ADVERTISEMENT

കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ വിപണിയും അമേരിക്കൻ വിപണിവീഴ്‌ച്ചക്കൊപ്പം നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ആഴ്ചയുടെ ആദ്യ ദിനങ്ങളിൽ മുന്നേറ്റം കുറിച്ച ഇന്ത്യൻ വിപണിയ്ക്കും ഫെഡ് ചെയർമാന്റെ നിരക്കുയർത്തൽ പ്രസ്താവനകളും, സിലിക്കൺ വാലി ബാങ്കിന്റെ വീഴ്ചയും വിനയായി. കഴിഞ്ഞ ആഴ്ചയുടെ ആദ്യ ദിവസങ്ങളിൽ വാങ്ങലുകാരായ വിദേശ ഫണ്ടുകളുടെ വില്പനയും ഇന്ത്യൻ വിപണി വീഴ്ച്ചക്ക് കാരണമായി. തിരിച്ചു കയറി തുടങ്ങിയ ബാങ്ക് നിഫ്റ്റി വീണ്ടുമൊരു അമേരിക്കൻ ബാങ്ക് പരാജയപ്പെടുന്നതിന്റെ ഭീതിയിൽ വെള്ളിയാഴ്ച വീണ്ടും വീണത് ഇന്ത്യൻ വിപണിക്ക് നിർണായകമായി. ബാങ്കിങ്, ഐടി സെക്ടറുകൾക്കൊപ്പം റിയൽറ്റി, ഫാർമ, ഓട്ടോ സെക്ടറുകളും കഴിഞ്ഞ ആഴ്ച വീണു. 

വ്യാഴാഴ്ചത്തെയും വെള്ളിയാഴ്ചത്തെയും വീഴ്ചകളോടെ 17412 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റിയുടെ അടുത്ത പിന്തുണകൾ 17320, 17230 പോയിന്റുകളിലാണ്. ഇന്ത്യൻ-അമേരിക്കൻ പണപ്പെരുപ്പകണക്കുകളും, നാളെ മുതൽ സിലിക്കൺ വാലി ബാങ്ക് വീണ്ടും പ്രവർത്തിച്ചു തുടങ്ങുമോ എന്നതും  അടുത്ത ആഴ്ച ഇന്ത്യൻ വിപണിക്കും പ്രധാനമാണ്. വരുന്ന ആഴ്ചയിലെ വിപണിയുടെ പ്രതീക്ഷകളും സാധ്യതകളും വിലയിരുത്തുകയാണ് കൊച്ചിയിലെ ബഡ്സിങ് പോർട്‍‌ഫോളിയോ ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റ് അഭിലാഷ് പുറവൻതുരുത്തിൽ.

ഇന്ത്യൻ  വ്യാവസായികോല്പാദന വളർച്ച  

ജനുവരിയിൽ ഇന്ത്യയുടെ വ്യവസായികോല്പാദന സൂചികയായ ഐഐപി ഡേറ്റ 5.2% വളർച്ച കുറിച്ചത് അനുകൂലമാണ്. 5% വളർച്ച പ്രതീക്ഷിച്ച ഇന്ത്യൻ ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ. ഡിസംബറിൽ 4.3% വളർച്ചയാണ് നേടിയത്. ഡിസംബറിൽ 3.1% വളർന്ന മാനുഫാക്ച്ചറിങ് സെക്ടർ ജനുവരിയിൽ 3.7% വളർച്ച കുറിച്ചപ്പോൾ വൈദ്യുതി ഉത്പാദനം 12.7%വും, മൈനിങ് 8.8%വും, ക്യാപിറ്റൽ ഗുഡ് മേഖല 11% വളർച്ചയും ജനുവരിയിൽ സ്വന്തമാക്കി. 

നാളെ വരുന്ന റീറ്റെയ്ൽ പണപ്പെരുപ്പകണക്കുകളും ഇന്ത്യൻ വിപണിക്ക് പ്രധാനമാണ്. ഡിസംബറിലെ 5.72%ൽ നിന്നും  ജനുവരിയിൽ 6.52% വളർച്ച കുറിച്ച ഇന്ത്യൻ സിപിഐയുടെ വളർച്ച ഫെബ്രുവരിയിൽ കുറഞ്ഞിട്ടുണ്ടാകാമെന്നാണ് പ്രതീക്ഷ. ഇന്ത്യൻ മൊത്തവിലക്കയറ്റ കണക്കുകൾ ചൊവ്വാഴ്ചയാണ് പുറത്ത് വരുന്നത്.    

usmarket6

അമേരിക്കൻ പണപ്പെരുപ്പം നോക്കി ലോക വിപണി

അറ്റ്‌ലാന്റ ഫെഡ് പ്രസിഡന്റിന്റെ 0.25% ഫെഡ് നിരക്ക് പ്രസ്താവകളിൽ പ്രതീക്ഷയർപ്പിച്ച് കഴിഞ്ഞ ആഴ്ച നേട്ടത്തോടെ തുടങ്ങിയ അമേരിക്കൻ വിപണിക്ക് ഫെഡ് ചെയർമാന്റെ പ്രസ്താവകൾ  തിരുത്തൽ നൽകി. എന്നാൽ അടുത്ത പലിശ നിരക്ക് വർദ്ധനക്ക് തൊഴിൽ വിവര കണക്കുകളും, പണപ്പെരുപ്പകണക്കുകളും ആധാരമാക്കുമെന്ന ജെറോം പവലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ജോബ് ഡേറ്റയും, വെള്ളിയാഴ്ചത്തെ നോൺ ഫാം പേറോൾ കണക്കുകളും മോശമായത് ബോണ്ട് യീൽഡിനെ വീഴ്ത്തിയതും വിപണിക്ക് അനുകൂലമായി. എന്നാൽ സിലിക്കൺ വാലി ബാങ്കിന്റെ വീഴ്ച വിപണിക്ക് തിരിച്ചു വരവ് നിഷേധിച്ചു. ബ്രിട്ടീഷ് ജിഡിപി വളർച്ചയും, ചൈനീസ് പണപ്പെരുപ്പം മെച്ചപ്പെട്ടതും, ബാങ്ക് ഓഫ് ജപ്പാൻ പലിശ നിരക്കുകൾ ഉയർത്താതിരുന്നതും വിപണിക്ക് അനുകൂലമായി. 

ക്രമാനുഗതമായി വീണ അമേരിക്കൻ സൂചികകൾ കഴിഞ്ഞ ആഴ്ച 5% നഷ്ടം  കുറിച്ചു. ചൊവ്വാഴ്ച പുറത്ത് വരുന്ന അമേരിക്കൻ റീറ്റെയ്ൽ പണപ്പെരുപ്പ കണക്കുകളും, സിലിക്കൺ വാലി ബാങ്ക് വാർത്തകളും അടുത്ത ആഴ്ച ലോക വിപണിയുടെ ഗതി നിർണയിക്കും. 

വീണ്ടും അമേരിക്കൻ ബാങ്ക് പരാജയപ്പെടുന്നു 

കാലിഫോർണിയ ആസ്ഥാനമായ സിലിക്കൺ വാലി ബാങ്ക് 80 ബില്യൺ ഡോളറിന്റെ നഷ്ടം കുറിച്ചതിന് പിന്നാലെ പണസമാഹരണത്തിനുള്ള വഴികളടഞ്ഞതോടെ വെള്ളിയാഴ്ച മുതൽ ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷന്റെ റിസീവർ ഭരണത്തിലായി. 2008ന് ശേഷമുള്ള അടുത്ത അമേരിക്കൻ ബാങ്കിങ് പ്രതിസന്ധിക്ക് തുടക്കമിട്ടു കഴിഞ്ഞു എന്ന ഭയം കഴിഞ്ഞ ആഴ്ച ഓഹരി വിപണിയുടെ തിരിച്ചു വരവിനും തടയിട്ടു. 

അമേരിക്കൻ ഫെഡിന്റെ പലിശ നിരക്ക് വർദ്ധനയിലെ 500 ബേസിസ് പോയിന്റ് വർദ്ധനവും, ദീർഘകാല ബോണ്ടുകളിലെ നിക്ഷേപവും ചേർന്ന് കുഴപ്പത്തിലാക്കിയ സിലിക്കൺ വാലി ബാങ്കിന്റെ പരാജയം ലോക ബാങ്കിങ് സെക്ടറിന് തന്നെ കഴിഞ്ഞ ദിവസങ്ങളിൽ തിരിച്ചടി നൽകി. ക്രിപ്റ്റോ ബാങ്കായ സിൽവർ ഗേറ്റിന്റെ വീഴ്ചയും വിപണിക്ക് ക്ഷീണമായി. 

വിപണിയിൽ അടുത്ത ആഴ്ച

ചൊവ്വാഴ്ച പുറത്ത് വരുന്ന അമേരിക്കൻ റീറ്റെയ്ൽ പണപ്പെരുപ്പ കണക്കുകളും, ബുധനാഴ്ച  പുറത്ത് വരുന്ന പ്രൊഡ്യൂസഴ്സ് പ്രൈസ് ഇൻഡക്‌സും, റീറ്റെയ്ൽ വില്പന കണക്കുകളൂം, വ്യാഴാഴ്ചത്തെ ജോബ് ഡേറ്റയും അടുത്ത ആഴ്ച അമേരിക്കൻ വിപണിക്ക് നിർണായകമാണ്.  വെള്ളിയാഴ്ചത്തെ ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ ഡേറ്റയും, മിഷിഗൺ യൂണിവേഴ്സിറ്റിയുടെ കൺസ്യൂമർ സെന്റിമെന്റ് പ്രതീക്ഷകളും വിപണിക്ക് പ്രധാനമാണ്.  

വ്യാഴാഴ്ച യൂറോപ്യൻ സെൻട്രൽ ബാങ്ക് നയപ്രഖ്യാപനം നടത്തുന്നത് ലോക വിപണിക്ക് തന്നെ പ്രധാനമാണ്. കഴിഞ്ഞ തവണ 0.50% ഉയർത്തി 3%ൽ എത്തിച്ച ഇസിബി പലിശ നിരക്ക് ഇത്തവണയും 0.50% വർദ്ധന പ്രതീക്ഷിക്കുന്നു.  യൂറോ സോൺ വ്യാവസായികോൽപ്പാദന കണക്കുകളും, വെള്ളിയാഴ്ച പുറത്ത് വരുന്ന യൂറോ സോൺ പണപ്പെരുപ്പ കണക്കുകളും യൂറോപ്യൻ വിപണിയെ സ്വാധീനിക്കും.  ബുധനാഴ്ച വരാനിരിക്കുന്ന ചൈനീസ് ഐഐപി ഡേറ്റയും, റീറ്റെയ്ൽ വില്പന കണക്കുകളും ഏഷ്യൻ വിപണിക്കും പ്രധാനമാണ്.

usmarket5

തിങ്കളാഴ്ചയും, ചൊവ്വാഴ്ചയുമായി റീറ്റെയ്ൽ- മൊത്ത വിലക്കയറ്റ കണക്കുകളും ഒപ്പം ഇന്ത്യൻ കയറ്റുമതി-ഇറക്കുമതി കണക്കുകളും പുറത്ത് വരുന്നു. 

ഓഹരികളും സെക്ടറുകളും 

∙അമേരിക്കൻ കൊമേഴ്‌സ് സെക്രട്ടറിയുടെ നേതൃത്വത്തിൽ 10 അമേരിക്കൻ സെമി കണ്ടക്ടർ കണ്ടക്ടർ കമ്പനികളുടെ സിഇഓമാരുടെ ഇന്ത്യ സന്ദർശനം പുതിയ നിക്ഷേപങ്ങളും, സെമികണ്ടക്ടർ ജോയിന്റ് വെഞ്ച്വറുകളും സാധ്യമാക്കിയേക്കാം. ഗ്ലോബൽ സെമി കണ്ടക്ടർ കേന്ദ്രമായി ഇന്ത്യയെ ഉയർത്താനുദ്ദേശിച്ചു കൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ 10 ബില്യൺ ഡോളറിന്റെ ഇൻസെന്റീവ് പ്രോഗ്രാം ഇതോടെ കൂടുതൽ ഫലപ്രദമായേക്കാം. 

∙ടാറ്റ മോട്ടോഴ്സിന്റെ ഉപകമ്പനിയായ ടാറ്റ ടെക്‌നോളജീസ് ഐപിഓ ആപ്ലിക്കേഷൻ ഫയൽ ചെയ്തു.  ടാറ്റ ടെക്കിന്റെ 75% ഓഹരികൾ കയ്യാളുന്ന  മോട്ടോഴ്സ് 8കോടി ഓഹരികൾ വിൽക്കുന്നതും ഓഹരിക്കനുകൂലമാണ്. 2004ൽ ടിസിഎസ് ലിസ്റ്റ് ചെയ്തതിന് ശേഷം ആദ്യമായിട്ടാണ് ഒരു ടാറ്റ സ്ഥാപനം ഐപിഓയുമായി  വരുന്നത്.

∙സെബിയും, സുപ്രീം കോടതിയും അദാനി ഗ്രൂപ്പിന് മേൽ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ കെയർ റേറ്റിങ് അദാനി എന്റർപ്രൈസസിനെ നെഗറ്റീവ് ശ്രേണിയിൽ ഉൾപ്പെടുത്തിയത് ഓഹരിക്ക് കഴിഞ്ഞ രണ്ട് സെഷനുകളിലും വീഴ്ച നൽകി. 

