ADVERTISEMENT

കർണാടക തിരഞ്ഞെടുപ്പ് കാരണം ഓഹരിവിപണിയിലുള്ളവർ ചെറിയ കരുതലിലായിരുന്നു. പ്രത്യേകിച്ച് ട്രേഡ് പൊസിഷനുള്ളവർ. കഴിഞ്ഞ ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് കഴിഞ്ഞ് വൈകിട്ടോടെ വന്ന എക്സിറ്റ് പോളിലും കോണ്‍ഗ്രസിന് ചെറിയ മുന്‍തൂക്കം കണ്ടപ്പോളും വിപണിയിലുള്ളവരുടെ കരുതല്‍ കൂടി. ഇതിനിടെ വിവിധ കമ്പനികളുടെ മാർച്ചില്‍ അവസാനിച്ച നാലാംപാദ ഫലങ്ങള്‍ വന്നു കൊണ്ടേയിരുന്നു. അതില്‍ ഭൂരിപക്ഷവും മികച്ചതായതോടെ കർണാടക പ്രശ്നമാവില്ലെന്ന തോന്നലിന് വിപണി വഴിമാറി. 

വെള്ളിയാഴ്ചയായപ്പോഴേക്കും ആരു വന്നാലും വിപണിക്ക് ഒരു ചുക്കും സംഭവിക്കില്ലെന്ന രീതിയില്‍, കർണാടക നോക്കിയിരുന്ന് വിപണിയില്‍ ഷോർട്ട് അടിക്കല്ലേ, ചിലപ്പോള്‍ നേരെ വിപരീതഫലമുണ്ടാവും എന്ന മട്ടില്‍ ബ്രോക്കിങ് സ്ഥാപനങ്ങള്‍ ഇടപാടുകാർക്ക് മുന്നറിയിപ്പ് കൊടുക്കുന്ന സ്ഥിതിയിലേക്കായി കാര്യങ്ങള്‍. ശനിയാഴ്ച റിസള്‍ട്ട് വന്നപ്പോള്‍ കോണ്‍ഗ്രിസിന് ഭൂരിപക്ഷമായപ്പോഴും കൂടിവന്നാല്‍ തിങ്കളാഴ്ച ഓപ്പണിങില്‍ ചില്ലറ നഷ്ടമുണ്ടാവും, അതിനപ്പുറം അത് നീണ്ടുനില്‍ക്കില്ലെന്ന മട്ടിലായിരുന്നു വിപണിവൃത്തങ്ങള്‍. 

ഉലയാതെ വിപണി

കർണാടക തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നുകൊണ്ടിരിക്കുമ്പോൾ ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തു ആഹ്ലാദനൃത്തം ചെയ്യുന്നവർ. ചിത്രം : ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ
കർണാടക തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നുകൊണ്ടിരിക്കുമ്പോൾ ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തു ആഹ്ലാദനൃത്തം ചെയ്യുന്നവർ. ചിത്രം : ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ

കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടും ഇന്ന് വിപണിയെ അത് തീരെ ബാധിച്ചതേയില്ലെന്നതാണ് യാഥാർത്ഥ്യം. സാധാരണഗതിയില്‍ കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് പ്രതികൂലമായ തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ വിപണി ഒന്നുലയാറുള്ളതാണ്. കർണാടകയില്‍ കോണ്‍ഗ്രസ് വന്‍ നേട്ടത്തോടെ ഭരണത്തില്‍ വന്നാല്‍ സെന്‍സെക്സ് സൂചിക ആയിരം പോയിന്‍റ് വരെ വീണേക്കും എന്ന് തിരഞ്ഞെടുപ്പിന്‍റെ ആദ്യ നാളുകളില്‍ വിപണിവൃത്തങ്ങള്‍ കരുതിയിരുന്നു. പക്ഷേ, ഒടുവില്‍ അത് ശരിക്കും സംഭവിച്ചപ്പോള്‍ ഒട്ടും കുലുങ്ങാതെ വിപണി മുന്നേറ്റത്തിന്‍റെ ഗിയറിലുമായിയെന്നത് ബുള്‍ മേധാവിത്വത്തിന്‍റെ ശക്തിയാണ് വെളിവാക്കുന്നത്. 

