ഇടപാടുകൾക്കായി രാജ്യാന്തര നിയമങ്ങൾ വരുന്നു, ക്രിപ്റ്റോ കറൻസികൾ ആസ്തിയാകുമോ?
Mail This Article
ക്രിപ്റ്റോ ഇടപാടുകൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള ആഗോള ചട്ടക്കൂട് ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റ് (ഒഇസിഡി) തിങ്കളാഴ്ച പ്രസിദ്ധീകരിച്ചു. ക്രിപ്‌റ്റോ-അസറ്റ് റിപ്പോർട്ടിങ് ഫ്രെയിംവർക്ക് അല്ലെങ്കിൽ CARF അവതരിപ്പിക്കുമെന്ന് ഓ ഇ സി ഡി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഒക്ടോബർ 12-13 തീയതികളിൽ നടക്കുന്ന ജി20 ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും യോഗത്തിൽ ഇത് അവതരിപ്പിക്കും.
കൃത്യമായ വിവരങ്ങൾ
ക്രിപ്‌റ്റോ ആസ്തികളുടെ രാജ്യാന്തര ( ക്രോസ്-ബോർഡർ ) കൈമാറ്റം നിരീക്ഷിക്കാൻ ഇത് രാജ്യങ്ങളെ സഹായിക്കും. ചട്ടക്കൂടിന് ഓഗസ്റ്റിൽ അംഗീകാരം ലഭിച്ചതായാണ് റിപ്പോർട്ട്. ക്രിപ്റ്റോ ഇടപാടുകളെക്കുറിച്ചുള്ള വിവരശേഖരണവും കൈമാറ്റവും ഇത് ഉറപ്പാക്കുന്നു. റിപ്പോർട്ട് അനുസരിച്ച്, പരമ്പരാഗത സാമ്പത്തിക ഇടനിലക്കാരുടെ ഇടപെടലില്ലാതെ, വികേന്ദ്രീകൃത രീതിയിൽ കൈവശം വയ്ക്കാനും കൈമാറ്റം ചെയ്യാനും കഴിയുന്ന ആസ്തികൾ ക്രിപ്റ്റോ അസറ്റുകളിൽ ഉൾപ്പെടുന്നു. സ്റ്റേബിൾകോയിനുകൾ, ക്രിപ്‌റ്റോ അസറ്റിന്റെ രൂപത്തിൽ ഇഷ്യൂ ചെയ്ത ഡെറിവേറ്റീവുകൾ, ചില നോൺ-ഫഞ്ചിബിൾ ടോക്കണുകൾ എന്നിവക്കെല്ലാം ഇത് ബാധകമായിരിക്കും.
ഒ ഇ സി ഡി മാതൃക
ഓരോ രാജ്യങ്ങളുടെയും ആഭ്യന്തര നിയമനിർമ്മാണത്തിലും വ്യാഖ്യാനത്തിലും ഉൾപ്പെടുത്താവുന്ന മാതൃകാ നിയമങ്ങളും CARF ൽ ഉൾപ്പെടുന്നു. വരും മാസങ്ങളിൽ, CARFന്റെ അടിസ്ഥാനത്തിൽ ശേഖരിക്കുന്ന വിവരങ്ങളുടെ രാജ്യാന്തര കൈമാറ്റം സുഗമമാക്കുന്നതിന് OECD നിയമപരമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകും. അതിന്റെ ഫലപ്രദവും വ്യാപകവുമായ നടപ്പാക്കൽ ഉറപ്പാക്കാനും ഇത് പ്രവർത്തിക്കും. CARFന് കീഴിൽ ക്രിപ്‌റ്റോ എക്സ്ചേഞ്ചുകൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തനവും ഇതിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
ക്രിപ്‌റ്റോ-അസറ്റ് എക്‌സ്‌ചേഞ്ച് ഇടപാടുകൾ സുഗമമാക്കുന്ന സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളോ വ്യക്തികളോ CARFന് കീഴിൽ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്.
ക്രിപ്റ്റോകളുടെ വളർച്ച
ക്രിപ്റ്റോ വ്യവസായത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ച കാരണമാണ് ഓ ഇ സി ഡി ഇത്തരമൊരു ചട്ടക്കൂട് ഉണ്ടാക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ വർഷം ക്രിപ്റ്റോ വ്യവസായത്തിന്റെ വിപണി മൂലധനം ജനുവരിയിലെ 715 ബില്യൺ ഡോളറിൽ നിന്ന് ഏകദേശം 3 ട്രില്യൺ ഡോളറായി ഉയർന്നു. കള്ളപ്പണം വെളുപ്പിക്കാനുള്ള മാർഗമായി ക്രിപ്റ്റോ മാറുന്നതിനാൽ കൃത്യമായ ഒരു രാജ്യാന്തര ചട്ടക്കൂട് വികസിപ്പിക്കേണ്ടതിന്റെ ആവശ്യം എല്ലാ കോണുകളിൽ നിന്നും ഉയർന്നിരുന്നു.
ആസൂത്രണം ചെയ്തതുപോലെ അംഗീകരിക്കപ്പെട്ടാൽ ഒഇസിഡിയുടെ 38 അംഗ രാജ്യങ്ങൾക്കിടയിൽ ക്രിപ്‌റ്റോ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിടുന്നതിന് ചട്ടക്കൂട് സഹായകമാകും. അംഗരാജ്യങ്ങളിൽ യുണൈറ്റഡ് സ്റ്റേറ്റ്സ്, ജപ്പാൻ, ദക്ഷിണ കൊറിയ, കൂടാതെ നിരവധി യൂറോപ്യൻ രാജ്യങ്ങളും ഉൾപ്പെടുന്നു.
English Summary : International Legal Frame Work for Cryptocurrencies are coming soon