ADVERTISEMENT

വിദേശത്ത് ജോലി ചെയ്യാനുള്ള ആഗ്രഹം പലർക്കും ചെറുക്കാന്‍ പറ്റില്ല. അതിനായി ഒരു പുതിയ സംസ്‌ക്കാരം, സാഹചര്യങ്ങൾ എല്ലാം ഏറ്റെടുക്കാന്‍ നമ്മള്‍ തയാറാണ്. എന്നാൽ വിദേശത്ത് ജീവിതം കരുപ്പിടിപ്പിക്കാനുള്ള ചെലവ് കൈയ്യില്‍ ഒതുങ്ങുകയുമില്ല. വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ കാര്യങ്ങള്‍ അറിഞ്ഞിക്കുന്നത് ഉപകാരമാകും. ഒരു പരിധിവരെ സാമ്പത്തിക ബാധ്യത കുറയ്ക്കാനും സാധിക്കും.

ചെലവുകള്‍, പലവിധം

വിമാനത്തില്‍ കയറും മുമ്പേ ചെലവ് തുടങ്ങും. പുതിയ നഗരത്തില്‍ സ്ഥിരമായ താമസ സൗകര്യം കണ്ടെത്തണം. കൂടാതെ രാജ്യാന്തര ഫോണ്‍ പ്ലാനുകള്‍, പ്രാദേശിക ഗതാഗതം തുടങ്ങിയ മറഞ്ഞിരിക്കുന്ന ചെലവുകള്‍ അവഗണിക്കരുത്. നിങ്ങള്‍ കാര്‍ വാങ്ങണമോ അതോ നഗരത്തിന് നല്ല പൊതുഗതാഗത സൗകര്യമുണ്ടോ, നിങ്ങളുടെ താല്‍ക്കാലിക താമസത്തിനുള്ള ഫര്‍ണിച്ചര്‍ വാടകയ്ക്ക് എടുക്കണോ എന്നതെല്ലാം കണക്കിലെടുക്കണം കൂടാതെ ഷിഫ്റ്റിന് ശേഷം ഉയര്‍ന്നു വന്നേക്കാവുന്ന അപ്രതീക്ഷിത ചെലവുകള്‍ തുടങ്ങിയവയെല്ലാം മുന്‍കൂട്ടി കാണണം.

തിരിച്ച് നാട്ടിലേക്ക് വരാന്‍

വിദേശത്ത് പോകുമ്പോള്‍ തന്നെ നാട്ടില്‍ എപ്പോഴോക്കെ വരും എന്നതിനെ കുറിച്ച് പ്ലാന്‍ വേണം. വിമാന ടിക്കറ്റുകള്‍, പ്രത്യേകിച്ച് ക്രിസ്മസ്, ന്യൂ ഇയര്‍, വേനല്‍ അവധിക്കാലങ്ങളില്‍ ചെലവേറിയതാണ്. ഫ്‌ളൈറ്റ് ചെലവ് മാത്രമല്ല പ്രാദേശിക യാത്രാ ചെലവുകളും പരിഗണിക്കുക. നിങ്ങളുടെ പുതിയ കരാറില്‍ ശമ്പളത്തോടുകൂടിയ അവധിയുണ്ടോയെന്നും മുന്‍ കൂട്ടി അറിഞ്ഞിരിക്കണം.

പങ്കാളിയുടെ കരിയര്‍ പരിഗണിക്കുക

നിങ്ങളുടെ പങ്കാളിയുമായാണ് വിദേശത്ത് പോകാന്‍ പദ്ധതിയെങ്കില്‍, നിങ്ങളുടെ പുതിയ സ്ഥലത്തെ വിസ ആവശ്യകതകളും തൊഴില്‍ വിപണി അവസരങ്ങളും അറിഞ്ഞു വയ്ക്കണം. പങ്കാളിക്ക് എളുപ്പത്തില്‍ വര്‍ക്ക് പെര്‍മിറ്റ് നേടാനാകുമോ? അവളുടെ/അവന്റെ കഴിവുകള്‍ വിദേശത്ത് ഫലപ്രദമായി ഉപയോഗിക്കാനാകുമോ? തുടങ്ങിയവ കൂടി പരിഗണിക്കണം. അല്ലെങ്കില്‍ സാമ്പത്തിക ബാധ്യത ഉയരും.

