ADVERTISEMENT

ആപ്പിൾ, ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ ടെക് ഭീമന്മാരുടെ ഇടയിലേക്ക് എൻവിഡിയ എന്ന പുതിയ താരോദയം കൂടി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 265 ശതമാനമാണ് ഇവരുടെ ലാഭം ഉയർന്നിരിക്കുന്നത്. ഫെബ്രുവരി 14ന് വിപണി മൂല്യത്തിൽ ആൽഫബെറ്റിനെയും, ആമസോണിനെയും മറികടന്ന എൻവീഡിയ  അമേരിക്കയിലെ മൂന്നാമത്തെ വലിയ കമ്പനിയായി. ഉയർന്ന നിലവാരമുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിപ്പ് വിപണിയുടെ 80 ശതമാനം ഇപ്പോൾ എൻവിഡിയയാണ് നിയന്ത്രിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ രാജാവാണ് ഇപ്പോൾ എൻവിഡിയ. മറ്റ് ടെക് കമ്പനികൾ മനസ്സിൽ കണ്ടത് എൻവിഡിയ മാനത്ത് കണ്ടതാണ് അവരുടെ വിജയ കാരണം.

കുതിച്ചുയരുന്നു ഓഹരി വില

ക്രൊയേഷ്യയിലെ ദ് ഹോട്ടൽ സോണൽ സാഗ്‌രിബിൽ നടന്ന ‘വെന്‍ എഐ മീറ്റ്സ് ക്രിയേഷന്‍’ എന്ന പ്രദർശനത്തിൽനിന്ന്. ആർടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചായിരുന്നു സൃഷ്ടികൾ ഒരുക്കിയത് (Photo by DENIS LOVROVIC / AFP)
ക്രൊയേഷ്യയിലെ ദ് ഹോട്ടൽ സോണൽ സാഗ്‌രിബിൽ നടന്ന ‘വെന്‍ എഐ മീറ്റ്സ് ക്രിയേഷന്‍’ എന്ന പ്രദർശനത്തിൽനിന്ന്. ആർടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചായിരുന്നു സൃഷ്ടികൾ ഒരുക്കിയത് (Photo by DENIS LOVROVIC / AFP)

വമ്പൻ ടെക് കമ്പനികൾക്ക് എൻവിഡിയയുടെ ചിപ്പുകൾ കൂടിയേ തീരു എന്ന അവസ്ഥയിലാണ് ഇപ്പോൾ കാര്യങ്ങൾ. അതുകൊണ്ടുതന്നെ ഇതിന്റെ ഓഹരി വിലകൾ കുതിച്ചുയരുകയാണ്. വമ്പൻ ടെക് കമ്പനികൾ മാത്രമല്ല, പല രാജ്യങ്ങൾക്കും എൻവിഡിയയുടെ ചിപ്പുകൾ ഉപയോഗിച്ച് മാത്രമേ അവരുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയെ വികസിപ്പാക്കാനാകൂ. ടെക് മേഖലയിൽ മാത്രമല്ല ആരോഗ്യം, സാമ്പത്തികം, ഡിഫൻസ്, വിദ്യാഭ്യാസം, സോഷ്യൽ മീഡിയ തുടങ്ങിയ രംഗങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപ്ലവത്തിന് തിരി കൊളുത്തിക്കഴിഞ്ഞതിനാൽ എൻവിഡിയ അതിന്റെ യഥാർത്ഥ വളർച്ച തുടങ്ങിയിട്ടേയുള്ളൂ എന്ന് പറയേണ്ടതായി വരും. ഇന്ത്യയിൽ എൻവിഡിയ സഹകരണം ഉടനെ ഉണ്ടാകും എന്ന വാർത്തകളും ഇപ്പോൾ പുറത്തുവരുന്നുണ്ട്. എൻവിഡിയയുടെ ഓഹരികൾ വാങ്ങാൻ എല്ലാ രാജ്യക്കാരും ശ്രമിക്കുന്നുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

