റെക്കോർഡ് തകർത്ത് മുന്നേറ്റം, പിന്നെ തിരിച്ചിറങ്ങിയെങ്കിലും നേട്ടത്തിലവസാനിച്ച് ഓഹരി വിപണി
Mail This Article
രാജ്യാന്തര വിപണി പിന്തുണയിൽ മുന്നേറിയ ഐടി സെക്ടറിനൊപ്പം ബാങ്കുകളും, റിലയൻസും മുന്നേറിയപ്പോൾ ഇന്ന് വീണ്ടും റെക്കോർഡ് തകർത്ത ഇന്ത്യൻ വിപണി പിന്നീട് ലാഭമെടുക്കലിൽ തിരിച്ചിറങ്ങി. എങ്കിലും നേട്ടത്തിൽ തന്നെ വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് 22126 പോയിന്റെന്ന പുതിയ റെക്കോർഡ് ഉയരം കുറിച്ച നിഫ്റ്റി 21853 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് ഇന്ന് 73000 പോയിന്റ് കടന്നെങ്കിലും തിരിച്ചിറങ്ങി 72000 പോയിന്റിന് മുകളിലും ക്ളോസ് ചെയ്തു.
റിലയൻസ് ഇന്ന് 3% വരെ മുന്നേറിയപ്പോൾ ഐടി സെക്ടർ 2.18 % മുന്നേറിയത് ഇന്ന് ഇന്ത്യൻ വിപണിക്ക് അനുകൂലമായി. പൊതു മേഖല സെക്ടർ 3% മുന്നേറിയപ്പോൾ പൊതു മേഖല ബാങ്കുകൾ ഇന്ന് 2%വും, എനർജി സെക്ടർ 3.1%വും, മെറ്റൽ സെക്ടർ 2.37%വും മുന്നേറ്റം ഇന്ന് കുറിച്ചു. എച്ച്ഡിഎഫ്സി ബാങ്കും, ആക്സിസ് ബാങ്കും തകർച്ച നേരിട്ടതോടെ ബാങ്ക് നിഫ്റ്റി നേട്ടം കൈവിട്ട് 46000 പോയിന്റിന് താഴേക്കിറങ്ങിയതാണ് ഇന്ന് ഇന്ത്യൻ വിപണിയുടെ നേട്ടത്തിൽ കുറവ് വരാൻ കാരണമായത്.
ബജറ്റിൽ വിപണിക്ക്
ഇന്നലെ ധനമന്ത്രി അവതരിപ്പിച്ച ഇടക്കാല ബജറ്റ് സാമ്പത്തിക വളർച്ച കുതിപ്പിന് തുടർച്ച നൽകുമെന്ന പ്രതീക്ഷയും ഇന്ന് ഇന്ത്യൻ വിപണിയുടെ മുന്നേറ്റത്തിന് അടിത്തറയിട്ടു. ക്യാപെക്സ് പ്രതീക്ഷയിൽ മെറ്റൽ, ഇൻഫ്രാ സെക്ടറുകൾ മുന്നേറ്റം നടത്തിയപ്പോൾ ഏറെ പ്രതീക്ഷിച്ച സിമന്റ് സെക്ടർ മുന്നേറ്റം നേടാതെ പോയി. വിൻഡ് എനർജി സെക്ടറിനെക്കുറിച്ചുള്ള പരാമർശങ്ങൾ വിൻഡ് എനർജി ഓഹരികൾക്ക് ഇന്ന് വലിയ കുതിപ്പ് നൽകി. 12 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സുസ്‌ലോൺ എത്തിയപ്പോൾ, ഐനോക്സ് വിൻഡ് 8%ൽ കൂടുതലും ഇന്ന് മുന്നേറി.
റെയിൽ കോറിഡോറുകളും, റെയിൽ വാഗണുകളുടെ പരിഷ്കരണവുമടക്കമുള്ള റയിൽവേ മേഖലയിലെ പ്രഖ്യാപനങ്ങൾക്കും റെയിൽ ഓഹരികൾക്ക് ഇന്ന് വേണ്ട മുന്നേറ്റം നൽകാനായില്ല. കാർഷിക മേഖല ബജറ്റ് പ്രഖ്യാപനങ്ങളിൽ കൂടുതൽ തവണ പരാമർശ വിധേയമായെങ്കിലും ഓഹരികൾക്കൊന്നും ഇന്ന് നേട്ടമുണ്ടാക്കാനായില്ല. സിമന്റ്, മെറ്റൽ , റെയിൽ, ഇൻഫ്രാ, മാനുഫാക്ച്ചറിങ്, ഹൗസിങ്, സെക്ടറുകൾ വീണ്ടും മുന്നേറ്റ പ്രതീക്ഷയിലാണ്.
ബാങ്കുകളും ബജറ്റും
ബജറ്റിലെ കടമെടുപ്പ് ലക്‌ഷ്യം കഴിഞ്ഞ തവണയിലേതിൽ നിന്നും കുറഞ്ഞത് ഇന്ത്യയുടെ ജി-സെക് ബോണ്ട് യീൽഡിൽ കുറവ് വരുത്തിയത് ഇന്നലെയും ഇന്നും ഇന്ത്യൻ പൊതു മേഖല ബാങ്കുകൾക്ക് മുന്നേറ്റം നൽകി. ബോണ്ട് യീൽഡ് കുറയുന്നത് ബാങ്കുകളുടെ പലിശ വരുമാനവർദ്ധനക്ക് കാരണമാകും.
