ADVERTISEMENT

കഴിഞ്ഞ രണ്ടു വർഷങ്ങളായി ചെറുകിട, ഇടത്തരം ഓഹരികളിലായിരുന്നു എല്ലാവരുടെയും ശ്രദ്ധ. ഈ ഓഹരികൾ മികച്ച നേട്ടം നൽകിയതോടെ ലാർജ്‌ക്യാപ് ഓഹരികളിന്മേൽ നിക്ഷേപ‌ശ്രദ്ധ കുറഞ്ഞു. മിഡ്–സ്മോൾ‌ക്യാപ് ഓഹരികളുമായി താരതമ്യം ചെയ്യുമ്പോൾ ലാർജ്‌ക്യാപ്പിൽ വിലയിടിവുണ്ടായി. ‌എന്നാൽ ഇപ്പോൾ സാഹചര്യങ്ങള്‍ മാറുകയാണ്. 

ആകർഷകമാക്കുന്ന ഘടകങ്ങൾ
ബ്രാൻഡ് വാല്യു– നിങ്ങൾ ഉപയോഗിക്കുന്ന പല പ്രശസ്ത ബ്രാൻഡുകളും ഇന്ത്യൻ വിപണിയിൽ ലിസ്റ്റ് ചെയ്ത ഏതെങ്കിലും മുൻനിര കമ്പനിയുടേതാവും. ഈ കമ്പനികളെല്ലാം സാങ്കേതികമായും സാമ്പത്തികമായും മുന്നിട്ടുനിൽക്കുന്നവയാണെന്നതിൽ നിങ്ങൾക്കു സംശയവും ഉണ്ടാകില്ല. അതായത് അടിസ്ഥാനപരമായി വളരെ മികച്ച ഓഹരികൾ ഈ വിഭാഗത്തിൽ കണ്ടെത്താം. അതുകൊണ്ടുതന്നെ നിങ്ങളുടെ പോർട്ട്ഫോളിയോയിൽനിന്ന് ലാർജ്‌ക്യാപ് ഓഹരികളെ ഒഴിവാക്കരുത്. 

വിപണിയിലെ ആധിപത്യം– വിപണിയുടെ ആകെ മൂല്യത്തിൽ ഇവയുടെ ആധിപത്യം വ്യക്തമാണ്.എൻഎസ്‌ഇയിലെ മികച്ച 500 ഓഹരികളുടെ വിപണി മൂലധനം എടുത്താൽ 70 ശതമാനവും നിഫ്റ്റി 100 കമ്പനികളുടെ വിഹിതമാണ്. 

മൂല്യനിർണയം– ചെറിയ–ഇടത്തരം ഓഹരികളിലുണ്ടായ റാലിയോടെ ആ വിഭാഗത്തിലെ നല്ല ഓഹരികളുടെ വില കുത്തനെ കൂടി. പിഇ, പ്രൈസ്-ടു-ബുക്ക് എന്നിവയെല്ലാം ഇപ്പോൾ ഉയർന്ന നിലവാരത്തിലാണ്. 2024 മാർച്ചിലെ ഡാറ്റ‌പ്രകാരം നിഫ്റ്റി 100ന്‍റെ പിഇ 23.18 ആണ്. നിഫ്റ്റി മിഡ്‌ക്യാപ് 150, നിഫ്റ്റി സ്‌മോൾക്യാപ്പ് 250 എന്നിവയുടേത് യഥാക്രമം 33.63‌ഉം ‌26.6‌ഉം ആണ്. പ്രൈസ്–‌ടു–ബുക്ക് വാല്യൂ, ഡിവിഡന്‍റ് യീൽഡ് എന്നിവ നോക്കിയാലും മിഡ്, സ്മോൾ‌ക്യാപ് ഓഹരികളെ ലാർജ്‌ക്യാപ് മറികടക്കുന്നുണ്ട്. 

