ADVERTISEMENT

ഈയാഴ്‌ച പ്രാഥമിക വിപണിയെ സംബന്ധിച്ചിടത്തോളം സംഭവബഹുലമാണ്‌. നിക്ഷേപകര്‍ ഏറെയായി കാത്തിരിക്കുന്ന ടാറ്റാ ടെക്‌നോളജീസിന്റെ പബ്ലിക്‌ ഇഷ്യു ഉള്‍പ്പെടെ ഈയാഴ്‌ച 5 ഐപിഒകളാണ്‌ വിപണിയിലെത്തുന്നത്‌. ഇവ നിക്ഷേപകര്‍ക്ക്‌ ലിസ്റ്റിങ് നേട്ടം നല്‍കാന്‍ സാധ്യതയുണ്ടോ? നിക്ഷേപകർ അറിയേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?

ഐപിഒകള്‍ക്ക്‌ അപേക്ഷിക്കുന്നതിന്‌ മുമ്പ്‌ കമ്പനിയുടെ ബിസിനസും സാമ്പത്തിക നിലയും മാനേജ്‌മെന്റും ഉള്‍പ്പെടെയുള്ള അടിസ്ഥാനപരമായ കാര്യങ്ങള്‍ വിലയിരുത്തേണ്ടതുണ്ട്‌. ലിസ്റ്റിങ് നേട്ടം ലക്ഷ്യമാക്കി അപേക്ഷിക്കുന്ന ഹ്രസ്വകാല നിക്ഷേപകര്‍ ആണെങ്കില്‍ മറ്റൊരു കാര്യം കൂടി പരിഗണിക്കേണ്ടതുണ്ട്‌- ഐപിഒകളുടെ ഗ്രേ മാര്‍ക്കറ്റിലെ പ്രീമിയം.

ഓഹരികള്‍ക്കുള്ള അനൗദ്യോഗികമായ ട്രേഡിങ് പ്ലാറ്റ്‌ഫോമാണ്‌ ഗ്രേ മാര്‍ക്കറ്റ്‌. പൊതുവില്‍ ഗ്രേ മാര്‍ക്കറ്റിലെ വില ലിസ്റ്റിങ് വിലയുടെ സൂചനയായി ആണ്‌ പരിഗണിക്കാറുള്ളത്‌. മികച്ച ലിസ്റ്റിങ് നേട്ടം നല്‍കാന്‍ സാധ്യതയുള്ള ഐപിഒകള്‍ ഗ്രേ മാര്‍ക്കറ്റില്‍ ഉയര്‍ന്ന പ്രീമിയത്തോടെ വ്യാപാരം ചെയ്യുന്നതാണ്‌ കാണാറുള്ളത്‌.

ഗ്രേ മാര്‍ക്കറ്റില്‍ ലഭിക്കുന്ന പ്രീമിയം ഐപിഒയുടെ ലിസ്റ്റിങ് നേട്ടത്തിനുള്ള ഗ്യാരന്റിയാണെന്നൊന്നും പറയാനാകില്ല. അതേ സമയം ഗ്രേ മാര്‍ക്കറ്റില്‍ ഉയര്‍ന്ന പ്രീമിയത്തില്‍ വ്യാപാരം ചെയ്യുന്ന ഓഹരികള്‍ ലിസ്റ്റിങ് നേട്ടം നല്‍കുന്നതാണ്‌ പൊതുവെ കാണാറുള്ള പ്രവണത. ലിസ്റ്റിങ് സമയത്ത്‌ വിപണി പൊടുന്നനെയുള്ള എന്തെങ്കിലും കാരണങ്ങള്‍ മൂലം കനത്ത ഇടിവ്‌ നേരിടുകയാണെങ്കില്‍ അത്‌ ലിസ്റ്റിങ് നേട്ടത്തെയും ബാധിക്കാവുന്നതാണ്‌.

ഈയാഴ്‌ച വിപണിയിലെത്തുന്ന ഐപിഒകള്‍ നിലവില്‍ 10 ശതമാനം മുതല്‍ 70 ശതമാനം വരെ പ്രീമിയത്തോടെയാണ്‌ ഗ്രേ മാര്‍ക്കറ്റില്‍ വ്യാപാരം ചെയ്യുന്നത്‌. ഇത്‌ ഈ ഓഹരികള്‍ നിക്ഷേപകര്‍ക്ക്‌ ലിസ്റ്റിങ് നേട്ടം നല്‍കാന്‍ സാധ്യതയുണ്ടെന്ന സൂചനയാണ്‌ നല്‍കുന്നത്‌.

share16

ഐആര്‍ഇഡിഎ

പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റിന്യൂവബ്‌ള്‍ എനര്‍ജി ഡെവലപ്‌മെന്റ്‌ ഏജന്‍സി (ഐആര്‍ഇഡിഎ)യുടെ ഐപിഒ ആണ്‌ ഈയാഴ്‌ച ആദ്യമെത്തുന്നത്‌. ഐപിഒ നവംബര്‍ 21 മുതല്‍ 23 വരെ നടക്കും.

കഴിഞ്ഞ വര്‍ഷം മെയില്‍ നടന്ന എല്‍ഐസിയുടെ ഐപിഒക്കു ശേഷം ഒരു പൊതുമേഖലാ കമ്പനിയുടെ ആദ്യത്തെ പബ്ലിക്‌ ഇഷ്യു ആണിത്‌. 30-32 രൂപയാണ്‌ ഓഫര്‍ വില.

