റഷ്യ ഇന്ത്യയുടെ ഓഹരി വിപണിയിലേക്ക്!, അടുത്ത റാലിക്ക് കളം ഒരുങ്ങുമോ?
Mail This Article
യുദ്ധം തുടങ്ങിയതിൽ പിന്നെ റഷ്യയിലെ സാധാരണക്കാരുടെ വരുമാനം 20 ശതമാനം വരെ കൂടിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. റഷ്യൻ സർക്കാർ കൂടുതൽ പണം സമ്പദ് വ്യവസ്ഥയിലേക്ക് ഒഴുക്കിയതാണ് ഇതിനു കാരണം. ഇത് റഷ്യൻ സമ്പദ് വ്യവസ്ഥയിൽ ജനങ്ങൾക്കുള്ള വിശ്വാസം ഉയർത്താനും സഹായിച്ചിട്ടുണ്ട്. ഇന്ത്യയെ പോലുള്ള സൗഹൃദ രാജ്യങ്ങളിലേക്കടക്കം, ഉപരോധങ്ങൾ നിലനിൽക്കുന്ന മറ്റു രാജ്യങ്ങളിലേക്കും കണക്കിൽപ്പെടാത്ത രീതിയിൽ കപ്പലുകൾ വഴി (ഷാഡോ ഫ്‌ളീറ്റ്) എണ്ണ കൈമാറ്റം നടത്തുന്നതും റഷ്യൻ സമ്പദ് വ്യവസ്ഥയെ വളർത്തുകയാണ്.
റഷ്യ ഇന്ത്യയുടെ ഓഹരി വിപണിയിലേക്ക്!
റഷ്യയിലെ വൻകിട ബാങ്കുകൾ വിദേശ പോർട്ടഫോളിയോ നിക്ഷേപകരായി ഇന്ത്യൻ ഓഹരി വിപണിയിലേക്ക് എത്തുമെന്ന് സൂചന. ചില റഷ്യൻ ബാങ്കിങ് ഇതര അസറ്റ് മാനേജർമാരും സെബിയിൽ വിദേശ പോർട്ടഫോളിയോ നിക്ഷേപകരായി ഇപ്പോൾ തന്നെ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള എണ്ണ വരുമാനം, ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപിച്ച് സമ്പത്ത് വളർത്താനും റഷ്യ പദ്ധതിയിടുന്നു എന്ന പിന്നാമ്പുറ സംസാരങ്ങളും ഇതിനോട് കൂടി കൂട്ടി വായിക്കാം. റഷ്യൻ പ്രഭുക്കളുടെയും കുടുംബങ്ങളുടെയും, പെൻഷൻ ഫണ്ടുകളുടെയും മികച്ച വരുമാനം സുരക്ഷിതമായി നിക്ഷേപിക്കാൻ വഴി തേടുമ്പോൾ ഇന്ത്യൻ ഓഹരി വിപണിയാണ് റഷ്യ ഏറ്റവും പ്രിയ സ്ഥലമായി കണക്കാക്കുന്നത്.
ഒറ്റക്ക് പൊരുതി റഷ്യ എങ്ങനെ പിടിച്ചു നിൽക്കുന്നു? ആരാണ് റഷ്യയെ സഹായിക്കുന്നത്?
യുദ്ധം തുടങ്ങി രണ്ടു വർഷം പിന്നിട്ടിട്ടും റഷ്യ ഒറ്റക്ക് പൊരുതി ഒരു കൂസലും ഇല്ലാതെ തുടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം തുടങ്ങി ഉടൻ തന്നെ യൂറോപ്യൻ യൂണിയൻ മുതൽ പല രാജ്യങ്ങളും പല തരത്തിലുള്ള ഉപരോധങ്ങളും റഷ്യക്ക് മേൽ ചുമത്തിയിരുന്നെങ്കിലും അതൊന്നും റഷ്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചയെ ബാധിച്ചിട്ടില്ല. എനർജി, ഫിനാൻസ്, ഡിഫെൻസ്, ലോജിസ്റ്റിക്സ്, ഏവിയേഷൻ തുടങ്ങി പല മേഖലകളിലും റഷ്യക്ക് മേൽ ഉപരോധം ഉണ്ടെങ്കിലും അമേരിക്കൻ സമ്പദ് വ്യവസ്ഥയെക്കാളും യൂറോപ്യൻ സമ്പദ് വ്യവസ്ഥയെക്കാളും റഷ്യൻ സമ്പദ് വ്യവസ്ഥ 2023ൽ വളർച്ച നേടി.
സർക്കാർ ഉദ്യോഗസ്ഥരുടെ വിശ്വസ്തത
റഷ്യൻ സർക്കാർ ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയും വിശ്വസ്തതയും സമ്പദ് വ്യവസ്ഥയെ പ്രശ്നങ്ങൾ ഒന്നുമില്ലാതെ മുന്നോട്ട് നയിക്കാൻ സഹായിക്കുന്നുണ്ട്. ഓരോ ഉദ്യോഗസ്ഥനും സർക്കാർ സേവനത്തിൽ പ്രവേശിക്കുമ്പോൾ പല വിട്ടു വീഴ്ചകൾ ചെയ്യേണ്ടി വരും എന്നറിഞ്ഞു തന്നെയാണ് ചേരുന്നത്. ഉന്നത ഉദ്യോഗസ്ഥരിൽ ആരും തന്നെ യുദ്ധം തുടങ്ങിയതിൽ പിന്നെ രാജി വച്ചിട്ടില്ല. ആത്മാർത്ഥ സേവനത്തിനൊപ്പം ഭയവും ഇതിനു ഒരു കാരണമാണ്. രാജി വച്ചാൽ കേസുകൾ ചുമത്തപ്പെടുകയോ തടവിൽ കിടക്കുകയോ ചെയ്യുന്നതിലും നല്ലത് ജോലിയിൽ തുടരുകയാണ് എന്ന ചിന്തയും ഇതിന് പുറകിലുണ്ട്. സർക്കാർ ജോലി രാജി വച്ചാൽ തന്നെ മറ്റൊരു ജോലി കണ്ടുപിടിക്കുന്നതിനും ബുദ്ധിമുട്ടായതും ഒരു കാരണമാണ്. റഷ്യൻ കേന്ദ്ര ബാങ്ക് ജീവനക്കാരടക്കം കാര്യങ്ങൾ നന്നായി നടത്തുന്നതിന് പിന്നിലുള്ള രഹസ്യം ഇതാണ് എന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയുടെ സഹായം
റഷ്യ യുക്രെയ്ൻ യുദ്ധം തുടങ്ങിയതിൽ പിന്നെ രാജ്യങ്ങൾ ഇരുചേരികളിലുമായി നിലയുറപ്പിച്ചെങ്കിലും, ഇന്ത്യ അവിടെയുമില്ല ഇവിടെയുമില്ല എന്ന ചേരിചേരാ നയം തന്നെയാണ് ആദ്യം മുതൽക്കേ കൈകൊണ്ടത്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും, റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതിയിൽ ഒരു വിട്ടുവീഴ്ചക്കും ഇന്ത്യ തയാറല്ല. യൂദ്ധം തുടങ്ങിയതിൽ പിന്നെ അസംസ്കൃത എണ്ണയുടെ ഇറക്കുമതി ഇന്ത്യ കൂട്ടിയിട്ടുണ്ട്. അമേരിക്കയും യൂറോപ്പും ഇന്ത്യ ചെയ്യുന്നത് അത്ര ശരിയല്ലെന്ന് പറഞ്ഞു പലപ്പോഴും കണ്ണുരുട്ടി പേടിപ്പിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ അതൊന്നും വകവയ്ക്കാൻ പോയില്ല. അതുമാത്രമല്ല പല സാധനങ്ങളുടേയും ഇറക്കുമതി ഇപ്പോൾ കൂട്ടിയിരിക്കുകയുമാണ്.
