ADVERTISEMENT

ബുധനാഴ്ചത്തെ അപ്രതീക്ഷിത വീഴ്ചയുടെ ആഘാതത്തിൽ നിന്നും കരകയറിയെങ്കിലും കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ വിപണി നഷ്ടം കുറിച്ചു. ബുധനാഴ്ച 21593 പോയിന്റെന്ന പുതിയ ഉയരം കുറിച്ച ശേഷം ഒരാഴ്ചത്തെ നേട്ടങ്ങൾ കൈവിട്ട നിഫ്റ്റി അവസാനത്തെ രണ്ട് ദിവസങ്ങളിലായി നഷ്ടത്തിൽ പാതി തിരിച്ചു പിടിച്ച് 21349 പോയിന്റിലാണ് വെള്ളിയാഴ്ച ക്ളോസ് ചെയ്തത്. മുൻ ആഴ്ചയിൽ 71483 പോയിന്റിൽ ക്ളോസ് ചെയ്ത സെൻസെക്സ് ബുധനാഴ്ചത്തെ തകർച്ചക്ക് മുൻപ് 71913 എന്ന പുതിയ ഉയരം കുറിച്ച ശേഷം വെള്ളിയാഴ്ച 71106 പോയിന്റിലാണ് ക്ളോസ് ചെയ്തത്. 

വെള്ളിയാഴ്ചത്തെ 2.5% കുതിപ്പോടെ ഇന്ത്യൻ ഐടി സെക്ടർ കഴിഞ്ഞ ആഴ്ച 4% നേട്ടമുണ്ടാക്കിയത് ഇന്ത്യൻ വിപണിക്കും അനുകൂലമായി. പൊതു മേഖലയും, എനർജി, ഫാർമ, എഫ്എംസിജി, മെറ്റൽ സെക്ടറുകളും നേട്ടമുണ്ടാക്കിയപ്പോൾ ബാങ്ക്, റിയൽറ്റി, ഓട്ടോ സെക്ടറുകൾ കഴിഞ്ഞ ആഴ്ചയിൽ നഷ്ടം കുറിച്ചു.  

വരുന്നു മൂന്നാം പാദഫലങ്ങൾ 

ജനുവരി ആദ്യ ആഴ്ചയിൽ തന്നെ ആരംഭിക്കുന്ന മൂന്നാം പാദഫലപ്രഖ്യാപനങ്ങളും ഇന്ത്യൻ വിപണിയുടെ ആവേശം ഇരട്ടിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. റിസൾട്ടുകൾ വരുന്നതിന് മുൻപ് തന്നെ മികച്ച റിസൾട്ട് പ്രതീക്ഷയുള്ള ഓഹരികളിൽ നിക്ഷേപിക്കാനും റിസൾട്ടിന് മുമ്പുള്ള മുന്നേറ്റത്തിൽ തന്നെ ലാഭമെടുക്കാനുമായിരിക്കും ട്രേഡർമാർ ശ്രമിക്കുക. അതിനാൽ വളരെ മികച്ച റിസൾട്ടുകൾ പ്രഖ്യാപിച്ച ഓഹരികൾ പോലും റിസൾട്ടിന് ശേഷം കൺസോളിഡേഷനിലാകുകയോ, ലാഭമെടുക്കലിൽ പെടുകയോ ചെയ്യാറുണ്ടെന്നുള്ളതും ഓർമിക്കാം. 

ഐടി റിസൾട്ടുകൾ ജനുവരി രണ്ടാമത്തെ ആഴ്ച മുതൽ പുറത്ത് വരുന്നത് ഐടി ഓഹരികൾക്കും അനുകൂലമാണ്. ആക്സ്സഞ്ചറിന്റെ റിസൾട്ട് വിപണിയെ ഭയപ്പെടുത്തുന്നതായിരുന്നില്ല എന്നതും ഐടി ഓഹരികൾക്ക് അനുകൂലമാണ്. ഇൻഫോസിസ് ജനുവരി പതിനൊന്നിനും, എച്ച്സിഎൽ ടെക്ക് ജനുവരി പന്ത്രണ്ടിനും, വിപ്രോ പതിമൂന്നിനും റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. എച്ച്ഡിഎഫ്സി ബാങ്ക് ജനുവരി പതിനാറിനും, ഐസിഐസിഐ ബാങ്ക് ജനുവരി ഇരുപതിനും മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിക്കുന്നു. 

