മത, ധർമസ്ഥാപനങ്ങളുടെ നികുതി കിഴിവ്: ബജറ്റിലെ ഈ സുപ്രധാന മാറ്റങ്ങളറിയാം
Mail This Article
മത, ധർമസ്ഥാപനങ്ങൾക്ക് ആദായനികുതി നിയമത്തിൽ പ്രധാനമായും 2 രീതിയിലാണ് നികുതി കിഴിവ് അനുവദിച്ചിരുന്നത്. നികുതി നിയമത്തിലെ വകുപ്പ് 10 (23 സി) പ്രകാരം അംഗീകാരം നേടിയിട്ടുള്ള സ്ഥാപനങ്ങളാണെങ്കിൽ അവയുടെ വരുമാനം പരിധിയില്ലാതെ പൂർണമായും നികുതി വിമുക്തമായിരുന്നു. വകുപ്പ് 12 എഎ അഥവാ 12 എബി പ്രകാരം റജിസ്ട്രേഷൻ നേടിയിട്ടുള്ളവയ്ക്കു നിബന്ധനകൾക്ക് വിധേയമായും നികുതി ഒഴിവ് അനുവദിച്ചിരുന്നു.
∙പൂർണനികുതി ഒഴിവിനുള്ള നിബന്ധനകൾ
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന യൂണിവേഴ്‌സിറ്റികൾ, മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങൾ, ആശുപത്രികൾ, ദേശീയ പ്രാധാന്യമുള്ള ധർമസ്ഥാപനങ്ങൾ, അംഗീകൃത മതസ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കാണ് വകുപ്പ് 10 (23സി) അനുസരിച്ചുള്ള അംഗീകാരവും പൂർണ നികുതി ഒഴിവും അനുവദിച്ചിരുന്നത്. എന്നാൽ, ബജറ്റിൽ കൊണ്ടുവന്ന ഭേദഗതിയെത്തുടർന്ന് 2024 ഒക്ടോബർ 1 മുതൽ ഈ വകുപ്പിൻ കീഴിലെ അംഗീകാരത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതു പൂർണമായും നിർത്തലാക്കി. ഇതോടെ, ഈ വകുപ്പനുസരിച്ചുള്ള നികുതി ഒഴിവ് ഈ നിബന്ധനകൾ പാലിക്കുന്നവയ്ക്കു മാത്രമായി പരിമിതപ്പെടുത്തി.
പൂർണമായോ ഗണ്യമായോ സർക്കാറിന്റെ പണം കൊണ്ട് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ തുടങ്ങിയവയും സർക്കാർ സഹായമില്ലാതെ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളുടെ വാർഷിക മൊത്ത വരുമാനം 5 കോടി രൂപയിൽ താഴെയാണെങ്കിലും അവയ്ക്കുമേൽ വകുപ്പനുസരിച്ചുള്ള നികുതിയൊഴിവു തുടരും. ഇതിനായി പ്രത്യേക റജിസ്ട്രേഷന്റെ ആവശ്യമില്ല.
∙നികുതി കിഴിവിനായുള്ള ഏക മാർഗം
ബജറ്റിൽ കൊണ്ടുവന്ന ഭേദഗതിയോടെ 2024 ഒക്ടോബർ 1 മുതൽ സ്ഥാപനങ്ങൾ നികുതി കിഴിവിനായി വകുപ്പ് 12 എഎ അഥവാ 12 എബി പ്രകാരമുള്ള റജിസ്ട്രേഷൻ നേടിയിരിക്കണം. ഈ അംഗീകാരം ലഭിക്കാനുള്ള പ്രധാന നിബന്ധനകൾ :
∙ സ്ഥാപനം നിയമാനുസൃത ലക്ഷ്യങ്ങൾക്കായി രൂപീകൃതമായിരിക്കണം.
∙ഇവ മത, ധർമ സ്ഥാപനങ്ങൾ ആയിരിക്കണം.
