നിങ്ങൾക്കു ഇനി മ്യൂച്വല്‍ ഫണ്ടു വാങ്ങാം, സ്റ്റോക് എക്‌സ്‌ചേഞ്ചിൽ നിന്നും
Mail This Article
ഉടന്‍ തന്നെ നിക്ഷേപകര്‍ക്ക് സ്റ്റോക് എക്‌സ്‌ചേഞ്ചുകള്‍ വഴി മ്യൂച്വല്‍ ഫണ്ടുകളില്‍ നേരിട്ട് നിക്ഷേപം നടത്താം.വിതരണക്കാരെയും ഇടനിലക്കാരെയും ഒഴിവാക്കാം. പണം ലാഭിക്കാം.
സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ( സെബി ) ഇതിനുള്ള അനുമതി നല്‍കികഴിഞ്ഞു. എക്‌സ്‌ചേഞ്ചുകൾ അവരുടെ പ്ലാറ്റ്‌ഫോമുകളില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ വാങ്ങാനും വില്‍ക്കാനും നിക്ഷേപകരെ അനുവദിക്കണം എന്നാണ് സെബി നിർദേശം. ഇതോടെ ഡയറക്ട് പ്ലാന്‍ വഴി മ്യൂച്വല്‍ ഫണ്ട് നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക്, വിതരണക്കാരെ ഒഴിവാക്കി നേരിട്ട് എക്‌സ്‌ചേഞ്ചുകള്‍ വഴി ഇടപാട് നടത്താം.
കൂടുതല്‍ അവസരം
നിലവിൽ നേരിട്ട് മ്യൂച്വല്‍ ഫണ്ടുകള്‍ വാങ്ങണമെങ്കിൽ ഫണ്ട് ഹൗസുകളുടെ വെബ്‌സൈറ്റുകളെയോ സ്വതന്ത്ര വെബ്‌സൈറ്റുകളെ ആശ്രയിക്കണം. എക്‌സ്‌ചേഞ്ചിൽ പുതിയ സൗകര്യം ലഭ്യമാകുന്നതോടെ നിക്ഷേപകർ കൂടുതലായി മ്യൂച്വല്‍ ഫണ്ടുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.
പുതിയ സംവിധാനം മ്യൂച്വല്‍ ഫണ്ടുകളുടെ ഡയറക്ട് പ്ലാനുകളിലേക്ക് കൂടുതല്‍ നിക്ഷേപമെത്താനും വഴിയൊരുക്കും. നിലവില്‍ ഡയറക്ട് പ്ലാനുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തി 11.97 ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ്.
ചെലവ് കുറയും
ബിഎസ്ഇ സ്റ്റാര്‍, എന്‍എസ്ഇ എന്‍എംഎഫ് എന്നീ സ്‌റ്റോക് എക്‌സ്‌ചേഞ്ച് പ്ലാറ്റ്‌ഫോമുകളാണ് നിലവില്‍ മ്യൂച്വല്‍ ഫണ്ട് വിതരണക്കാരും മറ്റ് ഇടനിലക്കാരും ഉപയോഗിക്കുന്നത്. സ്വന്തം ഇടപാടുകാര്‍ക്ക് വേണ്ടി യൂണിറ്റുകള്‍ വാങ്ങാനും വില്‍ക്കാനും എക്‌സ്‌ചേഞ്ച് പ്ലാറ്റ്‌ഫോം ഉപയോഗിക്കാൻ മ്യൂച്വല്‍ ഫണ്ട് ഇടപാടുകാർക്കും, രജിസ്‌ട്രേഡ് ആഡൈ്വസര്‍മാര്‍ക്കും നിലവിൽ അനുവാദം ഉണ്ട്.
ഇടനിലക്കാരെ ഒഴിവാക്കി മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് നേരിട്ട് നിക്ഷേപം നടത്താന്‍ കഴിയുന്ന നിക്ഷേപമാണ് ഡയറക്ട് പ്ലാന്‍. വിതരണക്കാര്‍ക്ക് നല്‍കേണ്ട കമ്മീഷന്‍ ഇല്ലെന്നതിനാൽ ഇത്തരം പ്ലാനുകളുടെ ചെലവ് താരതമ്യേന കുറവായിരിക്കും. അതനുസരിച്ച് നേട്ടം കൂടുകയും ചെയ്യും.