സെറോധയിൽ നിന്നും ഇനി മ്യൂച്ചൽ ഫണ്ടും വാങ്ങാം
Mail This Article
അസറ്റ് മാനേജ്‌മെന്റ് കമ്പനി ആരംഭിക്കാൻ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യുടെ അനുമതി ലഭിച്ച് മാസങ്ങൾക്ക് ശേഷം സെറോധ (Zerodha) ആദ്യ മ്യൂച്വൽ ഫണ്ടുകൾ അവതരിപ്പിച്ചു. Zerodha Nifty Large Midcap 250 Index Fund, Zerodha ELSS ടാക്സ് സേവർ എന്നീ രണ്ട് ഫണ്ടുകൾക്കുമുള്ള പുതിയ ഫണ്ട് ഓഫർ (NFO) നവംബർ 3 ന് അവസാനിക്കും.
Zerodha Coin, Groww ഉൾപ്പെടെ എല്ലാ മുൻനിര MF പ്ലാറ്റ്‌ഫോമുകളിലും നിക്ഷേപകർക്ക് അപേക്ഷിക്കാം. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനമായ സെറോധ ബ്രോക്കിങ് ലിമിറ്റഡിന്റെയും പ്രമുഖ പോർട്ട്‌ഫോളിയോ നിക്ഷേപ പ്ലാറ്റ്‌ഫോമായ സ്മോൾകേസ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെയും സംയുക്ത സംരംഭമാണ് സെറോധ ഫണ്ട് ഹൗസ്. ലളിതവും സുതാര്യവും താങ്ങാനാവുന്നതുമായ മ്യൂച്ചൽ ഫണ്ടുകളായിരിക്കും സെറോധയുടെ പ്രത്യേകതകൾ.
നിഫ്റ്റി ലാർജ് മിഡ്‌ക്യാപ് 250 ഇൻഡക്‌സ് ഫണ്ട് ഒരു ഓപ്പൺ-എൻഡ് സ്‌കീമാണ്. കൂടാതെ ELSS എന്നത് 3 വർഷത്തെ നിയമാനുസൃത ലോക്ക്-ഇൻ കാലയളവും നിഫ്റ്റി ലാർജ് മിഡ്‌ക്യാപ് 250 ഇൻഡക്‌സ് അനുകരിക്കുന്ന നികുതി ആനുകൂല്യവുമുള്ള ഒരു ഓപ്പൺ-എൻഡ് പാസീവ് ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്‌കീമാണ്. സ്കീമുകൾ ഒരു നിഷ്ക്രിയ നിക്ഷേപ തന്ത്രം സ്വീകരിക്കുകയും നിഫ്റ്റി ലാർജ് മിഡ്കാപ്പ് 250 സൂചികയിലെ ഓഹരികളുടെ വെയിറ്റേജിന് ആനുപാതികമായി ഓഹരികളിൽ നിക്ഷേപിക്കാൻ ശ്രമിക്കുകയും ചെയ്യും. 1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 (C) പ്രകാരം ELSS സ്കീം നികുതി ആനുകൂല്യം നൽകുന്നു.Zerodha NIFTY LargeMidcap 250 Index ഫണ്ടിനുള്ള ഏറ്റവും കുറഞ്ഞ അപേക്ഷാ തുക 100 രൂപയും Zerodha Tax Saver (ELSS) Nifty LargeMidcap 250 ഇൻഡക്സ് ഫണ്ടിന് 500 രൂപയുമാണ്.