∙ വ്യാപാര ലാഭമുണ്ടെങ്കിൽ അതു വാർഷിക മൊത്തവരുമാനത്തിന്റെ 20 ശതമാനത്തിൽ കൂടാൻ പാടില്ല. സ്ഥാപനത്തിന്റെ ലക്ഷ്യങ്ങൾ നേടുന്നതിന് അനുബന്ധിച്ചുള്ളതായിരിക്കണം വ്യാപാരം.
∙ വരുമാന സ്രോതസ്സിനുള്ള ആസ്തികൾ സ്ഥാപനത്തിന്റെ പേരിൽ ആയിരിക്കണം.
∙ അനുവദനീയമായ സമയ പരിധിക്കുള്ളിൽ നികുതി വകുപ്പിന്റെ മേൽ പറഞ്ഞ റജിസ്ട്രേഷൻ നേടിയിരിക്കണം
∙സ്ഥാപനത്തിന്റെ മൊത്ത വരുമാനം നികുതി നിയമത്തിലെ വകുപ്പ് 11 ഉം 12 ഉം അനുസരിച്ചുള്ള കിഴിവുകൾ തേടുന്നതിന് മുൻപ് കുറഞ്ഞ നികുതി രഹിത വരുമാന പരിധിക്കു മുകളിലാണെങ്കിൽ കണക്കുകൾ ചാർട്ടേഡ് അക്കൗണ്ടന്റിനെ കൊണ്ട് ഓഡിറ്റ് ചെയ്ത് റിപ്പോർട്ടോടു കൂടി റിട്ടേൺ സമർപ്പിക്കണം
∙ സ്വകാര്യ മത,സമുദായ സ്ഥാപനങ്ങൾ ജനനന്മയെ കരുതി പ്രവർത്തിക്കുന്നതായിരിക്കണം. ധർമസ്ഥാപനങ്ങൾ ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ ഉന്നമനത്തിനായി വേണ്ടി മാത്രം പ്രവർത്തിക്കുന്നത് ആയിരിക്കരുത്.
∙ സ്ഥാപനത്തിന്റെ വരുമാനത്തിന്റെ ഒരു അംശം പോലും ഇതിന്റെ സ്ഥാപകരുടെയോ നടത്തിപ്പുകാരുടെയോ പ്രയോജനത്തിനായി നേരിട്ടോ പരോക്ഷമായോ ഉപയോഗിക്കാൻ പാടില്ല
∙സ്ഥാപനത്തിന്റെ ധനം അല്ലെങ്കിൽ ആസ്തികൾ നികുതി വകുപ്പ് അനുശാസിക്കുന്ന രീതിയിൽ മാത്രം നിക്ഷേപിച്ചിരിക്കണം.
∙വാർഷിക വരുമാനത്തിന്റെ 85% ചെലവഴിക്കണം.
അംഗീകാരം നേടിയ മത,ജീവകാരുണ്യ സ്ഥാപനങ്ങൾ ഓരോ വർഷവും അവയുടെ മൊത്ത വരുമാനത്തിന്റെ 85% സ്ഥാപനത്തിന്റെ നടത്തിപ്പിനോ മത,ജീവകാരുണ്യ പ്രവർത്തികൾക്കൊ ആയി വിനിയോഗിച്ചിരിക്കണം. വരുമാനത്തിന്റെ ബാക്കി വരുന്ന 15% മാത്രമേ നീക്കിവയ്ക്കാവൂ.15 ശതമാനത്തിൽ കൂടുതലുള്ള തുകയ്ക്കു നികുതി ചുമത്തും.
