ADVERTISEMENT

ദശലക്ഷക്കണക്കിന് നിക്ഷേപകരുടെ സമ്പത്തു വര്‍ധിപ്പിച്ച  ആഗോള ഓഹരി വിപണി കുതിപ്പിന് വഴിമരുന്നിട്ട ഫെഡ് തലവന്‍ ജെറോം പോവല്‍ ഈ ഡിസംബറില്‍ സാന്താക്ലോസിന്റെ റോളില്‍ ആണ്. ഈ മാസം ആദ്യം, ഡിസംബര്‍ 4 ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ സെന്‍സെക്‌സ് 1380 പോയിന്റ് കുതിച്ചുയര്‍ന്നിരുന്നു. ഡിസംബര്‍ 14 ലെ ഫെഡിന്റെ സന്ദേശം സെന്‍സെക്‌സില്‍  930 പോയിന്റ്  കൂറ്റന്‍ റാലിക്ക് വഴി തെളിച്ചു. 2023 സന്തോഷകരമായ പര്യവസാനത്തിലേക്കു നീങ്ങുകയാണ്. സുപ്രധാന ചോദ്യം ഇതാണ് : സാന്താ ക്ലോസിന്റെ ഈ വരവ് 2024 ലെ പൊതു തെരഞ്ഞെടുപ്പിനു മുന്നോടിയായി വിപണികളെ പുതിയ ഉയരങ്ങളിലെത്തിക്കുന്ന കുതിപ്പുകളിലേക്കു നയിക്കുമോ ? 

പവല്‍ എന്ന സാന്താക്ലോസ് 

യുഎസ് സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിലേക്കു തള്ളി വിടാതെ വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ ഫെഡ് ഏറെക്കുറെ വിജയിച്ചിട്ടുണ്ട്.   2023 അവസാനത്തോടെ മാന്ദ്യത്തിലേക്കു പതിക്കുമെന്നു വ്യാപകമായി കരുതപ്പെട്ടിരുന്ന യുഎസ് സമ്പദ് വ്യവസ്ഥ ഈ വര്‍ഷം 2.4 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കും എന്ന് ഏതാണ്ടുറപ്പാണ്.  തൊഴിലില്ലായ്മ 3.7 ശതമാനം എന്ന ഭേദപ്പെട്ട നിലയിലാണ്. 11 തവണ പലിശ നിരക്കു വര്‍ധിപ്പിക്കുകയും 22 വര്‍ഷത്തെ ഏറ്റവും കൂടിയ നിരക്കായ 5.25 - 5.5 ലേക്ക് ഉയര്‍ത്തുകയും ചെയ്ത കര്‍ശന പണ നയം അവസാനിച്ചിരിക്കുന്നു. 2024ല്‍ മൂന്നു തവണ പലിശ നിരക്കു കുറയ്ക്കാനും ജൂണ്‍ അവസാനത്തോടെ നിരക്ക് 4.6 ശതമാനത്തിലേക്കു കൊണ്ടു വരാനുമുള്ള സാധ്യത ഫെഡ് ഇപ്പോള്‍ സൂചിപ്പിച്ചിട്ടുണ്ട്. യുഎസിന്റെ 10 വര്‍ഷ ബോണ്ട് യീല്‍ഡ് 4 ശതമാനത്തിലേക്ക് താഴ്ത്തുകയും ഡൗ സൂചിക 512 പോയിന്റ് വര്‍ധനവോടെ  റിക്കാര്‍ഡിലേക്ക് നയിക്കുകയും ചെയ്താണ് വിപണി ഇതിനോടു പ്രതികരിച്ചത്.  മാതൃവിപണിയായ യുഎസിലെ ആഘോഷം ആഗോള തലത്തില്‍ മറ്റു വിപണികളിലേക്ക് വ്യാപിച്ചു.  

Santa

കുതിപ്പിനെ നയിക്കുന്ന ഘടകങ്ങള്‍ 

സെന്‍സെക്‌സിനേയും നിഫ്റ്റിയേയും റിക്കാര്‍ഡിലേക്കുയര്‍ത്തിയ ഇപ്പോഴത്തെ കുതിപ്പിന് പ്രധാനമായും നാലു ചാലക ശക്തികളാണുള്ളത് : 

1. വിപണിയിലേക്കുള്ള ആഭ്യന്തര പണമൊഴുക്ക് ശക്തമായി തുടരുന്നു. മൊത്തം ഡിമാറ്റ് അക്കൗണ്ടുകള്‍ 13 കോടിയായി ; മ്യൂച്വല്‍ ഫണ്ടുകള്‍  കൈകാര്യം ചെയ്യുന്ന ആസ്തി 50 ട്രില്യണ്‍ രൂപയിലെത്തി; പ്രതിമാസ SIP തുക നവംബറില്‍ 17000 കോടി രൂപ കടന്നു. ഇത് വിപണിയുടെ കുതിപ്പിനു ശക്തിയേകി.  

2. യുഎസ് ബോണ്ട് യീല്‍ഡിലുണ്ടായ ശക്തമായ തിരുത്തല്‍ വില്‍ക്കുന്നതിനു പകരം വിദേശ നിക്ഷേപകരെ വാങ്ങുന്നവരാക്കി. ഇത് കുതിപ്പിനെ സഹായിച്ചു. വരാനിരിക്കുന്ന നാളുകളിലും  വിദേശ നിക്ഷേപങ്ങള്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കും. 

global-share5

3. സംസ്ഥാന തെരഞ്ഞെടുപ്പു ഫലങ്ങള്‍ 2024ലെ പൊതു തെരഞ്ഞെടുപ്പിനു ശേഷം രാഷ്ട്രീയ സ്ഥിരതയുണ്ടാകുമെന്നാണ് സൂചിപ്പിക്കുന്നത്. രാഷ്ട്രീയ സ്ഥിരതയും വിപണി സൗഹൃദമായ പരിഷ്‌കാരങ്ങളിലൂന്നിയ സര്‍ക്കാരുമാണ് വിപണിക്കു താല്‍പര്യം.  

