ബജറ്റ് പ്രതീക്ഷയിലേറിയ വിപണി നേട്ടത്തിലവസാനിച്ചു
Mail This Article
ഇന്നും രാജ്യാന്തര വിപണികൾക്കൊപ്പം പതിഞ്ഞ തുടക്കം നേടിയ ഇന്ത്യൻ വിപണി ബാങ്കിങ് ഓഹരികളുടെ മികച്ച പിന്തുണയിൽ തിരിച്ചു കയറി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. നാളത്തെ ബജറ്റ് പ്രഖ്യാപന പ്രതീക്ഷകളും ഇന്ന് വിപണിയെ സ്വാധീനിച്ചപ്പോൾ നിഫ്റ്റി 203 പോയിന്റ് മുന്നേറി 21725 പോയിന്റിലും, സെൻസെക്സ് 612 പോയിന്റ് നേട്ടത്തിൽ 71752 പോയിന്റിലുമാണ് ക്ളോസ് ചെയ്തത്.
എച്ച്ഡിഎഫ്സി ബാങ്കിന്റെയും, എസ്ബിഐയുടെയും പിന്തുണയിൽ ബാങ്ക് നിഫ്റ്റിയും 629 പോയിന്റുകൾ മുന്നേറി 45996 പോയിന്റിലാണ് ക്ളോസ് ചെയ്തത്. പൊതു മേഖല ബാങ്കുകൾ , ഫാർമ, റിയൽറ്റി, ഓട്ടോ സെക്ടറുകൾക്കൊപ്പം നിഫ്റ്റി സ്‌മോൾ ക്യാപ് സെക്ടറും ഇന്ന് 2%ൽ അധികം മുന്നേറ്റം സ്വന്തമാക്കി.
യൂണിയൻ ബജറ്റ് നാളെ
നാളെ പതിനൊന്ന് മണി മുതൽ ധനമന്ത്രി നിർമല സീതാരാമൻ ജൂലൈവരെയുള്ള കേന്ദ്ര സർക്കാരിന്റെ ഇടക്കാലബജറ്റ് അവതരിപ്പിക്കുന്നത് ഇന്ത്യൻ വിപണിയിലും വലിയ ഓളങ്ങൾ സൃഷ്ടിക്കും. ബജറ്റിന്മേലുള്ള ചർച്ചകൾ ഫെബ്രുവരി ഒൻപതിന് പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗത്തോടെ അവസാനിക്കും. 2025 സാമ്പത്തിക വർഷത്തിലെ ഫുൾ ബജറ്റ് അടുത്ത സർക്കാരാണ് അവതരിപ്പിക്കുകയെങ്കിലും ബജറ്റ് പ്രഖ്യാപനങ്ങൾ തെരെഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കൊണ്ടുള്ള ആദ്യ പടിയാണെന്നതിനാൽ ഈ ഇടക്കാല ബജറ്റിന്റെ പ്രാധാന്യം വർദ്ധിക്കും. വളർച്ച ഘടകങ്ങൾക്കൊപ്പം ജനക്ഷേമ ഘടകങ്ങളും മുന്നിട്ട് നിൽക്കുന്ന ബജറ്റാകുമെന്നതിനാൽ വിപണിയും ആശയക്കുഴപ്പത്തിലാണ്.
ബജറ്റ് പ്രതീക്ഷയിൽ മുന്നേറുന്ന സെക്ടറുകളിലും ഓഹരികളിലും ബജറ്റ് പ്രഖ്യാപന ശേഷം ലാഭമെടുക്കലിന് സാധ്യതയുണ്ടെന്നതും നിക്ഷേപകർ കരുതിയിരിക്കണം. എങ്കിലും മാനുഫാക്ച്ചറിങ്, പവർ, ഇൻഫ്രാ, റെയിൽ, മെറ്റൽ, ഇവി, ഇലക്ട്രിക്ക് ബസ്, ബാറ്ററി, ഹൗസിങ്, ഹൗസിങ് ഫിനാൻസ്, ഇറിഗേഷൻ, വളം, അഗ്രോ, കൺസ്യൂമർ, ഫാർമ സെക്ടറുകൾ പ്രതീക്ഷയിലാണ്.
ഫെഡ് തീരുമാനങ്ങൾ ഇന്ന് രാത്രി
ഫെഡ് തീരുമാനങ്ങൾ ഇന്ന് വരാനിരിക്കെ ഇന്നലെ അമേരിക്കൻ വിപണി വീണ്ടും സമ്മിശ്ര ക്ളോസിങ്ങാണ് നടത്തിയത്. ഇന്നലെ അമേരിക്കൻ വിപണിസമയ ശേഷം വന്ന അമേരിക്കൻ ടെക്ക് ഭീമന്മാരായ ഗൂഗിൾ, മൈക്രോ സോഫ്റ്റ്, എഎംഡി എന്നിവയുടെ വിപണി പ്രതീക്ഷക്കൊപ്പമെത്തിയ റിസൾട്ടുകളും ഇന്ന് വിപണിക്കനുകൂലമായേക്കുമെന്ന പ്രതീക്ഷയിലാണ്. ബോണ്ട് യീൽഡിനൊപ്പം അമേരിക്കൻ ഫ്യൂച്ചറുകളും സമ്മർദ്ദത്തിൽ തന്നെയാണ് വ്യാപാരം തുടരുന്നത്. ഏഷ്യൻ വിപണികളുടെയും മിക്സഡ് ക്ളോസിങ്ങിന് പിന്നാലെ യൂറോപ്യൻ വിപണികളും സമ്മർദ്ദത്തിലാണ് വ്യാപാരം തുടരുന്നത്. ചൈനീസ് റിയൽഎസ്റ്റേറ്റ് ഭീമനായ എവെർഗ്രാൻഡിക്കെതിരായ ഹോങ്കോങ് കോടതിയുടെ വിധിക്ക് പിന്നാലെ ചൈനയുടെ ജനുവരിയിലെ മാനുഫാക്ച്ചറിങ് ആക്ടിവിറ്റി മോശമായതും ഏഷ്യൻ വിപണികൾക്ക് പിന്നാലെ യൂറോപ്യൻ വിപണികൾക്കും ഇന്ന് ക്ഷീണമായി.
ഫെഡ് റിസർവ് അടിസ്ഥാന പലിശനിരക്ക് ഇത്തവണ 5.50%ൽ നിന്നും മാറ്റം വരുത്തില്ല എങ്കിലും എന്ന് മുതലാണ് നിരക്കുകൾ കുറച്ചു തുടങ്ങുക എന്നാണ് വിപണി ഉറ്റുനോക്കുന്നത്. ഇന്ന് ഫെഡ് ചെയർമാൻ ജെറോം പവൽ വിപണിക്കായി ഒളിപ്പിച്ചിരിക്കുന്ന അപ്രതീക്ഷിത നീക്കങ്ങൾ തന്നെയാകും വിപണിയുടെ ഗതി നിർണയിക്കുന്ന തുറുപ്പ് ചീട്ടാകുക.
ക്രൂഡ് ഓയിൽ
ഈ മാസത്തിൽ ചൈനയുടെ ഫാക്ടറി ആക്ടിവിറ്റി വീണ്ടും തളർച്ച കാണിച്ചത് ചെങ്കടലിലെ ഹൂതി വിളയാട്ടങ്ങളുടെ പിൻബലത്തിൽ കയറിയ ക്രൂഡ് ഓയിലിന് തിരുത്തൽ നൽകി. ഇന്നത്തെ ഫെഡ് തീരുമാനങ്ങൾ ക്രൂഡ് ഓയിലിന്റെ വിലയേയും സ്വാധീനിക്കും. ബ്രെന്റ് ക്രൂഡ് ഓയിൽ 82 ഡോളറിൽ താഴെ വന്നു.
സ്വർണം
അമേരിക്കൻ ബോണ്ട് യീൽഡ് ഫെഡ് നിരക്ക് പ്രഖ്യാപനത്തിന് മുന്നോടിയായി ഇറങ്ങുന്നത് സ്വർണത്തിന് അനുകൂലമാണ്. വീണ്ടും 2060 ഡോളറിലേക്ക് തിരിച്ചു വന്ന രാജ്യാന്തര സ്വർണ വിലയ്ക്ക് ഇന്നത്തെ ഫെഡ് തീരുമാനങ്ങൾ നിർണായകമാണ്.
നാളത്തെ റിസൾട്ടുകൾ
റൈറ്റ്സ്, അദാനി എന്റർപ്രൈസസ്, ടൈറ്റാൻ, ഇന്ത്യൻ ഹോട്ടൽ, എംഫസിസ്, അബ്ബോട്ട്, പ്രാജ് ഇൻഡസ്ട്രീസ്, പ്രികോൾ, എച്ച്എഫ്സിഎൽ, സിറ്റി യൂണിയൻ ബാങ്ക്, ജുപിറ്റർ വാഗൻസ്, റെയ്മൻഡ്, വി-ഗാർഡ്, ഓറിയന്റ് ഇലക്ട്രിക്, മിണ്ടാ കോർപ്, ഇന്ത്യ സിമന്റ്, ബാറ്റ, ദീപക് ഫെർട്ടിലൈസർ മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
ഐപിഓ
ബിഎൽഎസ്സിന്റെ ഉപകമ്പനിയായ ബിഎൽഎസ് ഇ- സർവീസസിന്റെ ഐപിഓ നാളെ അവസാനിക്കുന്നു. ബാങ്കുകൾക്ക് ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന കമ്പനിയുടെ ഐപിഓ വില 129-135 രൂപയാണ്.
ഗബ്രിയേൽ പെറ്റ്സ് സ്ട്രാപ്സ് എന്ന കമ്പനി ഇന്ന് ആരംഭിച്ച് ഫെബ്രുവരി രണ്ടിന് അവസാനിക്കുന്ന ഐപിഓയിലൂടെ 8 കോടി രൂപയാണ് സമാഹരിക്കുന്നത്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക