ADVERTISEMENT

യുവതലമുറയുടെ ഓഹരി വിപണി നിക്ഷേപവും വ്യാപാരവും നിര്‍വചിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച സ്ഥാപനമാണ് സിറോധ. ഓണ്‍ലൈന്‍ സ്‌റ്റോക് ബ്രോക്കിങ്ങിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി വിജയം കൊയ്ത സിറോധയാണ് ഡിസ്‌കൗണ്ട് ബ്രോക്കിങ് എന്ന ആശയം ആദ്യമായി അവതരിപ്പിച്ചതും. ഇന്ന് ഒരു കോടിയിലധികം ഉപഭോക്താക്കളുണ്ട് സിറോധയ്ക്ക്. രാജ്യത്തെ സ്‌റ്റോക് ബ്രോക്കിങ് മേഖലയില്‍ അടിമുടി മാറ്റം കൊണ്ടുവന്ന സിറോധയുടെ ചുവടുപിടിച്ച് ഗ്രോ, 5പൈസ തുടങ്ങിയ നിരവധി സംരംഭങ്ങളും ഈ രംഗത്ത് പ്രവര്‍ത്തനം തുടങ്ങി. ഇപ്പോള്‍ ഡിസ്‌ക്കൗണ്ട് ബ്രോക്കിങ്ങിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ എച്ച്ഡിഎഫ്‌സിയും രംഗത്തിറങ്ങുകയാണ്. 

വിപണി പിടിക്കുമോ എച്ച്ഡിഎഫ്‌സി സ്‌കൈ?

എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിന് കീഴിലാണ് എച്ച്ഡിഎഫ്‌സി സ്‌കൈ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. എച്ച്ഡിഎഫ്‌സി ബാങ്കില്‍ അക്കൗണ്ടുള്ള ഉപഭോക്താക്കള്‍ക്ക് മാത്രം ഡിമാറ്റ് അക്കൗണ്ട് തുറന്ന് നിക്ഷേപിക്കാനും വ്യാപാരം നടത്താനും അവസരമൊരുക്കുന്ന സംരംഭമാണ് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്. എന്നാല്‍ എച്ച്ഡിഎഫ്‌സി സ്‌കൈ എന്ന പുതിയ ആപ്പിലൂടെ ആര്‍ക്ക് വേണമെങ്കിലും ഓഹരി വിപണിയില്‍ നിക്ഷേപവും ട്രേഡിങ്ങുമെല്ലാം നടത്താം. സകല സേവനങ്ങളും ലഭ്യമാക്കുന്ന, 20 രൂപയെന്ന വണ്‍പ്രൈസ് സ്ലാബില്‍ പ്രവര്‍ത്തിക്കുന്ന ആപ്പായിരിക്കും എച്ച്ഡിഎഫ്‌സി സ്‌കൈ. സിറോധ, ഗ്രോ, 5പൈസ തുടങ്ങിയ ഓണ്‍ലൈന്‍ ബ്രോക്കിങ് സ്ഥാപനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് സമാനമായ ഫീ തന്നെയാണ് എച്ച്ഡിഎഫ്‌സി സ്‌കൈയും ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്. 

ഓഹരികള്‍, എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍, മ്യൂച്ചല്‍ ഫണ്ടുകള്‍, ഫ്യൂച്ചേഴ്‌സ്, ഓപ്ഷന്‍സ്, കറന്‍സികള്‍, കമോഡിറ്റി, ഐപിഒ, ആഗോള ഓഹരികള്‍...എന്നിങ്ങനെ എല്ലാം ഒറ്റ ഫിന്‍ടെക് പ്ലാറ്റ്‌ഫോമില്‍ തന്നെ ലഭ്യമാക്കുകയാണ് എച്ച്ഡിഎഫ്‌സി സ്‌കൈ. സര്‍ക്കാര്‍ ബോണ്ടുകളും അധികം വൈകാതെ തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകുമെന്നാണ് എച്ച്ഡിഎഫ്‌സി അവകാശപ്പെടുന്നത്. സിറോധയ്ക്ക് 19.4 ശതമാനം വിപണി വിഹിതവും ഗ്രോ ആപ്പിന് 19 ശതമാനം വിപണിവിഹിതവുമാണ് ഈ രംഗത്തുള്ളത്. ഈ പ്ലാറ്റ്‌ഫോമുകളെ നേരിടാന്‍ എത്രമാത്രം എച്ച്ഡിഎഫ്‌സി സ്‌കൈക്ക് സാധിക്കുമെന്നത് കാത്തിരുന്ന് കാണാം. 

മല്‍സരം ഗ്രോയും സിറോധയും തമ്മില്‍

നിലവില്‍ 6.2 മില്യണ്‍ സജീവ ഉപഭോക്താക്കളാണ് ഗ്രോ പ്ലാറ്റ്‌ഫോമിനുള്ളത്. വര്‍ഷത്തില്‍ ഒരു ട്രേഡെങ്കിലും നടത്തുന്ന ഉപയോക്താവിനെയാണ് സജീവ ഉപഭോക്താവായി എന്‍എസ്ഇ കണക്കാക്കുന്നത്. സിറോധയില്‍ 6.3 മില്യണ്‍ സജീവ ഉപഭോക്താക്കളാണുള്ളത്. വൈകാതെ തന്നെ ഗ്രോ ഇതിനെ മറികടക്കുമെന്നാണ് വിപണി വിദഗ്ധര്‍ കരുതുന്നത്. 10 വര്‍ഷമെടുത്താണ് സ്റ്റോക് ബ്രോക്കിങ് മേഖലയിലെ ലീഡറായി സിറോധ മാറിയത്. എന്നാല്‍ വെറും മൂന്ന് വര്‍ഷത്തിനുള്ളിലാണ് ഗ്രോയുടെ വന്‍കുതിപ്പ്. സോഷ്യല്‍ മീഡിയ ചാനലുകളിലൂടെയും വിഡിയോകളിലൂടെയും ബ്ലോഗുകളിലൂടെയുമെല്ലാം വലിയ പ്രചരണവും പരസ്യങ്ങളും ചെയ്താണ് ഗ്രോ ഉപഭോക്താക്കളിലേക്ക് എത്തുന്നത്. അതേസമയം പരസ്യം ചെയ്യില്ലെന്ന ആശയത്തിലാണ് സിറോധയുടെ പ്രവര്‍ത്തനം.

English Summary : Discount Broking Facilities of HDFC Sky, Zerodha and Groww

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com