ADVERTISEMENT

ഇന്ത്യൻ പുതുവർഷാരംഭം ഇന്ത്യൻ വിപണിയും യഥാവിധി ആചരിക്കുകയാണ്. ഇന്ത്യൻ പുതുവർഷാരംഭം കുറിക്കുന്ന ദിനങ്ങളിൽ ഗൃഹോപകരണങ്ങളും, സ്വർണവും, വാഹനങ്ങളും മറ്റും വാങ്ങുന്ന സംസ്കാരത്തിന്റെ പതിപ്പാണ് ഞായറാഴ്ച നടക്കാനിരിക്കുന്ന ഓഹരി വിപണിയിലെ ‘മുഹൂർത്ത വ്യാപാരം’. അടുത്ത ഒരു വർഷത്തെ ഓഹരി വ്യാപാരം ഐശ്വര്യത്തോടെ ആരംഭിക്കുകയാണ് വിപണി. പുതു നിക്ഷേപങ്ങൾ ആരംഭിക്കുന്നതിനും, ആദ്യമായി നിക്ഷേപം ആരംഭിക്കുന്നതിനും മുഹൂർത്ത വ്യാപാരദിനം ഉചിത സമയമായി വിപണി കരുതുന്നു. 

ഇന്ത്യൻ ഉപഭൂഖണ്ടത്തിൽ പ്രചാരത്തിലുള്ള ‘വിക്രം സംവത്’ എന്ന ഭാരതീയ കലണ്ടർ നേപ്പാളിന്റെ ഔദ്യോഗിക കലണ്ടർ കൂടിയാണ്.  ഈ ഇന്ത്യൻ കലണ്ടർ പ്രകാരമുള്ള പുതുവർഷം സംവത് 2080 ഈ ദീപാവലിയോടെ ആരംഭിക്കുകയാണ്. സംവത് എന്ന വാക്കിനർത്ഥം വർഷം എന്നാണ്. മുപ്പത് ദിവസങ്ങൾ വീതമുള്ള 12 ചന്ദ്രമാസങ്ങൾ ആണ് ഒരു സംവതിലുള്ളത്. 

മുഹൂർത്ത വ്യാപാരം 

586358148

നവംബർ 12ന് പുതുവർഷദിനത്തിലാണ് ഇത്തവണത്തെ മുഹൂർത്ത വ്യാപാരം. വൈകിട്ട് ആറ് മണി മുതൽ 7.25 വരെയാണ് ഇത്തവണത്തെ മുഹൂർത്ത വ്യാപാരസമയം. ചൊവ്വാഴ്ച ഇന്ത്യൻ വിപണി ദീപാവലി അവധി ആഘോഷിക്കും. 

സംവത് 2079 

‘സംവത് 2078’ ഇന്ത്യൻ വിപണി നഷ്ടം കുറിച്ചെങ്കിൽ ‘സംവത് 2079’ വിപണി നേട്ടമുണ്ടാക്കി. മുൻ വർഷം ഇതേ സമയത്തിൽ നിന്നും 6.6% മുന്നേറ്റം നേടിയ നിഫ്റ്റി 16828 എന്ന ഏറ്റവും കുറഞ്ഞ നിരക്കും, 20222 എന്ന ഏറ്റവും ഉയർന്ന നിരക്കും സംവത് 2079ൽ കുറിച്ചു. എല്ലാ സെക്റ്ററുകളും നേട്ടമുണ്ടാക്കിയ സംവത് 2079ൽ റിയൽറ്റി സെക്ടറാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. 

സംവത് 2079ൽ നിഫ്റ്റി റിയൽറ്റി 50%ൽ കൂടുതൽ മുന്നേറിയപ്പോൾ പൊതു മേഖല സെക്ടർ 45%വും, പൊതുമേഖല ബാങ്കുകൾ 30%വും നേട്ടമുണ്ടാക്കി. നിഫ്റ്റി സ്‌മോൾ & മിഡ്ക്യാപ് സൂചികകൾ യഥാക്രമം 36%വും, 28%വും നേട്ടമാണ് കഴിഞ്ഞ വര്ഷമുണ്ടാക്കിയത്. ഓട്ടോ സെക്ടർ 21%വും, ഇൻഫ്രാ 20%വും, എഫ്എംസിജി 16%വും നേട്ടമാണ് സംവത് 2079ൽ കുറിച്ചത്. ബാങ്ക് നിഫ്റ്റിയുടെ സംവത് 2079ലെ നേട്ടം 5%ൽ താഴെയും, ഐടി യുടേത് 7%ൽ താഴെയുമാണ്. 

സംവത് 2080

പൊതു തെരഞ്ഞടുപ്പ് വർഷമായ സംവത് 2080-ലും ഇന്ത്യൻ വിപണി വലിയ പ്രതീക്ഷയിലാണ്. അഞ്ച് സംസഥാനങ്ങളിലെ ജനവിധിയ്ക്ക് ശേഷം വിപണി പൊതു തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് വീഴുന്നത് ഇന്ത്യൻ വിപണിയിൽ അവസരം സൃഷ്ടിച്ചേക്കാം. എങ്കിലും ഫെഡ് നിരക്ക് വർദ്ധന അവസാന ഘട്ടത്തിലാണെന്നതും, അടുത്ത വർഷത്തിൽ കേന്ദ്ര ബാങ്കുകൾ നിരക്കുകൾ കുറച്ചു തുടങ്ങുമെന്നതും രാജ്യാന്തര വിപണിയിലുണ്ടാക്കുന്ന ഓളം ഇന്ത്യൻ വിപണിയെയും സ്വാധീനിക്കും. രണ്ട് യുദ്ധങ്ങൾക്കിടയിലും മുന്നേറിയ ഇന്ത്യൻ വിപണിക്ക് സംവത് 2080-ൽ ‘മെയ്ഡ് ഇൻ ഇന്ത്യ’ ഉത്പന്നങ്ങൾക്ക് ലഭിക്കുന്ന രാജ്യാന്തര സ്വീകാര്യതയും അനുകൂലമായേക്കാം. 

2156345751

പൊതു മേഖല 

പൊതു മേഖല ബാങ്കിങ് ഓഹരികൾക്കൊപ്പം ഡിഫൻസ്, റെയിൽവേ, ഷിപ് ബിൽഡിങ്, വൈമാനിക മേഖലകളിലുള്ള പൊതു മേഖല ഓഹരികളും അഭൂതപൂർവമായ മുന്നേറ്റമാണ് കഴിഞ്ഞ കൊല്ലം സ്വന്തമാക്കിയത്. 

പൊതുമേഖല ഓഹരികളിൽ ‘’ഓഫർ ഫോർ സെയിൽ’’ കെണിക്കൊപ്പം പൊതുതെരഞ്ഞെടുപ്പും അവസരം സൃഷ്ടിച്ചേക്കാം. ബാങ്കിങ് സ്വകാര്യവൽക്കരണവും, പ്രതിരോധമേഖലയിൽ വർദ്ധിച്ചു വരുന്ന ചെലവിടലും പൊതു മേഖല ഡിഫൻസ് ഓഹരികൾക്ക് കൂടുതൽ സാധ്യത നൽകുന്നു. പരിഗണിക്കാവുന്ന ഓഹരികൾ:

ഭാരത് ഇലക്ട്രോണിക്സ്, കൊച്ചിൻ ഷിപ് യാർഡ്, എച്ച്എഎൽ 

റിയൽ എസ്റ്റേറ്റ് 

ഇന്ത്യൻ റിയൽ എസ്റ്റേറ്റ് മേഖലയിൽ വലിയ കുതിച്ചു ചാട്ടം തന്നെയാണ് നടക്കുന്നത്. ഇന്ത്യ ലോകത്തിന്റെ നിർമാണരാജ്യമായി മാറുമ്പോൾ ചൈനയിൽ ഉണ്ടായത് പോലെയുള്ള വളർച്ച ഇന്ത്യൻ റിയൽ എസ്റ്റേറ്റ് മേഖലയിലും പ്രതീക്ഷിക്കാം. 

