ADVERTISEMENT

ഇന്ത്യൻ സമ്പദ്ഘടന അതി സങ്കീർണമായ പാതയിലൂടെയാണ് നീങ്ങുന്നത്. ധനശാസ്ത്രസിദ്ധാന്ത പ്രകാരം മാന്ദ്യത്തിലാണെന്നു പറയാൻ കഴിയില്ല. എന്നാൽ പല മേഖലകളും മാന്ദ്യത്തിലാണെന്നത് യാഥാർഥ്യമാണ്. ബജറ്റ് അവതരിപ്പിക്കുമ്പോൾ സമ്പദ്ഘടനയിൽ പ്രശ്നങ്ങൾ ഇല്ലെന്ന് വരുത്തിതീർക്കാൻ ശ്രമിച്ച ധനമന്ത്രി അതിനു ശേഷം രണ്ടര മാസത്തിനകം നാലു തവണ ഉത്തേജന പദ്ധതികൾ പ്രഖ്യാപിച്ചത് ഒരു വിരോധാഭാസമായി തോന്നുന്നു.

സാമ്പത്തിക മെല്ലെപോക്കിന്റെ കാരണം

കഴിഞ്ഞ സാമ്പത്തിക വർഷം ആളോഹരി ദേശീയ വരുമാനം 5.6 % ആണ് വളർന്നത്. അഞ്ചുവർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളർച്ചാനിരക്ക്. നോട്ടുനിരോധനം, ധൃതിപിടിച്ചുള്ള ജിഎസ്ടി നടപ്പിലാക്കൽ, ബാങ്കുകളുടെ ഉയർന്ന കിട്ടാക്കടം എന്നിവ സർവമേഖലകളിലും പ്രതിസന്ധി സൃഷ്ടിച്ചു. ഇതിന്റെ ഫലമായി വ്യക്തിഗത വരുമാന വളർച്ച മന്ദഗതിയിലായി. അത് ആളുകളുടെ ക്രയശേഷി കുറച്ചു. അതുകൊണ്ട് തന്നെ 2016–17ൽ 6.86 % ഉയർന്ന വ്യക്തിഗത സ്വകാര്യ ഉപഭോഗച്ചെലവ് പിന്നീടുള്ള രണ്ടു വർഷങ്ങളിൽ ഈ വളർച്ച നിലനിർത്തിയില്ല.

വരുമാനം കുറഞ്ഞതോടെ ചെലവുകൾക്ക് പണം തികയാതെ വന്നു. അതോടെ അത്യാവശ്യമല്ലാത്ത ചെലവുകളെ നിയന്ത്രിക്കാൻ ആളുകൾ നിർബന്ധിതരായി. ചെലവാക്കൽ കുറഞ്ഞതോടെ സ്വാഭാവികമായും ഫലദായക ചോദന( effective demand) കുറഞ്ഞു. ഡിമാൻഡിലുണ്ടായ ഈ വൻ കുറവാണ് ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക മെല്ലെപോക്കിന്റെ മുഖ്യകാരണം.

വൻതോതിലുള്ള ഇടിവ് മുൻകൂട്ടി കാണാൻ ഉത്തരവാദപ്പെട്ടവർക്ക് കഴിഞ്ഞില്ല. ഗ്രാമീണ സമ്പദ്ഘടനയേയും അനൗപചാരിക മേഖലകളെയും ഇത് കൂടുതൽ ബാധിച്ചു. ഇന്ത്യയുടെ ഹൃദയഭൂമിയായ ഗ്രാമങ്ങളിൽ മുരടിപ്പിന്റെ വിത്തുപാകി. ദേശീയ വരുമാനത്തിന്റെ 45 ഉം തൊഴിലിന്റെ 90 ഉം ശതമാനം പ്രദാനം ചെയ്യുന്ന അനൗപചാരിക മേഖല തകർന്നു തരിപ്പണമായി.

