കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡ് ഓഹരി പുതിയ ഉയരത്തില്‍; പ്രതിരോധ ഓഹരികളില്‍ മുന്നേറ്റം
Mail This Article
പ്രതിരോധ ഓഹരികള്‍ പൊതുവേ കാഴ്ചവയ്ക്കുന്ന മുന്നേറ്റത്തിന്‍റെ ട്രെന്‍ഡ് ഏറ്റെടുത്ത് കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡ് ഓഹരികളും കുതിച്ചുയരുന്നു. ഇന്ന് വ്യാപാരത്തിനിടെ ഓഹരിവില 8 ശതമാനത്തിലധികം ഉയര്‍ന്ന് സര്‍വകാല റെക്കോഡായ 2,175 രൂപവരെത്തി. 2,100 രൂപയെന്ന നിലവിലെ റെക്കോഡാണ് പഴങ്കഥയായത്.
അടുത്ത 5 വര്‍ഷത്തിനകം ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 50,000 കോടി രൂപയായി ഉയര്‍ത്തുമെന്ന പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗിന്‍റെ പ്രസ്താവനയാണ്, ഈ രംഗത്തെ ഓഹരികളില്‍ മുന്നേറ്റമുണ്ടാക്കിയത്. കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡിന്‍റെ വിപണിമൂല്യം (മാര്‍ക്കറ്റ് ക്യാപ്പ്) ചരിത്രത്തിലാദ്യമായി 56,000 കോടി രൂപയും ഇന്ന് ഭേദിച്ചു.
നിലവില്‍ 71,000 കോടി രൂപ വിപണിമൂല്യമുള്ള മുത്തൂറ്റ് ഫിനാന്‍സിന് പിന്നിലായി ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ വലിയ കേരള ലിസ്റ്റഡ് കമ്പനിയാണ് കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡ്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് 680 ശതമാനത്തിലധികം നേട്ടം (റിട്ടേണ്‍) സമ്മാനിച്ച ഓഹരിയുമാണ്. ഒരുവര്‍ഷം മുമ്പ് ഓഹരിവില 272 രൂപ മാത്രമായിരുന്നു.
കയറ്റുമതിയിലേറി മുന്നേറാന്‍
രാജ്‍നാഥ് സിംഗിന്‍റെ പ്രസ്താവന കൂടുതല്‍ നേട്ടമാവുക കൊച്ചി ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ കപ്പൽ നിര്‍മ്മാണ, അറ്റകുറ്റപ്പണിശാലയുമായ കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡ്, മുംബൈ ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ സ്ഥാപനം മസഗോണ്‍ ഡോക്ക് ഷിപ്പ്‍ബില്‍ഡേഴ്സ് തുടങ്ങിയവയ്ക്കായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍.
കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡിന്‍റെ കൈവശം ഇപ്പോള്‍ 22,000 കോടി രൂപയുടെ ഓര്‍ഡറുകളുണ്ട്. ഇതില്‍ 3,500 കോടി രൂപയുടേതാണ് കയറ്റുമതി ഓര്‍ഡറുകള്‍. മറ്റൊരു 6,500 കോടി രൂപയുടെ കയറ്റുമതി ഓര്‍ഡറുകള്‍ വൈകാതെ ലഭിച്ചേക്കുമെന്നും പ്രതീക്ഷിക്കുന്നു.
മസഗോണിന്‍റ ഓഹരിവില ഇന്നൊരുവേള 17 ശതമാനത്തോളം വര്‍ധിച്ച് 52-ആഴ്ചത്തെ ഉയരമായ 3,990 രൂപയിലും എത്തി. നിലവില്‍ 16.8 ശതമാനം നേട്ടവുമായി 3,959 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)