ADVERTISEMENT

രാജ്യാന്തരവിപണി സമ്മർദ്ദങ്ങൾക്കൊപ്പം ചാഞ്ചാടിയ ഇന്ത്യൻ വിപണി പുതുവർഷ ആഴ്ചയിൽ റെക്കോർഡ് ഉയരങ്ങൾ താണ്ടിയ ശേഷം നഷ്ടമൊഴിവാക്കി ഒരു ഫ്ലാറ്റ് ക്ളോസിങ് നടത്തി. മുൻ ആഴ്ചയിൽ 21731 പോയിന്റിൽ 2023 അവസാനിപ്പിച്ച നിഫ്റ്റി ഈയാഴ്ച 21710 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ മുൻ ആഴ്ചയിൽ 72240 പോയിന്റിൽ ക്ളോസ് ചെയ്ത സെൻസെക്സ് 72026 പോയിന്റിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. 

നാസ്ഡാകിനൊപ്പം വീണ ഐടി സെക്ടറിന്റെ 2.4% വീഴ്‌ച്ചക്കൊപ്പം എച്ച്ഡിഎഫ്സി ബാങ്കിന്റെ തിരുത്തലിൽ ബാങ്ക് നിഫ്റ്റിയും നഷ്ടത്തിലേക്ക് വീണതും ഇന്ത്യൻ വിപണിയുടെ മുന്നേറ്റം തടഞ്ഞു. ശോഭ ലിമിറ്റഡിന്റെ നേതൃത്വത്തിൽ ഇന്ത്യൻ റിയൽറ്റി സെക്ടർ കഴിഞ്ഞ ആഴ്ചയിൽ വമ്പൻ കുതിപ്പ് നടത്തി 8%ൽ കൂടുതൽ മുന്നേറിയപ്പോൾ ഫാർമ സെക്ടർ 3%വും എഫ്എംസിജി 2%വും മുന്നേറ്റം കുറിച്ചു. നിഫ്റ്റി മിഡ് & സ്‌മോൾ ക്യാപ് സെക്ടറുകൾ യഥാക്രമം 3.5%വും, 2.6%വും മുന്നേറ്റവും കഴിഞ്ഞ ആഴ്ചയിൽ കുറിച്ചു.  

വൈബ്രന്റ് ഗുജറാത്ത് &  ടിഎൻ ജിം 

അടുത്ത ആഴ്ചയിൽ നടക്കുന്ന ഗുജറാത്ത് സർക്കാരിന്റെ നിക്ഷേപപ്രഖ്യാപന സംഗമമായ ‘വൈബ്രന്റ് ഗുജറാത്ത്’ നിക്ഷേപസംഗമത്തിന് മുന്നോടിയായി എട്ട് ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപങ്ങൾക്ക് ധാരണയായി കഴിഞ്ഞു എന്ന സൂചന വിപണിക്കും അനുകൂലമാണ്. ഇലോൺ മസ്‌ക് അടക്കമുള്ള പ്രമുഖരുടെ സാന്നിദ്ധ്യം നിക്ഷേപ മേളയിൽ ഗുജറാത്ത് വ്യവസായ മന്ത്രി ബൽവന്ത് സിങ് രാജ് പുത്  ഉറപ്പു പറയുന്നത് വിപണിയും പ്രതീക്ഷയോടെ കാണുന്നു. തമിഴ്നാട് സർക്കാരിന്റെ ഗ്ലോബൽ ഇൻവെസ്റ്റേഴ്‌സ് മീറ്റും അഞ്ച് ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപങ്ങളാണ് ലക്ഷ്യമിടുന്നത്. 

bul-3-

ശക്തമായ സമ്പദ് വ്യവസ്ഥയും, വളരുന്ന അടിസ്‌ഥാനസൗകര്യങ്ങളും, പിഎൽഐ സ്‌കീം പോലുള്ള പ്രോത്സാഹനങ്ങളും, ലോകത്തെവിടെയും ലഭ്യമാകാത്ത നികുതി ആനുകൂല്യങ്ങളും ഇന്ത്യയിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കുമെന്നത് ഇന്ത്യൻ വിപണിക്കും അനുകൂലമാണ്. 