ഗ്രാമീണ,അനൗപചാരിക മേഖലകളെ ലക്ഷ്യം വച്ചുള്ള നടപടികൾക്കാണ് ഊന്നൽ നൽകേണ്ടത്. അതുകൊണ്ടാണ് 2019–20 ൽ ഉപഭോഗച്ചെലവിനും സ്വകാര്യ മുതൽമുടക്ക് പുനരുജ്ജീവിപ്പിക്കുന്നതിനും ഊന്നൽ നൽകണമെന്ന് ആർ. ബി. ഐ. അഭിപ്രായപ്പെട്ടത്. എങ്കിൽ മാത്രമെ ഡിമാൻഡ് ഉയരൂ. അപ്പോൾ മാത്രമെ സമ്പദ്ഘടനയുടെ തിരിച്ചുവരവിന് വേഗതകൂടൂ.

ഉത്തേജനങ്ങൾ സഹായിക്കുമോ?

ഓരോ ദിവസവും സർക്കാർ പുറത്തുവിടുന്ന സ്ഥിതി വിവര കണക്കുകൾ പ്രതീക്ഷകളേക്കാൾ ആശങ്കയാണ് സൃഷ്ടിക്കുന്നത്. എട്ട് അടിസ്ഥാന വ്യവസായങ്ങൾ ഉൾക്കൊള്ളുന്ന മർമമേഖലയുടെ ആഗസ്റ്റിലെ വളർച്ച (–) 0.5 ശതമാനമാണ്. 52 മാസത്തിടിയിലെത്തെ ഏറ്റവും കുറഞ്ഞ വളർച്ച. ജിഎസ്ടിയിൽ നിന്നുള്ള സെപ്തംബറിലെ വരുമാനമാകട്ടെ 19 മാസത്തെ ഏറ്റവും കുറഞ്ഞ വരുമാനമാണ്. കേന്ദ്ര ധനമന്ത്രി ഏതാനും ആഴ്ചകളിലായി പ്രഖ്യാപിച്ച ഉത്തേജന പരിപാടികളും റിസർവ്ബാങ്ക് ഫെബ്രുവരി മുതൽ കുറച്ചുവരുന്ന റിപ്പോ നിരക്കും ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യുമെങ്കിലും സമ്പദ്ഘടനയുടെ പെട്ടെന്നുള്ള തിരിച്ചുവരവിന് വേണ്ടത്ര സഹായിക്കുമെന്ന് തോന്നുന്നില്ല.

ലോക സാമ്പത്തിക വളർച്ചയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ അഞ്ചു ശതമാനം ഉയർന്നതു തന്നെയാണ്. എന്നാൽ എന്തുകൊണ്ടാണ് ഇന്ത്യയിൽ നിക്ഷേപ നിരക്ക് ഉയരാത്തത്? എന്തുകൊണ്ടാണ് ഉപഭോഗം നിശ്ചലമായി നിൽക്കുന്നത്? സാമ്പത്തിക വളർച്ച എവിടേക്കാണ് ചിതറിപ്പോകുന്നത്? സമ്പദ്ഘടനയിലെ ശേഷി വിനിയോഗം 70–75 ശതമാനത്തിലും നിക്ഷേപനിരക്ക് 30 ശതമാനത്തിലും ചുറ്റിപ്പറ്റി നിൽക്കുകയാണ്. ശേഷി വിനിയോഗം വളർന്നില്ലെങ്കിൽ പുതിയ മുതൽ മുടക്കുകൾ കുറഞ്ഞശേഷി വിനിയോഗത്തിലേക്കു നയിക്കും. ലാഭക്ഷമത കുറയുകയും ചെയ്യും. മൂലധനം വേണ്ടവിധം ഉപയോഗപ്പെടുത്തുന്നില്ലെന്നതാണ് കാരണം. റിപ്പോ നിരക്ക് തുടർച്ചയായി കുറഞ്ഞിട്ടും ഓഹരി സൂചികകൾ ഉയർന്നു നിന്നിട്ടും മുതൽ മുടക്ക് നിരക്കിൽ ഉയർച്ച ദൃശ്യമാവുന്നില്ല.

