മ്യൂച്വൽ ഫണ്ടിൽ നേരിട്ടങ്ങു നിക്ഷേപിച്ചാലോ
Mail This Article
നിങ്ങളുടെ തിരക്കു മൂലമോ വിപണിയെകുറിച്ചുള്ള അറിവില്ലായ്മ മൂലമോ സ്വന്തം ഓഹരി പോർട്ഫോളിയോ കൈകാര്യം ചെയ്യാൻ സാധിക്കുന്നുണ്ടാകില്ല. അങ്ങനെയെങ്കിൽ മ്യൂച്വൽ ഫണ്ട് മുഖേന ഓഹരിയിൽ നിക്ഷേപിക്കുന്നതാണ് അനുയോജ്യം. എന്നാൽ പലരും ഇതിന് ഏജന്റുമാരെയാണു സമീപിക്കുന്നത്. അതിന് ചെലവുകളുണ്ട്.നിക്ഷേപത്തിന്റെ നിശ്ചിത ശതമാനം ഏജന്റിനുള്ള കമ്മിഷനാണ്.
മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാനുള്ള ചെലവു കുറഞ്ഞ വഴി ഡയറക്ട് പ്ലാനാണ്. ബിഎസ്ഇ സ്റ്റാർ എംഎഫ് പോലുള്ള പ്ലാറ്റ്ഫോം മുഖേന നേരിട്ട് നിക്ഷേപിക്കുന്നതു ഗുണകരമാകും. ഇവിടെ ഏജന്റുമാർക്കുള്ള ഫീസ് ഇല്ല. അതുകൊണ്ടുതന്നെ നിക്ഷേപച്ചെലവ് (expense ratio) അനുപാതം 0.5%–1% ആയി കുറയും. നേരിട്ടു മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിന് ജനപ്രീതി ലഭിച്ചുവരികയാണ്. കോട്ടക് സെക്യൂരിറ്റീസ് പോലുള്ള സേവനദാതാക്കൾ അവരുടെ ഇടപാടുകാരെ നിസ്സാര ചെലവിൽ ബിഎസ്ഇ സ്റ്റാർ എംഎഫ് പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കുന്നുണ്ട്.
പതിവായി നിക്ഷേപിക്കുകയാണ് ലക്ഷ്യമെങ്കിൽ, മ്യൂച്വൽ ഫണ്ട് എസ്ഐപി (സിസ്റ്റമാറ്റിക് ഇൻവെസ്‌റ്റ്‌മെന്റ് പ്ലാൻ) തിരഞ്ഞെടുക്കുക. വിപണിയുടെ കയറ്റിറക്കങ്ങളെ കുറിച്ച് ആശങ്കയില്ലാതെ നിക്ഷേപം തുടരാൻ ഇതു സഹായിക്കും അച്ചടക്കത്തോടെ ക്രമമായും സ്ഥിരമായും നിക്ഷേപം വളരാനും ഇത് വഴിയൊരുക്കും