സൂര്യകാന്തി എണ്ണ, വളം, വെള്ളി, പ്രിന്റ് ചെയ്ത പുസ്തകങ്ങൾ, മല്ലി, ഫർണിച്ചർ തുടങ്ങിയവയുടെ എല്ലാം ഇറക്കുമതിയിൽ വൻ കുതിച്ചു ചാട്ടമുണ്ടായി. യുദ്ധം തുടങ്ങിയതിൽ പിന്നെ യുക്രയ്നിൽ നിന്നും കിട്ടാത്തതെല്ലാം ഇന്ത്യ റഷ്യയിൽ നിന്നു നന്നായി ഇറക്കുമതി ചെയ്തു എന്ന് സാരം.
ഇന്ത്യയും ചൈനയും 'എണ്ണ ഉൽപ്പാദകരായി'
യുദ്ധം തുടങ്ങിയതിൽ പിന്നെ പല രാജ്യങ്ങളിലും അത്യാവശ്യ വസ്തുക്കൾ പോലും ലഭിക്കാതാകുകയും, വില കുത്തനെ കൂടുകയും ചെയ്തപ്പോൾ, വലിയ പ്രശ്നങ്ങളില്ലാതെ പിടിച്ചു നിൽക്കാനായത് ഇന്ത്യക്കാണ്. ആഗോള എണ്ണ വിപണി വിലയേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ റഷ്യയിൽ നിന്നു അസംസ്കൃത എണ്ണ ലഭിച്ചു തുടങ്ങിയതാണ് ഇന്ത്യക്ക് നേട്ടമായത്. ഇതോടെ അസംസ്കൃത എണ്ണ ശുദ്ധീകരിച്ച് കയറ്റുമതി ചെയ്യുന്ന കാര്യത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യ തങ്ങളുടെ സ്ഥാനം ഉയർത്തി. 2021 നെ അപേക്ഷിച്ച് 2022ൽ ഇന്ത്യയുടെ എണ്ണ കയറ്റുമതിയിൽ കുത്തനെ വർധനവുണ്ടായിട്ടുണ്ട്.
ഇന്ത്യയും ചൈനയുമാണ് യുദ്ധം തുടങ്ങിയതിൽ പിന്നെ റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്ത് അത് ശുദ്ധീകരിച്ച് തിരിച്ചു കയറ്റുമതി ചെയ്യുന്ന വലിയ 'എണ്ണ' ഉൽപ്പാദകരായി മാറിയത്. റഷ്യയെ സഹായിക്കുക, ഡോളറിന്റെ തഴയുക, ശുദ്ധീകരിച്ച എണ്ണയുടെ വലിയ കയറ്റുമതിക്കാർ ആകുക എന്നിങ്ങനെ പല ലക്ഷ്യങ്ങൾ ഇന്ത്യ ഈ ഒരു കാര്യത്തിലൂടെ നേടുന്നുണ്ട്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള അസംസ്കൃത എണ്ണ ഇറക്കുമതിയിൽ ഏപ്രിലിൽ 40 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ട്. സൗദി അറേബ്യ കഴിഞ്ഞ വർഷം എണ്ണ ഉൽപ്പാദനം വെട്ടികുറച്ചതും റഷ്യക്ക് സഹായകരമായി എന്ന വിശകലനങ്ങളുണ്ട്.
റഷ്യക്ക് മറ്റു രാജ്യങ്ങളിൽ നിന്നുള്ള വരുമാനം കുറഞ്ഞിട്ടുണ്ടെങ്കിലും, ഇന്ത്യയും ചൈനയും അത് മറികടക്കുന്ന രീതിയിൽ റഷ്യയിൽ നിന്നുള്ള ഇറക്കുമതി കൂട്ടിയിരിക്കുകയാണ്. ശരിയാണോ, തെറ്റാണോ എന്ന ചോദ്യങ്ങൾക്കൊന്നും ഇട നൽകാതെ കേന്ദ്ര മന്ത്രിമാർ രാജ്യ താൽപര്യം മുൻ നിർത്തിയാണ് ഇന്ത്യ ഇങ്ങനെ ചെയ്യുന്നത് എന്ന നല്ല ന്യായീകരണവും നൽകുന്നുണ്ട്. ഇന്ത്യയുടെ അതിശക്തമായ രാജ്യാന്തര നിലപാടുകളെ തള്ളാനും കൊള്ളാനും ആകാതെ അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും ഇപ്പോൾ ഒരു വിഷമഘട്ടത്തിലാണ്.