സ്ഥാപനത്തിന്റെ ഏതെങ്കിലും പ്രത്യേക ലക്ഷ്യങ്ങൾക്കായി 15 ശതമാനത്തിൽ അധികം വരുന്ന വരുമാനം പരമാവധി 5 വർഷം വരെ നീക്കിവച്ചു ചെലവാക്കാൻ നിയമം അനുവദിക്കുന്നുണ്ട്. എന്നാൽ, സാധാരണഗതിയിൽ റിട്ടേൺ സമർപ്പിക്കുന്ന തീയതിക്കു രണ്ടു മാസം മുൻപെങ്കിലും നിശ്ചിത ഫോമിൽ ഇതിനായി നികുതി വകുപ്പിൽ അപേക്ഷ സമർപ്പിച്ചിരിക്കണം.
∙അപേക്ഷ പരിഗണിക്കേണ്ട കാലാവധി
നികുതി ഇളവിനായി വകുപ്പ് 12 എബി അഥവാ 80 ജി അനുസരിച്ച് ആദായ നികുതി കമ്മിഷണർക്ക് സമർപ്പിക്കുന്ന അപേക്ഷകൾ നിലവിൽ അപേക്ഷ കിട്ടിയ മാസാവസാനം മുതൽ 6 മാസത്തിനുള്ളിൽ പരിഗണിക്കണമെന്ന് നിഷ്കർഷിച്ചിരുന്നു. ഇത് 2024 ഒക്ടോബർ 1 മുതൽ അപേക്ഷ കിട്ടിയ ത്രൈമാസ അവസാനം മുതൽ 6 മാസത്തിനുള്ളിൽ ആയാൽ മതിയെന്ന് ഭേദഗതി ചെയ്തു.
∙മത,ധർമ സ്ഥാപനങ്ങളുടെ ലയനം
മത,ധർമസ്ഥാപനങ്ങൾ തമ്മിൽ ലയിക്കുമ്പോൾ (മെർജ്ർ) പാലിക്കേണ്ട നിബന്ധനകളെക്കുറിച്ചും സംയോജിത വരുമാനത്തിന് (അക്രീറ്റഡ് ഇൻകം) പരമാവധി നിരക്കിൽ നികുതി ചുമത്തുന്നതു സംബന്ധിച്ചും നിലവിലെ നിയമം ക്രോഡീകരിച്ച് 12 എസി എന്ന പുതിയ വകുപ്പ് ധനകാര്യ ബില്ലിലൂടെ കൊണ്ടുവന്നു. സ്ഥാപനത്തിന്റെ മൊത്തം ആസ്തിയുടെ വിപണി വിലയിൽ നിന്നു ബാധ്യതകൾ കിഴിച്ചുള്ള തുകയാണ് സംയോജിത വരുമാനം. വകുപ്പ് 12 എബി അഥവാ 10 (23സി) വകുപ്പുകൾ അനുസരിച്ച് റജിസ്‌ട്രേഷനുള്ള മത,ജീവകാരുണ്യ സ്ഥാപനം മറ്റൊരു മത,ജീവകാരുണ്യ സ്ഥപനവുമായി ലയിക്കുമ്പോൾ സംയോജിത വരുമാനത്തിന് നികുതി ചുമത്താതിരിക്കാനും നിബന്ധനകളുണ്ട്.
ലയിക്കുന്ന സ്ഥാപനങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ ഒരുപോലുള്ളതായിരിക്കണം. ലയിക്കപ്പെടുന്ന മത,ജീവകാരുണ്യ സ്ഥാപനത്തിന് 12 എബി അഥവാ 10 (23സി) വകുപ്പ് അനുസരിച്ച് റജിസ്ട്രേഷൻ വേണം. ലയനവുമായി ബന്ധപ്പെട്ട് നികുതി വകുപ്പ് നിഷ്കർഷിക്കുന്ന മറ്റു നിബന്ധനകൾ പാലിച്ചിരിക്കണം. ഇതു സംബന്ധിക്കുന്ന ചട്ടങ്ങൾ നികുതി വകുപ്പ് പ്രസിദ്ധീകരിക്കും. ഈ ഭേദഗതി 2025 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും.