ADVERTISEMENT

ഇന്ത്യയിൽ വലിയ രീതിയിൽ അടിസ്ഥാന വികസന പദ്ധതികൾ നടക്കുന്നതിനാൽ ഇതിനോട് ബന്ധപ്പെട്ട വരുന്ന ഓഹരികളെല്ലാം ഉഷാറിലാണ്. റെയിൽവേ അനുബന്ധ ഓഹരികളും, പോർട്ട്, റോഡ്, ലോജിസ്റ്റിക്സ്, മെട്രോ, പ്രതിരോധ ഓഹരികളും ഉയരുകയാണ്. ഉദാഹരണത്തിന് കൊച്ചിൻ ഷിപ്‌യാർഡിന്റെ ഓഹരി വില ഒരാഴ്ചയിൽ 13 ശതമാനവും, ഒരു മാസത്തിൽ 32 ശതമാനവും, ആറു മാസത്തിൽ 165 ശതമാനവും, കഴിഞ്ഞ ഒരു വർഷത്തിൽ 250 ശതമാനവുമാണ് ഉയർന്നിരിക്കുന്നത്. റെയിൽവേ ഓഹരികൾക്ക് കുതിപ്പ് ഉണ്ടാകുമെന്ന് പറയുമ്പോൾ ഐ ആർ സി ടി സി മാത്രമല്ല റെയിൽവേ അനുബന്ധ ഓഹരികളും പിടിച്ചാൽ കിട്ടാതെ  ഉയരുന്നുണ്ട്. അത്തരം ചില റെയിൽവേ അനുബന്ധ ഓഹരികൾ പരിചയപ്പെടാം.

ഐ ആർ എഫ് സി

ഇന്ത്യൻ റെയിൽവേയുടെ  ഫണ്ടിങ് വിഭാഗമാണ് ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ (IRFC). ഇന്ത്യൻ റെയിൽവേയുടെ സാമ്പത്തിക ആവശ്യങ്ങൾക്കായി ആഭ്യന്തര, വിദേശ വിപണികളിൽ നിന്ന് ഫണ്ട് സ്വരൂപിക്കുന്നതിനായി 1986 ഡിസംബറിൽ കമ്പനി സ്ഥാപിതമായി.  റെയിൽവേ മന്ത്രാലയത്തിന്റെ ഭരണ നിയന്ത്രണത്തിലുള്ള ഒരു ഷെഡ്യൂൾ 'എ' മിനിരത്‌ന പൊതുമേഖലാ സംരംഭമാണ് IRFC.

ഐ ആർ എഫ് സിയുടെ ഓഹരി ഒരാഴ്ചയിൽ 31 ശതമാനവും, കഴിഞ്ഞ ഒരു മാസത്തിൽ 59 ശതമാനവും, ആറു മാസത്തിൽ 385 ശതമാനവുമാണ് ഉയർന്നിരിക്കുന്നത്.

റെയിൽ വികാസ് നിഗം ലിമിറ്റഡ്

ഇന്ത്യൻ റെയിൽവേയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ, മുൻ  പ്രധാനമന്ത്രി വാജ്‌പേയി 2002ൽ ആരംഭിച്ചതാണ് റെയിൽ വികാസ് നിഗം ലിമിറ്റഡ്. RVNL 2003-ന് റെയിൽവേ മന്ത്രാലയത്തിന്റെ (MoR) 100 ശതമാനം ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായി.

RVNL ഓഹരികൾ  ഒരാഴ്ചയിൽ 35 ശതമാനവും, ഒരു മാസത്തിൽ 52 ശതമാനവും ആറ്  മാസത്തിൽ 133 ശതമാനവും, ഒരു വർഷത്തിൽ 262 ശതമാനവുമാണ് ഉയർന്നിരിക്കുന്നത്.

ഇർകോൺ

ഇൻഫ്രാസ്ട്രക്ചർ മേഖലയിലെ നിർമാണ പ്രവർത്തനങ്ങളും  സേവനങ്ങളും ചെയ്യുന്ന  ഒരു പ്രത്യേക കൺസ്ട്രക്ഷൻസ് ഓർഗനൈസേഷനാണ് IRCON. റെയിൽവേ, ഹൈവേ നിർമാണം, EHP സബ്-സ്റ്റേഷൻ (എഞ്ചിനീയറിങ് ആൻഡ് കൺസ്ട്രക്ഷൻസ് എന്നിവയെല്ലാം ഇതിന്റെ പ്രവർത്തന മേഖലയിൽപ്പെടുന്നു.

ഇർകോൺ ഓഹരികൾ ഒരാഴ്ചയിൽ 12 ശതമാനവും, ഒരു മാസത്തിൽ 25 ശതമാനവും, ആറ് മാസത്തിൽ158 ശതമാനവും, ഒരു വർഷത്തിൽ 267 ശതമാനവും ഉയർന്നു.

ജൂപ്പിറ്റർ വാഗൺസ്

ജൂപ്പിറ്റർ വാഗൺസ് ഇന്ത്യയിൽ റെയിൽവേ വാഗണുകൾ, പാസഞ്ചർ കോച്ചുകൾ, വാഗൺ ഘടകങ്ങൾ എന്നിവയുടെ നിർമ്മാണ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നു. ഇതൊരു സർക്കാരിതര കമ്പനിയാണ്.

ജുപിറ്റർ വാഗൺസിന്റെ ഓഹരി ഒരാഴ്ചയിൽ 11 ശതമാനവും, ഒരു മാസത്തിൽ 21 ശതമാനവും, ആറ് മാസത്തിൽ 119 ശതമാനവും കഴിഞ്ഞ ഒരു വർഷത്തിൽ 271  ശതമാനവും  ഉയർന്നു.

ടിറ്റാഗർ  റെയിൽ സിസ്റ്റംസ്

ഇന്ത്യയിലും ഇറ്റലിയിലും ശക്തമായ സാന്നിധ്യമുള്ള ഒരു പ്രമുഖ  മൊബിലിറ്റി സൊല്യൂഷൻ പ്രൊവൈഡറാണ് ടിറ്റാഗർ. സെമി-ഹൈ-സ്പീഡ് ട്രെയിനുകൾ, അർബൻ മെട്രോകൾ, പാസഞ്ചർ കോച്ചുകൾ, പ്രൊപ്പൽഷൻ ഉപകരണങ്ങൾ, സ്പെഷ്യലൈസ്ഡ് ഉൾപ്പെടെയുള്ള വിപുലമായ വാഗണുകൾ എന്നിവയാണ് ഉണ്ടാക്കുന്നത്.

ടിറ്റാഗർ  റെയിൽ സിസ്റ്റംസ് ഓഹരി വില ഒരാഴ്ചയിൽ 6 ശതമാനവും ആറ് മാസത്തിൽ 86 ശതമാനവും, ഒരു വർഷത്തിൽ 136 ശതമാനവും ഉയർച്ച രേഖപ്പെടുത്തി.

ബജറ്റിന് മുൻപ് ഐ ആർ സി ടി സി അടക്കമുള്ള റെയിൽ ഓഹരികൾ ഇനിയും ഉയരുമെന്നാണ് അനലിസ്റ്റുകളുടെ പ്രവചനം. അടിസ്ഥാന വികസന മേഖലയായ റെയിൽവേ വികസനത്തിന് സർക്കാർ ഇനിയും ഊന്നൽ നൽകുമെന്ന പ്രതീക്ഷയും ഓഹരി വിലകൾ ഉയരാൻ കാരണമാണ്.

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖിക തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Railway Shares are Going Up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com