കുട്ടിൾക്കായി മാത്രമല്ല, കുട്ടികളെയും നിക്ഷേപിക്കാൻ പ്രാപ്തരാക്കാം
Mail This Article
മനോരമ മ്പാദ്യത്തിന്റെ ഹാപ്പി ലൈഫ് പംക്തിയിലേക്ക് എത്തുന്ന മെയിലുകളിലെയും വാട്സാപ്പ് സന്ദേശങ്ങളിലെയും ചോദ്യങ്ങളിലെയെല്ലാം പ്രധാന ആവശ്യം മക്കളുടെ ഭാവിക്കായുള്ള നിക്ഷേപ ആസൂത്രണമാണ്. കുട്ടികളുടെ ഭാവി ആവശ്യങ്ങൾക്കായി നേരത്തെ തയാറാവുന്നത് നല്ല കാര്യംതന്നെ. പക്ഷേ, അവർക്കായി നിക്ഷേപങ്ങൾ തുടങ്ങുമ്പോഴും ആസ്തികൾ വാങ്ങിക്കൂട്ടുമ്പോഴും ഒരു കാര്യംകൂടി സ്വയം ചോദിക്കണം. പണം സ്വരുക്കൂട്ടിവച്ചതുകൊണ്ടുമാത്രം എല്ലാം ആയോ?
കുട്ടികൾക്കുവേണ്ടി മാത്രം പോരാ, കുട്ടികളിലും വേണം നിക്ഷേപം. അവരുടെ വ്യക്തിഗത വളർച്ച, ശാരീരികവും മാനസികവുമായ ആരോഗ്യം, സമൂ ഹത്തിൽ ഇടപെടാനുള്ള കഴിവ്, പൗരബോധം, നിയമബോധം എന്നിവയെല്ലാം മെച്ചപ്പെടുത്തുക എന്നത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. അതിനുവേണ്ടി കൃത്യമായ പ്ലാനിങ് വേണം. അതു നടപ്പാക്കാൻ സമയം കണ്ടെത്തുകയും വേണം. ഇല്ലെങ്കിൽ നിങ്ങൾ എത്ര സമ്പാദിച്ചുകൂട്ടിയാലും അവർ സന്തോഷത്തോടെ ജീവിക്കണം എന്നില്ല.
ഒരു രക്ഷിതാവ് നാലാം ക്ലാസില്‍ പഠിക്കുന്ന മകനിൽ വായനാശീലം വളർത്താൻ എന്താണ് ചെയ്യേണ്ടതെന്ന് അധ്യാപകനോട് ചോദിച്ചു. ‘താങ്കൾ വായിക്കാറുണ്ടോ?’ എന്നായിരുന്നു അധ്യാപകന്റെ മറുചോദ്യം. ‘അതിനെവിടെയാണ് സമയം?’ എന്നായി രക്ഷിതാവ്. ജോലികഴിഞ്ഞെത്തിയാൽ എന്തുചെയ്യുമെന്ന ചോദ്യത്തിന് മൊബൈലിൽ റീൽ കാണുമെന്ന മറുപടി. ഒരു പുസ്തകം കൊടുത്തിട്ട്, ‘ഇതു നിങ്ങൾതന്നെ മകനു വായിച്ചുകൊടുക്കൂ,’ അധ്യാപകൻ നിർദേശിച്ചു. അതോടെ രക്ഷിതാവിന്റെ മുഖംമാറി. കുട്ടികളിൽ ഒരു നല്ല ശീലം വളർത്തണമെങ്കിൽ അതു നാം കാണിച്ചുകൊടുക്കണം, പരിശീലിപ്പിക്കണം.