അമേരിക്കൻ തൊഴിൽ മുന്നേറ്റം 

അമേരിക്കൻ ഫെഡ് റിസർവ് നിരക്ക് വർധന നിർത്തിയതിനൊപ്പം, അടുത്ത് തന്നെ നിരക്കുകൾ കുറയ്ക്കാൻ നിർബന്ധിതരാകുമെന്ന പ്രതീക്ഷയും അമേരിക്കൻ വിപണിക്കൊപ്പം, ലോക വിപണിക്കും 2023ന്റെ അവസാന ആഴ്ചകളിൽ മുന്നേറ്റം നൽകി. എന്നാൽ കഴിഞ്ഞ ഫെഡ് യോഗത്തിന്റെ മിനുട്സിൽ ഫെഡ് നിരക്ക് കുറക്കുന്നത് 2024ലിന്റെ അവസാനത്തിലെ ഉണ്ടാകൂ എന്ന സൂചനയും, പിന്നീട് വന്ന മികച്ച അമേരിക്കൻ തൊഴിൽ വിവരകണക്കുകൾ പണപ്പെരുപ്പം അത്ര പെട്ടെന്ന് കുറയാനനുവദിച്ചേക്കില്ല എന്ന സൂചന നൽകുന്നതും ഫെഡ് തീരുമാനങ്ങളെ സ്വാധീനിക്കുമെന്നത്  അമേരിക്കൻ വിപണിക്കൊപ്പം ലോകവിപണിയെയും കഴിഞ്ഞ ആഴ്ചയിൽ സമ്മർദ്ദത്തിലാക്കി. അമേരിക്കയുടെ നോൺ ഫാം പേറോൾ കണക്കുകൾ പ്രകാരം ഡിസംബറിൽ 216000 ആളുകൾ അമേരിക്കയിൽ പുതുതായി തൊഴിൽ നേടി. എന്നാൽ നവംബറിലിത് 173000 മാത്രമായിരുന്നു. 

ജനുവരി 30,31തീയതികളിലായി നടക്കാനിരിക്കുന്ന 2024ലെ ആദ്യ ഫെഡ് യോഗത്തിന് മുന്നോടിയായി അടുത്ത ആഴ്ച വരുന്ന അമേരിക്കൻ പണപ്പെരുപ്പകണക്കുകൾ അടുത്ത ആഴ്ച വിപണിക്ക് നിർണായകമാണ്. ഫെഡ് മിനുട്സിനെ തുടർന്ന് അമേരിക്കൻ ബോണ്ട് യീൽഡും മുന്നേറിത്തുടങ്ങിയത് നാസ്ഡാക്കിന് കഴിഞ്ഞ ആഴ്ചയിൽ രണ്ടര ശതമാനത്തോളം തിരുത്തൽ നൽകി. അമേരിക്കയുടെ 10വർഷ ബോണ്ട് യീൽഡ് വീണ്ടും 4%ന് മുകളിലെത്തിക്കഴിഞ്ഞു. 

buy-sell

ഓഹരികളും സെക്ടറുകളും 

∙വൈബ്രന്റ് ഗുജറാത്ത്, ടിഎൻ ഗ്ലോബൽ ഇൻവെസ്റ്റേഴ്‌സ് മീറ്റ് എന്നിവയിലൂടെ നിക്ഷേപങ്ങൾ വരുന്നത് വിപണിക്ക് അനുകൂലമാണ്. ഓട്ടോ, ഓട്ടോ ഘടകനിർമാണം, ഇവി, പൊതു മേഖല, റിന്യൂവബിൾ എനർജി, ഇൻഫ്രാ, മാനുഫാക്ച്ചറിങ്, മെറ്റൽ സെക്ടറുകൾ ശ്രദ്ധിക്കുക. 

∙ഒരു വർഷത്തിൽ 100% നേട്ടമുണ്ടാക്കിയ റിയൽറ്റി സെക്ടർ ആഴ്ചയിൽ 9% മുന്നേറ്റം നേടി കുതിപ്പ് തുടരുകയാണ്. വ്യവസായ വൽക്കരണവും നഗരവൽക്കരണവും കൂടുതൽ അവസരങ്ങൾ തുറക്കുന്നതും ഇന്ത്യൻ റിയൽറ്റി സെക്ടറിനെ 2024ൽ വീണ്ടും പുതിയ ഉയരങ്ങൾ നേടാൻ സഹായിക്കുമെന്നും വിപണി കരുതുന്നു. 

