ADVERTISEMENT

ഇന്ത്യയിലെ ചിട്ടി ഫണ്ട് മേഖല എത്രത്തോളം വലിയതാണ് എന്നു ചിന്തിച്ചിട്ടുണ്ടോ? ചിട്ടി ഫണ്ട് മേഖലയിൽ എത്ര കമ്പനികള്‍ ഉണ്ടാകും? ഈ മേഖലയെകുറിച്ചുള്ള വിശ്വസനീയമായ ഡാറ്റ എവിടെയാണ് ഉള്ളത്? ഇത്തരം വിവരങ്ങള്‍ അന്വേഷിക്കുമ്പോഴാണ്   രാജ്യത്ത് ഇക്കാര്യത്തില്‍ ഒരു കേന്ദ്ര റഗുലേറ്ററി അതോരിറ്റിയുടെ ആവശ്യകത ബോധ്യപ്പെടുന്നത്. നിലവില്‍ ഇത്തരം ഒരു സംവിധാനം ഇല്ലാത്തതിനാല്‍  മുകളിൽ പറഞ്ഞവയുടെ വിശ്വസനീയമായ ഡാറ്റ കിട്ടുവാന്‍ പ്രയാസമാണ്. കേന്ദ്ര ചിട്ടി ഫണ്ട് നിയമം, (CFA 1982) കഴിഞ്ഞ കുറേ വർഷങ്ങളായി നിലവിലുണ്ടെങ്കിലും, ചിട്ടികൾക്കായി ഒരു കേന്ദ്ര റെഗുലേറ്ററെ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നില്ല എന്നതാണ് സത്യം. CFA 1982 പ്രകാരം ചിട്ടി സ്ഥിതി ചെയ്യുന്ന/നടത്തുന്ന അതത് സംസ്ഥാനങ്ങള്‍ക്കാണ് റഗുലേറ്ററി ഉത്തരവാദിത്വം നൽകിയിട്ടുള്ളത്.

കേന്ദ്രീകൃതമായിട്ടുള്ള ഡാറ്റയുടെ അഭാവത്തിൽ, മറ്റെവിടെയെങ്കിലും ലഭ്യമായ ഡാറ്റയെ ആശ്രയിക്കേണ്ടിവരും. ഓൾ-ഇന്ത്യ അസോസിയേഷൻ ഫോർ ചിറ്റ് ഫണ്ട്സ് നൽകിയ കണക്കുകൾ പ്രകാരം 60,000 കോടി രൂപ മൊത്തം വാർഷിക വിറ്റുവരവുള്ള 45,000 ത്തിലേറെ ചിട്ടി ഫണ്ട് കമ്പനികൾ ഇന്ത്യയില്‍ റജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍,  ഈ ഡാറ്റ പഴയതായിരിക്കാനാണ്  സാധ്യത.  കാരണം സർക്കാർ നടത്തുന്ന KSFE  (ഇന്ത്യയിലെ ഏറ്റവും വലിയ ചിറ്റ് ഫണ്ട്) യുടെ മാത്രം വിറ്റുവരവ് 40,000 കോടി രൂപയാണ്. അസംഘടിത ചിട്ടി ഫണ്ട് വിഭാഗത്തിന്റെ വലുപ്പം നിയന്ത്രിത വിഭാഗത്തിനേക്കാള്‍ മൂന്ന് മടങ്ങ് വലുതായി കണക്കാക്കപ്പെടുന്നുണ്ട്;  അങ്ങനെയെങ്കില്‍ ഇന്ത്യയിലെ ചിട്ടി വിഭാഗത്തിന്‍റെ മൊത്തം വിറ്റുവരവ് 300,000 കോടി രൂപയില്‍ കൂടുതല്‍ ഉണ്ടാകണം.

ചിട്ടിയുടെ ജന്മസ്ഥലം

ഇന്ത്യയിലെ ചിട്ടിയുടെ ജന്മസ്ഥലം എന്നറിയപ്പെടുന്ന തൃശൂർ ജില്ലയിൽ (കേരളം) മാത്രം റജിസ്റ്റർ ചെയ്ത ചിട്ടികൾ 3000-ലധികമാണ്. ഓൾ-കേരള ചിട്ടി ഫണ്ട് അസോസിയേഷന്റെ കണക്കനുസരിച്ച് കേരളത്തിൽ മൊത്തത്തിൽ 5000-ത്തിലധികം റജിസ്റ്റർ ചെയ്ത ചിട്ടി കമ്പനികളുണ്ട്. 

