പുതിയ ഉയരം കുറിച്ച ശേഷം ലാഭമെടുക്കലിൽ വീണ് ഓഹരിവിപണി
Mail This Article
ഇന്ത്യൻ വിപണി വീണ്ടും പുതിയ റെക്കോർഡ് കുറിച്ച ശേഷം ഫ്ലാറ്റ് ക്ളോസിങ് നടത്തി. ഓഗസ്റ്റിലെ അമേരിക്കൻ പണപ്പെരുപ്പ വളർച്ച വിപണിയുടെ അനുമാനത്തിനൊപ്പം നിന്നത് ഇന്ന് ലോക വിപണിക്ക് അനുകൂലമായി. അമേരിക്കയുടെ ഇന്നലത്തെ മിക്സഡ് ക്ളോസിങ്ങിന് പിന്നാലെ ഏഷ്യൻ വിപണികൾ ഇന്ന് നേട്ടം കുറിച്ചു. അമേരിക്കൻ ഫ്യൂച്ചറുകളും നേട്ടത്തിലാണ് തുടരുന്നത്.
ലിസ്റ്റിങ് തരും നേട്ടം, ഐപിഒ വിപണിക്ക് ചൂടേറുന്നു: നിക്ഷേപകർ എന്തുചെയ്യണം?Read more ...
ഇന്ന് ഇന്ത്യൻ വിപണിയിൽ എഫ്എംസിജി ഒഴികെ മറ്റെല്ലാ സെക്ടറുകളും നേട്ടത്തിലാണവസാനിച്ചത്. ചൊവ്വാഴ്ച വൻ തകർച്ച നേരിട്ട നിഫ്റ്റിയുടെ മിഡ് & സ്‌മോൾ ക്യാപ് സൂചികകൾ ഇന്ന് 1.2% വീതം മുന്നേറ്റം നേടിയതും റീറ്റെയ്ൽ നിക്ഷേപകർക്ക് ആശ്വാസമായി.
നിഫ്റ്റി & ബാങ്ക് നിഫ്റ്റി
ഇന്ന് 20167 പോയിന്റെന്ന പുതിയ റെക്കോർഡ് ഉയരം കുറിച്ച നിഫ്റ്റി ലാഭമെടുക്കലിൽ വീണെങ്കിലും തിരിച്ച് 20100 പോയിന്റിന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചു. 20000 പോയിന്റിലും തുടർന്ന് 19900 പോയിന്റിലുമാണ് നിഫ്റ്റിയുടെ പ്രധാന പിന്തുണകൾ. 20180 പോയിന്റിലും 20260 പോയിന്റിലുമാണ് നിഫ്റ്റിയുടെ റെസിസ്റ്റൻസുകൾ.
ഇന്ന് 46153 പോയിന്റ് വരെ മുന്നേറിയ ബാങ്ക് നിഫ്റ്റി എച്ച്ഡിഎഫ്സി ബാങ്ക് തിരിച്ചിറങ്ങിയതിനെ തുടർന്ന് 46000 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് 45800 പോയിന്റിൽ ശക്തമായ പിന്തുണ ഉറപ്പിച്ച ബാങ്ക് നിഫ്റ്റി 45800 പോയിന്റിലെ പിന്തുണ നഷ്ടമായാൽ 45600 പോയിന്റിലും 45300 പോയിന്റിലും പിന്തുണകൾ പ്രതീക്ഷിക്കുന്നു. 46200 പോയിന്റ് പിന്നിട്ടാൽ 46480 മേഖലയിലാണ് ബാങ്ക് നിഫ്റ്റിയുടെ പ്രധാന കടമ്പ.
ഇന്ത്യൻ മൊത്തവിലക്കയറ്റം
ഇന്ന് വന്ന കണക്കുകൾ പ്രകാരം ഓഗസ്റ്റിലെ ഇന്ത്യയുടെ മൊത്തവിലക്കയറ്റം 0.52%മാണ്. ജൂലൈയിലെ ഇന്ത്യയുടെ മൊത്തവിലക്കയറ്റവളർച്ച -1.36% ആയിരുന്നതാണ് താരതമ്യേന ഇത്തവണ ഉയർന്നത്. ജൂലൈയിൽ 14.25% ആയിരുന്ന ഇന്ത്യയുടെ ഭക്ഷ്യ വിലക്കയറ്റവർദ്ധന 10.60%ലേക്ക് ക്രമപ്പെട്ടത് അനുകൂലമായപ്പോൾ നെഗറ്റീവ് സോണുകളിൽ തന്നെ തുടരുന്ന മാനുഫാക്ച്ചറിങ്-ഊർജ്ജവിലകളിലെ മുന്നേറ്റം വിനയായി. ഓഗസ്റ്റിലെ ഇന്ത്യയുടെ റീറ്റെയ്ൽ പണപ്പെരുപ്പവളർച്ച ജൂലൈ മാസത്തേക്കാൾ കുറഞ്ഞിരുന്നു.
നിയന്ത്രിതമാണ് അമേരിക്കൻ പണപ്പെരുപ്പം
ഓഗസ്റ്റിലെ അമേരിക്കയുടെ റീറ്റെയ്ൽ പണപ്പെരുപ്പം വിപണിയുടെ അനുമാനത്തിനൊപ്പം 3.7% മാത്രം വളർച്ച കുറിച്ചു. അടുത്ത ആഴ്ച ഫെഡ് യോഗം നടക്കാനിരിക്കുന്നത് വിപണിയിൽ കൂടുതൽ ചാഞ്ചാട്ടങ്ങൾക്ക് കാരണമായേക്കാം. സെപ്റ്റംബർ 19,20 തീയതികളിലാണ് ഫെഡ് റിസർവിന്റെ അടുത്ത നയാവലോകനയോഗം നടക്കുക.
