ADVERTISEMENT

ചന്ദ്രബാബു നായിഡുവിന്റെ ഭാര്യയുടെ സമ്പത്ത് അഞ്ചു ദിവസം കൊണ്ട് 579 കോടി രൂപ കൂടി എന്നത് ഈയിടെ ഇന്ത്യയിലെ സാധാരണക്കാർ ഏറെ അദ്ഭുതത്തോടെ, അൽപം അസൂയയോടെ വായിച്ച വാർത്തകളിൽ ഒന്നാണ്. കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാൻ എൻഡിഎയ്ക്ക് പിന്തുണ നൽകാൻ ചന്ദ്രബാബു നായിഡു തീരുമാനിച്ചതിന് പിന്നാലെ അമര രാജ എനർജി, ഹെറിറ്റേജ് ഫുഡ്‌സ്, കെസിപി തുടങ്ങിയ തെലുങ്കുദേശം പാർട്ടിയുമായി (ടിഡിപി) ബന്ധപ്പെട്ട ഓഹരികളിൽ ഉണ്ടായ കുതിപ്പാണ് അതിനു വഴി ഒരുക്കിയത്. അവിടെ വലിയ നേട്ടം ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിനും അതിൽ കുടുംബത്തിനുമാണ്.  നായിഡുവിന്റെ ഭാര്യ ഭുവനേശ്വരിക്ക് 24.37 ശതമാനം ഓഹരിയുള്ള  ഹെറിറ്റേജ് ഫുഡ്‌സ് ഓഹരി വില കൂടിയതോടെ ആണ് വെറും അഞ്ച് ദിവസത്തിനുള്ളിൽ ഭുവനേശ്വരിയുടെ ആസ്തി 579 കോടി രൂപ വർദ്ധിച്ചത്. ബിസിനസിൽ വളരെ വലിയ നിക്ഷേപം നടത്തിയ അവർക്ക് ആ ഓഹരിയുടെ വില കുതിച്ചുയർന്നപ്പോൾ അതനുസരിച്ച് സമ്പത്തും വർധിച്ചു. ഓഹരി വില കൂടാൻ തെലുങ്കു ദേശം പാർട്ടി കേന്ദ്രത്തിൽ നിർണായക സ്ഥാനത്തേക്ക് വന്നു എന്നതു തന്നെ ആണ് കാരണം.

പക്ഷേ  ബിസിനസ് തുടങ്ങാൻ വലിയ തുക നിക്ഷേപിക്കുക പിന്നെ നല്ല രീതിയിൽ അധ്വാനിച്ച് ബിസിനസ് വളർത്തി അതിന്റെ ഓഹരി വില കുതിച്ചുയരാൻ കളമൊരുക്കുക എന്നതെല്ലാം ഭുവനേശ്വരിയുടെ സമ്പത്ത് വളർത്താൻ വേണ്ടി വന്നു. ഒപ്പം നായിഡു തിരഞ്ഞെടുപ്പിൽ ജയിച്ച് എൻഡിഎ സർക്കാരിന്റെ ഭാഗമാകാൻ വേണ്ടി വന്ന എഫർട്ടും പണചെലവും കൂടി ഇവിടെ പരിഗണിക്കണം. എന്നാൽ ഇതൊന്നും ഇല്ലാതെ തന്നെ നിങ്ങൾക്കും നല്ല രീതിയിൽ സമ്പത്ത് വളർത്താൻ അവസരമുണ്ട്. അതാണ് ഇന്ത്യൻ ഓഹരി വിപണി.

കൊച്ചിൻ ഷിപ്പ്‌യാർഡ് ഉദാഹരണമാക്കാം
 

നാം മലയാളികൾക്ക് ഏറെ പരിചിതമായ കൊച്ചിൻ ഷിപ്പ്യാർഡ് എന്ന കമ്പനിയുടെ ഓഹരി ഉദാഹരണമായി എടുത്ത് നമുക്ക് ഈ നേട്ടസാധ്യത ഒന്നു പരിശോധിക്കാം. ഏതാണ്ട് ഒരു വർഷം മുൻപ് അതായത് ജൂൺ രണ്ടാം വാരം കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ഓഹരി വില 260 രൂപയോളം ആയിരുന്നു. അന്ന് 2600 രൂപ മുടക്കി പത്ത് ഓഹരി നിങ്ങൾ വാങ്ങിയിരുന്നു എന്നു വയ്ക്കുക. ഏതാനും ദിവസം മുൻപ് അതേ ഓഹരിയുടെ വില 2100 രൂപ വരെ ഉയർന്നിരുന്നു. അന്ന് കൈവശമുള്ള പത്ത് ഓഹരിയും വിറ്റിരുന്നെങ്കിൽ നിങ്ങൾക്ക് 21000 രൂപ കിട്ടുമായിരുന്നു. അതായത് 2600 രൂപയുടെ നിക്ഷേപം ഒരു വർഷം കൊണ്ട്  21000 രൂപയായി ഉയരുമായിരുന്നു. അതായത് പോക്കറ്റിന് ഇണങ്ങുന്ന ചെറിയ തുക നിക്ഷേപിച്ചതു വഴി ഏതാണ്ട് എട്ടിരട്ടി നേട്ടം, അതും ഒരു വർഷമെന്ന ചെറിയ കാലയളവിൽ.