∙പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗ്രാമീണമേഖലക്ക് കൂടുതൽ പിന്തുണ നൽകാനിടയുള്ളത് ഫെർട്ടിലൈസർ സെക്ടറിന് പ്രതീക്ഷയാണ്. വളം, കീടനാശിനി, അഗ്രോ ടെക്ക് മേഖലയിൽ കൂടുതൽ സബ്സിഡികൾക്കുള്ള സാധ്യത അതാത് മേഖലകളിലെ ഓഹരികൾക്ക് അനുകൂലമാണ്.  

∙റെക്കോർഡ് നിരക്കിൽ സഞ്ചരിക്കുന്ന ഫാർമ സെക്ടർ കൂടുതൽ മുന്നേറ്റ പ്രതീക്ഷയിലാണ്. മിഡ്& സ്‌മോൾ ക്യാപ് ഫാർമ ഓഹരികൾക്കൊപ്പം മുന്നിര ഫാർമ ഓഹരികളും നിക്ഷേപത്തിന് പരിഗണിക്കാം. 

∙കഴിഞ്ഞ ആഴ്ചയിൽ ഏറ്റവും കൂടുതൽ സമ്മർദ്ദം നേരിട്ട ഐടി സെക്ടർ മുൻനിര ഐടി കമ്പനികളുടെ റിസൾട്ട് പ്രഖ്യാപനത്തിൽ ഈയാഴ്ചയും വിപണിയുടെ ശ്രദ്ധകേന്ദ്രമായിമാറുകയും, വിപണി ചലനങ്ങളെ നിയന്ത്രിക്കുകയും ചെയ്യും. 

∙വേനൽ കടുക്കുന്നത് എയർകണ്ടീഷൻ, കൂളർ, ഫാൻ, ഫ്രിഡ്ജ് മുതലായ കൂളിങ് ഉപകരണങ്ങളുടെ വില്പന വർദ്ധിക്കുന്നത് ഏസി, ഇലക്ട്രിക്കൽ ഓഹരികൾക്ക് അനുകൂലമാണ്. ബ്ലൂസ്റ്റാർ, വോൾട്ടാസ്, ആംബർ, സ്നീഡർ ഇലക്ട്രിക്, ഹാവെൽസ്, ക്രോമ്പ്ടൺ ഗ്രീവ്സ് മുതലായ ഓഹരികൾ ശ്രദ്ധിക്കുക.  

∙ഹിൻഡൻബെർഗ് കേസിൽ സുപ്രീം കോടതിയുടെ നിരീക്ഷണങ്ങൾ അനുകൂലമായ അദാനി കമ്പനികൾ വൈബ്രന്റ് ഗുജറാത്ത് നിക്ഷേപസംഗമത്തിലും നിക്ഷേപങ്ങൾ പ്രഖ്യാപിച്ചേക്കാമെന്നത് ഓഹരികൾക്ക് പ്രതീക്ഷയാണ്. 

global-share3

∙ശോഭ ലിമിറ്റഡ് കഴിഞ്ഞ ആഴ്ചയിൽ 28% മുന്നേറ്റം നേടി റിയൽറ്റി സെക്ടറിനെ മുന്നിൽ നിന്നും നയിച്ചു. ഓഹരി അടുത്ത തിരുത്തലിൽ നിക്ഷേപത്തിന് പരിഗണിക്കാം.

∙ജിയോ ഫൈനാൻസും ബ്ലാക്ക് റോക്കും സംയുക്തമായി മ്യൂച്വൽ ഫണ്ട് ലൈസൻസിന് അപേക്ഷ സമർപ്പിച്ചു കഴിഞ്ഞത് ജിയോ ഫൈനാൻസിന് അനുകൂലമാണ്. ഓഹരി അതി ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാം. 

∙ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്ക് കഴിഞ്ഞ പാദത്തിൽ 27% വായ്പവളർച്ച കുറിച്ചപ്പോൾ എൽ&ടി ഫിനാൻസ് 25%വും, ആർബിഎൽ ബാങ്ക് 20%വും, ബന്ധൻ ബാങ്ക് 18.6%വും ലോൺബുക്ക് വളർച്ച കുറിച്ചു. 

∙കഴിഞ്ഞ വർഷത്തിൽ 140% മുന്നേറിക്കഴിഞ്ഞ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സിന് യൂബിഎസ് 3600 ലക്ഷ്യവില കുറിച്ചത് ഓഹരിക്ക് അനുകൂലമാണ്. 

