വിപണി ചാഞ്ചാട്ടത്തെ ബാലൻസ് ചെയ്യാം, റിസ്ക് കുറയ്ക്കാം : ബാലന്‍സ് അഡ്വാന്റേജ് ഫണ്ടിലൂടെ
Mail This Article
ഓഹരിയുടെ മികവുകളെ കുറിച്ചുള്ള അവബോധം ജനങ്ങള്‍ക്കിടയില്‍ കൂടി വരികയാണ്. ഇതുവരെ ഓഹരിയെ സംശയത്തോടെ നോക്കിക്കണ്ടിരുന്ന നമുക്ക് ആ ഭയം മാറുന്നത് വളരെ പോസിറ്റീവ് ആയ കാര്യമാണ്. എന്നാല്‍ ഓഹരിയിൽ റിസ്ക്ക് ഉണ്ട് എന്നതിനാൽ ആവശ്യമായ മുന്‍കരുതല്‍ എപ്പോഴും വേണമെന്ന് മറക്കരുത്. ഏതെങ്കിലും ഒരു നിക്ഷേപ വിഭാഗത്തോട് മാത്രം കൂടുതല്‍ പ്രിയം കാണിക്കുന്നത് ആപത്താണെന്ന് സാമ്പത്തിക വിദഗ്ധര്‍ പലപ്പോഴും മുന്നറിയിപ്പ് നല്‍കുന്നതും അതുകൊണ്ട് തന്നെ. അതിനാല്‍ വിവിധ നിക്ഷേപങ്ങളിലായി സ്വന്തം ആസ്തി വകയിരുത്തുന്നത് വളരെ ആലോചിച്ച് തീരുമാനിക്കണം.
ആസ്തി വകയിരുത്തൽ
വ്യത്യസ്ത ആസ്തി വിഭാഗങ്ങളിലായി നിങ്ങളുടെ നിക്ഷേപത്തെ വിന്യസിക്കുന്നതാണ് ആസ്തി വകയിരുത്തല്‍. ഒരു പ്രത്യേക ആസ്തി വിഭാഗത്തില്‍ ചാഞ്ചാട്ടമുണ്ടായാല്‍ അത് നിങ്ങളുടെ മൊത്തം നിക്ഷേപത്തെ അപകടപ്പെടുത്തില്ല എന്നതാണ് ബുദ്ധിപൂര്‍വമുള്ള ആസ്തി വകയിരുത്തലിന്റെ ഗുണം. റിസ്‌കെടുക്കാനുള്ള ഓരോ നിക്ഷേപകന്റെയും ശേഷി, അവരുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ എന്നിവ മുന്‍നിര്‍ത്തിയാകും വേണം റീബാലൻസിങ്
റീബാലന്‍സിങ്
വിപണിയിലെ ഇപ്പോഴത്തെ കുതിപ്പ് കാരണം പല നിക്ഷേപകരുടെയും ഓഹരിയിലെ ആസ്തികൾ ഏറിയിട്ടുണ്ടാകും. അതുകൊണ്ട് തന്നെ ഓഹരി പോര്‍ട്ട്‌ഫോളിയോയില്‍ ഒരു റീബാലന്‍സിങ്ങിനുള്ള സമയമാണിത്. പറയുമ്പോള്‍ എളുപ്പമായി തോന്നുമെങ്കിലും നമ്മുടെ അത്യാര്‍ത്തിയും ഭയവും കാരണം വളരെ സങ്കീര്‍ണമായ പ്രക്രിയയാണ് റീബാലന്‍സിങ്. ഓഹരിയുടെ ഗുണങ്ങള്‍ ലഭിക്കുന്ന ഒരു ഫണ്ട് തെരഞ്ഞെടുക്കുകയാണ് ഈ സാഹചര്യത്തിത്തിൽ മികച്ച മാര്‍ഗം. ഇതിന് ഏറ്റവും അനുയോജ്യമായതാണ് ബാലന്‍സ്ഡ് അഡ്വന്റേജ് ഫണ്ട്.
