ചാഞ്ചാട്ടത്തിലും നേട്ടമെടുക്കാൻ ഇക്വിറ്റി സേവിങ്സ് ഫണ്ട്
Mail This Article
ഓഹരി വിപണിയിൽ ഇടിവുണ്ടാകുമ്പോൾ സാധാരണ നിക്ഷേപകർ എന്താണു ചെയ്യുക? വില ഇടിഞ്ഞ ബ്ലൂചിപ് കമ്പനികളുടെ ഓഹരികൾ വാങ്ങാൻ ശ്രമിക്കും. ‘ഗുണമേന്മയുള്ള ഓഹരികൾ കുറഞ്ഞ വിലയ്ക്കു വാങ്ങുക’ എന്നതാണു രീതി. പ്രതിസന്ധികൾ മറികടന്ന് കമ്പനി മുന്നേറുമെന്ന വിശ്വാസത്തിലാവും നിക്ഷേപം നടത്തുക. എന്നാൽ, കഴിഞ്ഞ കുറച്ചു മാസങ്ങളായി, ഈ തന്ത്രം ചെറുകിട നിക്ഷേപകർക്കു കാര്യമായ നേട്ടം നൽകുന്നില്ല. വിപണിയുടെ ചാഞ്ചാട്ടം കൂടുതലാണ് എന്നതുതന്നെ കാരണം. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഓഹരികൾ താഴേക്കും മുകളിലേക്കും പോകാം.
സാധ്യതകൾ തിരിച്ചറിയുക
ഈയൊരു ചാഞ്ചാട്ടത്തിൽ, സാധ്യതകൾ തിരിച്ചറിയുക എന്നതു നിക്ഷേപകരെ സംബന്ധിച്ചു പ്രയാസമാണ്. അതുകൊണ്ട്, പലരും രണ്ടും കൽപ്പിച്ചു നിക്ഷേപിക്കുകയാണു ചെയ്യുക. ഉയർന്ന വിപണി ചാഞ്ചാട്ടത്തിൽ എങ്ങനെ ന്യായമായ നേട്ടമുണ്ടാക്കാം? അതിനു പറ്റിയ ഒരു പ്രായോഗിക വഴിയാണ് ഇക്വിറ്റി സേവിങ്സ് വിഭാഗത്തിലുള്ള മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം.
ഓഹരികൾ, കടപ്പത്രങ്ങൾ, ആർബിട്രേജ് (ഡെറിവേറ്റീവുകളിലൂടെ നേട്ടം ഉണ്ടാക്കൽ) എന്നിവയിൽ നിക്ഷപം നടത്തുന്ന ഹൈബ്രിഡ് ഫണ്ടുകളാണ് ഇക്വിറ്റി സേവിങ്സ് വിഭാഗത്തിലുള്ളവ.
റിസ്ക് കുറയ്ക്കാം
ഓഹരികളിലെ റിസ്ക് ആർബിട്രേജ് വഴി കുറയ്ക്കാൻ സാധിക്കും എന്നതാണു പ്രത്യേകത. കടപ്പത്രങ്ങളിലെ നിക്ഷേപം വഴി സ്ഥിരതയും ഉറപ്പാക്കും. അതേസമയം പോർട് ഫോളിയോയുടെ മൂന്നില്‍ രണ്ടു ഭാഗം നിക്ഷേപവും ഓഹരി വിപണിയിലായിരിക്കും. ഓഹരിയിൽ നിക്ഷേപിക്കുമ്പോൾ തന്നെ റിസ്ക് കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമാണ് ഇക്വിറ്റി സേവിങ്സ് ഫണ്ടുകൾ. താരതമ്യേന സ്ഥിരതയുള്ള വരുമാനവും ഉറപ്പാക്കാം.
ഈ വിഭാഗത്തിൽ പരിഗണിക്കാവുന്ന ഒരു ഫണ്ടാണ് ഐസിഐസിഐ പ്രുഡൻഷ്യൽ ഇക്വിറ്റി സേവിങ്സ് സ്കീം. നിക്ഷേപത്തിന്റെ ഏകദേശം 65 ശതമാനത്തിലധികവും ഓഹരികളിലാണ് നിക്ഷേപിക്കുന്നത്. ബാക്കി തുക കടപ്പത്രത്തിലും പണത്തിലുമാണ്
ലേഖകൻ മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടറാണ്
English Summary : Know more About ICICI Prudential Equity Savings Scheme