ADVERTISEMENT

എവിടെ നിക്ഷേപിച്ചാൽ കൂടുതൽ ആദായം ലഭിക്കുമെന്ന സംശയം ഓരോ സാധാരണക്കാരനും എപ്പോഴുമുള്ളതാണ്. കണക്കുകളും, കാര്യങ്ങളും മനസിലാക്കാതെ എവിടെയെങ്കിലും എന്തിലെങ്കിലും പണം കൊണ്ടുപോയി 'നിക്ഷേപം' എന്ന നിലയിൽ ഇടുന്നവരാണ്  മലയാളികളിൽ ഭൂരിഭാഗം പേരും. എല്ലാ ആസ്തികളെയും മനസ്സിലാക്കി അവയുടെ ആദായം നൽകിയ ചരിത്രമൊന്നു പരിശോധിച്ചാൽ ഏതിൽ നിക്ഷേപിക്കുന്നതാണ് നമ്മുടെ പോക്കറ്റ് നിറയ്ക്കുക എന്ന് മനസിലാക്കാൻ സാധിക്കും. 

ഓഹരികൾ 

20 വർഷം മുമ്പ് നിങ്ങൾ ഇന്ത്യൻ ഓഹരികളിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ, ഇപ്പോൾ അത് ഏകദേശം 24 ലക്ഷം രൂപയായി വളരുമായിരുന്നു. എന്നാൽ  സ്വർണത്തിലും റിയൽ എസ്റ്റേറ്റിലുമുള്ള അതേ നിക്ഷേപത്തിന്റെ മൂല്യം 20 വർഷത്തിനുള്ളിൽ യഥാക്രമം 9.6 ലക്ഷം രൂപയും 5.6 ലക്ഷം രൂപയും മാത്രമേ ആകുകയുള്ളൂ. അമേരിക്കൻ ഓഹരികളിൽ നിക്ഷേപിച്ച 1 ലക്ഷം രൂപയുടെ മൂല്യം 20 വർഷത്തിനുള്ളിൽ ഏകദേശം 11.3 ലക്ഷം രൂപയാണ് ആകുക. 

ഫണ്ട്‌സ്‌ഇന്ത്യയുടെ ഏറ്റവും പുതിയ 'വെൽത്ത്  റിപ്പോർട്ട്' അനുസരിച്ച്, 20 വർഷത്തിനുള്ളിൽ 17 ശതമാനം ആദായവുമായി  ദീർഘകാലാടിസ്ഥാനത്തിൽ സ്വർണം, റിയൽ എസ്റ്റേറ്റ്, യുഎസ് സ്റ്റോക്കുകൾ, ഡെറ്റ് എന്നിവയുൾപ്പെടെ മറ്റെല്ലാ ആസ്തികളെയും ഇന്ത്യൻ ഓഹരികൾ മറികടന്നു.

ഇന്ത്യൻ ഓഹരികൾ  20 വർഷത്തിനുള്ളിൽ 17.2 ശതമാനവും 15 വർഷത്തിനുള്ളിൽ 10.6 ശതമാനവും 10 വർഷത്തിനുള്ളിൽ 13.3 ശതമാനവും ആദായം  നൽകിയതായി റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ അഞ്ചും മൂന്നും വർഷങ്ങളിൽ ഇന്ത്യൻ ഓഹരികൾ യഥാക്രമം 12.9 ശതമാനം , 26.1 ശതമാനം എന്നിങ്ങനെ  ആദായം  നൽകി. ഇന്ത്യൻ ഓഹരികളുമായി താരതമ്യപ്പെടുത്തുമ്പോൾ, അമേരിക്കൻ ഓഹരികളിൽ നിന്നുള്ള വരുമാനം വെറും 12.9 ശതമാനവും, 15 വർഷത്തിൽ 14 ശതമാനവും , 10 വർഷത്തിൽ 16 ശതമാനവുമാണ്.  

money3

റിയൽ എസ്റ്റേറ്റ് 

ഇന്ത്യയിൽ  വസ്തു വാങ്ങൽ പ്രിയപ്പെട്ട ഒരു നിക്ഷേപ മാർഗമായി ഇപ്പോഴും തുടരുമ്പോൾ, റിയൽ എസ്റ്റേറ്റ് വരുമാനം 20 വർഷത്തിനുള്ളിൽ വെറും 9 ശതമാനവും,  15, 10 വർഷങ്ങളിൽ യഥാക്രമം 6.5 ശതമാനവും, 4.8 ശതമാനവുമാണ്. അതായത്  ഒരു വർഷത്തെ റിയൽ എസ്റ്റേറ്റ് വരുമാനം ഇന്ത്യൻ ഓഹരികളിൽ നിന്ന് നിക്ഷേപകർ നേടിയതിന്റെ 50 ശതമാനത്തിലും താഴെയാണ്. കഴിഞ്ഞ 3, 5 വർഷങ്ങളിൽ, റിയൽ എസ്റ്റേറ്റ് വരുമാനം യഥാക്രമം 4.8 ശതമാനവും , 5.2 ശതമാനവും  മാത്രമാണ്.

money-tree

കടപ്പത്രങ്ങളിലെ നേട്ടം

കടപ്പത്ര നിക്ഷേപം  20 വർഷത്തിനുള്ളിൽ 7.2 ശതമാനം ആദായവും 15 വർഷത്തിനുള്ളിൽ 7.5 ശതമാനം ആദായവും നൽകി. ഒരു വർഷത്തിനുള്ളിൽ, ശരാശരി കടപ്പത്ര നിക്ഷേപങ്ങളിൽ നിന്നുള്ള ആദായം 6.5 ശതമാനം  ആണ്. 3, 5 വർഷങ്ങളിൽ, ഈ  നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം യഥാക്രമം 5.5 ശതമാനവും , 6.8 ശതമാനവുമാണ്. 

ചെറു, ഇടത്തരം ഓഹരികൾ

ചെറു, ഇടത്തരം മേഖലകളിലെ ഇന്ത്യൻ ഓഹരികൾ 10 വർഷത്തിനുള്ളിൽ 17 ശതമാനം  മുതൽ 19 ശതമാനം  വരെ റിട്ടേൺ നൽകിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ, ഇവയിൽ നിന്നുള്ള വരുമാനം 33.2 ശതമാനം  മുതൽ 42.2 ശതമാനം  വരെയാണ്.

ചരിത്രപരമായ ആദായം എപ്പോഴും ആവർത്തിക്കുമെന്ന് ഉറപ്പില്ലെങ്കിലും, കഴിഞ്ഞ കാലങ്ങളിലെ ആദായം വിലയിരുത്തി ഓരോരുത്തർക്കും ഉചിതമായ ആസ്തികളിൽ നിക്ഷേപിക്കാനുള്ള തീരുമാനം എടുക്കാം. 

money2
English Summary:

Share, Gold, Real estate Which is Ideal for Long Term Investment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com