ADVERTISEMENT

റിസർവ് ബാങ്കിന്റെ 2024-2025 സാമ്പത്തിക വർഷത്തിലെ ആദ്യ നയാവലോകന യോഗം ഏപ്രിൽ മൂന്ന് മുതൽ അഞ്ചു വരെയാണ് നടക്കുക. തുടർന്ന് ജൂൺ, ഓഗസ്റ്റ്, ഒക്ടോബർ ഡിസംബർ, ഫെബ്രുവരി മാസങ്ങളിലെ ആദ്യ ആഴ്ചകളിലും ആർബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേരും. ഇന്ത്യയുടെ ആഭ്യന്തര ഉൽപാദനം മുന്നേറുകയും, പണപ്പെരുപ്പം നിയന്ത്രിതമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ ആർബിഐ ‘വിത്ത്ഡ്രോവൽ ഓഫ് അക്കോമൊഡേഷൻ’ നയം തുടർന്നേക്കാമെന്നും, പതിയെ ‘ന്യൂട്രൽ’ നയത്തിലേക്ക് മാറിയേക്കാമെന്നും കരുതുന്നു.  

ഇപ്പോൾ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയും, പിപിപി (പർച്ചേയ്‌സിങ് പവർ പാരിറ്റി) അടിസ്ഥാനത്തിലാണെങ്കിൽ മൂന്നാമത്തെ സാമ്പത്തിക ശക്തിയുമായ ഇന്ത്യ 2032ൽ ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയും, 2050ൽ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയുമായി മാറുമെന്ന് ആർബിഐ ഡെപ്യൂട്ടി ഗവർണർ മൈക്കൽ പത്ര ജപ്പാനിൽ നടന്ന നോമുറയുടെ സെൻട്രൽ ബാങ്കേഴ്സ് സെമിനാറിൽ പ്രസ്താവിച്ചതും ആർബിഐ നയങ്ങളെ സ്വാധീനിച്ചേക്കാം.  

അമേരിക്കൻ പണപ്പെരുപ്പം കുറയുന്നു 

അമേരിക്കൻ ഫെഡ് റിസർവ് തീരുമാനങ്ങളെ സ്വാധീനിക്കുന്ന പിസിഇ ഡേറ്റ അഥവാ പേഴ്‌സണൽ കൺസംഷൻ എക്സ്പെൻഡിച്ചർ ഡേറ്റ ഫെബ്രുവരിയിലെ അനുമാനത്തിനേക്കാൾ കുറവ് വളർച്ച രേഖപ്പെടുത്തിയത് ഫെഡ് നിരക്ക് കുറയ്ക്കൽ പ്രതീക്ഷകൾ കൂടുതൽ ശക്തമാക്കും. പിസിഇ ഡേറ്റ മുൻ മാസത്തിൽ നിന്നും 0.4% വളർച്ച രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിടത്ത് 0.3% വളർച്ച മാത്രം രേഖപ്പെടുത്തിയപ്പോൾ വാർഷിക വളർച്ച അനുമാനത്തിനൊപ്പം 2.5%ൽ തന്നെ നിന്നു. ഫെബ്രുവരിയിലെ അമേരിക്കക്കാരുടെ പേഴ്‌സണൽ സ്‌പെൻഡിങിന്റെ വളർച്ച തോത് ജനുവരിയിലെ 0.2%ൽ നിന്നും 0.8%ലേക്ക് വളർന്നതും ശ്രദ്ധേയമാണ്.     