മാരുതിയുടെ റെക്കോർഡ് വിൽപന
മാരുതി കഴിഞ്ഞ മാസത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ കാർ വില്പന നടത്തി റെക്കോർഡിട്ടു. കഴിഞ്ഞ വർഷം ജനുവരിയിൽ 1,72,535 കാറുകൾ വിറ്റ മാരുതി ഇത്തവണ 199364 കാറുകളുടെ വിൽപ്പനയാണ് നടത്തിയത്.
ടാറ്റ മോട്ടോർസ് കഴിഞ്ഞ മാസത്തിൽ 86125 വാഹനങ്ങളാണ് വില്പന നടത്താനായത്. പുതിയ ഇവികളുടെ വരവോടെയും, ഇ-ബസ് വിൽപനയുടെ പിൻബലത്തിലും ടാറ്റ മോട്ടോർസ് അടുത്ത വർഷം വില്പന വീണ്ടും മികച്ചതാക്കിയേക്കും.
അമേരിക്കൻ ടെക്ക് ഭീമന്മാരുടെ കുതിപ്പ്
ആമസോണിന്റെയും, മെറ്റ പ്ലാറ്റ്‌ഫോമിന്റെയും, ആപ്പിളിന്റെയും വിപണി പ്രതീക്ഷ മറികടന്ന റിസൾട്ടുകളുടെ പിൻബലത്തിൽ ഇന്നലെ കുതിപ്പ് നേടിയ അമേരിക്കൻ വിപണി നോൺ ഫാം പേറോൾ കണക്കുകൾ വരാനിരിക്കെ ഇന്നും മുന്നേറ്റ പ്രതീക്ഷയിലാണ്. അമേരിക്കൻ ഫ്യൂച്ചറുകൾ പോസിറ്റീവ് മേഖലയിലാണ് തുടരുന്നത്. അമേരിക്കൻ ടെക്ക് ഫ്യൂച്ചർ 1%ൽ കൂടുതൽ നേട്ടത്തിലും തുടരുന്നു. അമേരിക്കൻ ബോണ്ട് യീൽഡ് താഴ്ന്ന് നിൽക്കുന്നതും ഇന്ന് അമേരിക്കൻ വിപണിക്ക് അനുകൂലമാണ്.
ഇന്ന് ഏഷ്യൻ വിപണികൾ മിക്സഡ് ക്ളോസിങ് നടത്തിയപ്പോൾ യൂറോപ്യൻ വിപണികൾ ഇന്ന് നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. പണപ്പെരുപ്പം കുറയുന്നതിന്റെ പിൻബലത്തിൽ കൊറിയൻ വിപണി 2.8 % നേട്ടമുണ്ടാക്കിയപ്പോൾ ചൈനീസ് വിപണി വലിയ തകർച്ചയാണ് നേരിട്ടത്.
ക്രൂഡ് ഓയിൽ
ഇസ്രയേലും-ഹമാസും തമ്മിൽ വെടിനിർത്തൽ കരാർ വരൻ പോകുന്നു എന്ന വാർത്ത ക്രൂഡ് ഓയിലിന് ഇന്നലെ തിരുത്തൽ നൽകിയതോടെ ഈ ആഴ്ച ക്രൂഡ് ഓയിൽ വലിയ വീഴ്ചയാണ് നേരിടുന്നത്. ഒപെക് ഉല്പാദനത്തിൽ മാറ്റം കൊണ്ട് വരാതിരുന്നതും ക്രൂഡിന് ക്ഷീണമാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ 79 ഡോളറിലാണ് വ്യാപാരം തുടരുന്നത്.
സ്വർണം
അമേരിക്കൻ ബോണ്ട് യീൽഡിലെ വീഴ്ച സ്വർണത്തിന് ഇന്നും പിന്തുണ നൽകി. 2070 ഡോളറിന് മുകളിൽ തുടരുന്ന സ്വർണത്തിന് ഇന്ന് അമേരിക്കൻ വിപണി സമയത്തിന് മുൻപ് വരാനിരിക്കുന്ന അമേരിക്കൻ നോൺ ഫാം പേറോൾ കണക്കുകൾ ഇന്ന് അമേരിക്കൻ ബോണ്ട് യീൽഡിനും ഒപ്പം രാജ്യാന്തര സ്വർണവിലക്കും പ്രധാനമാണ്.
അടുത്ത ആഴ്ചയിലെ റിസൾട്ടുകൾ
നാളെ എസ്ബിഐ റിസൾട്ട് പ്രഖ്യാപിക്കുന്നു. അപ്പോളോ മൈക്രോ, ഡി-ലിങ്ക്, അഫ്‌ളെ, കിംസ്, ക്ലിയർ സയൻസ്, മിർസ ഇന്റർനാഷണൽ, പാരാമൗണ്ട് കേബിൾ എന്നിവയും നാളെയാണ് റിസൾട്ടുകൾ പ്രഖ്യാപിക്കുന്നത്.
എയർടെൽ, ടാറ്റ കെമിക്കൽ, അശോക് ലെയ്‌ലാൻഡ്, ബജാജ് കൺസ്യൂമർ, ബജാജ് ഇലക്ട്രിക്, വരുൺ ബിവറേജസ്, ഐഡിയ ഫോർജ്, ഓറിയോൺ പ്രൊ, വിആർഎൽ ലോജിസ്റ്റിക്സ് മുതലായ കമ്പനികൾ തിങ്കളാഴ്ചയും റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക