വീടുകൾക്കും, ഫ്ളാറ്റുകൾക്കും ഡിമാൻഡ് ഏറുന്നു, റിയൽ എസ്റ്റേറ്റ് ഓഹരികളിൽ കുതിപ്പ്
Mail This Article
വീടുകളുടെയും, ഫ്ളാറ്റുകളുടെയും വിൽപന കൂടിയതും, അറ്റാദായത്തിലെ കുത്തനെയുള്ള ഉയർച്ചയും മൂലം കഴിഞ്ഞ ഒരു വർഷത്തിൽ ഇന്ത്യയിലെ മുൻനിര ലിസ്റ്റഡ് റിയൽ എസ്റ്റേറ്റ് കമ്പനികളുടെ ഓഹരികൾ 50-80 ശതമാനം വരെ ഉയർന്നു. കോവിഡിന് ശേഷം ഇന്ത്യൻ റിയൽ എസ്റ്റേറ്റ് വിപണിയിലെ ഉയർച്ച തുടരുന്നതിനാൽ നിക്ഷേപകർ പ്രോപ്പർട്ടി കമ്പനികളുടെ ഓഹരികളിൽ കൂടുതലായി നിക്ഷേപിച്ചിരുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ ബിഎസ്ഇ റിയാലിറ്റി സൂചിക 53.66 ശതമാനം വളർച്ച രേഖപ്പെടുത്തി. ഇത് ബിഎസ്ഇ സെൻസെക്സിനെക്കാൾ 6.79 ശതമാനം വളർച്ചയാണ് നേടിയത്. കെട്ടിട നിർമാതാക്കൾ അടുത്ത മൂന്ന് വർഷങ്ങളിലേക്ക് ശക്തമായ ഡിമാൻഡ് പ്രതീക്ഷിക്കുന്നുണ്ട്. എങ്ങനെയും സ്വന്തമായി വീട് വേണം എന്ന ചിന്ത, സ്ഥിരമായ ഡിസ്പോസിബിൾ വരുമാനം, ഉചിതമായ വില, അനുകൂലമായ ദീർഘകാല പലിശ നിരക്കുകൾ, ഇന്ത്യൻ സമൂഹത്തിന്റെ റിയൽ എറ്റേറ്റ് നിക്ഷേപങ്ങളോടുള്ള ഇഷ്ടം എന്നിവയെല്ലാം ഈ വളർച്ചയ്ക്ക് ആക്കം കൂട്ടുന്ന ഘടകങ്ങളാണ്. പ്രധാന റിയൽ എസ്റ്റേറ്റ് ഓഹരികളെല്ലാം 30 ശതമാനം വരെ വളരുമെന്നാണ് ഫണ്ട് ഹൗസുകൾ പറയുന്നത്.