ലാറ്റിനിൽ 'അസൂയ ജനിപ്പിക്കുന്ന' എന്ന അർത്ഥമുള്ള വാക്കിൽ നിന്നാണ് എൻവിഡിയ എന്ന പേരുണ്ടായത്. ഗ്രാഫിക്സ് പ്രോസസിങ് യൂണിറ്റുകൾ (ജിപിയു) രൂപകൽപ്പന ചെയ്യുന്നതിനും നിർമ്മിക്കുന്നതിനും പേരുകേട്ട ഒരു സാങ്കേതിക കമ്പനിയാണ് എൻവിഡിയ കോർപ്പറേഷൻ. ഗെയിമിങ്ങിനായുള്ള പ്രീമിയം ഗ്രാഫിക് ചിപ്പുകൾ ഉണ്ടാക്കിയാണ് എൻവിഡിയ പ്രവർത്തനം തുടങ്ങിയത്. പിന്നീട്  അവർ ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേക്ക് തിരിഞ്ഞു.

എങ്ങനെ എൻവിഡിയ താരമായി

artificial-intelligence

ലോകം ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേക്ക് പോകുമ്പോൾ അതിനു മാത്രമായി ഉപയോഗിക്കാൻ ഉതകുന്ന തരത്തിലുള്ള ചിപ്പുകൾ എൻവീഡിയ ഇറക്കിയതാണ് കമ്പനിക്ക് നേട്ടമായത്. എൻവിഡിയ സ്പെഷ്യലൈസ് ചെയ്ത ചിപ്പുകൾ, “ഡിസ്‌ക്രീറ്റ്  ജിപിയുകൾ" എന്നാണ് അറിയപ്പെടുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്  സോഫ്‌റ്റ്‌വെയർ പ്രോഗ്രാമിങിന് എൻവിഡിയയുടെ ജിപിയു കൂടുതൽ അനുയോജ്യമാണെന്ന് പ്രോഗ്രാമർമാർ മനസിലാക്കിയതിനാൽ വൻഡിമാൻഡ് ആണ് എൻവിഡിയ ചിപ്പുകൾക്ക്. വേണ്ട സമയത്ത് വേണ്ടത് ചെയ്തതാണ് എൻവിഡിയയുടെ വിജയത്തിന് കാരണം. AI ആപ്ലിക്കേഷനുകൾ ഇപ്പോൾ ആശ്രയിക്കുന്ന സാങ്കേതികവിദ്യയ്ക്ക് നേരത്തെ തുടക്കമിട്ടതിനാലാണ് എൻവിഡിയ ജയിച്ചു കയറിയത് എന്ന് ചുരുക്കം. എൻവിഡിയയുടെ പ്രൊഫഷണൽ ലൈനിലുള്ള ജിപിയു, എഡ്ജ്-ടു-ക്ലൗഡ് കമ്പ്യൂട്ടിങിനും സൂപ്പർ കമ്പ്യൂട്ടറുകളിലും വർക്ക്സ്റ്റേഷനുകളിലും ആർക്കിടെക്ചർ, എഞ്ചിനീയറിങ്, കൺസ്ട്രക്ഷൻ, മീഡിയ, വിനോദം, ഓട്ടോമോട്ടീവ്, റിസർച്ച്, നിർമാണം, ഡിസൈൻ തുടങ്ങിയ മേഖലകളിലെ ആപ്ലിക്കേഷനുകൾക്കുമായും  ഉപയോഗിക്കുന്നു. AI സംവിധാനങ്ങൾ പരിശീലിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും നിർണായകമായ ചിപ്പുകൾ എൻവിഡിയ നിർമ്മിക്കുന്നു എന്ന്   മാത്രമല്ല  ചാറ്റ്‌ബോട്ടുകൾ പോലുള്ള ഉപകരണങ്ങൾക്ക് ആവശ്യമായ വലിയ രീതിയിലുള്ള ഡാറ്റ മാനേജ്മെന്റ്  അവർക്ക് വളരെ വേഗത്തിൽ നടപ്പിലാക്കാൻ കഴിയും .  കൂടാതെ വൻകിട ടെക് സ്ഥാപനങ്ങൾ AI മേഖലയിൽ പ്രവർത്തനങ്ങൾ തുടങ്ങുകയും ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയും ചെയ്യുന്നതിനാൽ ഈ പ്രത്യേക ചിപ്പുകളുടെ ആവശ്യം കുതിച്ചുയരുകയാണ്. ആളുകൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ChatGPT പോലുള്ളവ ഇനിയും വരുന്നതോടെ വീണ്ടും എൻവിഡിയ വളരും.