നാലു പ്രാവശ്യമായി പ്രഖ്യാപിച്ച ഉത്തേജന പാക്കേജുകൾക്ക് മെല്ലെപോക്കിന്മേൽ പെട്ടെന്ന് സ്വാധീനം ചെലുത്താൻ കഴിയില്ല. 10 ബാങ്കുകളെ ലയിപ്പിച്ച് നാലാക്കുമെന്ന ധന മന്ത്രിയുടെ പ്രഖ്യാപനം മാന്ദ്യം മറികടക്കുന്നതിന് എങ്ങിനെയാണ് സഹായിക്കുക? ഇത് നടപ്പു വർഷം ബാങ്കിങ്ങിൽ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. പത്തു ബാങ്കുകളും ഇപ്പോൾ മാന്ദ്യത്തെപ്പറ്റിയല്ല ലയനത്തെപ്പറ്റിയാണ് ചിന്തിക്കുന്നത്.

ബജറ്റിലെ നികുതി നിർദേശങ്ങളിൽ ചിലത് പിൻവലിച്ചതും വ്യവസായങ്ങൾക്ക് ഉത്തേജന പരിപാടികൾ പ്രഖ്യാപിച്ചതും, പ്രത്യക്ഷ വിദേശ നിക്ഷേപം കൂട്ടുന്നതിന് നടപടി സ്വീകരിച്ചതും, ജിഎസ്ടി യിൽ കുറവു വരുത്തിയതും സമ്പദ്ഘടനയിലെ മൊത്തം ഡിമാൻഡിനെ ഉയർത്തണമെന്നില്ല. റിപ്പോ നിരക്കു കുറച്ചതിന്റെ ഗുണം ബാങ്കുകൾ ഗുണഭോക്താക്കളിലേക്ക് മാറ്റിയതുകൊണ്ടോ 70000 കോടി രൂപ നൽകി ബാങ്കുകളുടെ ധനശേഷി കൂട്ടിയതുകൊണ്ടാ, സമ്പദ്ഘടനയിലേക്ക് വായ്പയുടെ ഒഴുക്കിന് സൗകര്യമൊരുക്കിയതു കൊണ്ടൊ ഇപ്പോഴത്തെ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാവില്ല. കാരണം ഇതെല്ലാം വിതരണ വശത്തെ (supply sides) ശക്തിപ്പെടുത്താനാണ് സഹായിക്കുക.

വേണ്ടത് എന്ത്?

ഡിമാൻഡ് വശത്തെ ശക്തിപ്പെടുത്തുന്ന നടപടികളാണ് നമുക്കാവശ്യം. അതുകൊണ്ടേ ഈ പ്രതിസന്ധി മറികടക്കാൻ കഴിയൂ.നിലവിലെ തൊഴിലുറപ്പു പദ്ധതിയും പ്രധാനമന്ത്രി കിസാൻ സമ്മാൻ യോജനയും വിപുലീകരിച്ചു നടപ്പിലാക്കുകയും ദാരിദ്ര്യരേഖക്ക് താഴെ ജീവിക്കുന്ന 30 കോടി ജനങ്ങളിൽ നിന്നും ഏറ്റവും അർഹരായ 10 കോടി പേരെ കണ്ടെത്തി അവർക്ക് കുറഞ്ഞ വരുമാനം ഉറപ്പ് (Minimum Income Guarantee-MIG) നൽകുന്ന പദ്ധതി നടപ്പിലാക്കുകയും ചെയ്താൽ അതു ഡിമാൻഡ് വശത്തെ ഉദ്ദീപിപ്പിക്കും. സമ്പദ്ഘടനയെ വളർച്ചയുടെ പാതയിലേക്ക് അതിവേഗം കൊണ്ടുവരുന്നതിനു സഹായിക്കും. ഡിമാൻഡിനു ശക്തി പകരുന്ന ഉത്തേജന പരിപാടികളാണ് ധനമന്ത്രിയിൽനിന്ന് ഉണ്ടാവേണ്ടത്.

ലേഖകൻ സ്റ്റേറ്റ് പ്ലാനിങ് ബോർഡ് മുൻ ഡെപ്യൂട്ടി ഡയറക്ടറാണ് 



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com