kochi-cochin-shipyard-180201

മിച്ചം പിടിച്ച് ശരിയായി നിക്ഷേപിക്കുക
 

വലിയ മൂലധനവും അധ്വാനവും മുടക്കി ബിസിനസുകാർ ലാഭം നേടുമ്പോൾ അതിൽ നിന്നൊരു പങ്ക് നിങ്ങൾക്ക് സ്വന്തമാക്കാനുള്ള അവസരം ഓഹരി വിപണിയിലുണ്ട്. അതിനായി നിങ്ങൾ ചെയ്യേണ്ടത് അൽപം പണം മിച്ചം പിടിച്ച് ശരിയായി നിക്ഷേപിക്കുക എന്നതാണ്. പക്ഷേ ഓഹരി വിപണിയിൽ നഷ്ടസാധ്യത വളരെ വളരെ വലുതാണ് എന്നതു തികച്ചും യാഥാർത്ഥ്യമാണ്. അതു മനസിലാക്കി ചെറിയ തുക നിക്ഷേപിച്ച് ക്ഷമയോടെ കാത്തിരുന്നു നേട്ടം എടുക്കുകയാണ് വേണ്ടത്. കണ്ണടച്ചു തുറക്കും മുൻപ് വലിയ നേട്ടം വെട്ടിപിടിക്കാനായി പെനി സ്റ്റോക്കുകളിൽ ഇട്ടാൽ കൈ പൊള്ളുക മാത്രമല്ല രക്ഷപെടാനാകാത്ത കടക്കെണിയിൽ പെട്ടുപോകുകയും ചെയ്യാം. അതിനാൽ ശരിയായി പഠിച്ച് ഏറ്റവും മികച്ച ഓഹരികൾ കണ്ടെത്തി നിക്ഷേപിക്കണം. അതിനു സമയവും വൈദഗ്ധ്യവും ഇല്ലെന്നുണ്ടെങ്കിൽ ഓഹരിയിൽ നിക്ഷേപിക്കുന്ന മികച്ച ഇക്വിറ്റി ഫണ്ടിൽ നിക്ഷേപിക്കാം. നഷ്ട സാധ്യത കുറച്ചു കൊണ്ട് തന്നെ നല്ല നേട്ടം എടുക്കാം.

Investment-Plan

മറ്റൊരു കാര്യം കൂടി പ്രത്യേകം  ഓർക്കേണ്ടതുണ്ട്. തിരഞ്ഞെടുക്കുന്ന ഓഹരിയിൽ ഇത്ര നേട്ടം കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ല. മാത്രമല്ല വിപണി തകരുമ്പോൾ നഷ്ടവും സംഭവിക്കാം. എന്നാൽ ആ സമയത്ത് വിൽക്കാതെ അൽപം കാത്തിരുന്നാൽ വിപണി വീണ്ടും മുന്നോട്ട് കയറും, അപ്പോൾ വിറ്റ് ന്യായമായ ലാഭമുറപ്പാക്കാം. കോവിഡ് സമയത്ത് തകർന്നടിഞ്ഞ വിപണി മാസങ്ങൾക്കം എല്ലാ നഷ്ടവും നികത്തി എന്നു മാത്രമല്ല കൊതിപ്പിക്കുന്ന നേട്ടം നൽകുകയും ചെയ്തു. ഈയിടെയും വലിയ തകർച്ചകളും തിരിച്ചു വരവുകളും നാം കണ്ടു. ഇനി  സഖ്യകക്ഷി മന്ത്രിസഭ ഓഹരി വിപണിയെ ബാധിക്കുമെന്ന ആശങ്കയാണ് ഇപ്പോൾ പലർക്കും. ഭരണ സ്ഥിരത വലിയ ഘടകമാണെങ്കിലും 140 കോടിയിലധികം വരുന്ന ഇന്ത്യൻ ജനതയുടെ വാങ്ങൽ ശേഷിയാണ് ഇവിടുത്തെ കോർപ്പറേറ്റുകളുടെ വളർച്ചയ്ക്കും ലാഭത്തിനും കരുത്തു പകരുന്നത്. അതുകൊണ്ട് തന്നെ നല്ല കമ്പനികൾക്ക് ലാഭം നേടാനാകും. അതിന്റെ നേട്ടം ഓഹരിയിൽ നിക്ഷേപിക്കുന്ന സാധാരണക്കാരനും ലഭിക്കും.

അതുമാത്രമല്ല ഇക്വിറ്റി ഫണ്ടിലെ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ വഴി സാധാരണക്കാരുടെ 20,000 കോടിയിലധികം രൂപയാണ് ഇപ്പോൾ ഓരോ മാസവും വിപണിയിലെത്തുന്നത്. ഇത് ഓരോ മാസവും ഓഹരികളിൽ നിക്ഷേപിച്ചേ മതിയാകൂ. അതായത് നേരത്തെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ പിൻവലിച്ചാൽ തകർന്നടിയുമായിരുന്നു ഇന്ത്യൻ വിപണിയെ  വലിയൊരളവോളം പിടിച്ചു നിർത്താൻ നമ്മുടെ സാധാരണക്കാരുടെ നിക്ഷേപത്തിനു  കഴിയുമെന്നർത്ഥം. അതിനാൽ ഓഹരിയിൽ നിക്ഷേപിക്കുന്നവരുണ്ടാക്കുന്ന മിന്നുന്ന നേട്ടം കണ്ട് അസൂയപ്പെട്ടിട്ട് കാര്യമില്ല. ശരിയായി ഓഹരി നിക്ഷേപം നടത്തിയാൽ നിങ്ങൾക്കും മികച്ച നേട്ടം സ്വന്തമാക്കാം.

English Summary:

Naidu's Wife's Wealth Skyrockets by 579 Crores in 5 Days: Unlock the Secrets to Smart Investing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com