70,000 കോടി കടന്ന് മ്യൂച്വൽ ഫണ്ടിലെ മലയാളിപ്പണം; 5 വർഷം കൊണ്ട് ഇരട്ടിയിലേറെ വളർച്ച
Mail This Article
സമ്പാദ്യം വളർത്താൻ മ്യൂച്വൽ ഫണ്ടിൽ മലയാളികൾ കൂടുതൽ പണമെറിയുന്നു. അഞ്ചുവർഷം കൊണ്ട് മൊത്തം മലയാളി നിക്ഷേപം ഇരട്ടിയിലധികമായാണ് കുതിച്ചു വളർന്നത്. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യയുടെ (Amfi/ആംഫി) ജൂണിലെ കണക്കുപ്രകാരം കേരളത്തിൽ നിന്നുള്ള മൊത്തം മ്യൂച്വൽ ഫണ്ട് നിക്ഷേപ ആസ്തി (എയുഎം/AUM) 73,451.94 കോടി രൂപയെന്ന എക്കാലത്തെയും ഉയരത്തിലെത്തി. ആസ്തി 70,000 കോടി രൂപ ഭേദിച്ചത് ആദ്യമാണ്. മേയിൽ 69,501 കോടി രൂപയായിരുന്നു. കഴിഞ്ഞവർഷം ജൂണിൽ ഇത് 50,733 കോടി രൂപയും.
2019 ജൂണിൽ 26,700 കോടി രൂപ മാത്രമായിരുന്നു മ്യൂച്വൽ ഫണ്ടിലെ മലയാളിപ്പണം. 10 വർഷം മുമ്പ് (2014ൽ) 7,927 കോടി രൂപയും. ഇതാണ് ഒരു ദശാബ്ദത്തിനിടെ പലമടങ്ങ് മുന്നേറി 70,000 കോടി രൂപ ഭേദിച്ചത്. സ്ഥിരനിക്ഷേപം (FD), ചിട്ടി, സ്വർണം, ഭൂമി എന്നിങ്ങനെ പരമ്പരാഗത മാർഗങ്ങളിൽ നിന്ന് മലയാളികൾ സമ്പാദ്യം അതിവേഗം വളർത്താൻ മ്യൂച്വൽ ഫണ്ടുകളിലേക്കും ചുവടുമാറുന്നതായി വ്യക്തമാക്കുന്നതാണ് ഈ വളർച്ചാക്കണക്കുകൾ.
കൂടുതൽ താൽപര്യം ഓഹരികളോട്
മ്യൂച്വൽ ഫണ്ടിലെ ഓഹരിയധിഷ്ഠിത ഫണ്ടുകളോടാണ് (Equity Oriented) കേരളീയർക്ക് കൂടുതൽ ഇഷ്ടമെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. മൊത്തം നിക്ഷേപ ആസ്തിയിൽ 55,794.28 കോടി രൂപയും ഇക്വിറ്റി സ്കീമുകളിലാണ്. മേയിൽ ഇത് 55,211 കോടി രൂപയും 2023 ജൂണിൽ 35,820 കോടി രൂപയുമായിരുന്നു.
കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ലിക്വിഡ് സ്കീമുകളിലെ മൊത്തം നിക്ഷേപം 2023 ജൂണിലെ 2,297 കോടി രൂപയിൽ നിന്ന് കഴിഞ്ഞമാസം 3,289.19 കോടി രൂപയിലെത്തി. കടപ്പത്രാധിഷ്ഠിതമായ മറ്റ് സ്കീമുകളിലെ (other debt oriented) നിക്ഷേപം ഒരുവർഷം മുമ്പ് 6,200 കോടി രൂപയായിരുന്നത് ഇക്കുറി ജൂണിൽ 6,648.05 കോടി രൂപയായി.
ഓഹരിയിലും കടപ്പത്രങ്ങളിലും ഒരുപോലെ നിക്ഷേപിക്കുന്ന ബാലൻസ്ഡ് ഫണ്ടുകളിലെ നിക്ഷേപം 4,704 കോടി രൂപയിൽ നിന്ന് 6,371.2 കോടി രൂപയിലെത്തി.
സ്വർണത്തോട് താൽപര്യം കുറവ്
കേരളീയർ ഏറ്റവും കുറവ് നിക്ഷേപം നടത്തിയിട്ടുള്ളത് ഗോൾഡ് ഇടിഎഫിലാണ്. ജൂണിലെ കണക്കുപ്രകാരം 175.24 കോടി രൂപ. മേയിൽ 169.78 കോടി രൂപയും കഴിഞ്ഞവർഷം ജൂണിൽ 113.06 കോടി രൂപയുമായിരുന്നു. മറ്റ് ഇടിഎഫുകളിലെ നിക്ഷേപം മേയിലെ 905.22 കോടി രൂപയിൽ നിന്ന് കഴിഞ്ഞമാസം 970.03 കോടി രൂപയായി. ഒരുവർഷം മുമ്പിത് 602 കോടി രൂപയായിരുന്നു.
മ്യൂച്വൽ ഫണ്ടിൽ തവണവ്യവസ്ഥയിൽ നിക്ഷേപിക്കാവുന്ന സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്‍റ് പ്ലാനാണ് (SIP) കൂടുതൽ ഇന്ത്യക്കാരെ ആകർഷിക്കുന്നത്. 100 രൂപ മുതൽ ആഴ്ചയിലോ മാസമോ ത്രൈമാസമോ ആയി നിക്ഷേപിക്കാമെന്നതാണ് എസ്ഐപിയുടെ നേട്ടം. ജൂണിൽ എസ്ഐപിയായി മ്യൂച്വൽ ഫണ്ടുകളിലേക്ക് റെക്കോർഡ് 21,260 കോടി രൂപയാണ് എത്തിയതെന്ന് ആംഫി വ്യക്തമാക്കിയിരുന്നു.