ADVERTISEMENT

സാധാരണ ജനങ്ങളില്‍ സമ്പാദ്യ ശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ നിരവധി നിക്ഷേപ പദ്ധതികള്‍ ഇന്ത്യ പോസ്‌റ്റ്‌ അവതരിപ്പിച്ചിട്ടുണ്ട്‌. 1961 ലെ ആദായ നികുതി നിയമത്തിലെ 80സി പ്രകാരം നികുതി ആനുകൂല്യങ്ങള്‍ നേടാന്‍ സഹായിക്കുന്ന നിരവധി ചെറു സമ്പാദ്യ പദ്ധതികളും ഇതില്‍ ഉള്‍പ്പെടും. ഈ പദ്ധതികളിലൂടെ 80സി പ്രകാരം പരമാവധി 1.5 ലക്ഷം രൂപ വരെ ഒരു സാമ്പത്തിക വര്‍ഷം നികുതി ഇളവ്‌ നേടാം.

80 സി പ്രകാരം നികുതി ഇളവ്‌ നേടാവുന്ന പോസ്‌റ്റ്‌ ഓഫീസ്‌ നിക്ഷേപങ്ങള്‍

∙പോസ്‌റ്റ്‌ ഓഫീസ്‌ ടൈം ഡിപ്പോസിറ്റ്‌

ഒരു വര്‍ഷം , 2 വര്‍ഷം , 3 വര്‍ഷം, 5 വര്‍ഷം എന്നിങ്ങനെ വിവിധ കാലാവധികളിലുള്ള ടൈം ഡിപ്പോസിറ്റുകള്‍ ( ടിഡി) ഇന്ത്യ പോസ്‌റ്റ്‌ ലഭ്യമാക്കുന്നുണ്ട്‌. എന്നാല്‍, ഇതില്‍ 80 സി പ്രകാരം നികുതി ഇളവ്‌ ലഭിക്കുന്നത്‌ 5 വര്‍ഷത്തെ ടൈം ഡിപ്പോസിറ്റിന്‌ മാത്രമാണ്‌. അഞ്ച്‌ വര്‍ഷത്തെ ടിഡിക്ക്‌ ലഭ്യമാക്കുന്ന പലിശ നിരക്ക്‌ 7.7 ശതമാനമാണ്‌. നിക്ഷേപം തുടങ്ങാന്‍ ആവശ്യമായ കുറഞ്ഞ തുക 200 രൂപയാണ്‌. പണം അല്ലെങ്കില്‍ ചെക്ക് വഴി ടിഡി തുറക്കാം. ടൈം ഡിപ്പോസിറ്റ്‌ ഒരു പോസ്‌റ്റ്‌ ഓഫീസില്‍ നിന്നും മറ്റൊരു പോസ്‌റ്റ്‌ ഓഫീസിലേക്ക്‌ മാറ്റാനും കഴിയും.

∙നാഷണല്‍ സേവിങ്‌സ്‌ സര്‍ട്ടിഫിക്കറ്റ്‌ ( എന്‍എസ്‌സി )

നികുതി ഇളവ്‌ നേടാനായി കൂടുതല്‍ പേര്‍ ആശ്രയിക്കുന്ന നിക്ഷേപ മാര്‍ഗങ്ങളില്‍ ഒന്നാണ്‌ നാഷണല്‍ സേവിങ്‌സ്‌ സര്‍ട്ടിഫിക്കറ്റ്‌. അഞ്ച്‌ വര്‍ഷമാണ്‌ നിക്ഷേപ കാലാവധി. പലിശ നിരക്ക്‌ 7.9 ശതമാനം . പദ്ധതിയില്‍ നിക്ഷേപിക്കാവുന്ന കുറഞ്ഞ തുക 100 രൂപയാണ്‌ . പരമാവധി നിക്ഷേപ പരിധി ഇല്ല. ഈ പദ്ധതിയില്‍ നിന്നും ലഭിക്കുന്ന പലിശ 80 സി പ്രകാരം വീണ്ടും നിക്ഷേപിക്കാം. വാര്‍ഷികാടിസ്ഥാനത്തില്‍ കൂട്ടുപലിശയാണ്‌ കണക്കാക്കുന്നത്‌. എന്‍എസ്‌സി ബാങ്കുകളില്‍ നിന്ന് വായ്‌പ എടുക്കുന്നതിന്‌ ഈടായിട്ടും വെയ്‌ക്കാം. 80 സി പ്രകാരം 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന്‌ നികുതി ഇളവ്‌ ലഭിക്കും.

