തിരഞ്ഞെടുപ്പ് ഫലം; വിപണി എങ്ങനെ പ്രതികരിക്കും ? മുൻവർഷങ്ങളിലെ കയറ്റിറക്കങ്ങൾ അറിയാം
Mail This Article
ലോക്സഭ തിരഞ്ഞെടുപ്പ് ഫലത്തോട് വിപണി എങ്ങനെ പ്രതികരിക്കും എന്നാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്. നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ ഭരണത്തുടർച്ച അടുത്ത റാലിക്ക് കളമൊരുക്കുമോ എന്നതാണ് ചോദ്യം. നിലവിലെ സർക്കാർ വീണ്ടും അധികാരത്തിൽവരുമെന്ന സാധ്യതയെ വിപണി ഇതിനകം പ്രതിഫലിപ്പിച്ചുകഴിഞ്ഞതിനാല്‍ വലിയൊരു മുന്നേറ്റം പ്രകടമായേക്കില്ല എന്നാണ് വിലയിരുത്തൽ.
2019ൽ വിപണി പ്രതികരിച്ചത്
മോദി സർക്കാർ രണ്ടാംവട്ടവും തിരഞ്ഞെടുക്കപ്പെട്ട 2019 മെയ് 23ന് സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടക്കത്തിൽ ഉയർന്ന സൂചികകൾ ലാഭമെടുപ്പിൽ വീഴുകയായിരുന്നു. 2004ന് ശേഷം ആദ്യമായാണ് ഫലംവന്ന ദിവസം സൂചികകൾ നഷ്ടത്തിലായത്. സെൻസെക്സ് 0.76 ശതമാനം ഇടിഞ്ഞ് 38,811.39 പോയിന്‍റിലും നിഫ്റ്റി 0.68 ശതമാനം താഴ്ന്ന് 11657.05 പോയിന്‍റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
എന്നാൽ തൊട്ടടുത്ത ദിവസം സൂചികകൾ നേട്ടത്തിലായി. രണ്ടാഴ്ച സമയം കൊണ്ട് സെൻസെക്സ് 40000വും നിഫ്റ്റി 12000വും തൊട്ടു. 2019ലെ ഫലം വന്നതുമുതൽ 2024 മെയ് 28 വരെയുള്ള കാലയളവിൽ സെൻസെക്സും നിഫ്റ്റിയും 90 ശതമാനത്തിലധികമാണ് ഉയർന്നത്. കോവിഡാണ് ഇക്കാലയളവില്‍ വിപണിയെ പിടിച്ചുലച്ച പ്രധാന സംഭവം.
അതേ സമയം ആദ്യ മോദി സർക്കാർ അധികാരത്തിലെത്തിയ 2014ലെ തിരഞ്ഞെടുപ്പ് ഫലം വന്നദിവസം, ലാഭമെടുക്കലിലും സൂചികകൾ നേരിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അന്ന് സെൻസെക്സ് അക്കാലത്തെ ഉയർന്ന നിലയായ 25,375.63 പോയിന്‍റിൽ എത്തിയിരുന്നു. കഴിഞ്ഞ രണ്ട് തവണത്തെയും ട്രെൻഡ് പരിശോധിച്ചാൽ, ഫലപ്രഖ്യാപന ദിവസം ലാഭമെടുപ്പ് വിപണിയെ സ്വാധീനിക്കാം.
1999 മുതലുള്ള അഞ്ച് ലോക്സഭ തെരഞ്ഞെടുപ്പുകൾ എടുത്താൽ 1999, 2019 കാലയളവിൽ ഒഴികെ, തിരഞ്ഞെടുപ്പിന് ശേഷമുള്ള ഒരു വർഷക്കാലയളവിൽ സൂചികകൾ നേട്ടമുണ്ടാക്കിയിട്ടുണ്ട്. രാജ്യം വിവിധ മേഖലകളിൽ നേടുന്ന പുരോഗതിയും ഇന്ത്യൻ വിപണിയുടെ കഴിഞ്ഞകാല പ്രകടനങ്ങളും വിലയിരുത്തുമ്പോൾ തിരഞ്ഞെടുപ്പ് ഫലമെന്തായാലും ഒരുവർഷക്കാലയളവിൽ വിപണി മുന്നോട്ടേക്കുതന്നെ നീങ്ങുമെന്നാണ് വിലയിരുത്തൽ.
അസ്ഥിരത താല്‍ക്കാലികം, റെക്കോർഡ് ഭേദിക്കുമോ ?
നാലാംപാദ ഫലങ്ങളും ഒപ്പം വോട്ടിങ് ശതമാനവും ആണ് വിപണിയിലെ ഇപ്പോഴത്തെ ട്രെൻഡ് തീരുമാനിക്കുന്നത്. വിപണിയിലെ ചാഞ്ചാട്ടങ്ങൾ സൂചിപ്പിക്കുന്ന ഇന്ത്യ വോളറ്റാലിറ്റി ഇൻഡക്സ് (ഇന്ത്യ വിക്സ്) കഴിഞ്ഞ ഒരുമാസത്തിനിടെ 90 ശതമാനത്തിലധികം ആണ് ഉയർന്നിട്ടിണ്ട്. ഈ സൂചിക ഇന്നലെ, രണ്ടുവർഷത്തെ ഏറ്റവും ഉയർന്ന നിലയായ 24.2 പോയിന്‍റിലെത്തിയിരുന്നു. ഭരണ തുടർച്ച ഉണ്ടായാൽ ബിജെപി സർക്കാരിന് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം, സർക്കാർ മുന്നോട്ട് വയ്ക്കുന്ന നയങ്ങൾ തുടങ്ങിയവിയിലുള്ള ആശങ്കകളാണ് ഇപ്പോഴുള്ള ലാഭമെടുപ്പിനും ചാഞ്ചാട്ടത്തിനും കാരണം. 2014ൽ 282 സീറ്റും 2019ൽ 303 സീറ്റുമാണ് ബിജെപി ഒറ്റയ്ക്ക് നേടിയത്. ഇത്തവണ 400 സീറ്റുകളാണ് പാർട്ടി ലക്ഷ്യമിടുന്നത്.
മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള 10 വർഷക്കാലയളവിൽ സെൻസെക്സ് 210 ശതമാനത്തോളമാണ് വളർന്നത്. 2014–19 കാലയളവില്‍ 60.89%ഉം 2019–24ൽ ഇതുവരെ 90 ശതമാനത്തിന് മുകളിലുമാണ് വളർച്ച. ഫലപ്രഖ്യാപന ദിവസം വിപണി പുതിയ റെക്കോർഡ് ഇടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായും നേരത്തെ സമാനമായ വിലയിരുത്തലാണ് നടത്തിയത്. ഫലപ്രഖ്യാപനത്തിനു മുമ്പ് നിക്ഷേപം നടത്തണമെന്നായിരുന്നു അമിത് ഷായുടെ ഉപദേശം. എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം ഒരു കുതിച്ചുചാട്ടം വിപണിയിൽ ഉടൻ പ്രതീക്ഷിക്കേണ്ട എന്നാണ് വിദഗ്ധർ പറയുന്നത്. ഇപ്പോഴത്തെ നിലയിൽ ജൂൺ നാലിന് ഫലം വരുന്നതുവരെ വിപണിയിലെ ഏകീകരണം (കൺസോളിഡേഷൻ) തുടരാനാണ് സാധ്യത.