∙കഴിഞ്ഞ മൂന്ന് പദങ്ങളിലായി 311 ദശലക്ഷം മെട്രിക് ടൺ ചരക്കുകൾ കൈകാര്യം ചെയ്ത അദാനി പോർട്സ് നടപ്പ് സാമ്പത്തിക വർഷത്തിൽ 400 എംഎംടി കാർഗോ ലക്ഷ്യമിടുന്നത് ഓഹരിക്ക് അനുകൂലമാണ്. 

∙പ്രതിരോധ മന്ത്രാലയവുമായി 697 ബോഗി ഓപ്പൺ മിലിറ്ററി വാഗണുകൾ നിർമിക്കാനുള്ള 473 കോടി രൂപയുടെ കരാർ ഒപ്പിട്ടത് ജൂപിറ്റർ വാഗൺ ഓഹരിക്ക് വെള്ളിയാഴ്ച മുന്നേറ്റം നൽകി. ഓഹരി നിക്ഷേപത്തിന് പരിഗണിക്കാം. 

∙പുതിയ ഓർഡറിന്റെ പിൻബലത്തിൽ സുസ്‌ലോൺ എനർജി വെള്ളിയാഴ്ച വീണ്ടും 40 രൂപക്ക് മുകളിലെത്തി. നിക്ഷേപസംഗമങ്ങളിൽ കൂടുതൽ ഹൈബ്രിഡ് ഇലക്ട്രിക് പ്രോജക്റ്റുകൾ പ്രഖ്യാപിക്കപ്പെടാനുള്ള സാധ്യത സുസ്‌ലോണിനും, ഐനോക്സ് വിൻഡിനും പ്രതീക്ഷയാണ്. 

global-share2

റിസൾട്ടുകൾ 

എസ് ജി മാർട്, സ്പെക്ട്രം ഫുഡ്സ്, ഫ്രാക്ലിൻ ഇൻഡസ്ട്രീസ്, ഐഇഎൽ, ജിഡിഎൽ ലീസിങ് മുതലായ കമ്പനികൾ തിങ്കളാഴ്ചയും, ഡെൽറ്റ കോർപ്, ക്രോപ്സ്റ്റാർ അഗ്രോ, ബജെൽ പ്രോജെക്ട്സ്, ആശാപുരി ഗോൾഡ്, റിലയൻസ് ഹോം ഫിനാൻസ് സ്റ്റാൻഡേർഡ് ക്യാപിറ്റൽ മുതലായ കമ്പനികൾ ചൊവ്വാഴ്ചയും റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

ടിസിഎസ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്ക്, വിപ്രോ, ഭാരത് ബിജ്‌ലി, എച്ച്ഡിഎഫ്സി എഎംസി, എച്ച്ഡിഎഫ്സി ലൈഫ്, ബിർള മണി, ജെടിഎൽ ഇൻഡസ്ട്രീസ് മുതലായ കമ്പനികളും അടുത്ത ആഴ്ചയിൽ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.  

ക്രൂഡ് ഓയിൽ 

അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരത്തിലെ വർദ്ധനവും, ഡോളറിന്റെ മുന്നേറ്റവും പ്രതികൂലമായെങ്കിലും മിഡിൽ ഈസ്റ്റിലെയും, ചെങ്കടലിലെയും പ്രശ്നങ്ങൾ കഴിഞ്ഞ ആഴ്ചയിൽ ക്രൂഡ് ഓയിലിനെ നഷ്ടമില്ലാതെ രക്ഷപ്പെടുത്തി. ബ്രെന്റ് ക്രൂഡ് ഓയിൽ വീണ്ടും തിരികെ 78 ഡോളറിലേക്ക് മുന്നേറി.

സ്വർണം 

അമേരിക്കൻ ബോണ്ട് യീൽഡിലെ മുന്നേറ്റം സ്വർണത്തിന്റെയും മുന്നേറ്റം തടസപ്പെടുത്തി. 2050 ഡോളറിൽ തുടരുന്ന രാജ്യാന്തര സ്വർണവിലയെയും അമേരിക്കൻ പണപ്പെരുപ്പക്കണക്കുകളും, തുടർന്ന് വരുന്ന ഫെഡ് തീരുമാനങ്ങളും സ്വാധീനിക്കും.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

∙∙

English Summary:

Share Market is Positive in New Year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com