മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ കാഷ് ഹോള്‍ഡിങ് വര്‍ധിപ്പിക്കുന്നു, നിക്ഷേപകര്‍ ആശങ്കപ്പെടണോ?
Mail This Article
പ്രമുഖ മ്യൂച്വല്‍ ഫണ്ട് കമ്പനികളെല്ലാം അവയുടെ സ്‌മോള്‍ ആന്‍ഡ് മിഡ് കാപ് ഫണ്ടില്‍ കാഷ് ഹോള്‍ഡിങ് വര്‍ധിപ്പിക്കുന്നു. എസ് ബി ഐ സ്മാള്‍ ക്യാപ് ഫണ്ട് 16 ശതമാനമായും എച്ച്ഡിഎഫ്‌സി സ്‌മോള്‍ കാപ് ഫണ്ട് 10 ശതമാനമായും ആണ് കാഷ് ഹോള്‍ഡിങ് വര്‍ധിപ്പിച്ചത്. പല സ്‌മോള്‍ കാപ്, മിഡ് കാപ് ഓഹരികളുടെയും വില ഉയർന്ന നിലയിലെത്തിയതായും അമിത ആത്മവിശ്വാസത്തിന്റെ പുറത്ത് ഈ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതായുമുള്ള വിലയിരുത്തലില്‍ ജാഗ്രത നിര്‍ദേശവുമായി സെബിയും പിന്നീട് ആംഫിയും രംഗത്തുവന്നതിനെ തുടര്‍ന്നാണിത്.
നിക്ഷേപകരുടെ താല്‍പര്യം സംരക്ഷിക്കാന്‍ കര്‍ശനമായ ജാഗ്രത കാട്ടണമെന്നാണ് സെബി നിര്‍ദേശിച്ചിരിക്കുന്നത്. ഇത്തരം ഓഹരികളുടെ വാങ്ങലുകള്‍ മിതമാക്കുക, കൂടുതല്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ റീ ബാലന്‍സിങ് ചെയ്യുക തുടങ്ങിയ നടപടികളിലേക്ക് കടന്നിരിക്കുകയാണ് മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഫണ്ടുകള്‍.
എന്താണ് കാഷ് ഹോൾഡിങ്?
മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ അവയുടെ മൊത്തം നിക്ഷേപ പോര്‍ട്‌ഫോളിയോയുടെ 5 ശതമാനം വരെ ഒരിടത്തും നിക്ഷേപിക്കാതെ സാധാരണ പണമായി കയ്യില്‍ കരുതാറുണ്ട്. ഫണ്ട് മാനേജര്‍മാര്‍ കാഷ് ഹോള്‍ഡിങ് 10 ശതമാനമോ അതില്‍ കൂടുതലോ ആക്കുന്നു എങ്കില്‍ വിപണയില്‍ ഒരിടിവ് പ്രതീക്ഷിക്കുന്നു എന്നും 5 ശതമാനമോ അതില്‍ കുറവോ ആക്കുന്നു എങ്കില്‍ വലിയ ഉയര്‍ച്ച പ്രതീക്ഷിക്കുന്നു എന്നും വിലയിരുത്താം.
∙സ്‌മോള്‍ ആന്‍ഡ് മിഡ് കാപ് ഫണ്ടുകളിലെ നിക്ഷേപം ക്രമാതീതമായി വര്‍ധിച്ചതോടെയാണ് സെബി, ആംഫി എന്നിവയുടെ ഇടപെടലുണ്ടായത്.
∙മ്യൂച്വല്‍ ഫണ്ടുകള്‍ പണം നിക്ഷേപിക്കാതെ കയ്യില്‍ വയ്ക്കുന്നത് ലിക്വിഡിറ്റി പോലുള്ള പല വിധ കാരണങ്ങളാലാണ്.
∙ഇപ്പോഴത്തെ ഓഹരി വിപണി നീക്കത്തില്‍ കൂടുതല്‍ കരുതലും ജാഗ്രതയും കാട്ടുന്നതിന്റെ ഭാഗമായാണ് കാഷ് ഹോള്‍ഡിങ് വര്‍ധിപ്പിച്ചത് എന്നതിനാല്‍ നിക്ഷേപകര്‍ ആശങ്കപ്പെടേണ്ടതില്ല.
∙ഒരു തിരുത്തല്‍ വിപണിയിലുണ്ടായാല്‍ കുറഞ്ഞ വിലയില്‍ അടിസ്ഥാന ഗുണങ്ങളുള്ള മിഡ്കാപ് ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ കൂടിയ കാഷ് ഹോള്‍ഡിങ് ഫണ്ട് മാനേജര്‍മാരെ സഹായിക്കും.