∙അദാനി എന്റർപ്രൈസസിനൊപ്പം അദാനി, പോർട്സ് അദാനി വിൽമർ, അംബുജ സിമന്റ്, എൻഡിടിവി ഓഹരികളും വെള്ളിയാഴ്ച വില്പന സമ്മർദ്ദം നേരിട്ടു. 

∙അദാനി ഓഹരികളുടെ രക്ഷകൻ രാജീവ് ജെയിൻ അദാനി ഓഹരികളിലെ നിക്ഷേപങ്ങളെ ന്യായീകരിച്ചു കൊണ്ട് അദാനി ഓഹരികളുടെ സാധ്യതകളെ കുറിച്ച് പറഞ്ഞത് അദാനി ഓഹരികൾക്ക് തത്കാലം അനുകൂലമാണ്. 

∙ലോകത്തെ ഏറ്റവും വലിയ ഏവിയേഷൻ സർവിസ് കമ്പനിയായ മെൻസീസ് ഏവിയേഷന്റെ കാർഗോ മാനേജ്‌മെന്റ് സർവിസ് നവീകരണത്തിനായുള്ള കോൺട്രാക്ട് ലഭ്യമായത് വിപ്രോക്ക് അനുകൂലമാണ്. 

∙കമ്പ കോളയുടെ പുനരവതരണവും, റിലയൻസ് പോളിസ്റ്റർ രണ്ട് പോളിസ്റ്റർ കമ്പനികൾ ഏറ്റെടുത്തതും റിലയൻസിന് അനുകൂലമാണ്. 

∙എയർ ഫോഴ്‌സിന്റെ ട്രെയ്നർ വിമാനങ്ങളുടെ ഓർഡർ എച്ച്എഎല്ലിനും, യുദ്ധക്കപ്പലുകളുടെ ഓർഡർ എൽ&ടിക്കും മുന്നേറ്റം നൽകി. 

∙ബാങ്ക് ഓഫ് ബറോഡയുടെ ഉപകമ്പനിയായ ബിഓബി ഫിനാൻഷ്യൽ സൊല്യൂഷന്റെ 48% ഓഹരി വിൽക്കാനുള്ള തീരുമാനം ഓഹരിക്കനുകൂലമാണ്.

∙ഉജ്ജീവൻ ഫിനാൻഷ്യൽ സർവിസ് ലിമിറ്റഡ് ഉജ്ജീവൻ സ്‌മോൾ ഫിനാൻസിൽ ലയിക്കുന്നതിനെ സംബന്ധിച്ചുള്ള എക്സ്ചേഞ്ചുകളുടെ ഒബ്‌സർവേഷൻ ലെറ്റർ ലഭ്യമായത് ഓഹരികൾക്കനുകൂലമാണ്. 

ക്രൂഡ് ഓയിൽ 

അമേരിക്കൻ നിരക്കുയത്തൽ ഭയത്തിൽ വീണ ക്രൂഡ് ഓയിൽ വെള്ളിയാഴ്ചത്തെ അമേരിക്കൻ തൊഴിൽ കണക്കുകൾ ക്രമപ്പെട്ടതിന് പിന്നാലെ തിരിച്ചു കയറി. 82 ഡോളറിന് മുകളിൽ ക്ലോസ് ചെയ്ത ബ്രെന്റ് ക്രൂഡിന് ചൈനയുടെ മധ്യസ്ഥതയിൽ സൗദിയും ഇറാനും അടുക്കുന്നതും അനുകൂലമാണ്. 

സ്വർണം 

ആഴ്ചയുടെ അവസാന ദിനങ്ങളിലെ അമേരിക്കൻ ബോണ്ട് വീഴ്ച സ്വർണത്തിന് വലിയ മുന്നേറ്റം നൽകി. അമേരിക്കൻ 10 വർഷ ബോണ്ട് യീൽഡ് 4%ൽ നിന്നും 3.7%ലേക്ക് വീണപ്പോൾ വെള്ളിയാഴ്‌ച മാത്രം 2% കുതിച്ച സ്വർണ വില 1820 ഡോളറിൽ നിന്നും 1872 ഡോളറിലേക്ക് കയറി. അമേരിക്കൻ പണപ്പെരുപ്പ കണക്കുകൾ ഡോളറിനും, ബോണ്ട് യീൽഡിനുമൊപ്പം സ്വർണത്തിനും നിർണായകമാണ്.   

വാട്സാപ് : 8606666722

English Summary : Stock Market in Next Week

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com