ഈ സാമ്പത്തിക വർഷത്തിൽ എൻവിഡിയയുടെ വരുമാനം 10000കോടി ഡോളറും അടുത്ത സാമ്പത്തിക വർഷത്തിൽ 13000 കോടി ഡോളറും കവിയുമെന്നാണ് വാൾസ്ട്രീറ്റ് വിശകലന വിദഗ്ധരുടെ അഭിപ്രായം. എൻവിഡിയയുടെ ഓഹരി റാലി തുടരുമെന്നും ഇവർ അഭിപ്രായപ്പെടുന്നു.

ഇന്ന് ആമസോൺ, ഗൂഗിൾ, മെറ്റാ, മൈക്രോസോഫ്റ്റ്, ഒറാക്കിൾ എന്നിവയുൾപ്പെടെ എല്ലാ പ്രമുഖ ടെക് കമ്പനികളും എൻവിഡിയ ചിപ്പുകൾ ഉപയോഗിക്കുന്നുണ്ട്.

nvidia1

ഇന്ത്യയുമായി സഹകരണത്തിന് താല്പര്യം

ഇന്ത്യക്ക് വേണ്ടി, ഇന്ത്യ സ്വന്തമായി വികസിപ്പിക്കുന്ന സോവറിൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) നിർമ്മിക്കാൻ സഹായിക്കാമെന്ന് എൻവിഡിയയുടെ  സീനിയർ വൈസ് പ്രസിഡന്റ് ശങ്കർ ത്രിവേദി അടുത്തിടെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. കൂടിക്കാഴ്ചയിൽ ത്രിവേദിയും ചന്ദ്രശേഖറും  AI രംഗത്ത് പങ്കാളിത്തത്തിന്റെ സാധ്യതയുള്ള മേഖലകളെക്കുറിച്ച് ചർച്ച ചെയ്തു.

ഇന്ത്യയിൽ നിന്നും എൻവിഡിയയുടെ ഓഹരി വാങ്ങാമോ?

എൻവിഡിയ ഉണ്ടാക്കുന്ന തരംഗത്തിൽ നിങ്ങൾക്കും പങ്കുചേരണോ? ഇന്ത്യയിൽ നിന്നും അമേരിക്കൻ വിപണിയിൽ നിക്ഷേപിക്കുന്ന മ്യൂച്ചൽ ഫണ്ടുകൾ വഴി നമുക്ക് ഇത് സാധിക്കും. മോത്തിലാൽ ഓസ്വാൾ നാസ്ഡാക്ക് 100 ETF (MOFN100), മിറേ അസറ്റ് NYSE FANG ETF റെഗുലർ പ്ലാൻ, മോത്തിലാൽ ഓസ്വാൾ എസ്&പി 500 ഇൻഡക്സ് ഫണ്ട് ഡയറക്ട് പ്ലാൻ, ഐസിഐസിഐ പ്രുഡൻഷ്യൽ നാസ്ഡാക്ക് 100 ഇൻഡക്സ് ഫണ്ട്- ഡയറക്ട് പ്ലാൻ , Mirae Asset S&P 500 Top 50 ETF  റെഗുലർ പ്ലാൻ എന്നിവ വഴി നമുക്ക് എൻവിഡിയയുടെ റാലിയിൽ പങ്കെടുക്കാൻ സാധിക്കും.

ചുരുക്കി പറഞ്ഞാൽ എൻവിഡിയ ഒരു കമ്പനി അല്ല ഒരു 'വിപ്ലവം' ആണെന്ന് പറയേണ്ടിവരും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എല്ലാ മേഖലയിലും വന്നാൽ പിന്നെ മനുഷ്യർക്ക് ഒരു ജോലിയും ഉണ്ടാകില്ല എന്ന അവസ്ഥയും ഉണ്ടാകുമോ? ഭാവിജോലികൾക്കായി ആരും കോഡിങ് പഠിച്ചൊന്നും സമയം കളയേണ്ടെന്ന് എൻവിഡിയയുടെ സി ഇ ഓ പറഞ്ഞത് ഈ കാര്യം മനസിൽ കണ്ടുകൊണ്ടാണോ?

English Summary:

Nvidia Rise of a Star in AI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com