∙സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ്‌ സ്‌കീം

മുതിര്‍ന്ന പൗരന്‍മാര്‍ക്ക്‌ വേണ്ടിയുള്ള നിക്ഷേപ പദ്ധതിയാണിത്‌. അഞ്ച്‌ വര്‍ഷമാണ്‌ നിക്ഷേപ കാലാവധി. നിലവില്‍ 8.3 ശതമാനം പലിശ നിരക്കാണ്‌ ലഭ്യമാക്കുന്നത്‌. കാലാവധി പൂര്‍ത്തിയാക്കിയതിന്‌ ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ വീണ്ടും 3 വര്‍ഷത്തേക്ക്‌ കൂടി നിക്ഷേപത്തിന്റെ കാലാവധി നീട്ടാം അതിനായി നിര്‍ദ്ദിഷ്ട ഫോര്‍മാറ്റില്‍ അപേക്ഷ നല്‍കണം. ഇത്തരം സാഹചര്യത്തില്‍ കാലാവധി നീട്ടിയതിന്‌ ശേഷം ഒരു വര്‍ഷം പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ എപ്പോള്‍ വേണമെങ്കിലും അക്കൗണ്ട്‌ അവസാനിപ്പിക്കാം. തുകയില്‍ കുറവ്‌ വരുത്തില്ല. ഈ പദ്ധതിയില്‍ നിക്ഷേപിക്കാവുന്ന പരമാവധി തുക 15 ലക്ഷം രൂപയാണ്‌. ആദായ നികുതി വകുപ്പ്‌ 80 സി പ്രകാരമുള്ള നികുതി ഇളവ്‌ നിക്ഷേപത്തിന്‌ ലഭിക്കും.

∙പബ്ലിക്‌ പ്രോവിഡന്റ്‌ ഫണ്ട്‌

നൂറ്‌ രൂപ നിക്ഷേപിച്ച്‌ പോസ്‌റ്റ്‌ ഓഫീസില്‍ പിപിഎഫ്‌ അക്കൗണ്ട്‌ തുടങ്ങാം. അതേസമയം ഒരു വര്‍ഷം പിപിഎഫ്‌ അക്കൗണ്ടില്‍ കുറഞ്ഞത്‌ 500 രൂപയുടെ നിക്ഷേപം നടത്തിയിരിക്കണം. ഒരു സാമ്പത്തിക വര്‍ഷം നിക്ഷേപിക്കാവുന്ന പരമാവധി തുക 1.5 ലക്ഷം രൂപയാണ്‌. നിക്ഷേപ കാലാവധി 15 വര്‍ഷമാണ്‌. അതിന്‌ ശേഷം ആവശ്യമെങ്കില്‍ 5 വര്‍ഷം വീതം വീണ്ടും നിക്ഷേപം തുടരാം. കാലാവധി പൂര്‍ത്തിയാകും മുമ്പ്‌ നിക്ഷേപം പൂര്‍ണമായി പിന്‍വലിക്കാന്‍ അനുവദിക്കില്ല. അക്കൗണ്ട്‌ തുടങ്ങി ഏഴാം വര്‍ഷം മുതല്‍ ഭാഗികമായി പിന്‍വലിക്കാന്‍ അനുവദിക്കും. നിലവില്‍ 7.9 ശതമാനമാണ്‌ പിപിഎഫിന്റെ പലിശ നിരക്ക്‌. വാര്‍ഷികാടിസ്ഥാനത്തില്‍ കൂട്ടുപലിശയാണ്‌ കണക്കാക്കുന്നത്‌. ഈ പദ്ധതിയില്‍ വായ്‌പ സൗകര്യവും ലഭ്യമാക്കുന്നുണ്ട്‌. 80 സി പ്രകാരം 1.5 ലക്ഷം വരെയുള്ള നിക്ഷേപത്തിന്‌ നികുതി ഇളവ്‌ ലഭിക്കും

∙സുകന്യ സമൃദ്ധി യോജന

പെണ്‍കുട്ടികള്‍ക്ക്‌ വേണ്ടിയുള്ള നിക്ഷേപ പദ്ധതിയാണ്‌ സുകന്യ സമൃദ്ധി യോജന. മാതാപിതാക്കള്‍ക്ക്‌ അല്ലെങ്കില്‍ നിയമപരമായ രക്ഷകര്‍ത്താവിന്‌ പെണ്‍കുട്ടിയുടെ പേരില്‍ അക്കൗണ്ട്‌ തുടങ്ങാം. രണ്ട്‌ പെണ്‍കുട്ടികളുടെ പേരിലായി പരമാവധി രണ്ട്‌ അക്കൗണ്ടാണ്‌ ഒരാള്‍ക്ക്‌ തുറക്കാന്‍ കഴിയുക. പത്ത്‌ വയസ്‌ വരെ പ്രായമുള്ള പെണ്‍കുട്ടകളുടെ പേരിലെ അക്കൗണ്ട്‌ തുടങ്ങാന്‍ കഴിയു. 21 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അക്കൗണ്ട്‌ അവസാനിപ്പിക്കണം. 18 വയസ്‌ പൂര്‍ത്തിയായി കഴിഞ്ഞാല്‍ നിക്ഷേപം പിന്‍വലിക്കാന്‍ അനുവദിക്കും. നിലവില്‍ ഈ പദ്ധതിയുടെ പലിശ നിരക്ക്‌ 8.4 ശതമാനമാണ്‌. സുകന്യ സമൃദ്ധി അക്കൗണ്ടിലെ 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന്‌ 80 സി പ്രകാരം നികുതി ഇളവ്‌ ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com