ക്രിസ്മസ്-പുതുവത്സര ആലസ്യത്തിലേക്ക് ലോകവിപണി 

usmarket6-Copy

ക്രിസ്മസ് പ്രമാണിച്ച് തിങ്കളാഴ്ച ഇന്ത്യ അടക്കമുള്ള പ്രധാന വിപണികളെല്ലാം അടഞ്ഞു കിടക്കും. യൂറോപ്യൻ വിപണികൾക്ക് ചൊവ്വാഴ്ച ‘’ബോക്സിങ് ഡേ’’ അവധിയാണ്. പുതുവത്സരം പ്രമാണിച്ച് യുകെ, ന്യൂസിലാൻഡ്, ബ്രസീൽ  വിപണികൾക്ക് അടുത്ത വെള്ളിയാഴ്ചയും അവധി തന്നെയാണ്. അവധിയുടെ ആലസ്യങ്ങൾക്കിടയിലുണ്ടാകുന്ന ‘അപ്രതീക്ഷിത’ തിരുത്തലുകൾ മികച്ച ഓഹരികൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള അവസരങ്ങളാക്കാവുന്നതാണ്.  

അമേരിക്കൻ പണപ്പെരുപ്പം വീഴുന്നു 

അമേരിക്കൻ ജിഡിപി വളർച്ച 4.9% കുറിച്ചത് വ്യാഴാഴ്ച അമേരിക്കൻ വിപണിക്ക് മുന്നേറ്റം നൽകിയതിന് പിന്നാലെ വെള്ളിയാഴ്ച വന്ന പിസിഇ ഡേറ്റ പണപ്പെരുപ്പം കൂടുതൽ ക്രമപ്പെടുന്ന സൂചന നൽകിയത് അമേരിക്കൻ വിപണിക്ക് കൂടുതൽ അനുകൂലമായി. ഫെഡ് റിസർവ് തീരുമാനങ്ങളെ കൂടുതൽ സ്വാധീനിക്കുന്ന പണപ്പെരുപ്പ സൂചികയായ പേഴ്സണൽ കൺസംഷൻ എക്സ്പെൻഡിച്ചർ ഡേറ്റ നവംബറിൽ 0.1% കുറവ് രേഖപ്പെടുത്തി 2.6% മാത്രം വളർച്ച കുറിച്ചത് ഫെഡ് നിരക്ക് വർദ്ധന പ്രതീക്ഷിച്ചതിലും നേരത്തെയാക്കിയേക്കുമെന്ന വിപണി പ്രതീക്ഷക്ക് ആക്കം കൂട്ടി. മാർച്ചിൽ തന്നെ ഫെഡ് നിരക്ക് കുറച്ച് തുടങ്ങുമെന്ന് 85% പേരും വിശ്വസിച്ചു തുടങ്ങി.  

കഴിഞ്ഞ ആഴ്ചയും നേട്ടത്തോടെ ക്ളോസ് ചെയ്ത അമേരിക്കൻ സൂചികകൾ തുടർച്ചയായ എട്ടാമത്തെ ആഴ്ചയിലും നേട്ടം കുറിച്ചു. എസ്&പി-500 സൂചിക 2017-ന് ശേഷം ആദ്യമായാണ് തുടർച്ചയായ എട്ട് ആഴ്ചകളിൽ നേട്ടം കുറിക്കുന്നത്. കഴിഞ്ഞ രണ്ട് മാസങ്ങളിലെ മുന്നേറ്റത്തിന്റെ പിൻബലത്തിൽ 2023-ൽ ഇത് വരെ നാസ്ഡാക് 44% മുന്നേറ്റം നേടിയപ്പോൾ എസ്&പി-500 24%വും, ഡൗ ജോൺസ് 10%വും വാർഷിക നേട്ടം കുറിച്ചു കഴിഞ്ഞു.