ലോകമെമ്പാടും ഉപയോഗിക്കപ്പെടുന്ന ഒരു സാമ്പത്തിക ഉപകരണമാണ് ചിട്ടി. രാജ്യാന്തര തലത്തിൽ ചിട്ടി, റോസ്ക (റൊട്ടേറ്റിംഗ് സേവിങ്സ് ആൻഡ് ക്രെഡിറ്റ് അസോസിയേഷൻ) എന്നറിയപ്പെടുന്നു. മിഡിൽ ഈസ്റ്റിൽ 'ജമേയ', ദക്ഷിണാഫ്രിക്കയിൽ 'ചിറ്റ',  ഉഗാണ്ടയിൽ 'ചിലേമ്പ',  സിംഗപ്പൂരില്‍ 'ടോണ്‍ടൈൻ' ,മലേഷ്യയിൽ 'കുട്ടു', മൗറീഷ്യസില്‍ 'പൂൾ', സുഡാനിൽ 'ഖട്ട', ജപ്പാനില്‍ 'കോ', ഇന്തോനേഷ്യയില്‍ 'അരിസാൻ', ബഹാമാസില്‍ 'എസു' എന്നിങ്ങനെയാണ് ഇന്ത്യയ്ക്കുവെളിയില്‍ ചിട്ടി അറിയപ്പെടുന്നത്. 

money-gro

ഒരു ചെറിയ കഷണം മടക്കിയ കടലാസ് എന്നർത്ഥം വരുന്ന 'ചിട്ടി' എന്ന ഹിന്ദി വാക്കിൽ നിന്നാണ് നമ്മള്‍ പ്രയോഗിക്കുന്ന ചിട്ടി എന്ന വാക്കുണ്ടായത് എന്നാണ് പറയപ്പെടുന്നത്. ചിറ്റ് എന്ന വാക്ക് നറുക്കിനെയും വിവക്ഷിക്കുന്നു. ഒരു കമ്മ്യൂണിറ്റിയിലോ ഗ്രൂപ്പിലോ ഉള്ള ഒരു അംഗത്തിന്റെ ആവശ്യം നിറവേറ്റുന്നതിനുള്ള ഒരു രീതിയായിരുന്നു ചിറ്റ്. അംഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സമാന ചിന്താ ഗതിക്കാരായ ഒരു കൂട്ടം ആളുകൾ ഒത്തുകൂടും. എല്ലാ അംഗങ്ങൾക്കും തുല്യ അവകാശങ്ങൾ ഉള്ളതിനാൽ, ചിട്ടികളെ അടിസ്ഥാനമാക്കി, (ഓരോ ചിറ്റും ആ ഗ്രൂപ്പിലെ ഒരു അംഗത്തെ പ്രതിനിധീകരിക്കുന്നു) നറുക്ക് വഴിയാണ് ഓരോ അംഗത്തിനുള്ള അവസരം  തീരുമാനിക്കപ്പെടുന്നത്. 

ബാർട്ടർ സമ്പ്രദായത്തിന്റെ കാലത്ത് ധാന്യങ്ങളുടെ ആവശ്യത്തിനു പോലും ചിട്ടിയെ ആശ്രയിച്ചിരുന്നു. അതുകൊണ്ടാണ് CFA, 1982 (സെക്ഷൻ 2 നിർവചനം) ഇപ്പോഴും ധാന്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. കറൻസി സമ്പ്രദായം വികസിച്ചപ്പോൾ, ധാന്യത്തിന് പകരം കറൻസി നിലവിൽ വന്നു, എന്നാൽ ശേഖരിക്കപ്പെട്ട വിഭവങ്ങൾ ചിറ്റ് / ലോട്ട് വഴി അനുവദിക്കുന്ന സമ്പ്രദായം തുടർന്നു. ഈ സംവിധാനം പലപ്പോഴായി പരിഷ്കരിക്കപ്പെട്ടു,  അങ്ങനെ ഇന്നത്തെ രൂപത്തിൽ ഒരു സൂപ്പർ മൈക്രോഫിനാൻസ് ഉപകരണമായി  ചിട്ടി നമ്മുടെ മുമ്പിലെത്തി.

