ADVERTISEMENT

ദശകങ്ങളായി ഇന്ത്യയിൽ പ്രചാരത്തിലുണ്ടെങ്കിലും 2015നു ശേഷമാണ് മ്യൂച്വൽ ഫണ്ടുകൾ കൂടുതൽ ജനപ്രിയമായത്. വൻതോതിൽ നിക്ഷേപം ഒഴുകിയെത്താൻ തുടങ്ങിയത് 2018നു ശേഷവും. കോവിഡിൽ ഓഹരി വിപണി ഇടിഞ്ഞതോടെ ആശങ്ക മൂലം പലരും മ്യൂച്വൽ ഫണ്ട് നിക്ഷേപം പിൻവലിച്ചിരുന്നു. എന്നാൽ, ചുരുങ്ങിയ സമയംകൊണ്ടു വിപണി തിരിച്ചു കയറിയതോടെ നിക്ഷേപകർ തിരികെയെത്തി. ഓഹരി വിപണിയെ നേരിട്ടു സമീപിക്കാൻ ഭയമുള്ളവർക്കു ചിട്ടയായ നിക്ഷേപത്തിലൂടെ സമ്പത്തു വളർത്താൻ സഹായിക്കുമെന്നതാണ് മ്യൂച്വൽ ഫണ്ടുകളുടെ ജനപ്രീതി കൂട്ടുന്നത്. മാത്രമല്ല, ഓഹരിക്കു പുറമേ ബോണ്ട്, സ്വർണം, വെള്ളി, റിയൽ എസ്റ്റേറ്റ് എന്നിങ്ങനെ വിവിധ തരം നിക്ഷേപങ്ങളിലെ അവസരങ്ങളും മ്യൂച്വൽ ഫണ്ടുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 

പ്രഫഷനലായി കൈകാര്യം ചെയ്യപ്പെടുന്ന പോർട്ഫോളിയോകളിൽ ചെറിയ തുക ഉപയോഗിച്ച് ഭാഗമാവാം എന്നതും സാധാരണക്കാരെ ആകർഷിക്കുന്നു. ഓരോ ഫണ്ടിലെയും നിക്ഷേപങ്ങളെക്കുറിച്ചു തീരുമാനിക്കുന്നത് മ്യൂച്വൽ ഫണ്ട് മാനേജർമാരാണ്. നിങ്ങൾക്ക് അനുയോജ്യമായ ഫണ്ട് കണ്ടെത്തി നിക്ഷേപിക്കുകയാണു നിങ്ങൾ ചെയ്യേണ്ടത്. ഈ സേവനങ്ങൾക്കായി ഒരു നിശ്ചിത തുക നിങ്ങളിൽനിന്നു കമ്പനി ഈടാക്കും. ഏതൊരു നിക്ഷേപരീതി പരിശോധിക്കുമ്പോഴുമുള്ള അടിസ്ഥാന മാനദണ്ഡം എത്ര ആദായം ഇവയിൽ നിന്നു ലഭിക്കുന്നുവെന്നുള്ളതാണ്. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ പണം ഇരട്ടിയാക്കിയ മ്യൂച്വൽ ഫണ്ടുകളാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏകദേശം 38 മ്യൂച്വൽ ഫണ്ട് സ്കീമുകൾ ഇക്കാലയളവിൽ നിക്ഷേപകരുടെ സമ്പത്ത് ഇരട്ടിയാക്കി. 

12 മിഡ് ക്യാപ് ഫണ്ടുകൾ സമ്പത്ത് ഇരട്ടിയാക്കി. 10 സ്മോൾ ക്യാപ് ഫണ്ടുകൾ, നാല് ഫ്ലെക്സി ക്യാപ് ഫണ്ടുകൾ, മൂന്ന് മൾട്ടി ക്യാപ്, മൂന്ന് ഇഎൽഎസ്എസ്, മൂന്ന് ലാർജ് & മിഡ് ക്യാപ് ഫണ്ടുകൾ, കൂടാതെ ഒരു ഫോക്കസ്ഡ്, വാല്യൂ, കോൺട്രാ ഫണ്ട് എന്നിവയും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. അഞ്ചു വർഷത്തിനുള്ളിൽ നിക്ഷേപകരുടെ സമ്പത്ത് ഇരട്ടിയാക്കാൻ ഒരു ലാർജ് ക്യാപ് പദ്ധതിക്കും കഴിഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്. 25.68% സിഎജിആർ റിട്ടേൺ നേടി, നിക്ഷേപം മൂന്നിരട്ടിയാക്കി, സ്മോൾ ക്യാപ് ഫണ്ടായ ക്വാണ്ട് ആക്റ്റീവ് ഫണ്ട് ഒന്നാമതെത്തി. അതായത്, 2018 ജൂണിൽ നിങ്ങൾ ഒരു ലക്ഷം രൂപ ഈ ഫണ്ടിൽ നിക്ഷേപിച്ചിരുന്നെങ്കിൽ, 2023 ജൂൺ ആകുമ്പോഴേക്കും ആ തുക 3.13 ലക്ഷം രൂപയായി വളരുമായിരുന്നു.

നിക്ഷേപം ഇരട്ടിപ്പിച്ച മ്യൂച്വൽ ഫണ്ടുകൾ
നിക്ഷേപം ഇരട്ടിപ്പിച്ച മ്യൂച്വൽ ഫണ്ടുകൾ

2018 ജൂൺ 15 മുതൽ 2023 ജൂൺ 15 വരെയുള്ള അഞ്ചു വർഷത്തേക്കുള്ള CAGR റിട്ടേണുകളാണ് പരിഗണിച്ചിരിക്കുന്നത്. ഒരു പ്രത്യേക തീയതിയിൽ ഒരുമിച്ചു നടത്തിയ (ലംപ്‌സം) നിക്ഷേപങ്ങൾക്ക് CAGR റിട്ടേണുകൾ പരിഗണിക്കും. ഇവിെട പരാമർശിച്ചിരിക്കുന്ന ഫണ്ടുകള്‍ അഞ്ചു വർഷത്തിനിടെ നൽകിയ ആദായം തന്നെ ഭാവിയിലും ആവർത്തിക്കുമെന്ന് ഉറപ്പു പറയാനാവില്ല. നിക്ഷേപത്തിനായി ഒരു ഫണ്ട് തിരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ ആവശ്യങ്ങൾ, എത്ര വർഷം നിക്ഷേപം തുടരാൻ സാധിക്കും, റിസ്ക് എത്രത്തോളം ആവാം തുടങ്ങിയ കാര്യങ്ങളൊക്കെ പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കുക.

മനോരമ സമ്പാദ്യം സെപ്റ്റംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്. 

English Summary: Mutual Funds That Doubled Investors Wealth In Five Years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com