നിക്ഷേപം ഇരട്ടിയാക്കാം, തികച്ചും സുരക്ഷിതമായി
Mail This Article
കാര്യം ഈ നിക്ഷേപം അൽപം പഴഞ്ചനാണ്. പുതുതലമുറ നിക്ഷേപങ്ങളെ പോലെ വാഗ്ദാനങ്ങളോ, കൊട്ടിഘോഷിക്കലോ ഇല്ല. പക്ഷെ മികച്ച രീതിയില്‍ നിക്ഷേപം നടത്തിയാല്‍ ഇരട്ടി നേട്ടം നമുക്ക് നേടാന്‍ സാധിക്കും. ഏതാണീ നിക്ഷേപ പദ്ധതിയെന്നാണോ? നമ്മുടെ കിസാന്‍ വികാസ് പത്ര തന്നെ. എക്കാലവും നിക്ഷേപകരുടെ മനസിൽ സ്ഥാനമുറപ്പാക്കിയിട്ടുള്ള പദ്ധതിയാണിത്. പുതുതലമുറ നിക്ഷേപകർക്ക് ഒരു പക്ഷെ അത്ര സുപരിചിതമാകണമെന്നില്ല. എന്തായാലും സമ്പാദ്യം സമാഹരിക്കുന്നതിനും വ്യക്തികള്‍ക്കിടയില്‍ ആരോഗ്യകരമായ നിക്ഷേപ ശീലം വളര്‍ത്തിയെടുക്കുന്നതിനും ഈ പദ്ധതി വഴി സാധിക്കും. കിസാന്‍ വികാസ് പത്രയില്‍ നിരവധി മാറ്റങ്ങള്‍ അടുത്തിടെ സർക്കാർ കൊണ്ടു വന്നിട്ടുണ്ട്. അറിയാം കിസാന്‍ വികാസ് പത്ര നിക്ഷേപ പദ്ധതിയെ കുറിച്ച്
എന്താണ് കിസാന്‍ വികാസ് പത്ര?
ലഘുസമ്പാദ്യ പദ്ധതികളില്‍ ഒന്നാണ് കിസാന്‍ വികാസ് പത്ര. തപാല്‍ വകുപ്പിന് കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള നിക്ഷേപമാണിത്. അതായത് നിശ്ചിത സമയത്തിനുള്ളില്‍ നിക്ഷേപം ഇരട്ടിയാക്കി തിരികെ ലഭിക്കും.
അക്കൗണ്ട് എടുക്കാന്‍
അക്കൗണ്ട് എടുക്കുന്നതിന് പ്രത്യേക പ്രായപരിധിയൊന്നുമില്ല. പത്ത് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് സ്വന്തം പേരില്‍ തന്നെ അക്കൗണ്ട് എടുക്കാം. 10 വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് അക്കൗണ്ട് ആരംഭിക്കാം. പ്രായ പൂര്‍ത്തിയായവര്‍ക്ക് ജോയിന്റ് അക്കൗണ്ടെടുക്കാം. മൂന്ന് പേര്‍ക്കാണ് ജോയിന്റ് അക്കൗണ്ടില്‍ അംഗമാകാന്‍ സാധിക്കുക. ഒരാള്‍ക്ക് ആരംഭിക്കാവുന്ന അക്കൗണ്ടുകളുടെ എണ്ണത്തില്‍ നിബന്ധനകളൊന്നുമില്ല. പോസ്റ്റ് ഓഫീസ് വഴി നേരിട്ട് പദ്ധതിയില്‍ ചേരാം. കൂടാതെ ചില ബാങ്കുകളും ഈ പദ്ധതി നല്‍കുന്നുണ്ട്.
നിക്ഷേപം
1,000 രൂപയാണ് കിസാന്‍ വികാസ് പത്രയില്‍ ആവശ്യമായ കുറഞ്ഞ നിക്ഷേപം. 100 ന്റെ ഗുണിതങ്ങളായി നിക്ഷേപം ഉയര്‍ത്താം. ഉയര്‍ന്ന നിക്ഷേപ പരിധി കിസാന്‍ വികാസ് പത്രയിലില്ല.
പലിശ
കൂട്ടു പലിശ രീതിയിലാണ് പലിശ കണക്കാക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നു മുതല്‍ പലിശ നിരക്ക് 7.5 ശതമാനമാണ്. ബാങ്കുകള്‍ നല്‍കുന്നതിനെക്കാള്‍ ഉയര്‍ന്ന പലിശയാണിത്.
മെച്യൂരിറ്റി
കിസാന്‍ വികാസ് പത്ര സ്‌കീമില്‍ നിക്ഷേപിച്ച തുക ധനമന്ത്രാലയം നിര്‍ദ്ദേശിക്കുന്ന കാലയളവ് അനുസരിച്ച് കാലാവധി പൂര്‍ത്തിയാകും. നിലവില്‍, 2023 ഏപ്രില്‍ ഒന്ന് മുതല്‍ 115 മാസത്തിന് ശേഷമാണ് കാലാവധി പൂര്‍ത്തിയാകുക.
നിക്ഷേപിക്കുമ്പോള്‍ നിശ്ചയിക്കുന്ന കാലാവധിയെത്തുന്നതിന് മുന്‍പ് നിക്ഷേപം പിന്‍വലിക്കണമെങ്കില്‍ തപാല്‍ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിക്കണം. രണ്ട് വര്‍ഷവും ആറ് മാസവും പൂര്‍ത്തിയായ ശേഷം അക്കൗണ്ട് അവസാനിപ്പിക്കാന്‍ കിസാന്‍ വികാസ് പത്ര അനുവദിക്കുന്നുണ്ട്.
അക്കൗണ്ട് ക്ലോസ് ചെയ്യാം
അക്കൗണ്ട് ഉടമയുടെ മരണം സംഭവിച്ചാല്‍ ഇത് ക്ലോസ് ചെയ്യാം. ജോയിന്റ് അക്കൗണ്ട് ആണെങ്കിൽ ഒരാളുടെ മരണം സംഭവിച്ചാലോ എല്ലാ അംഗങ്ങളുടെയും മരണ ശേഷമോ അക്കൗണ്ട് ക്ലോസ് ചെയ്യാം. കോടതി ഉത്തരവ് വഴി നിക്ഷേപം കാലാവധി എത്തുന്നതിന് മുന്‍പ് കിസാന്‍ വികാസ് പത്ര പിന്‍വലിക്കാന്‍ സാധിക്കും. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്തും അക്കൗണ്ട് ക്ലോസ് ചെയ്യാം.
English Summary : Know More about Kisan Vikas Patra