ലോക വിപണിയിൽ അടുത്ത വാരം 

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ക്രിസ്മസ് അവധിയും വെള്ളിയാഴ്ച പുതുവത്സര അവധിയുടെ തുടക്കവും ലോക വിപണിയെയും ഗ്രസിക്കും. വ്യാഴാഴ്ച വരുന്ന അമേരിക്കൻ ജോബ് ഡേറ്റയും,  ഭവന വില്പന കണക്കുകളും  ചൊവ്വാഴ്ച വരുന്ന ഭവനവിലക്കണക്കുകളും അമേരിക്കൻ വിപണിക്ക് പ്രധാനമാണ്.

stock3-Copy

ബാങ്ക് ഓഫ് ജപ്പാന്റെ കോർ സിപിഐ കണക്കുകളും, സിംഗപ്പൂർ സിപിഐ കണക്കുകളും ചൊവ്വാഴ്ച ഏഷ്യൻ വിപണികളെ സ്വാധീനിച്ചേക്കാം. ബുധനാഴ്ച വരുന്ന ചൈനീസ് വ്യാവസായികലാഭക്കണക്കുകൾ ചൈനീസ് വിപണിക്കും പ്രധാനമാണ്. വ്യാഴാഴ്ചയാണ് കൊറിയൻ സിപിഐ ഡേറ്റയും, കൊറിയയുടെയും, ജപ്പാന്റെയും വ്യവസായികോല്പാദന കണക്കുകളും, റീറ്റെയ്ൽ വില്പനകണക്കുകളും  വരുന്നത്. 

വെള്ളിയാഴ്ച ഇന്ത്യയുടെ ബാലൻസ് ഓഫ് പേയ്മെന്റ് കണക്കുകളും, ധനക്കമ്മിക്കണക്കുകളും പുറത്ത് വരുന്നു. ആർബിഐയുടെ മോനിറ്ററി & ക്രെഡിറ്റ് ഇൻഫോർമേഷൻ റിവ്യൂവും വെള്ളിയാഴ്ചയാണ് വരുന്നത്. 

ഓഹരികളും സെക്ടറുകളും 

∙1885ലെ ടെലിഗ്രാഫ് ബില്ലിന് ബദലായിട്ടുള്ള ടെലികോം ബിൽ രാജ്യസഭയും പാസാക്കി. രാജ്യസുരക്ഷയെ ബാധിക്കുന്ന സാഹചര്യങ്ങളിൽ ടെലികോം മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കാൻ സർക്കാരിന് അധികാരം നൽകുന്ന ബിൽ 2-ജി സ്പെക്ട്രം മോഡലിൽ ലേലമില്ലാതെ സ്പെക്ട്രം വിതരണം നടത്താനും കേന്ദ്ര സർക്കാരിന് അനുമതി നൽകും. 

us-share6-Copy

∙വെള്ളിയാഴ്‌ച വിപ്രോ 7% നേട്ടത്തോടെ ഇക്കൊല്ലത്തെ പുതിയ ഉയരം കുറിച്ചു. നിഫ്റ്റി ഐടി വെള്ളിയാഴ്ചത്തെ 2.3% നേട്ടത്തിന്റെ പിൻബലത്തിൽ കഴിഞ്ഞ ആഴ്ചയിൽ 4.1% നേട്ടം കുറിച്ചു. കഴിഞ്ഞ ഒരു മാസക്കാലത്ത് 10%വും, ആറു  മാസക്കാലയളവിൽ 22%വും നേട്ടമുണ്ടാക്കിയ നിഫ്റ്റി ഐടി അമേരിക്കൻ ഫെഡ് നയങ്ങളുടെയും, റിസൾട്ടുകളുടെയും പിൻബലത്തിൽ പുതിയ റെക്കോർഡ് നിരക്ക് കുറിക്കുമെന്ന് വിപണി പ്രതീക്ഷിക്കുന്നു. 