സെന്‍സെക്സ് 318 പോയിന്‍റ് വർധനയോടെ 62,346 ല്‍ അവസാനിച്ചപ്പോള്‍ നിഫ്ടി 84 പോയിന്‍റ് കൂടി 18,399 ല്‍ ക്ളോസ് ചെയ്തു. 

മുന്‍നിര ഓഹരികള്‍, പ്രത്യേകിച്ച് പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനഫലം രാജ്യത്തിന്‍റെ സാമ്പത്തിക കരുത്തിനെക്കൂടി സൂചിപ്പിക്കുന്നതാണ്. കിട്ടാകടം പൊതുവെ കുറഞ്ഞത് വളരെ നല്ല കാര്യമായി മാറി. ചെറുകിട പൊതുമേഖലാ ബാങ്കുകള്‍ പോലും ഞെട്ടിക്കുന്ന ലാഭമാണ് നേടിയത്.

 ഇന്ത്യന്‍ കമ്പനികള്‍ വീണ്ടും ശക്തരാകുന്നു

share-chart

ഓർക്കുക, അമേരിക്കയിലിരുന്ന് ഇന്ത്യന്‍ കമ്പനികളെക്കുറിച്ച് നെഗറ്റിവ് റിപ്പോർട്ട് എഴുതി വിടുന്ന പണ്ഡിതന്മാർക്കും ഇതൊരു ഞെട്ടല്‍ തന്നെയാവാനാണ് സാധ്യത. കാരണം, അമേരിക്കയിലെ ബാങ്കുകള്‍ അസ്ഥിവാരം പൊളിഞ്ഞ് നില്‍ക്കുകയാണ്. സ്വന്തം നാട്ടിലെ ബാങ്ക് തകർച്ച കാണാന്‍ കഴിയാത്ത വിദ്വാന്മാരാണ് ഇന്ത്യന്‍ കമ്പനികളുടെ റിപ്പോർട്ട് എഴുതുന്നതെന്ന കോമഡിയുമുണ്ട്. ആര് എന്ത് എഴുതിയാലും ലാർജ്ക്യാപിലും മിഡ്ക്യാപിലുമുള്ള ശക്തരായ ഇന്ത്യന്‍ കമ്പനികള്‍ വീണ്ടും ശക്തരാവുകയാണ്. ഇതില്‍ത്തന്നെ മാനേജ്മെന്‍റ് മികവും, കടം കുറവും സ്കെയിലബ്ളിറ്റിയുമുള്ള കമ്പനികള്‍ ഓഹരിവിപണിയില്‍ വന്‍ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 