നിലവില്‍ എട്ട്‌ രൂപ പ്രീമിയത്തോടെയാണ്‌ ഐആര്‍ഇഡിഎയുടെ ഓഹരി ഗ്രേ മാര്‍ക്കറ്റില്‍ വ്യാപാരം ചെയ്യുന്നത്‌. ഇത്‌ ഉയര്‍ന്ന ഓഫര്‍ വിലയുടെ 26 ശതമാനമാണ്‌.

ടാറ്റാ ടെക്‌നോളജീസ്‌

ടാറ്റാ ടെക്‌നോളജീസിന്റെ ഐപിഒ നവംബര്‍ 22ന്‌ ആരംഭിക്കും. 24 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. 475-500 രൂപയാണ്‌ ഓഫര്‍ വില.

ഏതാണ്ട്‌ രണ്ട്‌ പതിറ്റാണ്ടുകള്‍ക്കു ശേഷമാണ്‌ ടാറ്റാ ഗ്രൂപ്പില്‍ നിന്ന്‌ ഒരു ഐപിഒ വിപണിയിലെത്തുന്നത്‌. 2004ല്‍ ടിസിഎസ്‌ ആണ്‌ ടാറ്റാ ഗ്രൂപ്പില്‍ നിന്ന്‌ ഏറ്റവുമൊടുവില്‍ ഐപിഒ നടത്തിയത്‌.

ടാറ്റാ ടെക്‌നോളജീസ്‌ ലിസ്റ്റ്‌ ചെയ്‌താല്‍ വന്‍നേട്ടം ലഭിച്ചേക്കുമെന്ന അഭ്യൂഹത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രേ മാര്‍ക്കറ്റില്‍ ഉയര്‍ന്ന പ്രീമിയമാണ്‌ ലഭിക്കുന്നത്‌. 350 രൂപയാണ്‌ ഒടുവിലായി ഈ ഓഹരിക്ക്‌ ലഭിക്കുന്ന ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയം. ഇത്‌ ഉയര്‍ന്ന ഓഫര്‍ വിലയുടെ 70 ശതമാനം വരും. അടുത്തിടെ നടന്ന ഐപിഒകളില്‍ ഏറ്റവും ഉയര്‍ന്ന ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയം ലഭിക്കുന്ന ഐപിഒ ആണ്‌ ഇത്‌.

ഫെഡ്‌ബാങ്ക്‌ ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌

ഫെഡറല്‍ ബാങ്കിന്റെ സബ്‌സിഡറി ആയ ഫെഡ്‌ബാങ്ക്‌ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) നവംബര്‍ 22 മുതല്‍ 24 വരെ നടക്കും.

133-140 രൂപയാണ്‌ ഓഫര്‍ വില. 107 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. സ്വര്‍ണ വായ്‌പ, ഭവന വായ്‌പ, ആസ്‌തി പണയപ്പെടുത്തിയുള്ള വായ്‌പ, ബിസിനസ്‌ ലോണ്‍ തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ്‌ ഫെഡ്‌ബാങ്ക്‌ ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌.

ഈ ഓഹരി നാല്‌ രൂപ പ്രീമിയത്തോടെയാണ്‌ ഗ്രേ മാര്‍ക്കറ്റില്‍ വ്യാപാരം ചെയ്യുന്നത്‌. ഇത്‌ ഉയര്‍ന്ന ഓഫര്‍ വിലയുടെ 10 ശതമാനം വരും.

ഫ്‌ളയര്‍ റൈറ്റിങ് ഇന്‍ഡസ്‌ട്രീസ്‌

പേന ഉല്‍പ്പാദകരായ ഫ്‌ളയര്‍ റൈറ്റിങ് ഇന്‍ഡസ്‌ട്രീസിന്റെ ഐപിഒയും നവംബര്‍ 22 മുതല്‍ 24 വരെയാണ്‌. 238-304 കോടി രൂപയാണ്‌ ഓഫര്‍ വില. 593 കോടി രൂപയാണ്‌ ഐപിഒ വഴി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്‌.

ഈ ഓഹരി 65 രൂപ പ്രീമിയത്തോടെയാണ്‌ ഗ്രേ മാര്‍ക്കറ്റില്‍ വ്യാപാരം ചെയ്യുന്നത്‌. ഇത്‌ ഉയര്‍ന്ന ഓഫര്‍ വിലയുടെ 21 ശതമാനമാണ്‌.

ഗാന്ധാര്‍ ഓയില്‍ റിഫൈനറി

നവംബര്‍ 22 മുതല്‍ 24 വരെ നടക്കുന്ന മറ്റൊരു ഐപിഒയാണ്‌ ഗാന്ധാര്‍ ഓയില്‍ റിഫൈനറി. സ്‌പെഷ്യാലിറ്റി ഓയിലുകളുടെ ഉല്‍പ്പാദകരായ ഗാന്ധാര്‍ ഓയില്‍ റിഫൈനറി 500 കോടി രൂപ സമാഹരിക്കാനാണ്‌ പബ്ലിക്‌ ഇഷ്യു നടത്തുന്നത്‌. 160-169 രൂപയാണ്‌ ഇഷ്യു വില.

ഗാന്ധാര്‍ ഓയില്‍ റിഫൈനറിയുടെ ഓഹരി നിലവില്‍ 50 രൂപ പ്രീമിയത്തോടെയാണ്‌ ഗ്രേ മാര്‍ക്കറ്റില്‍ വ്യാപാരം ചെയ്യുന്നത്‌. ഇത്‌ ഉയര്‍ന്ന ഓഫര്‍ വിലയുടെ 30 ശതമാനം വരും.

ലേഖകന്‍ ഹെഡ്‌ജ്‌ ഗൂപ്പ്‌ ഓഫ്‌ കമ്പനീസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്‌ടറുമാണ്‌

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Five IPOs in Coming days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com