ADVERTISEMENT

തുടക്കത്തിൽ മുന്നേറി റെക്കോർഡ് തകർത്ത ശേഷം ലാഭമെടുക്കലിൽ തകർന്ന് ഇന്ത്യൻ വിപണി.  ഇന്ന് 22679 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പതിയെ മുന്നേറി 22783 പോയിന്റെന്ന പുതിയ റെക്കോർഡ് ഉയരം കുറിച്ച ശേഷം ഇടിഞ്ഞു. 22597 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. റെക്കോർഡ് ഉയരത്തിനും തൊട്ടടുത്ത് നിന്നും വീണ് സെൻസെക്സ് 188 പോയിന്റ് നഷ്ടത്തിൽ 74482 പോയിന്റിലും ക്ലോസ് ചെയ്തു. 

ഫെഡ് റിസർവ് യോഗം നാളെ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതും നാളെ ഇന്ത്യയിലടക്കം  വിപണികൾ അവധിയാണെന്നതും  അവസാന മണിക്കൂറിലെ വിറ്റഴിക്കലിന് കാരണമായി. ഓട്ടോ, റിയൽറ്റി സെക്ടറുകൾ മാത്രം യഥാക്രമം 1.82%വും, 1.45%വും നേട്ടം കുറിച്ചപ്പോൾ മുന്നേറിനിന്ന ബാങ്കിങ് മേഖല നേട്ടം കൈവിടുകയും, ഐടി, മെറ്റൽ സെക്ടറുകൾ ഒരു ശതമാനത്തിൽ കൂടുതൽ നഷ്ടം കുറിക്കുകയും ചെയ്തു. 

ഫെഡ് മീറ്റിങ് ഇന്ന് തുടങ്ങും 
ഇന്നലെ ടെസ്ലയുടെ അതിമുന്നേറ്റവും, ആപ്പിളിന്റെ പിന്തുണയും അമേരിക്കൻ വിപണിക്ക് വീണ്ടും ഉണർവു നൽകി. പരിധിയിൽ കവിഞ്ഞ ബോണ്ട് വില്പന ബോണ്ട് യീൽഡിന് തിരുത്തൽ നല്കിയതും ഇന്നലെ അമേരിക്കൻ സൂചികകൾക്ക് അനുകൂലമായി. ഫെഡ് മീറ്റിങ്ങിന് മുന്നോടിയായി ഇന്ന് അമേരിക്കൻ ഫ്യൂച്ചറുകളും നഷ്ടത്തിലേക്ക് വീണു. യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് ഇന്ന് വ്യാപാരം തുടരുന്നത്. 

ഇന്ന് ആരംഭിക്കുന്ന അമേരിക്കൻ ഫെഡ് റിസർവിന്റെ നയാവലോകനയോഗം മെയ് ഒന്നിന് തീരുമാനങ്ങൾ പ്രഖ്യാപിക്കാനിരിക്കെ, ഫെഡിന്‍റെ നയവ്യതിയാനസാധ്യത മാത്രമാണ് ലോക വിപണി ആരായുന്നത്. ഫെഡ് റിസർവ് തീരുമാനങ്ങളെ സ്വാധീനിക്കുന്ന പിസിഇ ഡേറ്റ ക്രമമാണെന്നതും, അമേരിക്കൻ ജിഡിപി വളർച്ച കുറഞ്ഞതും  അനുകൂലമാവുമെന്ന പ്രതീക്ഷയിലാണ് വിപണി. 

വില്പന ‘തൽക്കാലം’ നിർത്തി രാജ്യാന്തരഫണ്ടുകൾ  
ഏപ്രിൽ മാസത്തിലിതുവരെ 36746 കോടി രൂപയുടെ വില്പന നടത്തിയ വിദേശഫണ്ടുകൾ തിങ്കളാഴ്ച വീണ്ടും വാങ്ങലുകാരായത് വിപണിക്ക് പ്രതീക്ഷയാണ്. തെരെഞ്ഞെടുപ്പ് നടക്കുന്നതും, ഫെഡ് തീരുമാനങ്ങൾ വരാനിരിക്കെ അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറി നിന്നതും ഫോറിൻ പോർട്ഫോളിയോ മാനേജർമാരെ കൂടുതൽ ജാഗരൂഗരാക്കിയിരുന്നെങ്കിലും വെള്ളിയാഴ്ച വന്ന പിസിഇ ഡേറ്റ വിപണി അനുമാനത്തിനൊപ്പം നിന്നത് ഫണ്ട് മാനേജർമാരുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ടാകാമെന്ന പ്രതീക്ഷയിലാണ് വിപണി. 

