറുകിട നിക്ഷേപകർ വൻതോതിൽ പണമൊഴുക്കുന്നതും അവയുടെ വില അധികരിക്കുന്നതും (elevated valuations) ആശങ്കപ്പെടുത്തുന്നുണ്ടെന്ന് ഈ വർഷമാദ്യം സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയും (സെബി) അഭിപ്രായപ്പെട്ടിരുന്നു. തിരുത്തലുണ്ടായാൽ (Corrections) നിക്ഷേപകർക്ക് വൻ സാമ്പത്തിക നഷ്ടത്തിന് അത് വഴിവയ്ക്കും. ഇക്കാര്യത്തിൽ ജാഗ്രത വേണമെന്നും നിക്ഷേപ സുരക്ഷ ഉറപ്പാക്കാൻ മ്യൂച്വൽ ഫണ്ടുകൾ നടപടിയെടുക്കണമെന്നും സെബി നിർദേശിച്ചിരുന്നു.
സെബിയുടെ നിർദേശത്തിന് പിന്നാലെ നിരവധി ഫണ്ടുകൾ ഒറ്റത്തവണ നിക്ഷേപം (ലംപ്സം നിക്ഷേപം) സ്വീകരിക്കുന്നത് നിർത്തുകയും എസ്ഐപി നിക്ഷേപം പ്രതിമാസം പരമാവധി 25,000 രൂപയായി നിജപ്പെടുത്തുകയും ചെയ്തിരുന്നു.