ആദിത്യ ബിര്‍ള പെയിന്റ് ബിസിനസിലേക്ക്, മറ്റ് പെയിന്റ് കമ്പനി ഓഹരികളുടെ നിറം മങ്ങുമോ?
Mail This Article
ആദിത്യ ബിർള ഗ്രൂപ്പ് ബിർള ഓപസ് ബ്രാൻഡിൽ പെയിന്റ് ബിസിനസിലേയ്ക്ക് കടക്കുന്നു. ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർള ഹരിയാന, പഞ്ചാബ്, തമിഴ്‌നാട് എന്നിവിടങ്ങളിലെ മൂന്ന് ബിർള ഓപസ് പെയിന്റ് പ്ലാൻ്റുകൾ ഇന്ന് പാനിപ്പത്ത് പ്ലാൻ്റിൽ നിന്ന് ഉത്ഘാടനം ചെയ്തു. മൂന്ന് പുതിയ പ്ലാൻ്റുകൾ ഉദ്ഘാടനം ചെയ്യുമെന്ന അറിയിപ്പിനെ തുടർന്ന് ഗ്രാസിം ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ ഓഹരികൾ ഇന്ന് ഉയർന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.
പെയിന്റ് വിപണിയിലേക്കുള്ള ബിർളയുടെ കടന്നുകയറ്റം വ്യവസായത്തിലെ ഓഹരിയും മാർജിനുകളും മാറ്റാൻ സാധ്യതയുണ്ടെന്ന് ഓഹരി വിപണിയിലുള്ള ജെഫറീസ് ഒരു വാർത്താ കുറിപ്പിൽ പറഞ്ഞു." രണ്ടാം സ്ഥാനം പിടിക്കാനുള്ള കമ്പനിയുടെ ശ്രമം മറ്റ് പെയിന്റ് കമ്പനികളുടെ ലാഭത്തെ ബാധിക്കാൻ സാധ്യതയുണ്ട്. കുറഞ്ഞ കാലയളവിൽ ഇത്രയും വലിയ നീക്കം നിലവിലുള്ള പെയിൻ്റ് കമ്പനികളിൽ നിന്ന് പോലും കണ്ടിട്ടില്ല. ഇത് പെയിന്റ് മേഖലയിലെ ഓഹരികളിലും മാർജിനുകളിലും പ്രതിഫലിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു," ജെഫറീസ് പറഞ്ഞു.
കഴിഞ്ഞ 12 മാസത്തിനിടെ 35 ശതമാനം വർധനയാണ് ഈ ഓഹരിക്ക് ഉണ്ടായത്. കമ്പനിയെ ട്രാക്ക് ചെയ്യുന്ന 10 അനലിസ്റ്റുകളിൽ എട്ട് പേർ ഗ്രാസിമിന് 'ബൈ' റേറ്റിങ് നൽകുന്നുണ്ട്. ഭാവിയിൽ ഈ ഓഹരി വില കുതിച്ചുയരാൻ സാധ്യതയുണ്ടെന്നാണ് അനലിസ്റ്റുകളുടെ റിപ്പോർട്ട്.