സ്വയം പ്രാപ്തരാക്കുക
കുട്ടികൾ വളരുന്നത് അച്ഛനമ്മമാരെ കണ്ടാണെന്നതിൽ സംശയമില്ല. മാതാപിതാക്കളുടെ രീതികളാകും അവരുടെ വ്യക്തിത്വത്തിലും പ്രതിഫലിക്കുക. സ്വയംപര്യാപ്തരും സഹജീവികളോടു സ്നേഹമുള്ളവരുമായി അവരെ വളർത്താൻ ശ്രദ്ധിക്കുക. അത്യാവശ്യം വേണ്ടതെല്ലാം സ്വയം ചെയ്യാൻ പരിശീലിപ്പിക്കാം. കഴിക്കുന്ന പാത്രവും ഉപയോഗിക്കുന്ന മുറിയും വസ്ത്രങ്ങളും വൃത്തിയാക്കുന്നതടക്കം ചെറുപ്പത്തിലെ ചെയ്യിക്കണം. വലുതാകുംതോറും ആൺ–പെൺ വ്യത്യാസമില്ലാതെ വീട്ടുജോലികളിൽ കുടുംബത്തിലെ എല്ലാവരെയും പങ്കാളികളാക്കണം.
പണം കൈകാര്യം ചെയ്യിക്കണം
വലിയ വിദ്യാഭ്യാസം നേടി മികച്ച ജോലി നേടുന്നവർ പോലും കടക്കെണിയിൽ പെടാറുണ്ട്. കാരണം പണം ഉണ്ടാക്കിയതുകൊണ്ടു കാര്യമില്ല. അതു ശരിയായി വിനിയോഗിക്കാൻ അറിയണം. പണത്തിന്റെ മൂല്യവും അതു നന്നായി കൈകാര്യം ചെയ്യാനും വീട്ടിൽനിന്നു ചെറുപ്രായത്തിൽ പഠിച്ചാൽ ജീവിതത്തിൽ കാര്യമായ സാമ്പത്തിക പ്രശ്നങ്ങളുണ്ടാകില്ല. ഉണ്ടായാൽതന്നെ അതു കൈകാര്യംചെയ്യാനും അവർക്കു കഴിയും.
മാതാപിതാക്കളുടെ ജോലി എന്തെന്നും എത്ര വരുമാനം ഉണ്ടെന്നും കുട്ടികളെയും അറിയിക്കണം. സ്വന്തം ആവശ്യങ്ങൾ അതിനനുസരിച്ചു നിയന്ത്രിക്കാൻ ശീലിപ്പിക്കണം. പറയുന്നതെല്ലാം ഓൺലൈനിൽ ഓർഡർ ചെയ്തു നൽകിയാൽ പിന്നെ അതു നിയന്ത്രിക്കാനാകില്ല. വീട്ടിലെ സാമ്പത്തിക സാഹചര്യം പങ്കുവയ്ക്കുകയും പ്രശ്നങ്ങൾ പരിഹരിക്കാൻ അവരുടെ ആശയങ്ങൾ തേടുകയും ചെയ്യാം. നിക്ഷേപമാർഗങ്ങൾ കുട്ടികൾക്കു പരിചയപ്പെടുത്തണം. ഇടയ്ക്ക് വീടിനടുത്തെ കടയിൽനിന്നു സാധനങ്ങൾ മേടിപ്പിക്കാം. അതിന്റെ കണക്കു ചോദിക്കാം. ഇടപാടുകൾക്ക് ബാങ്കില്‍ പറഞ്ഞുവിടാം. പോക്കറ്റ്‌മണി എങ്ങനെ ചെലവാക്കുന്നുവെന്നു ചോദിച്ചു മനസ്സിലാക്കാം.