4. സമ്പദ് വ്യവസ്ഥ മികച്ച പ്രകടനം കാഴ്ച വെക്കുന്നു, 2024 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 7.6 ശതമാനമായി ഉയര്‍ന്നത് ശുഭാപ്തി വിശ്വാസികളെപ്പോലും അതിശയിപ്പിച്ചു.  2024 സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ച 7 ശതമാനം  ആകുമെന്നാണ് ഇപ്പോഴത്തെ അനുമാനം. കമ്പനികളുടെ ലാഭ വര്‍ധനയും മികച്ചതാണ്.  ഈ അനുകൂല ഘടകങ്ങള്‍ വിപണിയിലെ കുതിപ്പു നിലനിര്‍ത്താന്‍ പര്യാപ്തമാണ്. 

global-share6

തെരഞ്ഞെടുപ്പിനു മുന്നോടിയായ കുതിപ്പ് ? 

വിപണിയെന്നാല്‍ പ്രതീക്ഷകളാണ്. 1999 മുതല്‍ 2019 വരെ കഴിഞ്ഞ അഞ്ചു പൊതു തെരഞ്ഞെടുപ്പുകളിലും വിപണി തെരഞ്ഞടുപ്പിനു മുന്നോടിയായി നടത്തിയ കുതിപ്പില്‍ 3 മുതല്‍ 36 ശതമാനം വരെ നേട്ടം  നല്‍കിയിട്ടുണ്ട്.  ഇത്തവണയും തെരഞ്ഞെടുപ്പിനു മുന്നോടിയായ കുതിപ്പിന് അനുകൂലമാണ് കാര്യങ്ങള്‍. ഒരു പക്ഷേ, അതാരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.  

വാല്യുവേഷനെക്കുറിച്ചുള്ള ആശങ്കകള്‍

നല്ല വാര്‍ത്തകളുടെ പെരുമഴയോട് വിപണി ശക്തമായി പ്രതികരിക്കുന്നു.  എല്ലാ സദ് വാര്‍ത്തകളും ഒട്ടും വൈകാതെ വിലയില്‍ പ്രതിഫലിക്കുകയും ചെയ്യും. കുതിപ്പ് ഇപ്പോള്‍ തന്നെ വാല്യുവേഷന്‍ ഉയര്‍ത്തിയിട്ടുണ്ടോ?  21000 നിഫ്റ്റി നിലയില്‍  വിപണിയുടെ പിഇ അനുപാതം 21 നു മുകളിലാണ്. (2024 സാമ്പത്തിക വര്‍ഷത്തെ നിഫ്റ്റി ലാഭത്തിന്റെ അടിസ്ഥാനത്തില്‍)  ഇത് കൂടിയ വാല്യുവേഷനാണ് ; ദീര്‍ഘകാല ശരാശരിയേക്കാള്‍ ഉയരത്തില്‍. എന്നാല്‍ വിപണി വൈകാതെ 2025 സാമ്പത്തിക വര്‍ഷത്തെ ലാഭം ഡിസ്‌കൗണ്ട് ചെയ്യാന്‍ തുടങ്ങും. 2025 സാമ്പത്തിക വര്‍ഷം ഇന്ത്യക്ക് 7 ശതമാനം ജിഡിപി വളര്‍ച്ച നേടാന്‍ സാധിക്കുകയും കോര്‍പറേറ്റ് ലാഭം 15 ശതമാനത്തില്‍ കൂടുതലാവുകയും ചെയ്താല്‍ വാല്യുവേഷന്‍ മിതമായ നിരക്കിലായിരിക്കും. എന്നാല്‍ മിഡ് കാപ്, സ്‌മോള്‍ കാപ്  വിഭാഗത്തില്‍ വാല്യുവേഷന്‍ ഏറെ ഉയരത്തിലാണ്. ഇപ്പോള്‍ സുരക്ഷിതത്വം വന്‍കിട ഓഹരികളിലാണ്.  

ശക്തമായ കുതിപ്പില്‍ വില്‍പനയിലൂടെ അല്‍പം ലാഭമെടുക്കാമെങ്കിലും നിക്ഷേപം നിലനിര്‍ത്തുകയാണ് ബുദ്ധി. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 2032 ഓടെ 10 ട്രില്യണ്‍ ഡോളറിന്റെ വിപണി മൂല്യമുള്ള  8 ട്രില്യണ്‍ ഡോളര്‍ ജിഡിപിയിലേക്കാണ് കുതിക്കുന്നത്. വ്യവസ്ഥിത നിക്ഷേപത്തിലൂടെയും  നിക്ഷേപം നിലനിര്‍ത്തിയും സമ്പത്ത് സൃഷ്ടിക്കാനുള്ള അസുലഭമായ  ഈ അവസരം ഉപയോഗിക്കാനാണ് നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ടത്. 

ലേഖകൻ ജിയോജിത്തിന്റെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ് 

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Will the Share Market Rally Continue in New Year Also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com