മികച്ച അടിത്തറ– ബാങ്കിങ്, സോഫ്റ്റ്‌വെയർ, നിർമാണരംഗം, ഓട്ടോമൊബീൽ, ഓയിൽ & ഗ്യാസ്, ഫാർമസ്യൂട്ടിക്കൽ, എഫ്എംസിജി മേഖലകളിലെ ഏറ്റവും ശക്തമായ കമ്പനികളാണ് ലാർജ് ക്യാപ്പിലുള്ളത്. വരുമാന വളർച്ച, ലാഭം, വിശ്വാസ്യത, മികച്ച നേതൃത്വം, ആഗോള‌വിപണി എന്നിവയെല്ലാം ഇവയുടെ പ്രത്യേകതകളാണ്. വെല്ലുവിളി ഉയർന്നാലും വലിയ ചാഞ്ചാട്ടം ഓഹരിവിലയിൽ ഉണ്ടാകാറില്ല. അതിനാൽ റിസ്ക് കുറയ്ക്കാനുള്ള നല്ല മാർഗം‌കൂടിയാണ് ലാർജ്‌ക്യാപ്പ് നിക്ഷേപം. മുൻനിരയിലായതിനാൽ ആഭ്യന്തര–വിദേശ ഗവേഷണ സ്ഥാപനങ്ങളും ഫണ്ട് മാനേജർമാരും ഇവയെ കൃത്യമായി വിലയിരുത്തുമെന്നതിനാൽ സാദാ നിക്ഷേപകർക്കും ശരിയായ തീരുമാനം എടുക്കാൻ എളുപ്പമാണ്. 

വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ്
വിദേശ സ്ഥാപനങ്ങളും (എഫ്ഐഐ), പോർട്ട്‌ഫോളിയോ നിക്ഷേപകരും (എഫ്പിഐ) 2021–22ലും 2022–23ലും യഥാക്രമം 1.4 ലക്ഷം കോടി രൂപയും 37,632 കോടി രൂപയും ഇന്ത്യൻ വിപണിയിൽ നിന്നു പിൻവലിച്ചിരുന്നു. എന്നാൽ 2023–24ൽ അവർ ശക്തമായി തിരിച്ചെത്തി 2.08 ലക്ഷം കോടി രൂപ നിക്ഷേപിച്ചു. ഇവയുടെ പ്രധാന നിക്ഷേപം ലാർജ്‌ക്യാപ് ഓഹരികളിലാണ്. എംഎസ്‍സിഐ ഗ്ലോബൽ സ്റ്റാൻഡേർഡ് ഇൻഡക്സിൽ ഇന്ത്യൻ ഓഹരികളുടെ വെയിറ്റേജ് ഉയരുകയാണ്. 2020 ൽ 8% ആയിരുന്നത് ഇപ്പോൾ 18.2% ആയി. 1.2 ബില്യൺ ഡോളറിന്‍റെ വിദേശ നിക്ഷേപത്തിനുള്ള സാധ്യതയാണ് ഇതു തുറന്നിടുന്നത്.

ഒരു വർഷത്തിൽ 42.4% 
ചെറുകിട നിക്ഷേപകർക്ക് വൻകിട ഓഹരികളിൽ നിക്ഷേപിക്കാനുള്ള ലളിതമായ മാർഗം ലാർജ്‌ക്യാപ് മ്യൂച്വൽ‌ഫണ്ടുകളാണ്. എല്ലാ ഫണ്ട് ഹൗസുകൾക്കും തന്നെ ഇത്തരം ഫണ്ടുകളുണ്ട്. ഐസിഐസിഐ പ്രുഡൻഷ്യൽ ബ്ലൂചിപ്പ് ഫണ്ട് ഒരു ഉദാഹരണമാണ്. 15 വർഷത്തെ ട്രാക്ക് റെക്കോർഡുള്ള ഈ ഫണ്ട് 2024 മാർച്ച് 31വരെയുള്ള ഒരു വർഷത്തിൽ 42.4‌% നേട്ടമാണു നൽകിയത്. മൂന്നു വർഷത്തിൽ 21.5‌ഉം‌ 5 വർഷത്തിൽ 17.9‌ ഉം ശതമാനവും നേട്ടം ഈ ഫണ്ട് നൽകി •
(മ്യൂച്വൽ‌ഫണ്ട് ഡിസ്ട്രിബ്യൂട്ടറാണ് ലേഖകൻ. മനോരമ സമ്പാദ്യം മെയ് ലക്കത്തിൽ പ്രസിദ്ധീകരിച്ചത്.)

English Summary:

Why You Should Invest In Large Cap Funds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com