ശമ്പളത്തിനപ്പുറം ഗവേഷണ ആനുകൂല്യങ്ങള്‍

പ്രതിമാസ വേതനം നിര്‍ണായകമാണ്, ആരോഗ്യ സംരക്ഷണം, സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍, നിങ്ങളുടെ കുട്ടികള്‍ക്കുള്ള സ്‌കൂള്‍ വിദ്യാഭ്യാസം എന്നിവയെല്ലാം വിദേശ രാജ്യത്ത് ജീവിത നിലവാരത്തെ സ്വാധീനിക്കുന്ന സുപ്രധാന വശങ്ങളാണ്. അതിനാല്‍, ഹെല്‍ത്ത് കെയര്‍ സിസ്റ്റം വിലയിരുത്തുകയും നിങ്ങളുടെ തൊഴിലുടമ നല്‍കുന്ന ആരോഗ്യ ഇന്‍ഷുറന്‍സിനെ കുറിച്ചു പഠിക്കുകയും വേണം. ആവശ്യമെങ്കില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ‌സാധ്യതകളും പരിശോധിക്കുക അല്ലെങ്കില്‍ വലിയ തുക നല്‍കേണ്ടി വരും.

Representative image. Photo Credits: Nosyrevy/ istock.com
Representative image. Photo Credits: Nosyrevy/ istock.com

കറന്‍സിയിലെ ഏറ്റക്കുറച്ചിലുകള്‍

വിനിമയ നിരക്ക് നിങ്ങളുടെ വാങ്ങല്‍ ശേഷിയെ വളരെയധികം ബാധിക്കും. നിങ്ങള്‍ മറ്റൊരു രാജ്യത്തേക്ക് മൈഗ്രേറ്റ് ചെയ്യുന്നതിനുമുമ്പ് നിങ്ങളുടെ കൈയ്യില്‍ ഉള്ള കറന്‍സിയും പുതിയ രാജ്യത്തിന്റെ കറന്‍സിയും തമ്മിലുള്ള വിനിമയ നിരക്ക് നിരീക്ഷിക്കുക. നിങ്ങളുടെ ലക്ഷ്യസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിരത മനസ്സിലാക്കുന്നതും പ്രധാനമാണ്. ഒരു അസ്ഥിരമായ കറന്‍സി അല്ലെങ്കില്‍ അസ്ഥിരമായ സമ്പദ് വ്യവസ്ഥ ജീവിതച്ചെലവിനെയും നിങ്ങളുടെ മൊത്തത്തിലുള്ള സാമ്പത്തിക ക്ഷേമത്തെയും ബാധിക്കും.

റിട്ടയര്‍മെന്റ് പ്ലാനുകൾ

താമസിക്കുന്ന രാജ്യം മാറ്റുന്നത് നിങ്ങളുടെ റിട്ടയര്‍മെന്റ് പ്ലാനുകളെ ബാധിക്കും. പുതിയ ലൊക്കേഷനിലെ സാമൂഹിക സുരക്ഷാ സംവിധാനം നിങ്ങളുടെ മാതൃരാജ്യത്തില്‍ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തുകയും നിങ്ങളുടെ സമ്പാദ്യത്തില്‍ ആവശ്യമായേക്കാവുന്ന ക്രമീകരണങ്ങള്‍ വിലയിരുത്തുകയും ചെയ്യുക. 

വിദേശത്ത് ബാങ്കിങ്

പുതിയ രാജ്യത്തെ ബാങ്കിങ് സംവിധാനത്തെക്കുറിച്ച് അറിയുക. ഒരു അക്കൗണ്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട നിരക്കുകളെക്കുറിച്ച് ചോദിച്ചു മനസിലാക്കുക. പുതിയ ബാങ്ക് രാജ്യാന്തര ബാങ്കിങ് നല്‍കുന്നുണ്ടോയെന്ന് കണ്ടെത്തുകയും ചെയ്യുക. പണം കൈകാര്യം ചെയ്യുമ്പോഴും നാട്ടിലേക്ക് അയയ്ക്കുമ്പോഴും ഇത് ആവശ്യമായി വരും.

indian-migration

നികുതികള്‍

എല്ലാ രാജ്യങ്ങളിലും നികുതി നിയമങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. അതിനാല്‍ പുതിയ സ്ഥലത്തെ നികുതിയെക്കുറിച്ച് പഠിക്കുക, നികുതിദായകന്‍ എന്ന നിലയില്‍ ഇത് ബാധിക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കുക. ഇരട്ട നികുതി ഒഴിവാക്കുന്നതിന് ആതിഥേയ രാജ്യവും നിങ്ങളുടെ രാജ്യവും തമ്മില്‍ നികുതി ഉടമ്പടി ഉണ്ടോ ഇല്ലയോ എന്ന് അന്വേഷിക്കുക. ഇത്തരം കാര്യങ്ങളില്‍ സംശയമുണ്ടെങ്കില്‍ ഒരു സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റിനെ സമീപിക്കുക.

English Summary:

Travel, Currency, Banking Those who go abroad should be aware of these expenses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com