ഫണ്ടിന്റെ പ്രകടനം മോശമായോ? എസ് ഐ പി വേണ്ടന്നുവെക്കണോ?
Mail This Article
ലക്ഷ്യം ദീര്‍ഘകാല നേട്ടമാണെങ്കില്‍ അത്തരക്കാര്‍ക്ക് പറ്റിയ നിക്ഷേപപദ്ധതിയാണ് മ്യൂച്വല്‍ ഫണ്ട് എസ് ഐ പി. വിവാഹം, കുട്ടികളുടെ വിദ്യാഭ്യാസം, റിട്ടയര്‍മെന്റ് ഇങ്ങനെയുളള ദീര്‍ഘകാലയളവിലെ ലക്ഷ്യങ്ങള്‍ക്കാണ് മാസം തോറുമുള്ള ഇത്തരം നിക്ഷേപ പദ്ധതികള്‍. സാധാരണ നിലയില്‍ മ്യൂച്വല്‍ ഫണ്ട് എസ് ഐ പി ചതിക്കില്ല. എന്നാല്‍ വളരെ വിരളമായ സാഹചര്യങ്ങളില്‍ എസ് ഐ പി ശരിയായ തീരുമാനമായിരിക്കുകയുമില്ല.
ഫണ്ടിന്റെ പ്രകടനം മോശം
എസ് ഐ പിയ്ക്ക് തിരഞ്ഞെടുത്തിരിക്കുന്ന ഫണ്ടില്‍ കണ്ണുമടച്ച് നിക്ഷേപിക്കുന്നതിന് പകരം അത് തുടര്‍ച്ചയായി നിരീക്ഷിച്ചുകൊണ്ടിരിക്കണം. ഒരോ പാദങ്ങളിലും ഫണ്ടിന്റെ പ്രകടനം നിരീക്ഷിക്കണം. തുടര്‍ച്ചയായി മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെങ്കില്‍ മറ്റൊരു സാധ്യത ആലോചിക്കുന്നതിന് വേണ്ടിയാണിത്. നാലോ അതിലധികമോ പാദത്തില്‍ ഫണ്ട് ബഞ്ച്മാര്‍ക്കിനേക്കാളും താഴെ പോയാല്‍ അതിലേക്ക് പിന്നീട് നിക്ഷേപിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം തുടര്‍ച്ചയായി മോശം പ്രകടനം ആവര്‍ത്തിച്ചാല്‍ ഇത് നിക്ഷേപകരുടെ ആകെ ലക്ഷ്യത്തെ ബാധിച്ചേയ്ക്കും. അതേസമയം മോശം പ്രകടനത്തിന്റെ പേരില്‍ നിക്ഷേപം അവസാനിപ്പിക്കുമ്പോള്‍ ദീര്‍ഘ കാലയളവിലെ സാമ്പത്തിക ലക്ഷ്യം മുന്‍നിര്‍ത്തി മറ്റൊന്നില്‍ പങ്കാളിയാവുകയും വേണം.
മിച്ചവരുമാനം കുറയുമ്പോള്‍
കൈയ്യില്‍ ഡിസ്‌പോസിബിള്‍ ഇന്‍കം കൂടുതല്‍ ഉള്ള സാഹചര്യത്തിലാവും പലപ്പോഴും എസ് ഐ പി പോലുളള നിക്ഷേപങ്ങള്‍ക്ക് ഓരാള്‍ മുതിരുന്നത്. എന്നാല്‍ പിന്നീട് രോഗങ്ങള്‍ പോലെ അപ്രതീക്ഷിത ചെലവുകള്‍ വരുമ്പോഴോ അതല്ലെങ്കില്‍ മറ്റേതെങ്കിലും ബിസിനസിലേക്ക് വകമാറ്റി ചെലവഴിക്കുമ്പോഴോ സാമ്പത്തിക ഞെരുക്കം വന്നേയ്ക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ ചെലവേറിയ കടങ്ങള്‍ അവസാനിപ്പിക്കുക എന്നതിനായിരിക്കണം കൂടുതല്‍ ശ്രദ്ധ. എസ് ഐ പി തുടരുകയും അത്യാവശ്യത്തിന് പണം കൈയ്യിലില്ലാതെ വരികയും ചെയ്യുമ്പോള്‍ വലിയ പലിശയ്ക്ക് വായ്പ എടുക്കേണ്ടി വരും. ഇങ്ങനെയുളള സാഹചര്യമാണെങ്കില്‍ എസ് ഐ പി അവസാനിപ്പിക്കുന്നതാണ് അഭികാമ്യം.