ഇനിയും മുന്നേറാനുണ്ട്

വളരെ മന്ദഗതിയില്‍ വന്ന പരിഷ്ക്കാരങ്ങള്‍ ഇനിയും ഒരുപാടു മുന്നോട്ടു പോകേണ്ടതുണ്ട് എന്നതാണ് വസ്തുത. കേന്ദ്ര ഗവൺമെന്റ് റെഗുലേഷൻ ആണെങ്കിലും, CFA 1982 സംസ്ഥാന സർക്കാരുകൾക്ക്, കേന്ദ്ര നിയന്ത്രണത്തെ പോലും അസാധുവാക്കാൻ കഴിയുന്നതരത്തില്‍, അമിതമായ അധികാരങ്ങൾ നൽകുന്നു. CFA, 1982-ലെ സെക്ഷൻ 87 പ്രകാരം, “സംസ്ഥാന സർക്കാരിന് ഔദ്യോഗിക ഗസറ്റിലെ വിജ്ഞാപനം മുഖേന, ആർ ബി ഐ യുമായി കൂടിയാലോചിച്ച്, വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരിക്കുന്ന നിബന്ധനകൾക്ക് വിധേയമായി ഏതെങ്കിലും വ്യക്തിയെയോ വ്യക്തികളെയോ ഏതെങ്കിലും ചിട്ടിയെയോ പൂര്‍ണ്ണമായോ ഭാഗികമായോ CFA, 1982- ല്‍ നിന്നും ഒഴിവാക്കാം. ആർബിഐക്ക്  ചിട്ടിയെ അനിഷ്ടമായതിനാൽ, സംസ്ഥാന സർക്കാരുകളിൽ നിന്നുള്ള ചിട്ടിയുമായി ബന്ധപ്പെട്ട ഏതൊരു അഭ്യർത്ഥനയും ആർബിഐ അവഗണിക്കാറാണ് പതിവ്. ആയതിനാല്‍ ഇക്കാര്യത്തില്‍ റിസർവ് ബാങ്കുമായുള്ള സംസ്ഥാന സര്‍ക്കാരുകളുടെ യാതൊരു കൂടിയാലോചനയും നടക്കാറില്ല എന്നതാണ് വസ്തുത.

money-grow-2-

എല്ലാ ചിട്ടി ഫണ്ട് കമ്പനികളും സുതാര്യമല്ലാത്ത, വഞ്ചനാപരമായ പദ്ധതികൾ നടത്തുന്നവ അല്ല. പല സംസ്ഥാനങ്ങളിലും, ഗ്രാമീണ മേഖലയിലെ സാമ്പത്തിക ഘടനയുടെ നട്ടെല്ലാണ് ചിട്ടി മേഖല. എന്നിരുന്നാലും, ശാരദ ഗ്രൂപ്പിന്റെയും റോസ് വാലി ഗ്രൂപ്പിന്റെയും പോലുള്ള ചില കമ്പനികളുടെ വഞ്ചനാപരമായ പ്രവർത്തനങ്ങൾ കാരണം ചിട്ടി മേഖലയ്ക്ക് അനാവശ്യമായി വിമർശനങ്ങളുടെ ഭാരം ഏല്‍ക്കേണ്ടിവന്നു. ഈ കമ്പനികള്‍ ഒന്നും തന്നെ CFA, 1982- പ്രകാരം ചിട്ടി നടത്തുന്ന കമ്പനികളായിരുന്നില്ല. അവയില്‍ പലതും നിക്ഷേപം സ്വീകരിക്കുന്ന കമ്പനികളോ നിരോധിക്കപെട്ട മണി സര്‍ക്കുലേഷന്‍ സ്കീമുകള്‍ നടത്തുന്ന കമ്പനികളോ ആയിരുന്നു. 

ഇവിടെ  ഇതുമായി ബന്ധപ്പെട്ട്, ഇന്ത്യയിലെ ചില സംസ്ഥാനങ്ങൾ സ്വീകരിച്ച നിക്ഷേപക സംരക്ഷണ നടപടികളെ പരാമർശിക്കുന്നത് പ്രസക്തമാണ്. ചില നടപടികൾ സ്വീകരിക്കുന്നതിനു പുറമേ, ചിട്ടികൾ നടത്തുന്നതിനായി പൂർണ്ണ ഉടമസ്ഥതയിലുള്ള കമ്പനികൾ സ്ഥാപിക്കാൻ കേരള, കർണാടക എന്നീ രണ്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സർക്കാരുകൾ തുനിഞ്ഞു. ചിട്ടിയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ഫോർമാന്റെ വിശ്വാസ്യത  ആയതിനാല്‍, സർക്കാർ ഉടമസ്ഥത ബിസിനസ്സ് കെട്ടിപ്പടുത്ത് മുന്നേറാന്‍ ഈ കമ്പനികളെ സഹായിച്ചു. അങ്ങനെ, കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള KSFE (സ്ഥാപിതം 1969 ) പ്രതിവർഷം 40000 കോടി രൂപ വിറ്റുവരവുള്ള ചിട്ടി മേഖലയിലെ ലോകത്തിലെതന്നെ ഏറ്റവും വലിയ ചിട്ടി ഫണ്ട് കമ്പനിയായി വളര്‍ന്നു. അതേ സമയം കർണാടക സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ MSIL ചിറ്റ്‌സിന് (2005-ൽ സ്ഥാപിതമായ) പിടിപ്പുകേടു മൂലം 250 കോടി രൂപയുടെ വിറ്റുവരവ് മാത്രമാണ് ലഭിക്കുന്നത്.

സർക്കാർ ഉടമസ്ഥതയിൽ ചില താൽപ്പര്യ വൈരുദ്ധ്യങ്ങളും ഉണ്ട്. KSFE, MSIL ചിട്ടികൾ സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലുള്ളതാണ്.  ഈ കമ്പനികളുടെ റെഗുലേറ്റർമാർ അതാത് സംസ്ഥാന സർക്കാരുകളും ആണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിയന്ത്രിത സ്ഥാപനങ്ങളും ബന്ധപ്പെട്ട നിയന്ത്രകരും ഒന്നുതന്നെയാണ്, ഇത് ആരോപണങ്ങൾക്ക് കാരണമാകുന്നുണ്ട്. ഈ സംസ്ഥാന സര്‍ക്കാരുകൾ, (CFA 1982 ലെ സെക്ഷൻ 87 പ്രകാരം) അവരുടെ ഉടമസ്ഥതയിലുള്ള കമ്പനികൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നു,  ഇത് ചിട്ടി മേഖലയിലെ മറ്റ് കമ്പനികള്‍ക്ക് ലെവൽ പ്ലേയിംഗ് ഫീൽഡ് അസാധ്യമാക്കുന്നു. കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) മുമ്പാകെ ഇത് ചോദ്യം ചെയ്യപ്പെടാം.

അലംഭാവം ഏറെ

ലോകമെമ്പാടുമുള്ള സാമ്പത്തിക മേഖല പൂർണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ചിട്ടി കമ്പനികൾ അവരുടെ പ്രവർത്തനങ്ങൾ (പ്രത്യേകിച്ച് ഫ്രണ്ട് ഓഫീസ്) പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ചിട്ടില്ല. മെച്ചപ്പെടുത്തലുകൾ നടപ്പിലാക്കുന്നതില്‍ റഗുലേറ്റര്‍ അലംഭാവം കാണിക്കുന്നതായി അനുഭവപ്പെടുന്നുണ്ട്. സുതാര്യത, കൃത്യത, വേഗത, അനുസരണം,  എന്നിവയില്‍ ഇത്തരം സാഹചര്യങ്ങളിൽ വളരെ അലംഭാവം കാണപ്പെടുമെന്നത് സ്വാഭാവികമാകും. 

1932-ലെ കൊച്ചിൻ കുറീസ് ആക്ടിനെ അടിസ്ഥാനമാക്കിയുള്ളതാണ് CFA 1982. മാത്രമല്ല, അതിന്റെ പല വിഭാഗങ്ങളും കാലഹരണപ്പെട്ടതായി മാറിയിരിക്കുന്നു. ഇത് കണക്കിലെടുത്ത് 2011-ൽ ധനമന്ത്രാലയം, ആർബിഐ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ, സംസ്ഥാന സർക്കാരുകൾ എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെടുന്ന ഒരു വിദഗ്ധ സമിതിയെ രൂപീകരിച്ചു. നിയന്ത്രണ അവലോകനം കർശനമാക്കൽ, ചിട്ടി ഫണ്ട് കമ്പനികൾക്ക് നിർബന്ധിത റേറ്റിങ്,  സ്വയം നിയന്ത്രിത ബോഡി സൃഷ്ടിക്കൽ, ഉപഭോക്താക്കൾക്ക് ഇൻഷുറൻസ് പരിരക്ഷ, പരാതി പരിഹാര സംവിധാനത്തിന്റെ വികസനം, പണലഭ്യത, അപകടസാധ്യതകൾ പരിഹരിക്കുന്നതിന് ചിട്ടി മേഖലയിലെ കമ്പനികളുടെ സെക്യൂരിറ്റൈസേഷൻ തുടങ്ങിയ പാനൽ-ശുപാർശകൾ പ്രസക്തവും പുരോഗമനപരവുമായിരുന്നു. എന്നിരുന്നാലും, ഈ ശുപാർശകൾ ഒന്നും തന്നെ മുന്നോട്ട് പോയതായി കാണുന്നില്ല.

