ഇൻഡക്സ് ഫണ്ടുകൾക്കും, ഇടിഎഫ് കൾക്കുമുള്ള നിയമങ്ങളിൽ ഇളവ്
Mail This Article
ഇൻഡക്സ് ഫണ്ടുകളും എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകളും (ഇടിഎഫ്) അവയുടെ ബെഞ്ച്മാർക്ക് സൂചികകൾ പൂർണ്ണമായി പിന്തുടരുന്നുണ്ടെന്ന് ഉറപ്പാക്കാൻ, സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അവയ്‌ക്കുള്ള നിയമങ്ങളിൽ ഇളവ് വരുത്താൻ തീരുമാനിച്ചു. ഇത് പ്രകാരം ഗ്രൂപ്പ് കമ്പനികളിലോ സ്പോൺസർമാരിലോ 25 ശതമാനം വരെ നിക്ഷേപിക്കുന്നതിനുള്ള നിയന്ത്രണം നീക്കാൻ സെബി നിർദ്ദേശിച്ചിട്ടുണ്ട്. അതിനാൽ ഇനി മുതൽ ഇൻഡെക്സ് ഫണ്ടുകൾക്കും ഇടിഎഫുകൾക്കും സ്പോൺസറുടെ ഗ്രൂപ്പ് കമ്പനികളുടെ ലിസ്റ്റ് ചെയ്ത ഓഹരികളിൽ സൂചികകൾ അനുവദിക്കുന്ന പരിധി വരെ നിക്ഷേപിക്കാമെന്ന് സെബി നിർദ്ദേശിച്ചു. ഇത് ഇ ടി എഫുകൾക്കും, ഇൻഡക്സ് ഫണ്ടുകൾക്കും കാര്യങ്ങൾ എളുപ്പമാക്കും. ഒരു സൂചികയെ അടിസ്ഥാനമാക്കിയ നീങ്ങുന്നവയാണ് ഇ ടി എഫുകളും, ഇൻഡക്സ് ഫണ്ടുകളും. ഉദാഹരണത്തിന് പൊതുമേഖലാ ബാങ്കുകളുടെ ഓഹരികളാണ് നമുക്ക് ഇഷ്ടമെങ്കിൽ ഓരോ പൊതുമേഖലാ ബാങ്കുകളുടെ ഓഹരികളിലും നിക്ഷേപിക്കുന്നതിന് പകരം പൊതുമേഖലാ ബാങ്ക് ഇ ടി എഫിൽ നിക്ഷേപിക്കാം. ചെറുകിടക്കാർക്ക് ഒരു ഓഹരിയുടെ വില വ്യത്യാസത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ ഇ ടി എഫുകളും, ഇൻഡക്സ് ഫണ്ടുകളും സഹായിക്കും.