ADVERTISEMENT

ഇന്ത്യൻ വിപണി ഇന്ന് ലാഭമെടുക്കലിൽ വീണെങ്കിലും രാജ്യാന്തര പിന്തുണയിൽ അവസാന മണിക്കൂറുകളിൽ മുന്നേറി നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. 21448 പോയിന്റ് വരെയിറങ്ങിയ നിഫ്റ്റി 21641 പോയിന്റ് മുന്നേറിയ ശേഷം 73 പോയിന്റ് നേട്ടത്തോടെ 21618 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 271 പോയിന്റുകൾ മുന്നേറിയ സെൻസെക്സ് 71657 പോയിന്റിലും ക്ളോസ് ചെയ്തു. 

അവസാന മണിക്കൂറിലെ റിലയൻസിന്റെ കുതിപ്പാണ് ഇന്ന് ഇന്ത്യൻ വിപണിക്ക് തിരിച്ചു വരവ് നൽകിയത്. ഒരുവേള സകല സെക്ടറുകളിലും നഷ്ടം കാണിച്ച ഇന്ത്യൻ വിപണിയിൽ പൊതു മേഖല, എഫ്എംസിജി സെക്ടറുകളൊഴികെ എല്ലാ സെക്ടറുകളും നേട്ടത്തിലാണ് ക്ളോസ് ചെയ്തത്. ഐടി അരശതമാനം മുന്നേറിയപ്പോൾ മെറ്റൽ സെക്ടർ ഇന്ന് 1% നേട്ടമുണ്ടാക്കി.  

അമേരിക്കൻ പണപ്പെരുപ്പം നാളെ 

ഡിസംബറിലെ അമേരിക്കൻ പണപ്പെരുപ്പക്കണക്കുകൾ നാളെ വരാനിരിക്കെ അമേരിക്കൻ വിപണി ഇന്നലെ ഒരു മിക്സഡ് ക്ളോസിങ് സ്വന്തമാക്കി. അമേരിക്കൻ ബോണ്ട് യീൽഡും, ഡോളറും ഇന്ന് ഏഷ്യൻ സമയത്ത് നേരിയ വില്പന സമ്മർദ്ധം നേരിട്ടത് അമേരിക്കൻ ടെക്ക് ഫ്യൂച്ചറിനും, ഏഷ്യൻ, യൂറോപ്യൻ വിപണികൾക്കും മുന്നേറ്റം നൽകി. അമേരിക്കയുടെ ഏണിങ് സീസണ്‍ ആരംഭിക്കുന്നതും വെള്ളിയാഴ്ച അമേരിക്കൻ ബാങ്കിങ് ഭീമന്മാരുടെയും, ബ്ലാക് റോക്കിന്റെയും അടക്കം റിസൾട്ടുകൾ പുറത്ത് വരുന്നതും അമേരിക്കൻ വിപണിക്ക് നിർണായകമാണ്. 

അമേരിക്കയുടെ ഡിസംബറിലെ റീറ്റെയ്ൽ പണപ്പെരുപ്പം മുൻ മാസത്തിൽ നിന്നും 0.2%വും, 2022 ഡിസംബറിൽ നിന്നും 3.2%വും വളർച്ച നേടിയിട്ടുണ്ടാകാമെന്നാണ് അനുമാനം. നവംബറിൽ സിപി ഐ ഡേറ്റ 3.1% വാർഷിക വളർച്ചയാണ് നേടിയിരുന്നത്.   

നയം മാറ്റാതെ ജപ്പാൻ 

ജപ്പാന്റെ കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് ജപ്പാൻ അവരുടെ ‘അൾട്രാ ലൂസ്’ പണനയത്തിൽ നിന്നും പിന്മാറുന്നത് വൈകിയേക്കുമെന്ന സൂചന ഇന്ന് ജാപ്പനീസ് വിപണിക്ക് വൻകുതിപ്പാണ് നൽകിയത്. ജപ്പാന്റെ നിക്കി സൂചിക 2% മുന്നേറ്റത്തോടെ 1990ന് ശേഷം ആദ്യമായി 34000 പോയിന്റും ഇന്ന് കടന്നു. 