സൂപ്പർ മൈക്രോഫിനാൻസ് ഉപകരണം

money-give

എന്തുകൊണ്ടാണ് ചിട്ടി ഒരു സൂപ്പർ മൈക്രോഫിനാൻസ് ഉപകരണമായി കണക്കാക്കപ്പെടുന്നത്?  ചിട്ടി ഒരു നിക്ഷേപമായിട്ടാണ് തുടങ്ങുന്നത്. എന്നാൽ ഗ്രൂപ്പിലെ ഓരോ അംഗത്തിനും ഉടൻ തന്നെ ഒരു 'വായ്പയായി' ഇതിനെ മാറ്റാം. അതിനാൽ, നിക്ഷേപവും വായ്പയും സംയോജിപ്പിക്കപ്പെടുന്ന ഒരു ഹൈബ്രിഡ് ഉപകരണമാണ് ചിട്ടി. ഒരു നിക്ഷേപകനെ സംബന്ധിച്ചിടത്തോളം ചിട്ടി ആവർത്തന നിക്ഷേപവുമായി (RD) അല്ലെങ്കിൽ SIP (MF)-യുമായി താരതമ്യപ്പെടുത്താവുന്നതാണ്. എന്നാൽ ചിട്ടി ഈ രണ്ടു ഉപകരണങ്ങളേക്കാള്‍ ഉപകാരപ്രദമാണ്. ഭാവിയില്‍ അടയ്ക്കേണ്ട ഗഡുക്കൾക്കു മേലെയും 'വായ്പ' വാഗ്ദാനം ചെയ്യുന്നതാണ് ചിട്ടി. ആവര്‍ത്തന നിക്ഷേപത്തില്‍ അടച്ചിരിക്കുന്ന തവണകള്‍ക്കനുസൃതമായി മാത്രമേ വായ്പ സാധിക്കുകയുള്ളു. രണ്ടാമതായി ചിട്ടിക്ക് വിപണി-മൂല്യ അപകടസാധ്യതകളൊന്നുമില്ല. എന്നാല്‍ എസ്‌ഐപിയിൽ വിപണി-മൂല്യ അപകട സാധ്യത അനന്തമാണ്. മൂന്നാമതായി,  ചിട്ടിവിളിച്ച്, പണം നേടുന്നത് ഒരു ചിട്ടി വരിക്കാരന്റെ അവകാശമാണ്.  എന്നാല്‍ ബാങ്ക് വായ്പകള്‍ ഒരു അവകാശമായി കിട്ടാറില്ല. നാലാമതായി, ബാങ്ക് വായ്പയുമായി താരതമ്യപ്പെടുത്തുമ്പോൾ ചിട്ടിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ എളുപ്പത്തിൽ ചെയ്യാവുന്നതും സുതാര്യവുമാണ്. അഞ്ചാമതായി, ഒരു ബാങ്ക് വായ്പയുമായി താരതമ്യം ചെയ്യുമ്പോൾ ചിട്ടിയുമായി ബന്ധപ്പെട്ട ചിലവ് വളരെ കുറവാണ്. ശരാശരി ചെലവ് ഏകദേശം 10% ആണ്. അതേസമയം ബാങ്ക് വായ്പകളുടെ വില 12% മുതൽ 15% വരെ വ്യത്യാസപ്പെടുന്നു. ആർബിഐ നിയന്ത്രിത മൈക്രോഫിനാൻസ് കമ്പനികൾ 20%ൽ കൂടുതൽ പലിശ ഈടാക്കുന്നു. അവസാനമായി, ചിട്ടിക്ക് പ്രോസസ്സിംഗ് ഫീസ്, പ്രീപേയ്‌മെന്റ് പിഴ, CERSAI ചാർജ്, ഇൻസ്പെക്ഷൻ ചാർജ്, ലെഡ്ജർ ഫോളിയോ ചാർജുകൾ മുതലായ മറഞ്ഞിരിക്കുന്ന ചിലവുകളില്ല.