കർണാടക ഫലത്തില്‍ വിപണി ഉലയാതെ നിന്നത് പല രീതിയിലും ഇന്ത്യന്‍ സ്റ്റോക്ക് മാർക്കറ്റുകള്‍ക്ക് ഗുണം ചെയ്യും. പ്രധാനമായും, പാലിച്ചു പോന്നിരുന്ന നടപ്പുശീലങ്ങളില്‍ നിന്നുമുള്ള ഈ മാറ്റം അത്ഭുതത്തോടെ മാത്രമേ പാറ്റേണ്‍ വിശകലനം ചെയ്ത് വിപണിയില്‍ ഇടപെടുന്ന വിദേശധനസ്ഥാപനങ്ങള്‍ കാണുകയുള്ളൂ. മറ്റ് രാജ്യങ്ങളിലെ ഓഹരിവിപണികളില്‍ നിന്ന് ഇന്ത്യന്‍ വിപണിയിലേക്കുള്ള ഷിഫ്റ്റിന് നല്ലൊരു വഴിയാണ് ഇന്നത്തെ പ്രകടനമെന്ന് ചുരുക്കം. ചൈനയുടെ കോവിഡാനന്തര വളർച്ച നിരാശാജനകമായിരിക്കുമെന്ന തരത്തില്‍ വിലയിരുത്തലുകളുണ്ട്. വികസിത രാജ്യങ്ങളിലേക്കുള്ള ദക്ഷിണ കൊറിയയുടെ ടെക്നോളജി ഹാർഡ് വെയർ കയറ്റുമതിയില്‍ വന്നിട്ടുള്ള ഇടിവൊക്കെ ഇന്ത്യയ്ക്ക് അവസരമൊരുക്കുന്നു. ഏതു സാഹചര്യത്തിലും ഇന്ത്യ അചഞ്ചലമായി നില്‍ക്കുന്നുവെന്നതിന് വിദേശധനസ്ഥാപനങ്ങള്‍ നല്ല മാർക്കിടുന്നുണ്ട്. 

അനുകൂല ഘടകങ്ങളേറെ

ചില വിഭാഗങ്ങളിലെ തുടർച്ചയായ നഷ്ടം മൂലം ബ്ളീഡ് ചെയ്ത് നിന്നിരുന്ന ടാറ്റാ മോട്ടോഴ്സും രാജ്യത്തെ ഏറ്റവും വലിയ റിയല്‍റ്റി കമ്പനിയായ ഡി.എല്‍.എഫും തകർപ്പന്‍ ഫലവുമായി വന്നതോടെ വിപണിക്ക് ആവേശമായി. 2022 മാർച്ച് പാദത്തില്‍ 1032 കോടി നഷ്ടം കാണിച്ച ടാറ്റാ മോട്ടോഴ്സ് ഇക്കഴിഞ്ഞ മാർച്ച് പാദത്തില്‍ 5408 കോടി രൂപയുടെ ലാഭമാണ് രേഖപ്പെടുത്തിയത്. ഡി.എല്‍.എഫ് യഥാക്രമം 405 ല്‍ നിന്ന് ലാഭം 507 കോടി രൂപയാക്കി. ഡി.എല്‍.എഫ് 20,000 കോടി രൂപയുടെ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ടാറ്റാ മോട്ടോഴ്സ് 15 രൂപയുടെ  വർധനയോടെ 530.85 ല്‍ ആണ് വ്യാപാരം അവസാനിച്ചത്. ഡി.എല്‍.എഫ് 32.20 രൂപ കൂടി 468.15 ലാണ് ക്ളോസിങ് നടത്തി.  

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി വാള്‍മാർട്ട് സി.ഇ.ഒ ഡഗ് മക്മില്യണുമായി കൂടിക്കാഴ്ച നടത്തിയശേഷം നടത്തിയ പ്രസ്താവനയും ഇവിടെ കൂട്ടിവായിക്കാം. ഇന്ത്യ നിക്ഷേപത്തിന് മികച്ച സ്ഥലമായി ആഗോളരാജ്യങ്ങള്‍ കരുതുന്നുവെന്നായിരുന്നു പ്രസ്താവന. ഏപ്രിലിലെ നാണ്യപെരുപ്പം 4.7 ശതമാനത്തിലേക്ക് കുറഞ്ഞതും വിപണിക്ക് അനുകൂലഘടകമാണ്. ആർ.ബി.ഐയുടെ ധനനയം കൃത്യമായ ദിശയിലുള്ളതാണെന്ന് ഇത് തെളിയുക്കുന്നതായി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ഇന്ത്യയുടെ വളർച്ച പ്രതീക്ഷിക്കുന്നതു പോലെ ആറര ശതമാനത്തില്‍ തന്നെയെത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

English Summary : Karnataka Election Didn't Affet Share Market Performance

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com