ഒരു ചതുരശ്രഅടിക്ക് ഒരു ലക്ഷം രൂപക്ക് വരെ ആഡംബര വസതികൾ വിറ്റുപോകുന്നതും, ഒന്നര കോടി രൂപയിൽ അധികം വിലയുള്ള ഫ്‌ളാറ്റുകളുടെ വിൽപ്പനയിലെ കുതിച്ചു ചാട്ടവും റിയൽ എസ്റ്റേറ്റ് ഓഹരികളുടെ കുതിപ്പ് ആരംഭിച്ചിട്ടേയുള്ളൂ എന്ന സൂചനയാണ് നൽകുന്നത്. 

പരിഗണിക്കാവുന്ന ഓഹരികൾ:

ഡിഎൽഎഫ്, ശോഭ, പ്രസ്റ്റീജ് 

ഐടി സെക്ടർ 

share13

അമേരിക്കയുടെ ഫെഡ് നിരക്ക് വർദ്ധനയാണ് അമേരിക്കയുടെ നാസ്ഡാക്കിനൊപ്പം ഇന്ത്യൻ ഐടി സെക്ടറിനെയും പിന്നോട്ട് വലിച്ചത്. ഫെഡ് നിരക്ക് വർധനയുടെ അവസാന ഘട്ടത്തിലെത്തിക്കഴിഞ്ഞു എന്നതും, അടുത്ത വർഷത്തിൽ ഫെഡ് റിസർവ് പലിശ നിരക്ക് കുറച്ചു തുടങ്ങുമെന്ന് സൂചിപ്പിച്ചതും ഇന്ത്യൻ ഐടി സെക്ടറിനും തിരിച്ചു വരവ് നല്കിയേക്കാം. മിഡ് ക്യാപ് ഐടി ഓഹരികൾ വൻ കുതിപ്പ് നടത്തിയേക്കും. 

പരിഗണിക്കാവുന്ന ഓഹരികൾ:

ഇൻഫോസിസ്, ടിസിഎസ്, എച്ച്സിഎൽ ടെക്ക് 

ഇലക്ട്രിക് ബസ് 

ഇലക്ട്രിക് ബസ് ഓഹരികളായ ജെബിഎം ഓട്ടോയും, ഒലേക്ട്രാ ഗ്രീൻടീക്കും  കഴിഞ്ഞ വർഷത്തിൽ മികച്ച മുന്നേറ്റമാണ് നേടിയത്. ജെബിഎം ഓട്ടോ 129% മുന്നേറ്റമാണ് നേടിയത്. ഇന്ത്യൻ ഇലക്ട്രിക് ബസ് വ്യവസായ മേഖല വൻവളർച്ചയാണ് വരും കൊല്ലങ്ങളിൽ പ്രതീക്ഷിക്കുന്നത്. 

പരിഗണിക്കാവുന്ന ഓഹരികൾ:

ടാറ്റ മോട്ടോഴ്‌സ്, അശോക് ലെയ്‌ലാൻഡ്, ഒലേക്ട്രാ, ജെബിഎം ഓട്ടോ & ഐഷർ.

വിൻഡ് & സോളാർ 

ഇന്ത്യൻ റിന്യൂവബിൾ എനർജി മേഖലയും വൻകുതിപ്പാണ് നടത്തുന്നത്. സൗരോർജ്ജ പാടങ്ങൾക്കൊപ്പം തന്നെ കാറ്റാടി പാടങ്ങളും പടരുന്നത് സുസ്‌ലോണിനും ഐനോക്‌സ് വിൻഡിനും കഴിഞ്ഞ കൊല്ലം പലമടങ് വളർച്ച നൽകി.

പരിഗണിക്കാവുന്ന ഓഹരികൾ:

സുസ്‌ലോൺ, ഐനോക്‌സ് വിൻഡ്, ഇൻഡോ വിൻഡ്, ഗ്രീൻ പവർ, എച്ച്ബിഎൽ പവർ.