ക്രൂഡ് ഓയിൽ 

അമേരിക്കയുടെ എണ്ണശേഖരത്തിൽ കഴിഞ്ഞ ആഴ്ചയിൽ അഞ്ച് ദശലക്ഷത്തിലേറെ ബാരലിന്റെ കുറവ് വന്നിട്ടുണ്ടാകാമെന്ന അനുമാനം ക്രൂഡ് ഓയിലിന് ഇന്ന് ഏഷ്യൻ വിപണി സമയത്ത് മുന്നേറ്റം നൽകിയില്ല. അമേരിക്കൻ പണപ്പെരുപ്പഭീതി എണ്ണവിപണിയിലും വ്യാപിച്ചതോടെ ബ്രെന്റ് ക്രൂഡ് ഓയിൽ 77 ഡോളറിലേക്കിറങ്ങി. ഇന്ന് വരുന്ന അമേരിക്കയുടെ കഴിഞ്ഞ ആഴ്ചയിലെ എണ്ണശേഖരക്കണക്കുകൾ ക്രൂഡ് ഓയിലിനും പ്രധാനമാണ്.

സ്വർണം 

അമേരിക്കയുടെ ബോണ്ട് യീൽഡ് നേരിയ തിരുത്തൽ നേരിട്ടത് ഇന്ന്  സ്വർണത്തിന് അനുകൂലമായി. രാജ്യാന്തര സ്വർണവില 2042 ഡോളറിൽ തന്നെ തുടരുന്നു. ഡോളർ നിരക്കിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങൾ സ്വർണത്തിനും നിർണായകമാണ്.

ഐപിഓ 

ഗുജറാത്ത് ആസ്ഥാനമായ ജ്യോതി സിഎൻസി ഓട്ടോമേഷന്റെ ഐപിഓ ജനുവരി പതിനൊന്നിന് അവസാനിക്കുന്നു. ആയിരം കോടി രൂപ സമാഹരിക്കുന്ന ഓഹരിയുടെ ഐപിഓ വില നിരക്ക് 315 രൂപ മുതൽ 331 രൂപ വരെയാണ്. 

ഐബിഎൽ ഫിനാൻസ് ഐപിഓയും നാളെയാണ് അവസാനിക്കുന്നത്. 51 രൂപ ഐപിഓ വിലയുള്ള ഓഹരിയുടെ ഏറ്റവും കുറഞ്ഞത് 2000 ഓഹരികൾക്ക് അപേക്ഷ സമർപ്പിക്കണം. 

നാളത്തെ റിസൾട്ടുകൾ 

ഇന്ത്യൻ വിപണിയുടെ ഗതി തന്നെ നിർണയിച്ചേക്കാവുന്ന ടിസിഎസ്, ഇൻഫോസിസ് എന്നീ ഐടി ഭീമന്മാരുടെ നാളെ വരുന്ന മൂന്നാം പാദഫലങ്ങൾക്കായി കാത്തിരിക്കുകയാണ് വിപണി. 

എച്ച്ഡിഎഫ്സി എഎംസി, ഗുജറാത്ത് ഹോട്ടൽസ്, പ്ലാസ്റ്റിബ്ലെൻഡ്സ്, ജിടിപിഎൽ ഹാത് വേ, രാജൂ എഞ്ചിനിയേഴ്‌സ്, വിജയ് ടെക്‌സ്‌റ്റൈൽസ്, ഫണ്ട് വൈസർ, ലോങ്ങ് വ്യൂ ടീകമ്പനി, ക്വസർ ഇന്ത്യ, സൊനാലിസ് കൺസ്യൂമർ പ്രോഡക്ട് മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

കുതിച്ചു കയറി കൊച്ചിൻ ഷിപ് യാർഡ് 

ഓഹരി വിഭജനം നടന്ന കൊച്ചിൻ ഷിപ് യാർഡ് ഇന്ന് വൻ കുതിപ്പ് നടത്തി നിക്ഷേപകർക്ക് നേട്ടം നൽകി. ഓഹരി വിഭജനത്തിലൂടെ മുഖവില അഞ്ച് രൂപയായി മാറിയ കൊച്ചിൻ ഷിപ് യാർഡ് 802 രൂപയിൽ അപ്പർ സർക്യൂട്ട് നേടി.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Share Market Closed in Green Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com