വേണം ശാരീരിക മാനസിക ആരോഗ്യം
എങ്ങനെ പ്രശ്നങ്ങളെ നേരിടുന്നു എന്നതാണ് മാനസികാരോഗ്യത്തിന്റെ അടിസ്ഥാനം. ആരോഗ്യകരമായ ജീവിതശൈലി വളർത്തിയെടുക്കാൻ അവരെ സഹായിക്കണം. വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കണം. അനാരോഗ്യകരമായ ഭക്ഷണശീലങ്ങളിൽനിന്നു പിന്തിരിപ്പിക്കണം. മാർഷ്യൽ ആർട്സ്, സ്പോർട്സ്, കലകൾ, മ്യൂസിക് ഉപകരണങ്ങൾ തുടങ്ങി താൽപര്യമുളളവ പഠിപ്പിക്കുന്നതു ടെൻഷൻ കുറയ്ക്കാനും സ്വയം ആശ്വാസം കണ്ടെത്താനും സഹായിക്കും. ഭാവിയിൽ അവയിലേതെങ്കിലും വരുമാന സ്രോതസ്സാക്കാൻപോലും സാധിക്കും.
ചുട്ടയിലേ ശീലിപ്പിക്കാം
കുട്ടികൾ ഭാവിയിൽ എന്താകണം എന്നു നിശ്ചയിച്ച് മുന്നോട്ടുപോകുന്നവർ ഏറെയുണ്ട്. പക്ഷേ, ചെറിയ പ്രായത്തിൽ അവർ എന്തു കാണണം, ചെയ്യണം എന്നൊന്നും പരിഗണിക്കാറുപോലുമില്ല. ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ രജനീകാന്തിന്റെ ജയിലർ സിനിമ കാണിച്ചാൽ എന്തായിരിക്കും കുട്ടി അതിൽനിന്നു സ്വീകരിക്കുക എന്നു ചിന്തിച്ചിട്ടുണ്ടോ? കുട്ടികൾക്ക് പ്രായത്തിനനുസരിച്ചുള്ള കളിപ്പാട്ടവും കാർട്ടൂണും സിനിമയും ഗെയിമും ഒക്കെ തിരഞ്ഞെടുത്തു നൽകുകയും അവ ഒരുമിച്ചിരുന്നു കാണുകയും ആസ്വദിക്കുകയും ചെയ്യാം. അതുപോലെ പ്രായത്തിനനുയോജ്യമായ പുസ്തകങ്ങളിലൂടെ നല്ല വായന ശീലിപ്പിക്കാം.
'നോ' പറയണം, പറയാൻ പഠിപ്പിക്കണം
‘നോ’ പറയേണ്ടയിടത്ത് കുട്ടിയോടു നോ പറയണം. കുഞ്ഞായിരിക്കുമ്പോൾതന്നെ ഇക്കാര്യം ശ്രദ്ധിച്ചാൽ ‘നിസാര തിരിച്ചടികളുടെ’ പേരിൽ നിരാശരാകുന്നവരുടെ കൂട്ടത്തിൽ നിങ്ങളുടെ മക്കളുണ്ടാകില്ല. ഭാവിയിൽ ആവശ്യങ്ങളും ആഗ്രഹങ്ങളും നിരസിക്കപ്പെടുന്ന സാഹചര്യങ്ങളിലൂടെ കടന്നുപോയാലും പക്വതയോടെ നേരിടാൻ ഇത്തരം ‘നോ’കൾ അവരെ പ്രാപ്തരാക്കും. ഒരു കാര്യത്തോടു യോജിക്കാൻ പറ്റിയില്ലെങ്കിൽ അതു തുറന്നു പറയാനുള്ള ആത്മവിശ്വാസം നൽകണം. വീടിനു പുറത്ത്, മറ്റുള്ളവരുമായി ഇടപെടാൻ കുട്ടികളെ പരിശീലിപ്പിക്കണം. കുട്ടികൾക്കുള്ള ക്യാംപുകളുൾപ്പെടെ സാമൂഹികമായി ഇടപെടാനുള്ള അവസരങ്ങ ൾ ഒരുക്കണം. പണത്തിന്റെയും സാമൂഹികസാഹചര്യങ്ങളുടെയും പേരിൽ ആളുകളെ വേർതിരിച്ചു കാണുന്ന ശീലം കേരളത്തിലെ മിക്ക വീടുകളിലുമുണ്ട്. കുട്ടികളിലേക്ക് അതു പകരാതിരിക്കാൻ ശ്രദ്ധിക്കണം.
