പ്രിയങ്ക ഗാന്ധിക്ക് 2.24 കോടിയുടെ മ്യൂച്വൽഫണ്ട് നിക്ഷേപം; രാഹുലിന് 3.81 കോടി, വാധ്‍രയ്ക്ക് പ്രിയം ഓഹരികൾ
Mail This Article
വയനാട് ലോക്സഭാ മണ്ഡലത്തിലൂടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ആദ്യമായി ചുവടുവയ്ക്കുകയാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സഹോദരൻ രാഹുൽ ഗാന്ധിക്ക് നൽകിയതിനേക്കാൾ ഭൂരിപക്ഷം വയനാട് പ്രിയങ്കയ്ക്ക് നൽകുമെന്നാണ് കോൺഗ്രസും യുഡിഎഫും പ്രതീക്ഷിക്കുന്നത്. നാമനിർദേശ പത്രികയ്ക്കൊപ്പം പ്രിയങ്ക ഗാന്ധി കഴിഞ്ഞദിവസം സമർപ്പിച്ച സത്യവാങ്മൂലത്തിലെ സ്വത്ത് കണക്കുകളാണ് ഇപ്പോൾ ചർച്ചയാവുന്നത്.
12 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് പ്രിയങ്ക വ്യക്തമാക്കിയത്. കൈവശം 52,000 രൂപയുണ്ട്. 3.67 കോടി രൂപയാണ് ബാങ്ക് നിക്ഷേപം. 1.16 കോടി രൂപയുടെ സ്വർണവും 29.6 ലക്ഷം രൂപയുടെ വെള്ളിയുമുണ്ട്. 7.7 കോടി രൂപയുടേതാണ് ഭൂസ്വത്ത്. പ്രിയങ്കയ്ക്ക് ഓഹരികളിൽ നിക്ഷേപമില്ല. എന്നാൽ, ഫ്രാങ്ക്ളിൻ ഇന്ത്യ ഫ്ളക്സി ക്യാപ്പ് ഫണ്ടിൽ 2.24 കോടി രൂപയുടെ നിക്ഷേപമുണ്ട്. ഈ ഫണ്ടിൽ സെപ്റ്റംബർ 30വരെയുള്ള കണക്കുപ്രകാരം 13,200 യൂണിറ്റുകളാണ് പ്രിയങ്കയ്ക്ക് സ്വന്തമായുള്ളത്.
ഫ്രാങ്ക്ളിൽ ടെംപിൾടൺ മ്യൂച്വൽഫണ്ടിന് കീഴിലുള്ളതാണ് ഈ ഫ്ലക്സി ക്യാപ്പ് ഫണ്ട്. കമ്പനിക്ക് ഈ ഫണ്ടിന് കീഴിൽ 18,252 കോടി രൂപയുടെ ആസ്തിമൂല്യമുണ്ട് (എയുഎം). വലിയ ചാഞ്ചാട്ടങ്ങളുണ്ടാകാത്ത മ്യൂച്വൽഫണ്ട് വിഭാഗമാണിത്. കഴിഞ്ഞ ഒരുവർഷത്തിനിടെ 41 ശതമാനവും ഒരുമാസത്തിനിടെ നെഗറ്റീവ് 5.34 ശതമാനവും റിട്ടേൺ രേഖപ്പെടുത്തിയ ഫണ്ടുമാണിത്.
രാഹുൽ ഗാന്ധിയുടെ മ്യൂച്വൽഫണ്ട് നിക്ഷേപം
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കഴിഞ്ഞ മേയിൽ രാഹുൽ ഗാന്ധിയും ആസ്തി വെളിപ്പെടുത്തിയിരുന്നു. മ്യൂച്വൽഫണ്ടിൽ 3.81 കോടി രൂപയാണ് നിക്ഷേപം. ഇതിൽ 1.23 കോടി രൂപയും എച്ച്ഡിഎഫ്സി സ്മോൾക്യാപ്പ് റെഗുലർ ഗ്രോത്ത് ഫണ്ടിലാണ്. കഴിഞ്ഞ ഒരുവർഷത്തിനിടെ നെറ്റ് അസറ്റ് വാല്യുവിൽ (എൻഎ.വി) 51.85% വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട് ഈ ഫണ്ട്.
ഒരു മ്യൂച്വൽഫണ്ടിലെ മൊത്തം നിക്ഷേപത്തെ അതിലെ യൂണിറ്റുകൾ കൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്നതാണ് എൻഎവി. മ്യൂച്വൽഫണ്ടിന്റെ വളർച്ചാക്ഷമത വിലയിരുത്തുന്നത് എൻഎവി നോക്കിയാണ്. രാഹുൽ ഗാന്ധിക്ക് ഐസിഐസിഐ പ്രുഡൻഷ്യൽ റെഗുലർ സേവിങ്സ് ഫണ്ടിൽ 1.02 കോടി രൂപയും എച്ച്ഡിഎഫ്സി ഹൈബ്രിഡ് ഡെറ്റ് ഫണ്ടിൽ 79 ലക്ഷം രൂപയും നിക്ഷേപിച്ചിട്ടുണ്ട്.
വാധ്‍രയ്ക്ക് നിക്ഷേപം ഓഹരികളിൽ
പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാധ്‍രയ്ക്ക് സ്വന്തമായി സ്വർണമില്ല. മ്യൂച്വൽഫണ്ട് നിക്ഷേപവുമില്ല. എന്നാൽ 99.9 ലക്ഷം രൂപ ഓഹരികളിൽ നിക്ഷേപിച്ചിട്ടുണ്ട്. ഉഷ മാർട്ടിൻ ലിമിറ്റഡിലാണ് കൂടുതൽ നിക്ഷേപം; 8.57 ലക്ഷം രൂപ. സ്റ്റെർലിങ് ആൻഡ് വിൽസണിൽ 8.21ലക്ഷം രൂപ, പിസി ജ്വല്ലറിൽ 6.35 ലക്ഷം രൂപ, ഇൻഫോസിസിൽ 6.01 ലക്ഷം രൂപ, ആർവിഎൻഎല്ലിൽ 4.77 ലക്ഷം രൂപ, എൻഐഐടിയിൽ 4.20 ലക്ഷം രൂപ, ലെമൺ ട്രീയിൽ 3.69 ലക്ഷം രൂപ, ടാറ്റാ പവറിൽ 3.17 ലക്ഷം രൂപ, റൈറ്റ്സിൽ 3.02 ലക്ഷം രൂപ എന്നിങ്ങനെ നിക്ഷേപമുണ്ട്. ഫോർട്ടിസ് ഹെൽത്ത്, എൻഎംഡിസി, ഇർകോൺ, സ്പൈസ് ജെറ്റ്, ടിവി18, ഫിനൊലെക്സ് തുടങ്ങിയവയിലുമുണ്ട് നിക്ഷേപം.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)