പണപ്പെരുപ്പം കുറഞ്ഞു വരുന്നത് ഫെഡ് നടപടികൾ ഫലപ്രദമാകുന്നതിന്റെ ലക്ഷണമായി ഉയർത്തിക്കാട്ടിയെങ്കിലും നിരക്കുകൾ കുറക്കുന്നതിന് ഫെഡ് റിസർവ് ഒട്ടും തിടുക്കപ്പെടില്ല എന്ന് ഫെഡ് ചെയർമാൻ ജെറോം പവൽ സൂചിപ്പിച്ചത് അമേരിക്കൻ സാമ്പത്തിക രംഗം കൂടുതൽ ശക്തമായ മാർച്ചിൽ പണപ്പെരുപ്പവും വർദ്ധിച്ചിട്ടുണ്ടാകാമെന്ന ധാരണയിൽ കൂടിയായിരിക്കാം. എങ്കിലും പിസിഇ ഡേറ്റ കൂടുതൽ ക്രമപ്പെട്ടതിനെ തുടർന്ന് സിറ്റി ഗ്രൂപ്പ് അടക്കമുള്ള സ്ഥാപനങ്ങൾ ജൂൺ മുതൽ ഫെഡ് റിസർവ് നിരക്കുകൾ കുറച്ചു തുടങ്ങുമെന്ന പ്രത്യാശ വീണ്ടും പങ്കുവെച്ചത് വിപണിക്ക് അനുകൂലമായേക്കാം.  

2156345751

ലോകവിപണിയിൽ അടുത്തവാരം 

ബുധനാഴ്ച ഫെഡ് ചെയർമാൻ ജെറോം പവൽ വീണ്ടും സംസാരിക്കാനിരിക്കുന്നതും, മറ്റ് അമേരിക്കൻ ഫെഡ് അംഗങ്ങളുടെയും, പ്രസ്താവനകളും തന്നെയായിരിക്കും അടുത്ത ആഴ്ചയിലും അമേരിക്കൻ വിപണിയുടെ ഗതി നിർണയിക്കുക. ഇന്ന് വരുന്ന മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റയും, ബുധനാഴ്ചത്തെ ഏഡിപി എംപ്ലോയ്‌മെന്റ് ഡേറ്റയും, വ്യാഴാഴ്ചത്തെ ജോബ് ഡേറ്റയും, തുടർന്ന് വെള്ളിയാഴ്ച വരാനിരിക്കുന്ന നോൺഫാം എംപ്ലോയ്‌മെന്റ് ഡേറ്റയും അടുത്ത ആഴ്ചയിൽ അമേരിക്കൻ വിപണിക്ക് വളരെ പ്രധാനമാണ്.  

പ്രധാന യൂറോപ്യൻ വിപണികളെല്ലാം ഇന്നും ഈസ്റ്റർ അവധിയിലാണ്. പ്രധാന യൂറോപ്യൻ രാജ്യങ്ങളുടെ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റയും, ജർമൻ സിപിഐ ഡേറ്റയും ചൊവ്വാഴ്ചയും, യൂറോ സോൺ സിപിഐ ഡേറ്റ ബുധനാഴ്ചയും, യൂറോ സോൺ റീറ്റെയ്ൽ വില്പനകണക്കുകൾ  യൂറോപ്യൻ വിപണികളെ സ്വാധീനിക്കും. 

ചൊവ്വാഴ്ചയാണ് ഇന്ത്യൻ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ പുറത്ത് വരിക. ആർബിഐയുടെ തീരുമാനങ്ങളും, ആഭ്യന്തര ഉല്പാദന-പണപ്പെരുപ്പ അനുമാനങ്ങളും അടുത്ത ആഴ്ച വിപണിയെ സ്വാധീനിച്ചേക്കാം. 

share2

ഓഹരികളും സെക്ടറുകളും 

∙കഴിഞ്ഞ സാമ്പത്തിക വർഷത്തിലും ഇന്ത്യൻ റിയൽറ്റി സെക്ടർ 139% മുന്നേറ്റം നേടിയപ്പോൾ ഇന്ത്യൻ പൊതു മേഖലയും 100%ൽ കൂടുതൽ വളർച്ച കുറിച്ചു. പൊതു മേഖല ബാങ്കിങ് 96% വളർച്ച കഴിഞ്ഞ കൊല്ലം കുറിച്ചപ്പോൾ ഓട്ടോ,  എനർജി, ഇൻഫ്രാ സെക്ടറുകൾ യഥാക്രമം 78%വ്, 73%വും, 66%വും വളർച്ചയുമാണ് സ്വന്തമാക്കിയത്. മെറ്റൽ സെക്ടർ കഴിഞ്ഞ വർഷം 50%ൽ കൂടുതൽ മുന്നേറി. 

