സാധാരണ കുടുംബത്തിന് മക്കളുടെ ഭാവി ഭദ്രമാക്കാം, ഇതാ നല്ലൊരു പ്ലാൻ നേരത്തെ തുടങ്ങാം
Mail This Article
Q മുപ്പത്തിരണ്ടുകാരനായ എനിക്കും ഇരുപത്തെട്ടുകാരിയായ ഭാര്യയ്ക്കും കൂടി മാസം 80,000 രൂപയാണ് വരുമാനം. രണ്ടര വയസ്സുള്ള മകനുണ്ട്. ഈയിടെ ഒരു മകളും ഞങ്ങളുടെ ജീവിതത്തിലേക്കു വന്നു. സമ്പാദ്യം വായനക്കാരായതിനാൽ അവരുടെ ഭാവിക്കായി നല്ലൊരു പ്ലാനിങ് ഇപ്പോഴേ വേണമെന്നറിയാം. നിലവിൽ 5,000 രൂപ മക്കൾക്കായി നിക്ഷേപിക്കാമെന്നും വരുമാനം കൂടുന്നതിനനുസരിച്ച് നിക്ഷേപ തുക കൂട്ടാമെന്നുമാണ് കണക്കാക്കുന്നത്. രണ്ടു പേർക്കും ഏറ്റവും നല്ല വിദ്യാഭ്യാസം നൽകാൻ 18 വയസ്സാകുമ്പോഴേക്കും നല്ലൊരു തുക സമാഹരിക്കാനായി മികച്ച ഇൻവെസ്റ്റ്മെന്‍റ് പ്ലാൻ പറഞ്ഞുതരുമോ? അവിചാരിതമായി ഞങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാലും അവരുടെ ഭാവിയെ ബാധിക്കാതിരിക്കുംവിധം ആവശ്യമായ ലൈഫ് കവറേജും 5 ലക്ഷത്തിന്‍റെ ഫാമിലി ഫ്ലോട്ടർ ഹെൽത്ത് പോളിസിയും വേണം. ഇതിനെല്ലാംകൂടി നല്ലൊരു പോർട്ട് ഫോളിയോകൂടി നിർദേശിക്കണം.
രാജു വി. മാത്യൂ, കോഴിക്കോട്
A പ്രിയ സുഹൃത്തേ, സാമ്പത്തികാസൂത്രണം എന്നാൽ കേവലം പണം സൂക്ഷിക്കുക എന്നതു മാത്രമല്ല എന്ന തിരിച്ചറിവിന് അഭിനന്ദനങ്ങൾ. രണ്ടുപേരും ജോലിക്കു പോവുന്നവരും ഭാവിയിൽ നിക്ഷേപ തുക ഉയർത്താമെന്ന ചിന്ത ഉള്ളതുകൊണ്ടും ഒരു ഫ്യൂച്ചർ–റെഡി ഫിനാന്‍ഷ്യൽ പ്ലാനിനൊപ്പം സഞ്ചരിക്കാനുള്ള സാഹചര്യം താങ്കൾക്കുണ്ട്. പ്രധാന ലക്ഷ്യം കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള തുകയാണല്ലോ? അതിനൊപ്പം ലൈഫ്, ഹെൽത്ത് ഇൻഷുറൻസ് കവറേജും ഉറപ്പാക്കിയാൽ മൊത്തത്തിൽ സാമ്പത്തിക സുരക്ഷ നേടാം. മാസം 5,000 രൂപയുടെ എസ്ഐപി തുടങ്ങുകയും എല്ലാ വർഷവും നിക്ഷേപതുക 10% വീതം ഉയർത്തുകയും ചെയ്താൽ മകന് 18 വയസ്സാകുമ്പോഴേക്കും ഏകദേശം 45 ലക്ഷം രൂപ സമാഹരിക്കാം. മകൾക്കുവേണ്ടിയും ഇപ്പോഴേ സമാനമായി 5,000 രൂപ നിക്ഷേപിക്കുകയും തുക എല്ലാ വർഷവും 10% കൂട്ടുകയും ചെയ്താൽ അവളുടെ 18 വയസ്സിൽ 74 ലക്ഷം രൂപയോളം സമാഹരിക്കാനാവും. 12% വാർഷികനേട്ടം ലഭിച്ചാലുള്ള കണക്കാണിത്. ഈ രണ്ടു തുകകൾ തമ്മിലുള്ള വ്യത്യാസം കാണുമ്പോൾതന്നെ, നേരത്തെ നിക്ഷേപിച്ചു തുടങ്ങേണ്ടതിന്‍റെ ആവശ്യകതയും കോമ്പൗണ്ടിങ്ങിന്‍റെ പവറും താങ്കൾക്കു ബോധ്യമാവും.
ഇനി മൊത്തം 5,000 രൂപയേ നീക്കിവയ്ക്കാനാകൂ എങ്കിൽ അതനുസരിച്ച് പ്ലാൻചെയ്യുക. പക്ഷേ, 10% വാർഷികവർധന ഉറപ്പാക്കണം. മകൾക്കായി 4–5 വർഷങ്ങൾക്കുശേഷം വരുമാനം കൂടുമ്പോൾ പ്രത്യേക നിക്ഷേപം തുടങ്ങിയാൽ മതി. മകന്റെ ആവശ്യം കഴിഞ്ഞു ബാക്കിയുള്ള തുകയും മകൾക്കായി വിനിയോഗിക്കാം.
ഇൻഷുറൻസിലേക്കു വന്നാല്‍, വരുമാനമുള്ള ഒരു വ്യക്തിയുടെ വാർഷിക ശമ്പളത്തിന്‍റെ 15 ഇരട്ടിയെങ്കിലും ലൈഫ് കവറേജ് ഉണ്ടാവണം. അതായത്, ഇവിടെ നിങ്ങൾക്കു രണ്ടുപേർക്കും കൂടി 1.5 കോടി രൂപയുടെ ലൈഫ് കവർ ഉണ്ടെങ്കിലേ അപ്രതീക്ഷിത സാഹചര്യങ്ങൾ നേരിടാനാവൂ. ഇപ്പോഴത്തെ മെഡിക്കൽ ചെലവുകൾ നോക്കുമ്പോൾ ഭാവിയിൽ ഒരു കുടുംബത്തിന് 5 ലക്ഷത്തിന്‍റെ ഹെൽത്ത് കവറേജ് മതിയാവില്ല. അതിനാൽ 10 ലക്ഷത്തിന്‍റെ ടോപ് അപ് പോളിസി കൂടി എടുക്കുന്നതു നന്നായിരിക്കും. ഇപ്പോഴേ തുടങ്ങിയാൽ മക്കൾക്കു രണ്ടുപേർക്കും ഏറ്റവും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനൊപ്പം അപ്രതീക്ഷിത പ്രതിസന്ധികൾ മറികടക്കാനുള്ള പ്രാപ്തിയും കുടുംബത്തിനുറപ്പാക്കാം. ഈ പ്ലാന്‍ പിന്തുടരുന്നതിലൂടെ എല്ലാവിധ സാമ്പത്തിക ഭദ്രതയും ഉറപ്പാക്കാനാവും.
സമ്പാദ്യം നവംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്