പ്രതീക്ഷയിൽ വാഹനമേഖല  
നാളെ ഏപ്രിൽ മാസത്തിലെ വാഹനവില്പനകണക്കുകൾ വരാനിരിക്കെ മഹീന്ദ്രയുടെയും അശോക് ലൈലാൻഡിന്റെയും നേതൃത്വത്തിൽ മുന്നേറിയ ഓട്ടോ സെക്ടർ ഇന്നത്തെ വിപണിവീഴ്ചയെയും അതിജീവിച്ച്  നേട്ടത്തിൽ തന്നെ ക്ലോസ് ചെയ്തു. മഹീന്ദ്രയും, അശോക് ലൈലാൻഡും ഇന്ന് 4% വീതം മുന്നേറ്റം കുറിച്ചു. 

ആഢംബര ഭവനവില്പന കുതിക്കുന്നു  
കഴിഞ്ഞ മൂന്ന് വർഷമായി കുതിപ്പ് തുടരുന്ന ഇന്ത്യൻ ആഡംബരഭവനനിർമാണ മേഖല പുതിയ റെക്കോർഡുകൾ തിരുത്തി മുന്നേറുന്നത് ഇന്ത്യൻ റിയൽറ്റി സെക്ടറിന് കൂടുതൽ അനുകൂലമാണ്. പുറത്ത് വരുന്ന കണക്കുകൾ പ്രകാരം 2024ലെ ആദ്യപാദത്തിൽ അവതരിപ്പിക്കപ്പെട്ട ഭവനപദ്ധതികളിൽ 34%വും ആഢംബരഗണത്തിൽപ്പെടുന്നതാണെന്നതും, മുംബൈ, പുണെ, ബാംഗ്ലൂർ, ഡൽഹി നഗരങ്ങളുടെ ഭവനനിർമാണ വളർച്ച ഇരട്ട അക്കത്തിലാണെന്നതും സെക്ടറിനെ കൂടുതൽ ശക്തമാക്കുന്നു. 

നാളെ അവധി 
മഹാരാഷ്ട്ര ദിനത്തോടനുബന്ധിച്ച് മുംബൈയിൽ അവധിയായതിനാൽ ഇന്ത്യൻ വിപണിക്കും നാളെ,മെയ് ഒന്നിന് അവധിയാണ്. മെയ് ദിനത്തോടനുബന്ധിച്ച് ചൈനയും, കൊറിയയും, സിംഗപ്പൂരും അടക്കമുള്ള ഏഷ്യൻ രാഷ്ട്രങ്ങളും ബ്രിട്ടൻ, ഫ്രാൻസ് , ജർമനി തുടങ്ങി മിക്ക യൂറോപ്യൻ വിപണികളും നാളെ അവധിയിലാണ്. 

നാളത്തെ പ്രധാന റിസൾട്ടുകൾ 
അദാനി പവർ, അദാനി വിൽമർ, അംബുജ സിമന്‍റ്, ഓറിയന്‍റ് സിമന്‍റ്, മംഗളം സിമന്‍റ്, ഗ്രീൻ പാനൽ, വർദ്ധമാൻ സ്പെഷ്യൽ സ്റ്റീൽസ്, നെറ്റ്‌വെബ്, ധാംപുർ ഷുഗർ മുതലായ കമ്പനികൾ നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കും. 

കോൾഇന്ത്യ, അദാനി എന്റർപ്രൈസസ്, അദാനി പോർട്സ്, ബ്ലൂസ്റ്റാർ, ഡാബർ, സിയറ്റ്, കീ, ജെബിഎം ഓട്ടോ, ആർകെ ഫോർജ്, സ്കിപ്പർ, വോൾട്ടാമ്പ്, ഒമാക്സ് ഓട്ടോ, ഫെഡറൽ ബാങ്ക്, കെപിആർ മിൽസ്, കെ സോൾവ്സ്, ആസ്ടെക് ലൈഫ്സയൻസ്, അസോസിയേറ്റഡ്‌ ആൽക്കഹോൾ മുതലായ കമ്പനികൾ  റിസൾട്ട് പ്രഖ്യാപിക്കുന്നത് വ്യാഴാഴ്ചയാണ്. 

ക്രൂഡ് ഓയിൽ 
ചൈനയുടെ മികച്ച മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ ക്രൂഡ് ഓയിലിനും ബേസ് മെറ്റലുകൾക്കും അനുകൂലമാണ്.  ബ്രെന്‍റ് ക്രൂഡ് ഓയിൽ 87 ഡോളറിലാണ് വ്യാപാരം തുടരുന്നത്. 

സ്വർണം 
ഇന്ന് ഏഷ്യൻ വ്യാപാരസമയത്ത് അമേരിക്കൻ ബോണ്ട് യീൽഡ് വീണ്ടും മുന്നേറിയത് സ്വർണത്തിന് വീണ്ടും 1%ൽ കൂടുതൽ തിരുത്തൽ നൽകി. ഫെഡ് തീരുമാനങ്ങളും, ബോണ്ട് യീൽഡിന്‍റെ ചലനങ്ങളും തുടർന്നും സ്വർണവിലയെ സ്വാധീനിക്കും

English Summary:

Stock Market Closing Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com