ADVERTISEMENT

ലോക സമ്പദ് വ്യവസ്ഥ മന്ദഗതിയിലാവുകയും പണപ്പെരുപ്പം വര്‍ധിക്കുകയും  ഏഴ് സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം തെരഞ്ഞെടുപ്പു നടക്കാനിരിക്കുകയും ചെയ്യുമ്പോഴും ജനപ്രിയ നടപടികള്‍ക്കു പകരം സാമ്പത്തിക വളര്‍ച്ച എന്ന ലക്ഷ്യമാണ് ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചത്. റവന്യൂ ചെലവുകള്‍ക്കു പകരം അടിസ്ഥാന ആവശ്യങ്ങള്‍ക്കായുള്ള പൊതു ചെലവിന് ബജറ്റ് പ്രാധാന്യം നല്‍കി. സമകാലിക ഘടകങ്ങളും രാഷ്ട്രീയ സാമ്പത്തിക പ്രശ്‌നങ്ങളും പരിഗണിക്കാതെ ദീര്‍ഘകാല വളര്‍ച്ച ലക്ഷ്യമാക്കി അടിസ്ഥാന വികസനത്തിന് മുന്‍ഗണന നല്‍കുകയായിരുന്നു. മൊത്തം 4.6 ശതമാനത്തിന്റെ വികസന പദ്ധതിയില്‍ സര്‍ക്കാരിന്റെ പൊതു ചിലവഴിക്കല്‍  35.4 ശതമാനം വര്‍ധിയ്ക്കും. അടിസ്ഥാന സൗകര്യമേഖല,  വ്യവസായം,  ലോഹങ്ങള്‍, ഉല്‍പാദന മേഖലകള്‍ എന്നീ രംഗങ്ങളില്‍ വളര്‍ച്ചയ്ക്ക് ബജറ്റ് വഴി വെക്കുമെന്നു കരുതുന്നു. 

വേണം സര്‍ക്കാരിന്റെ പിന്തുണ

എന്നാല്‍ സാധാരണക്കാരനും ഓഹരി വിപണിയും കാത്തിരുന്നത് സര്‍ക്കാരിന്റെ പിന്തുണയാണ്.  ഗ്രാമീണ സമ്പദ് വ്യവസ്ഥ, കൃഷി, താഴ്ന്ന നികുതി ദായകര്‍ തുടങ്ങി മഹാമാരി ഗുരുതരമായി ബാധിച്ച മേഖലകള്‍ക്ക് അത് അത്യാവശ്യമായിരുന്നു. ഉയര്‍ന്ന തോതിലുള്ള പൊതു ചിലവ് ആവശ്യമാണെങ്കിലും അതിന്റെ പ്രയോജനം പതുക്കെ മാത്രമേ ലഭ്യമാകൂ എന്നു മാത്രമല്ല 2023 സാമ്പത്തിക വര്‍ഷം 6.4 ശതമാനം എന്ന കൂടിയ തോതിലുള്ള ധനക്കമ്മിക്ക് ഇടയാക്കുകയും ചെയ്യും. വന്‍ തോതിലുള്ള വായ്പാ പദ്ധതികള്‍ കാരണം 2023 സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍, ട്രഷറി ബില്ലുകള്‍ 32 ശതമാനം വര്‍ധിക്കും. വിടാതെ നില്‍ക്കുന്ന വിലക്കയറ്റവും, കൂടിയ തോതിലുള്ള ഉല്‍പന്ന, എണ്ണ വിലകളും വര്‍ധിക്കുന്ന പലിശ നിരക്കുകളും ഹ്രസ്വ, ഇടക്കാലയളവുകളില്‍ വെല്ലുവിളികളുയര്‍ത്തും. 

വിപണിക്കു തിരിച്ചടി

ആഗോള സാമ്പത്തിക വളര്‍ച്ച സാവധാനത്തിലാകുന്ന ഘട്ടത്തില്‍ 2023 സാമ്പത്തിക വര്‍ഷം അഭ്യന്തര സമ്പദ് വ്യവസ്ഥയെ സഹായിക്കുന്നതിന് പൊതു ചെലവു വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ലോക സമ്പദ്ഘടനയില്‍ നിന്നു വേറിട്ടു നില്‍ക്കാന്‍ അഭ്യന്തര സമ്പദ് വ്യവസ്ഥയെ ഇതു തീര്‍ച്ചയായും സഹായിക്കും. ജി 5 സ്‌പെക്ട്രം വില്‍പനയില്‍ നിന്നും പൊതുസ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നതിലൂടെയും ലഭിക്കുന്ന പണം കറുത്ത കുതിരയായിത്തീരും. ഹ്രസ്വകാലം മുതല്‍ ഇടക്കാലം വരെ ഓഹരി വിപണിയുടെ കുതിപ്പു നിലനിര്‍ത്താന്‍ ഈ നടപടികള്‍ സഹായകമായിത്തീരുമോ എന്ന കാര്യം കാലത്തിനു മാത്രമേ പറയാന്‍ കഴിയൂ. കൂടിയ തോതിലുള്ള ധന കമ്മി, പെരുകുന്ന വിലക്കയറ്റം, കടങ്ങള്‍ ഇവയെല്ലാം ഹ്രസ്വകാലം മുതല്‍ ഇടക്കാലം വരെ ഓഹരി വിപണിക്കു തിരിച്ചടിയാകും. 

അനിശ്ചിതാവസ്ഥയും നിലനിൽക്കുന്നു

കഴിഞ്ഞ ഒരു മാസത്തിനിടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഒരിടക്കാല കുതിപ്പും പിന്നീട് ആഗോള പ്രവണതയുടെ ഭാഗമായി ഏകീകരണവും നടന്നു. പോയ വാരം അനുകൂലമായ ബജറ്റ് പ്രഖ്യാപനങ്ങളുടേയും അയവു വരുന്ന ആഗോള സംഘര്‍ഷങ്ങളുടേയും പ്രതീക്ഷയില്‍ വിപണിയില്‍ കുതിപ്പുണ്ടായി. ബജറ്റ് സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമെങ്കിലും ഉയര്‍ന്ന വില നിലവാരം തുടരുന്ന ഓഹരി വിപണിക്കു ഗുണമോ ദോഷമോ അല്ല. ഓഹരി വിപണിയുടെ പ്രകടനം ബജറ്റേതരമായ നിരവധി ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ആഗോള വിപണിയുടെ പ്രകടനം, ലോക രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങള്‍, വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പു ഫലങ്ങള്‍ എന്നിവയെല്ലാം അവയില്‍ പെടുന്നു. വളര്‍ച്ച മുന്നില്‍ കാണുന്ന ഇന്ത്യന്‍ വിപണി ബജറ്റിന് അനുമോദനം അര്‍പ്പിച്ചിരിക്കയാണ്.  എന്നാല്‍ ആഗോള പ്രവണതകളും വന്‍ കടമെടുപ്പു പദ്ധതികളുമെല്ലാം കാരണം അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്നുമുണ്ട്.  

കൂടിയ തോതിലുള്ള സര്‍ക്കാര്‍ ചിലവഴിക്കല്‍ മൂലം ഗുണമുണ്ടാവുക അടിസ്ഥാന സൗകര്യ മേഖല, വ്യവസായങ്ങള്‍, സിമെന്റ്, അടിസ്ഥാന ഉല്‍പന്നങ്ങള്‍ എന്നിവയ്ക്കാണ്. ഗ്രാമീണ വിപണി, ആരോഗ്യമേഖല, ഹോട്ടല്‍ വ്യവസായം, താഴ്ന്ന തോതിലുള്ള നികുതി ദായകര്‍ എന്നിവര്‍ക്കൊന്നും സഹായം ലഭ്യമാകാത്തതിനാല്‍ അതിവേഗം വിറ്റഴിയുന്ന ഉല്‍പന്നങ്ങള്‍, ഹോട്ടലുകള്‍, ഉപഭോക്തൃ വിഭാഗങ്ങള്‍ എന്നീ മേഖലകളില്‍ ഇടിവുണ്ടാകും. 

ലേഖകൻ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഗവേഷണ വിഭാഗം മേധാവിയാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com