∙2023-2024 സാമ്പത്തിക വർഷത്തിൽ നിഫ്റ്റി നെക്സ്റ്റ്-50 സൂചിക 60%ൽ കൂടുതൽ മുന്നേറിയപ്പോൾ നിഫ്റ്റി-500 സൂചിക 40%ൽ കൂടുതലും മുന്നേറ്റം നേടി. നിഫ്റ്റി സ്‌മോൾ & മിഡ് ക്യാപ് സൂചികകൾ കഴിഞ്ഞ കൊല്ലം യഥാക്രമം 73%വും, 63%വും നേട്ടവുമാണ് സ്വന്തമാക്കിയത്.   

∙അടുത്ത ആഴ്ചയിലെ ആർബിഐ നയാവലോകന യോഗം ബാങ്കിങ്, ഫിനാൻസ്, ഓട്ടോ, റിയൽറ്റി മുതലായ പലിശ-ബാധിത ഓഹരികൾക്ക് പ്രധാനമാണ്. 

∙ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ഫണ്ടുകളിന്മേലുള്ള നിക്ഷേപത്തിന്മേൽ ആർബിഐ കഴിഞ്ഞ വര്ഷം കൊണ്ട് വന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത് വ്യാഴാഴ്ച പൊതുമേഖല ബാങ്കുകൾക്കും, എൻബിഎഫ്സികൾക്കും മുന്നേറ്റം നൽകി. 

∙സ്വർണത്തിലെ കുതിപ്പ് ജ്വല്ലറി ഓഹരികൾക്കൊപ്പം, സ്വർണപണയ ഓഹരികൾക്കും അനുകൂലമാണ്. 

∙കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എൽഎംഇയിൽ ബേസ് മെറ്റൽ വിലകൾ മുന്നേറുന്നത് ഇന്ത്യൻ മെറ്റൽ ഓഹരികൾക്കും പ്രതീക്ഷയാണ്. ഹിൻഡാൽകോ, നാൽകോ, ടാറ്റ സ്റ്റീൽ മുതലായ ഓഹരികൾ ശ്രദ്ധിക്കുക. 

∙നാലാം പാദത്തിൽ ഇന്ത്യൻ റിയൽ എസ്റ്റേറ്റ് മുൻവർഷത്തിൽ നിന്നും മികച്ച വില്പന നേടി എന്ന റിപ്പോർട്ട് മുൻനിര റിയൽ എസ്റ്റേറ്റ് ഓഹരികളുടെ പാദഫലങ്ങളിലും പ്രതിഫലിക്കും. ഇന്ത്യയിലെ ഏഴ് പ്രധാനനഗരങ്ങളിലെ വില്പന മുൻവർഷത്തിൽ നിന്നും 14% വളർച്ച കുറിച്ചപ്പോൾ മുംബൈയിലെ വില്പന 24% വളർച്ച നേടിക്കഴിഞ്ഞെന്ന വാർത്ത മുബൈ ആസ്ഥാനമായ റിയൽറ്റി ഓഹരികൾക്ക് കൂടുതൽ അനുകൂലമാണ്. 