സാമ്പത്തിക ഉൾപ്പെടുത്തൽ ഏകീകരിക്കുന്നതിനുള്ള മികച്ച ഉപകരണമാണ് ചിട്ടി. എന്നിട്ടും കേന്ദ്രസർക്കാർ ഈ മേഖലയ്ക്ക് അർഹമായ പ്രാധാന്യം നൽകിയിട്ടില്ല. ഫോർമാൻ കമ്മീഷനിലെ ജിഎസ്ടി കുറയ്ക്കുകയോ നിർത്തലാക്കുകയോ ചെയ്യുമെന്ന് ചിട്ടി മേഖല പ്രതീക്ഷിച്ചപ്പോൾ 12% ആയിരുന്ന ജിഎസ്ടി നിരക്ക് അടുത്തിടെ 18% ആയി ഉയർത്തുകയാണ് ചെയ്തത്. ജിഎസ്ടി ഘടകം ഉപഭോക്താവിൽ നിന്നാണ് ശേഖരിക്കപ്പെടുന്നത്. ആയതിനാല്‍ , ജിഎസ്ടി യിലെ ഏത് വർദ്ധനയും ചിട്ടി-ഉപഭോക്താവിന്റെ ദുരിതം കൂട്ടുകയാണ് ചെയ്യുന്നത്.

നിർഭാഗ്യവശാൽ, ചിട്ടി ഉപഭോക്താക്കളോട് ചിറ്റമ്മ നയമാണ് ആർബിഐയും സ്വീകരിച്ചിരിക്കുന്നത്. ആർബിഐ ചിട്ടികളെ കൈ അകലത്തില്‍ നിർത്തുക മാത്രമല്ല അതിന്റെ വളർച്ചയെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. ഖേദകരമെന്നു പറയട്ടെ, ക്രെഡിറ്റ് സ്കോർ സൗകര്യം (Transunion CIBIL പോലുള്ള ഏജൻസികൾ വിപുലീകരിച്ചത്) ചിട്ടി കമ്പനികൾക്ക് അനുവദനീയമല്ല. കേന്ദ്ര സർക്കാർ തലത്തിൽ (പിഎഫ്ആർഡിഎ, ഐആർഡിഎ മുതലായവയുടെ ചുവട് പിടിച്ച്.) ഒരു പുതിയ റെഗുലേറ്ററി അതോറിറ്റി രൂപീകരിച്ച് ചിട്ടി മേഖലയുടെ പ്രവർത്തനം പൂർണ്ണമായും നവീകരിക്കേണ്ടതുണ്ട്. പഴയ അക്കൌണ്ടിംഗ് സമ്പ്രദായങ്ങളും മാനദണ്ഡങ്ങളും നവീകരിക്കല്‍, എല്ലാ സംസ്ഥാനങ്ങളിലും നടപടിക്രമങ്ങളുടെ (സ്റ്റാമ്പ് ഡ്യൂട്ടി ഉൾപ്പെടെ) ഏകീകരണം,  പേയ്മെന്റ് സിസ്റ്റം ഡിജിറ്റലൈസേഷൻ, പൂര്‍ണ്ണമായ പ്രവര്‍ത്തന സാങ്കേതിക വല്‍ക്കരണം എന്നീ കാര്യങ്ങള്‍ നിര്‍ബന്ധമാക്കുക എന്നതായിരിക്കണം പുതിയ നിയന്ത്രണ സംവിധാനത്തിന്‍റെ ചുമതല. ചിട്ടിയിലെ ഏറ്റവും വലിയ റിസ്ക് ആയ ലിക്വിഡിറ്റി റിസ്ക് ലഘൂകരിക്കാന്‍ ചിട്ടി കമ്പനികൾക്ക് ലിക്വിഡിറ്റി സപ്പോർട്ടിനുള്ള ഒരു വ്യവസ്ഥയും ആലോചിക്കേണ്ടതുണ്ട്. ഈ മേഖലയിലെ എല്ലാ കമ്പനികള്‍ക്കും ഒരു ലെവൽ പ്ലേയിംഗ് ഫീൽഡ് ഉണ്ടായിരിക്കണം. അതിനാൽ CFA 1982-ലെ സെക്ഷൻ 87 റദ്ദാക്കേണ്ടതുണ്ട്.

ലേഖകൻ എസ്.ബി.ഐ റിട്ടയേർഡ് ജനറൽ മാനേജരും കെ.എസ്.എഫ് ഇയുടെ മുൻ മാനേജിങ് ഡയറക്ടറുമാണ്

English Summary:

Know More About Chitty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com