ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കാൻ ഇന്നറിയേണ്ടത്
Mail This Article
വെള്ളിയാഴ്ച നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച അമേരിക്കൻ വിപണി ഇന്ന് അവധിയിലാണ്. ഊർജ്ജ പ്രതിസന്ധിയെ ഭയക്കുന്ന യൂറോപ്യൻ വിപണി ചലനങ്ങൾ ഇന്ന് ഇന്ത്യൻ വിപണിക്കും പ്രധാനമാണ്. അമേരിക്കൻ ഫ്യൂച്ചറുകൾ നേരിയ നേട്ടത്തിൽ നിൽക്കുമ്പോൾ യൂറോപ്യൻ ഫ്യൂച്ചറുകൾ നഷ്ടത്തിൽ തുടരുന്നു. ഏഷ്യൻ വിപണികൾ മിക്സഡ് തുടക്കം നേടി. എസ്ജിഎക്സ് നിഫ്റ്റി 17500 പോയിന്റിന് മുകളിൽ വ്യാപാരം തുടരുന്നു.
ഊർജ്ജ യുദ്ധം
അമേരിക്കൻ തൊഴിലില്ലായ്മ നിരക്ക് വർദ്ധിക്കുന്നതും, നോൺ ഫാം പേ റോൾ കണക്കുകൾ മുൻ മാസത്തിൽ നിന്നും വളർച്ച ശോഷണം കാണിച്ചതും ഫെഡ് റിസേർവിന്റെ നിരക്കുയർത്തലിന് നിയന്ത്രണം നൽകുമെന്ന പ്രതീക്ഷയിൽ വെള്ളിയാഴ്ച നേട്ടത്തോടെ ആരംഭിച്ച അമേരിക്കൻ വിപണി റഷ്യൻ-യൂറോപ്യൻ എണ്ണ യുദ്ധ ഭീഷണിയിലും, മൂന്നു ദിവസം നീളുന്ന വാരാന്ത്യ ലാഭമെടുക്കലിലും നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഒരു ശതമാനത്തിന് മേൽ നേട്ടത്തിൽ നിന്നും 1.32% നഷ്ടത്തിലാണ് നാസ്ഡാക്ക് വ്യാപാരം അവസാനിപ്പിച്ചത്. അറ്റകുറ്റ പണികൾക്ക് ശേഷം ശനിയാഴ്ച തുറക്കേണ്ടിയിരുന്ന നോർഡ് സ്ട്രീം-1 ഗ്യാസ് പൈപ്പ്‌ലൈൻ തുറക്കുന്നത് റഷ്യ വൈകിക്കുന്നതാണ് വെള്ളിയാഴ്ച അമേരിക്കൻ വിപണിയെ ബാധിച്ചത്. ഇന്നത്തെ ഒപെക് മീറ്റിങ്ങും, വ്യാഴാഴ്ചത്തെ ഇസിബി നായവലോകന യോഗവും, ഫെഡ് ചെയർമാന്റെ പ്രസംഗവും ലോക വിപണിക്ക് നിർണായകമാണ്.
നിഫ്റ്റി
വാരാന്ത്യ ലാഭമെടുക്കലിൽ വെള്ളിയാഴ്ചത്തെ നേട്ടങ്ങൾ കൈവിട്ട ഇന്ത്യൻ വിപണി ഒരു ഫ്ലാറ്റ് ക്ളോസിങ് നടത്തി. ഐടി സെക്ടറിനൊപ്പം, റിലയൻസിന്റെ വീഴ്ചയും വിപണിക്ക് ക്ഷീണമായി. 17539 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇന്നും 17440 പോയിന്റിലും 17350 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 17630 പോയിന്റിലും 17700 പോയിന്റിലും നിഫ്റ്റി റെസിസ്റ്റൻസ് പ്രതീക്ഷിക്കുന്നു. ബാങ്കിങ്, ഫിനാൻസ്, ഡിഫൻസ്, ഇൻഫ്രാ, സിമന്റ്, ക്യാപിറ്റൽ ഗുഡ്സ്, ഹോസ്പിറ്റാലിറ്റി, ലിക്കർ, ഫാഷൻ, പൊതു മേഖല സെക്ടറുകൾക്ക് മുന്നേറ്റ പ്രതീക്ഷയുണ്ട്.
ബാങ്ക് നിഫ്റ്റി
120 പോയിന്റുകൾ മുന്നേറി 39421 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി 39200, 39000 പോയിന്റുകളിൽ പിന്തുണ പ്രതീക്ഷിക്കുന്നു. 39650 പോയിന്റിലും 39900 പോയിന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ റെസിസ്റ്റൻസുകൾ.
ഗ്യാസ്-വാർ
റഷ്യൻ ക്രൂഡ് ഓയിലിനും, ഗ്യാസിനും ‘’വിലനിയന്ത്രണം’’ ഏർപ്പെടുത്താനുള്ള ജി7 രാഷ്ട്രങ്ങളുടെ തീരുമാനത്തിനെതിരെ റഷ്യ യൂറോപ്പിലേക്കുള്ള ഊർജ്ജ വിതരണത്തിൽ കുറവ് വരുത്തിയേക്കാവുന്നത് യൂറോപ്പിനെ പുതിയ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടേക്കാമെന്ന് വിപണി ഭയക്കുന്നു.
ഒപെക് മീറ്റിങ്
ഇന്ന് നടക്കാനിരിക്കുന്ന ഒപെക് യോഗം ക്രൂഡ് ഓയിലിന്റെ ഉല്പാദന നിയന്ത്രണം പരിഗണിക്കുന്നതും ലോക വിപണിക്ക് പ്രധാനമാണ്. ചൈനീസ് ലോക്ക്ഡൗണും, റഷ്യയുടെ സ്വാധീനവും ഒപെക് തീരുമാനങ്ങളെ ബാധിക്കുമെന്നതും വിപണിക്ക് ആശങ്കയാണ്. അമേരിക്കൻ ഓയിൽ റിഗ്ഗുകളുടെ എണ്ണം കുറഞ്ഞത് ഇന്ന് ക്രൂഡിന് മുന്നേറ്റ കാരണമായേക്കാം.
സ്വർണം
അമേരിക്കൻ ബോണ്ട് യീൽഡ് 3.2%ൽ ക്രമപ്പെടുന്നത് സ്വർണത്തിന് അനുകൂലമായേക്കാമെങ്കിലും ഈസിബി നിരക്കുയർത്തൽ നിർണായകമാണ്. യൂറോപ്യൻ ഊർജ്ജപ്രതിസന്ധിയും സ്വർണത്തിന് അനുകൂലമായേക്കാം.
ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722
English Summary : Stock Market Today
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക