കോള്‍ ഇന്ത്യ ഓഹരികള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങാം, അവസരം നാളെക്കൂടി
Mail This Article
പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യയുടെ (Coal India Ltd) ഓഹരി വില്‍പ്പന ആരംഭിച്ചു. ജൂണ്‍ 1-2 തീയതികളിലായി ഓഫര്‍ ഫോര്‍ സെയിലിലൂടെ (OFS) 1.5 ശതമാനം അഥവാ 9.24 കോടി ഓഹരികള്‍ വില്‍ക്കാനാണ് തീരുമാനം. ആവശ്യക്കാര്‍ കൂടിയാല്‍ 1.5 ശതമാനം ഓഹരികള്‍ കൂടി അധികമായി വില്‍ക്കും. കോള്‍ ഇന്ത്യയില്‍ 66.13 ശതമാനം ഓഹരി വിഹിതമാണ് കേന്ദ്രത്തിനുള്ളത്.
ഓഹരി വില്‍പ്പനയിലൂടെ 4,162 കോടി രൂപയോളം സമാഹരിക്കാമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. 225 രൂപയാണ് ഒഎഫ്എസില്‍ ഓഹരികളുടെ കുറഞ്ഞ വില (floor price). ഇന്നലത്തെ ക്ലോസിങ് വിലയായ 241.20 രൂപയില്‍ നിന്ന് 6.7 ശതമാനം കിഴിവിലാണ് ഫ്‌ലോര്‍ പ്രൈസ് നിശ്ചയിച്ചത്. ഇന്ന് ചെറുകിട നിക്ഷേപകര്‍ (retail inveters) ഒഴികെയുള്ള വിഭാഗത്തിനാണ് ഓഹരികള്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ അവസരം. നാളെ (ജൂണ്‍ 2) ചെറുകിടനിക്ഷേപകര്‍ക്ക് ഓഹരികള്‍ വാങ്ങാം. ചെറുകിട നിക്ഷേപകര്‍ക്ക് പരമാവധി ചെലവഴിക്കാവുന്ന തുക 2 ലക്ഷം രൂപയാണ്. 10 ശതമാനത്തോളം ഓഹരികള്‍ ചെറുകിട നിക്ഷേപകര്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. 2023-24 സാമ്പത്തിക വര്‍ഷം പൊതുമേഖല സ്ഥാപനങ്ങളിലെ ഓഹരി വില്‍പ്പനയിലൂടെ 51,000 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
കോള്‍ ഇന്ത്യ ഓഹരികള്‍ ഇടിഞ്ഞു
ഓഹരി വില്‍പ്പന പ്രഖ്യാപിച്ചതിന് പിന്നാലെ കോള്‍ ഇന്ത്യ ഓഹരികളില്‍ ഇടിവ്. ഓഹരികള്‍ വ്യാപാരം ആരംഭിച്ചത് തന്നെ ഇന്നലത്തെ ക്ലോസിങ് വിലയെക്കാള്‍ 4 ശതമാനം താഴ്ന്നാണ്. നിലവില്‍ നാലര ശതമാനത്തോളം ഇടിഞ്ഞ് 230.45 രൂപയിലാണ് (11.00 AM) ഓഹരികളുടെ വ്യാപാരം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 17 ശതമാനത്തോളം നേട്ടമാണ് കോള്‍ ഇന്ത്യ ഓഹരികള്‍ നിക്ഷേപകര്‍ക്ക് നല്‍കിയത്.