ഹൈഡ്രജൻ 

ഹൈഡ്രജൻ മേഖലയിൽ ഇന്ത്യൻ വൻകിട കമ്പനികൾ മത്സരിച്ച് പണമിറക്കുന്നത് പ്രതീക്ഷയാണ്.

പരിഗണിക്കാവുന്ന ഓഹരികൾ: എൽ&ടി, റിലയൻസ് 

ഫാർമ 

കോവിഡ് മഹാമാരിക്ക് ശേഷം ക്രമപ്പെട്ട ഇന്ത്യൻ ഫാർമ സെക്ടർ വീണ്ടും മുന്നേറ്റ പാതയിലാണ്. സൺ ഫാർമയും, സിപ്ലയും മുന്നിൽ നിന്ന്  നയിക്കുന്ന ഇന്ത്യൻ ഫാർമ സെക്ടറും സംവത് 2080ൽ മുന്നേറ്റം പ്രതീക്ഷിക്കുന്നു. മിഡ് ക്യാപ് ഫാർമ കമ്പനികൾ മികച്ച രണ്ടാം പാദഫലങ്ങളാണ് പ്രഖ്യാപിക്കുന്നത്.

പരിഗണിക്കാവുന്ന ഓഹരികൾ:

സിപ്ല, സൈഡസ് ലൈഫ്

മാനുഫാക്ച്ചറിങ് മേഖല 

ഇന്ത്യൻ ഉല്പാദന മേഖലയും വലിയ പ്രതീക്ഷയിലാണ്. വലിയ കമ്പനികളുടെയും, ലോകോത്തര ബ്രാന്ഡുകളുടെയും ഉല്പാദനകേന്ദ്രമായി മാറുന്നത് ഇന്ത്യൻ മാനുഫാക്ച്ചറിങ് സെക്ടറിന് അനുകൂലമാണ്. 

പരിഗണിക്കാവുന്ന ഓഹരികൾ:

ഹാവെൽസ്, ക്രോപ്റ്റൺ, ഡിക്‌സൺ, എലിൻ 

എയർ കണ്ടീഷൻ 

ഇന്ത്യയിൽ ചൂട് വർദ്ധിക്കുന്നതിനൊപ്പം കൂടുതൽ ആളുകൾ മിഡിൽ ക്‌ളാസിലേക്ക് ഉയരുന്നതും ഇന്ത്യയിൽ വരും വർഷങ്ങളിൽ എസി വില്പന ത്വരിതപ്പെടുത്തിയേക്കാം. 

പരിഗണിക്കാവുന്ന ഓഹരികൾ:

വോൾട്ടാസ്, ആംബർ, ബ്ലൂസ്റ്റാർ 

അരി 

രാജ്യാന്തര വിപണിയിൽ അരിയുടെ ലഭ്യത കുറയുന്നതും, വിലവർദ്ധിക്കുന്നതും അരി കയറ്റുമതികമ്പനികൾക്ക് അനുകൂലമാണ്. 

പരിഗണിക്കാവുന്ന ഓഹരികൾ:

ചമൻലാൽ സേത്തിയ, കെആർബിഎൽ 

വിസ്‌കി 

ഇന്ത്യൻ വിസ്കികൾ ലോക വിപണിയിൽ പുതു ചരിത്രം കുറിച്ച വർഷമാണ് കടന്നു പോയത്. പിക്കാഡിലി അഗ്രോയുടെ ഇന്ദ്രി ബ്രാൻഡിന്റെ ദീപാവലി എഡിഷൻ ലോകത്തെ മികച്ച വിസ്‌കിയായി തെരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യൻ മദ്യനിർമ്മാണ മേഖലക്ക് തന്നെ പുതു യുഗം നൽകിയേക്കാം.

പരിഗണിക്കാവുന്ന ഓഹരികൾ:

എസ്ഡിഎബിഎൽ, തിലക് നഗർ, പിക്കാഡിലി, സുല

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Vikram Samvat 2080 muhurat Trading on Sunday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com