∙കഴിഞ്ഞ ബുധനാഴ്ചത്തെ അപ്രതീക്ഷിത വീഴ്ചയിലും എച്ച്ഡിഎഫ്സി ബാങ്ക് ഉലയാതെ നിന്നതും, എസ്ബിഐയുടെ മുന്നേറ്റവും ബാങ്കിങ് മേഖലയുടെ പുതിയ മുന്നേറ്റസാധ്യതയുടെ അടയാളങ്ങളായും വിപണി കാണുന്നു. ബാങ്കിങ്, ഫിനാൻഷ്യൽ മേഖലകൾക്കൊപ്പം ഫിൻടെക്ക് ഓഹരികളും മുന്നേറ്റപ്രതീക്ഷയിലാണ്. 

∙ഡിഫൻസ് ഓർഡറുകളുടെ പിൻബലത്തിൽ ഈ സാമ്പത്തിക വർഷത്തിൽ ഇതുവരെ 26,000 കോടി രൂപയുടെ ഓർഡറുകൾ സ്വന്തമാക്കിക്കഴിഞ്ഞ ഭാരത് ഇലക്ട്രോണിക്സ് ദീർഘകാല നിക്ഷേപത്തിന് അനുകൂലമാണ്. ഈ വർഷം 21%-23% മാർജിൻ ഉറപ്പായും പ്രതീക്ഷിക്കുന്ന പൊതുമേഖല റഡാർ കമ്പനി വരും പാദങ്ങളിൽ മികച്ച റിസൾട്ടുകളും പ്രതീക്ഷിക്കുന്നു. അമേരിക്കൻ ഫണ്ട് യൂബിഎസ് ഓഹരിക്ക് 205 രൂപ ലക്‌ഷ്യം ഉറപ്പിക്കുന്നു.

∙ടാറ്റ മോട്ടോഴ്‌സ് ഇലക്ട്രിക് കാറുകൾക്ക് മാത്രമായുള്ള വില്പനശാലകൾക്ക് ഡൽഹിയിൽ തുടക്കമിട്ടു കഴിഞ്ഞത് ഓഹരിക്ക് അനുകൂലമാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 50000ൽ പരം ഇലക്ട്രിക് കാറുകളുടെ വില്പന നടത്തിയ ടാറ്റ മോട്ടോഴ്‌സ് ഇത്തവണ ഇവി വില്പന ഒരു ലക്ഷത്തിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഓഹരിയിലെ അടുത്ത തിരുത്തൽ അവസരമാണ്. 

∙ഇന്ത്യയിൽ ഇത്തവണ വേനൽ കനക്കുമെന്ന കാലാവസ്ഥ സൂചനകൾ എയർകണ്ടീഷൻ, ഫാൻ, കൂളർ മുതലായവയുടെ വില്പനയും ത്വരിതപ്പെടുത്തും. ഏസി, ഇലക്ട്രിക് ഉപകരണ ഓഹരികൾ നിക്ഷേപത്തിന് പരിഗണിക്കാം. 

എയർ കണ്ടീഷൻ ഉപകരണനിർമാതാക്കളായ വോൾട്ടാസ്, ബ്ലൂ സ്റ്റാർ, ആംബർ മുതലായ ഓഹരികൾ ശ്രദ്ധിക്കുക. 

∙ക്രിസ്മസ്-പുതു വത്സര സമയത്ത് ടൂറിസം മേഖലയിലുണ്ടാകുന്ന ഉണർവും, വേനൽക്കാലത്ത് ടൂറിസം സീസണും ഉച്ചസ്ഥായിയിലാകുമെന്നതും കണക്കിലെടുത്ത് ഹോട്ടൽ ടൂറിസം ഓഹരികളും നിക്ഷേപത്തിന്  പരിഗണിക്കാം.  

∙ഇന്ത്യൻ ഹോട്ടൽ, ഷാലെറ്റ് ഹോട്ടൽ, ലെമൺ ട്രീ ഹോട്ടൽ, ഏഷ്യൻ ഹോട്ടൽസ്, സംഹി ഹോട്ടൽ മുതലായവ ഹോട്ടൽ ഓഹരികൾക്കൊപ്പം യാത്ര ഓൺലൈൻ, ഈസി ട്രിപ്പ്, റേറ്റ് ഗെയിൻ മുതലായ ട്രാവൽ ഓഹരികളും ശ്രദ്ധിക്കാം.