ഓഹരിയിലും കടപ്പത്രത്തിലും വളരെ ക്രിയാത്മകമായി നിക്ഷേപിക്കുന്ന ഹൈബ്രിഡ് ഫണ്ടാണ് ബാലന്‍സ്ഡ് അഡ്വന്റേജ് ഫണ്ട്. വിപണിയിലെ അനുകൂല ഘടകങ്ങൾ പരമാവധി ഉപയോഗപ്പെടുത്തും വിധം നിക്ഷേപം വിന്യസിക്കേണ്ടതിന്റെ ഉത്തരവാദിത്തം ഇവിടെ ഫണ്ട് മാനേജര്‍മാര്‍ക്കാണ്. നിക്ഷേപകന്റെ പോര്‍ട്ട്‌ഫോളിയോയ്ക്ക് ഒരു സാഹചര്യത്തിലും ഇടിവു പറ്റാതെ നോക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. ചാഞ്ചാട്ട സാധ്യതകള്‍ കുറച്ച്, ദീര്‍ഘകാല സമ്പത്തുണ്ടാക്കാന്‍ ഇത്തരമൊരു തന്ത്രം നിങ്ങളെ സഹായിക്കുന്നു.
ബാലന്‍സ്ഡ് അഡ്വന്റേജ് ഫണ്ട്
ബാലന്‍സ്ഡ് അഡ്വന്റേജ് ഫണ്ട് ലഭ്യമാക്കുന്ന കമ്പനികള്‍ ഈ സ്‌കീമിനായി സ്വീകരിക്കുന്ന തന്ത്രവും നിക്ഷേപകരുടെ നേട്ടത്തെ സ്വാധീനിക്കുന്നുണ്ട്. ഓഹരി മൂല്യം കുറയുന്ന സമയത്ത് ഓഹരിയിലേക്കുള്ള വകയിരുത്തല്‍ കൂട്ടുന്ന രീതിയാണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ബാലന്‍സ്ഡ് അഡ്വന്റേജ് ഫണ്ട് സ്വീകരിക്കുന്നത്. ഓഹരി വില വളരെ ഉയര്‍ന്ന് നില്‍ക്കുമ്പോൾ ഓഹരിയിലേക്കുള്ള വകയിരുത്തല്‍ കുറയ്ക്കുന്നു. പ്രൈസ് ടു ബുക്ക് വാല്യു, പ്രൈസ് ടു ഇക്വിറ്റി അനുപാതം തുടങ്ങി വ്യത്യസ്ത വിപണി മാനദണ്ഡങ്ങളാണ് വിവിധ ഫണ്ട് ഹൗസുകള്‍ ബാലൻസ്ഡ് അഡ്വാൻറേജ് ഫണ്ടിൽ പൊതുവേ കാര്യത്തില്‍ സ്വീകരിക്കാറുള്ളത്.
ശരിയായി ബാലൻസിങ്
ശരിയായ ആസ്തി വകയിരുത്തൽ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് ഏറ്റവും മികച്ച ഓപ്ഷനാണ് പരമ്പരാഗത രീതിയില്‍ മാനേജ് ചെയ്യപ്പെടുന്ന ബാലന്‍സ്ഡ് അഡ്വന്റേജ് ഫണ്ടുകള്‍. അതായത് വിപണി മൂല്യം കൂടി നില്‍ക്കുന്ന സമയത്ത് ഓഹരിയിലേക്കുള്ള വകയിരുത്തല്‍ കുറയ്ക്കുന്ന രീതി. താഴ്ന്നിരിക്കുമ്പോള്‍ വാങ്ങുക, ഉയര്‍ന്നിരിക്കുമ്പോള്‍ വില്‍ക്കുക എന്ന തന്ത്രമാണ് ഇവിടെ പയറ്റുന്നത്. വിപണിയില്‍ ഒരു തിരുത്തലോ വലിയ ചാഞ്ചാട്ടമോ ഉണ്ടായാൽ പോലും നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോ കാര്യമായ ഇടിവില്ലാതെ നിലനിര്‍ത്താന്‍ ഇതിലൂടെ സാധിക്കും. ഓഹരി മുതൽ കടപത്രങ്ങൾ വരെയുള്ള ആസ്തികള്‍ക്കിടയില്‍ ശരിയായി ബാലൻസ് ചെയ്യുന്നതായിരിക്കും ഒരു വിജയകരമായ പോര്‍ട്ട്‌ഫോളിയോ. ബാലന്‍സ്ഡ് അഡ്വന്റേജ് ഫണ്ടിലൂടെ നിങ്ങള്‍ക്കത് നേടാന്‍ സാധിക്കും.
ലേഖകൻ പെര്‍പെച്ച്വല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സിന്റെ സാരഥിയാണ്