അമേരിക്കൻ സിപിഐ കണക്കുകൾ ഡോളർ വിലയിൽ ഇടിവ് വരുത്തിയെങ്കിലും തിരിച്ചു കയറിയതും, ഇസിബി തീരുമാനങ്ങൾക്ക് മുന്നോടിയായി യൂറോ മുന്നേറുന്നതും വിപണിക്ക് ക്ഷീണമാണ്. ഇസിബി തീരുമാനങ്ങൾക്ക് മുന്നോടിയായി യൂറോപ്യൻ വിപണി സമ്മർദ്ദത്തിലാണ്. അമേരിക്കൻ ബോണ്ട് യീൽഡ് 4.26%ൽ തുടരുന്നതിനാൽ അമേരിക്കൻ ഫ്യൂച്ചറുകൾ നേട്ടത്തിലാണ് തുടരുന്നത്.
ഇസിബി നിരക്കുകൾ ഇന്ന്
യൂറോപ്യൻ കേന്ദ്ര ബാങ്ക് അടിസ്ഥാന പലിശ നിരക്കിലെ പുതിയ മാറ്റങ്ങൾ ഇന്ന് പ്രഖ്യാപിക്കുന്നത് യൂറോപ്യൻ വിപണിക്ക് നിർണായകമാണ്. കഴിഞ്ഞ ഒൻപത് യോഗങ്ങളിലും 25 ബേസിസ് പോയിന്റുകൾ വീതം തുടർച്ചയായി ഉയർത്തിയ ഇസിബി ഇത്തവണ പലിശ നിരക്ക് വർദ്ധിപ്പിച്ചേക്കില്ല എന്ന പ്രതീക്ഷയിലാണ് വിപണി.
ക്രൂഡ് ഓയിൽ
അമേരിക്കയുടെ ക്രൂഡ് ഓയിൽ ശേഖരത്തിലെ വളർച്ചയെത്തുടർന്ന് നേരിയ തിരുത്തൽ നേരിട്ട ക്രൂഡ് ഓയിൽ വീണ്ടും മുന്നേറ്റം തുടരുകയാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ വീണ്ടും 93 ഡോളറിന് സമീപമാണ് വ്യാപാരം തുടരുന്നത്. ഫെഡ് തീരുമാനങ്ങളും ഡോളർ മുന്നേറ്റവും ക്രൂഡ് ഓയിലിനും പ്രധാനമാണ്.
സ്വർണം
അമേരിക്കൻ ബോണ്ട് യീൽഡ് 4.25%ൽ നിന്നും നേരിയ വർധന നേടുന്നത് സ്വർണവിലയിൽ വീണ്ടും സമ്മർദ്ദം കൊണ്ട് വരും. ഇത് സ്വർണത്തിൽ മികച്ച വാങ്ങൽ അവസരത്തിന് കാരണമായേക്കാം. 1930 ഡോളറിൽ താഴെയാണ് രാജ്യാന്തര സ്വർണവില വ്യാപാരം തുടരുന്നത്. ഫെഡ് യോഗത്തിന് മുന്നോടിയായി സ്വർണവും വലിയ ചാഞ്ചാട്ടം പ്രതീക്ഷിക്കുന്നു.
ഐപിഓ
ഗോൾഡ്മാൻ സാക്സിന്റെ പിന്തുണയോടെ വിപണിയിലേക്കെത്തുന്ന സംഹി ഹോട്ടൽസിന്റെ ക്യൂഐപിയും, ഫിൻ ടെക്ക് സർവിസ് കമ്പനിയായ സാഗിൾ പ്രീപെയ്ഡ് ഓഷ്യൻ സർവീസസിന്റെ ഐപിഓയും തിങ്കളാഴ്ചയാണ് അവസാനിക്കുക. ഒരു രൂപ മുഖ വിലയുള്ള സാഗിൾ പ്രീപെയ്ഡ് ഓഷ്യൻ സർവീസസിന്റെ ഐപിഓ വില 156-164 രൂപയാണ്.
ഇലക്ട്രിക്കൽ ഉത്പന്നനിർമാതാക്കളായ ആർആർ കബേലിന്റെ ഇന്നലെ ആരംഭിച്ച ഐപിഓ നാളെ അവസാനിക്കുന്നു. അഞ്ച് രൂപ മുഖവിലയുള്ള ഓഹരിയുടെ ഐപിഓ വില 983 -1035 രൂപയാണ്.
ഓൺലൈൻ ട്രാവൽ കമ്പനിയായ യാത്ര ഓൺലൈനിന്റെ ഐപിഓ നാളെയാണ് ആരംഭിക്കുന്നത്. 2021 മാർച്ചിൽ നടന്ന ഈസി ട്രിപ്പ് പ്ലാനേഴ്‌സിന്റെ ഐപിഓക്ക് ശേഷം വരുന്ന ട്രാവൽ കമ്പനി ഐപിഓ ട്രാവൽ ഓഹരികൾക്കും പ്രധാനമാണ്. ഒരു രൂപ മുഖവിലയുള്ള ഓഹരിയുടെ ഐപിഓ വില 135-142 രൂപയാണ്.
വാട്സാപ് : 8606666722
English Summary : Share Market Today in India
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക