വിദേശ ഇന്ത്യക്കാർക്ക് എൻ പി എസിൽ നിക്ഷേപിക്കാമോ?
Mail This Article
കേന്ദ്ര സർക്കാരിന്റെ പെൻഷൻ പദ്ധതിയാണ് എൻ പി എസ്. വലിയ സാമൂഹ്യ സുരക്ഷാ പദ്ധതികളൊന്നുമില്ലാത്ത ഇന്ത്യയിൽ എൻ പി എസ് പോലുള്ള പദ്ധതികളിൽ ചേരുന്നത് വിരമിക്കലിനുശേഷം വരുമാനം ഉറപ്പാക്കും. 18 വയസ്സ് മുതൽ 60 വയസ്സുവരെയുള്ള ഇന്ത്യൻ പൗരന്മാർക്ക് കെ വൈ സിയും പാനും ആധാറും നൽകി എൻപിഎസിൽ ചേരാനാകും.
വിദേശ ഇന്ത്യക്കാർക്ക് എൻ പി എസിൽ ചേരാമോ?
വിദേശ ഇന്ത്യക്കാർക്കും എൻ പി എസിൽ ചേരാവുന്നതാണ്. അതിനു നികുതി ഇളവും ലഭിക്കും. 80 CCE അനുസരിച്ചുള്ള ഇളവുകളാണ് ലഭിക്കുക.
എത്ര വയസ്സുവരെ എൻ പി എസ് തുടരാം?
60 വയസിൽ എൻ പി എസ് പൂർത്തിയാകും. എന്നാൽ 70 വയസ്സുവരെ എൻ പി എസിൽ തുടരാം.
വിദേശ ഇന്ത്യക്കാർക്ക് എങ്ങനെ എൻ പി എസ് അക്കൗണ്ട് തുടങ്ങാം?
എൻ പി സ് ട്രസ്റ്റ് വെബ്സൈറ്റിൽ പോവുക.' eNPS ' എന്നുള്ളത് എടുക്കുക. ന്യൂ റജിസ്ട്രേഷൻ എന്നതിൽ പോയി NRI എന്നതെടുത്ത് ചോദിക്കുന്ന വിവരങ്ങൾ ശരിയായി നൽകി ആധാർ വിവരങ്ങൾ സഹിതം, ഒ ടി പി ഉപയോഗിച്ച് റജിസ്ട്രേഷൻ പൂർത്തിയാക്കുക.
അക്കൗണ്ട് റജിസ്റ്റർ ചെയ്തതിനുശേഷം എന്തൊക്കെ ചെയ്യണം?
റജിസ്ട്രേഷനുശേഷം 500 രൂപ അടക്കണം. അതിനുശേഷം കമ്പ്യൂട്ടറിൽ നിന്നും ലഭിക്കുന്ന ഒരു ഫോമിൽ ഫോട്ടോ ഒട്ടിച്ചു ഒപ്പിട്ടശേഷം എൻ പി എസിന്റെ സെൻട്രൽ റെക്കോർഡ് കീപ്പിങ് ഏജൻസി(CRA )യിലേക്ക് അയച്ചുകൊടുക്കണം. CRA ഒരു PRAN നമ്പർ തരും. അത് ഇമെയിലിലും ലഭ്യമാകും. അത് ഉപയോഗിച്ച് പിന്നീടുള്ള ഇടപാടുകൾ നടത്തുവാൻ സാധിക്കും.
വിദേശ ഇന്ത്യക്കാർക്ക് എത്ര രൂപ വരെ എൻ പി എസിൽ ഒരു വർഷം നിക്ഷേപിക്കാം?
കുറഞ്ഞത് ആറായിരം രൂപയെങ്കിലും ഒരു വർഷം നിക്ഷേപിക്കണം. നിക്ഷേപത്തിന് പരിധി നിശ്ചയിച്ചിട്ടില്ല. അതിനാൽ എത്ര രൂപ വേണമെങ്കിലും എൻ പി എസിൽ നിക്ഷേപിക്കാം.
എന്തൊക്കെയാണ് എൻ പി എസിൽ നിക്ഷേപിച്ചാലുള്ള ഗുണങ്ങൾ?
മറ്റ് നിക്ഷേപങ്ങളെ അപേക്ഷിച്ചു എൻ പി എസ് നിക്ഷേപങ്ങൾക്ക് ഈടാക്കുന്ന പരിപാലന തുക കുറവാണ്. ഓഹരി വിപണിയോട് ബന്ധപ്പെട്ടുള്ള നിക്ഷേപമായതിനാൽ ഇതിന്റെ ആദായം പൊതുവെ കൂടുതലായിരിക്കും. നമുക്ക് പല രീതിയിലുള്ള നിക്ഷേപ നിർദേശങ്ങൾ കൊടുക്കുവാനുള്ള സ്വാതന്ത്ര്യവും ഉണ്ട്. വിരമിച്ചതിനുശേഷവും 70 വയസ്സുവരെ നിക്ഷേപം തുടരാം എന്ന സൗകര്യവും ഉണ്ട്.
English Summary : Details of NPS for NRIs