കുറച്ചു സമയം; വലിയ മാറ്റം
എല്ലാ ദിവസവും കുട്ടികളുടെ വിശേഷങ്ങൾ ചോദിച്ചറിയണം. നിങ്ങളോടു തുറന്നു സംസാരിക്കാനുള്ള ആത്മവിശ്വാസം കുട്ടിക്കുണ്ടാകണം. അതുവഴി കൗമാര യൗവനകാലത്തിലെ വഴിവിട്ടു സഞ്ചരിക്കാനുള്ള പ്രവണത കുറയ്ക്കാം. സമയമില്ലെന്നു പറയാതെ, ഒന്നു ശ്രമിച്ചാൽ ഏതു ജോലിത്തിരക്കിനിടയിലും എല്ലാദിവസവും അൽപസമയം അവരോടൊത്തു ചെലവഴിക്കാൻ ആർക്കും കഴിയും. അതു മക്കളുടെയും നിങ്ങളുടെയും ജീവിതത്തിൽ ഇപ്പോഴും പിന്നീടും വലിയ മാറ്റങ്ങൾക്കു സഹായിക്കും.
ഡിപ്രഷൻ, ഇൻട്രോവെർട്ട്
ഡിപ്രഷനും ഇൻട്രോവെർഷനും ഒക്കെ ഇപ്പോൾ വളരെ കോമണാണ്, പ്രത്യേകിച്ച് കുട്ടികൾക്കിടയിൽ. താൻ ഇൻട്രോവെർട്ടാണെന്നും അതുകൊണ്ടു പൊതുപരിപാടികളിൽ പോവാൻ താൽപര്യമില്ലെന്നുമൊക്കെ പറയുന്ന കൗമാരക്കാർ ഏറെയുണ്ട്. ഭൂരിഭാഗവും സോഷ്യൽ ആങ്സൈറ്റിയെ ഇൻട്രോവേർഷനായി തെറ്റിദ്ധരിക്കുന്നതാണ്. സമൂഹത്തിൽ ഇടപെടാൻ പരിശീലിപ്പിക്കുക മാത്രമാണ് പോംവഴി.
∙ കഴിവുകൾ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പി ക്കണം. അതനുസരിച്ചുള്ള കോഴ്സു തിരഞ്ഞെടുക്കാൻ സഹായിക്കണം. എങ്കിൽ പ്രഫഷനിൽ വിജയം നേടാൻ അവർക്കു കഴിയും.
∙ നിയമം തെറ്റിച്ചു ജീവിക്കുന്നതു വലിയ മിടുക്കാണെന്ന വിശ്വാസം പുതിയ തലമുറയിലുണ്ട്. നിയമങ്ങൾ പാലിക്കാതെ വാഹനമോടിക്കുന്നതടക്കം തോന്നിയതു ചെയ്ത് കേസിൽപെടുന്നവരുടെ എണ്ണം പെരുകുന്നത് അതുകൊണ്ടാണ്. അതു ഭാവി തന്നെ വൻ പ്രതിസന്ധിയിലാക്കും. വിദേശ രാജ്യങ്ങളിൽ നിയമം പാലിക്കുന്നതിനുള്ള പരിശീലനം ചെറുപ്രായത്തിലേ തുടങ്ങും. നിയമം പാലിക്കപ്പെടേണ്ടതാണെന്ന ചിന്ത വീട്ടിൽ നിന്നുതന്നെ തുടങ്ങണം. ചുറ്റുമുള്ളവർക്ക് നമ്മെപ്പോലെ അവകാശങ്ങളുണ്ടെന്ന ബോധവും വളർത്തണം.
മനോരമ സമ്പാദ്യം നവംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്. നിങ്ങളുടെ സംശയങ്ങളും പ്രതികരണങ്ങളും 9207749142 എന്ന നമ്പറിലേക്ക് വാട്സാപ് ചെയ്യുക.
ഇമെയിൽ – sampadyam@mm.co.in