share12

∙ഐആർഡിഎഐയുടെ പോളിസി ‘സറണ്ടർ വാല്യൂവേഷനെ’കുറിച്ചുള്ള അന്തിമ മാർഗനിർദ്ദേശങ്ങൾ വന്നത് ഇൻഷുറൻസ് ഓഹരികൾക്ക് മുന്നേറ്റം നൽകി. ആദ്യ മൂന്ന് വർഷങ്ങൾക്കുള്ളിൽ പോളിസി സറണ്ടർ ചെയ്താൽ സറണ്ടർ വാല്യൂ മുൻപത്തെതിനേക്കാൾ കുറയുമ്പോൾ, നാല് വർഷത്തിനും ഏഴു വര്‍ഷത്തിനുമിടയിൽ സറണ്ടർ ചെയ്താൽ സറണ്ടർ വാല്യൂവിൽ നേരിയ വർദ്ധനയുമുണ്ടാകുന്നത് ഇൻഷുറൻസ് സെക്ടറിനും, പോളിസിയുടമകൾക്കും അനുകൂലമാണ്. 

∙കഴിഞ്ഞ സാമ്പത്തികവർഷാവസാനത്തിൽ നേടിയിട്ടുണ്ടായേക്കാവുന്ന അതിനിക്ഷേപം ഇൻഷുറൻസ്, എഎംസി സെക്ടറുകൾക്ക് അനുകൂലമായേക്കാം. മാക്സ് ഫിനാൻസ്, നിപ്പോൺ അസറ്റ് മാനേജമെന്റ് ഓഹരികൾ കൂടുതൽ നേട്ടമുണ്ടാക്കി. 

∙മാർച്ച്-28മുതൽ ബിഎസ്ഇ 25 ഓഹരികളിന്മേൽ ടി-0 സെറ്റിൽമെന്റ് ആരംഭിച്ചത് ഓഹരികൾക്കും, നിക്ഷേപകർക്കും അനുകൂലമാണ്. 

∙നിഫ്റ്റി-50യിലേക്ക് പുതുതായി പ്രവേശിച്ച ശ്രീറാം ഫിനാൻസ് 188 ദശലക്ഷം ഡോളറും, നിഫ്റ്റി നെക്സ്റ്റ്-50യിലേക്ക് പ്രവേശിക്കുന്ന ജിയോ ഫിനാൻസ് 80 ദശലക്ഷം ഡോളറിന്റെയും നിക്ഷേപങ്ങളും പ്രതീക്ഷിക്കുന്നത് ഇരുഓഹരികൾക്കും പ്രതീക്ഷയാണ്. 

∙ഡൽഹിയിലെ 34 ലക്ഷം ചതുരശ്ര അടി വിസ്‌തീർണമുള്ള വേൾഡ് ട്രേഡ് സെന്ററിലെ  4.8 ചതുരശ്ര അടി കൊമേഴ്സ്യൽ ഏരിയ 1905 കോടി രൂപക്ക് വില്പന നടത്തിയത് എൻബിസിസിക്ക് അനുകൂലമാണ്. കമ്പനിയുടെ ഓർഡർ ബുക്ക് അതി ശക്തമാണ്. 

∙അദാനി എന്റർപ്രൈസസിന്റെ ഉപകമ്പനി മുന്ദ്രയിൽ പുതിയ കോപ്പർ റിഫൈനിങ് യൂണിറ്റ് കമ്മീഷൻ ചെയ്തത് ഓഹരിക്ക് അനുകൂലമാണ്. 

∙അദാനി പവറിന്റെ 4000 കോടി രൂപയുടെ തെർമൽ പ്രൊജക്റ്റ് കോൺട്രാക്ട് ലഭിച്ചത് ഭെലിന് അനുകൂലമാണ്. 

∙എയർറെയിലിന്റെ ഉപകമ്പനിയായ ഭാരതി ഹെക്‌സാകോമിന്റെ ഐപിഓ ബുധനാഴ്ച ആരംഭിച്ച് വെള്ളിയാഴ്ച അവസാനിക്കുന്നു. രാജസ്ഥാനിലും, നോർത്ത് ഈസ്റ്റ് മേഖലയിലും ബ്രോഡ്ബാന്റ് സർവീസ് നൽകുന്ന കമ്പനിയുടെ ഐപിഓ വില 542-570 രൂപയാണ്.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Share Market and RBI Monetary Policy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com