∙വിശാഖപട്ടണം രാജ്യാന്തര വിമാനത്താവള നിർമാണത്തിനായി ജിഎംആർ എയർപോർട്സ് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിൽ നാഷണൽ ഇൻവെസ്റ്റ്മെന്റ് & ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് 675 കോടി രൂപയുടെ നിക്ഷേപം നടത്തുന്നത് ഓഹരിക്ക് വെള്ളിയാഴ്ച മുന്നേറ്റം നൽകിയിരുന്നു. നേരത്തെ ഗോവ രാജ്യാന്തര വിമാനത്താവളത്തിനായും എൻഐഐഎഫ് നിക്ഷേപം നടത്തിയിരുന്നു.

Stock-market-Copy

∙ക്രിക്കറ്റ് ലോകകപ്പ് നൽകിയ ആവേശം മൂന്നാം പാദഫലപ്രഖ്യാപനത്തിലും പ്രതിഫലിക്കുമെന്ന ധാരണ സോമാറ്റോക്ക് മുന്നേറ്റം നൽകിക്കഴിഞ്ഞു. കമ്പനി  ഇത്തവണ കൂടുതൽ ലാഭവളർച്ച നേടുമെന്ന് കരുതുന്നു. 

ക്രൂഡ് ഓയിൽ 

വെള്ളിയാഴ്ച നഷ്ടം കുറിച്ചെങ്കിലും ചെങ്കടലിലെ കപ്പലാക്രമണങ്ങളുടെ പിൻബലത്തിൽ തുടർച്ചയായ രണ്ടാമത്തെ ആഴ്ചയിലും ക്രൂഡ് ഓയിൽ നേട്ടം കുറിച്ചു. ഒപെകിൽ നിന്നും അംഗോള പുറത്ത് പോയതും, കൂടുതൽ ഒപെക് അംഗരാജ്യങ്ങൾ ഒപെകിന്റെ എണ്ണ ഉല്പാദനനിയന്ത്രണങ്ങളിൽ അസ്വസ്ഥരാണെന്നതും ക്രൂഡിന് ക്ഷീണമാണ്. 79 ഡോളറിൽ വ്യാപാരം തുടരുന്ന ബ്രെന്റ് ക്രൂഡ് ഓയിലിന് ഡോളറിന്റെ വീഴ്ച അനുകൂലമാണ്.

സ്വർണം 

ഡോളറും ഒപ്പം ബോണ്ട് യീൽഡും ക്രമപ്പെടുന്നത് രാജ്യാന്തര സ്വർണവിലയിലും മുന്നേറ്റം നൽകി. വെള്ളിയാഴ്ച മാത്രം 13 ഡോളർ മുന്നേറിയ സ്വർണം 2064 ഡോളറിലാണ് വ്യാപാരം തുടരുന്നത്. 

ഐപിഓ 

ഹിമാചൽ ആസ്ഥാനമായ ഫാർമ കോൺട്രാക്ട് മാനുഫാക്ച്ചറിങ് കമ്പനിയായ ഇന്നോവ ക്യാപ്ടാബ് ലിമിറ്റഡിന്റെ വ്യാഴാഴ്ച ആരംഭിച്ച ഐപിഓ ചൊവ്വാഴ്ച അവസാനിക്കും. ഓഹരിയുടെ ഐപിഓ വിലനിരക്ക്  426-448 രൂപയാണ്. 

ചൊവ്വാഴ്ചയാണ് മുത്തൂറ്റ് മൈക്രോഫിൻ, മോടിസൺസ് ജ്വല്ലറി, സൂരജ് എസ്റ്റേറ്റ്സ് എന്നീ ഓഹരികള്‍ ലിസ്റ്റ് ചെയ്യപ്പെടുക.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Global share Market is Positive on 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com