'കറുത്ത ജനുവരി ' ഇത്തവണയും ഉണ്ടാകുമോ?
Mail This Article
വർഷങ്ങളായി ജനുവരി മാസം ഓഹരി വിലകൾ ഇടിയുന്ന ഒരു പ്രതിഭാസം ഇന്ത്യൻ വിപണിയിൽ ഉണ്ടാകാറുണ്ടെന്ന കാര്യം അനലിസ്റ്റുകൾ ഓർമിപ്പിക്കുന്നു. ക്രിസ്മസ് ആലസ്യവും, പുതുവർഷ ആഘോഷങ്ങളും പ്രമാണിച്ച് നിക്ഷേപകർ ഓഹരി വിപണിയിൽ നിന്ന് മാറി നിൽക്കുന്ന സ്ഥിതി വിശേഷം എല്ലാ വർഷവും ആവർത്തിക്കാറുണ്ട്.
'നെഗറ്റീവ് നിഫ്റ്റി'
ക്യാപിറ്റൽ മൈൻഡ് ശേഖരിച്ച സ്ഥിതി വിവര കണക്കുകളുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ 2000 ത്തിനും, 2023 നും ഇടയിൽ നിഫ്റ്റി 50 ജനുവരി മാസങ്ങളിൽ നെഗറ്റീവ് ആദായമാണ് നൽകിയിരിക്കുന്നത്. എല്ലാ മാസങ്ങളെയും അപേക്ഷിച്ച് ജനുവരി ഏറ്റവും കുറഞ്ഞ ആദായം നൽകുന്ന മാസമെന്ന ഒരു ദുഷ്പേരും ഉണ്ട്.
ഇതിനിടക്ക് 4 വർഷങ്ങളിൽ മാത്രം ജനുവരിയില്‍ മികച്ച ആദായം നൽകിയിട്ടുണ്ട്. എന്നാൽ ആ വർഷങ്ങളിൽ നിഫ്റ്റി നവംബറിലും, ഡിസംബറിലും തളർച്ചയിലായിരുന്നു എന്ന പ്രത്യേകതയുമുണ്ടായിട്ടുണ്ട്. സാധാരണ രീതിയിൽ നവംബർ, ജൂലൈ, ഏപ്രിൽ മാസങ്ങളാണ് ഇന്ത്യൻ ഓഹരി വിപണി ഏറ്റവും ആദായം നൽകുന്ന മാസങ്ങൾ. ഇന്ത്യൻ വിപണി പിടിച്ചാൽ കിട്ടാത്ത രീതിയിൽ ഉയരങ്ങളിലേക്ക് കുതിക്കുമ്പോൾ ഇത്തവണ ജനുവരിയിൽ വില്പന സമ്മർദ്ദം ഉണ്ടാകുമോ എന്ന് കാത്തിരുന്നു കാണാം.